തുരീയം സംഗീതോത്സവം ഇന്ന് തുടങ്ങും
പയ്യന്നൂര്‍: പോത്താങ്കണ്ടം ആനന്ദഭവനം സ്വാമി കൃഷ്ണാനന്ദ ഭാരതിയുടെ സാന്നിധ്യത്തില്‍ നടത്താറുള്ള തുരീയം സംഗീതോത്സവം ശനിയാഴ്ച പയ്യന്നൂര്‍ അയോധ്യ ഓഡിറ്റോറിയത്തില്‍ തുടങ്ങും. 5.30ന് മാസ്റ്റര്‍ പി.പി. പവന്‍ കുമാര്‍ ഭദ്രദീപം കൊളുത്തും. ഒമ്പതു നാള്‍ നീളുന്നതാണ് സംഗീത വിരുന്ന്. പി.അപ്പുക്കുട്ടന്‍റെ അധ്യക്ഷതയില്‍ എം.പി.അബ്ദുസമദ് സമദാനി എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ കൈതപ്രം ദാമോദരന്‍ നമ്പൂതിരി മുഖ്യ പ്രഭാഷണം നടത്തും.
തുടര്‍ന്ന് ടി.വി.ശങ്കരനാരായണന്‍ അവതരിപ്പിക്കുന്ന സംഗീത കച്ചേരി. ഞായറാഴ്ച ആറു മണിക്ക് സിത്താര്‍- ഷക്കീര്‍ ഖാന്‍, ഹിന്ദുസ്ഥാനി സംഗീതം അവതരിപ്പിക്കും. താളയോഗി പണ്ഡിറ്റ് സുരേഷ് തള്‍വാല്‍ക്കര്‍ താള്‍ കീര്‍ത്തന്‍ ആലപിക്കും. തിങ്കളാഴ്ച ഡോ. കദ്രി ഗോപാല്‍ നാഥ് സാക്‌സഫോണ്‍ കച്ചേരി അവതരിപ്പിക്കും. ചൊവ്വാഴ്ച നിത്യശ്രീ മഹാദേവന്‍ കച്ചേരി നടത്തും. ബുധനാഴ്ച മദ്രാസ് പി. ഉണ്ണികൃഷ്ണന്‍റെ സംഗീതക്കച്ചേരി.
വെള്ളിയാഴ്ച യു .ശ്രീനിവാസന്‍ മാന്‍ഡൊലിന്‍ അവതരിപ്പിക്കും. ശനിയാഴ്ച ഹൈദരാബാദ് സഹോദരിമാരായ ലളിതയും ഹരിപ്രിയയും കച്ചേരി നടത്തും. സമാപനദിവസമായ 17ന് ഞായറാഴ്ച രാവിലെ 9.30ന് പരിപാടി തുടങ്ങം. സമാപനം കുറിച്ച് പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യ പുല്ലാങ്കുഴല്‍ കച്ചേരി നടത്തും. തുടര്‍ന്ന് 28 പ്രമുഖ സംഗീതജ്ഞര്‍ ചേര്‍ന്ന് നടത്തുന്ന പഞ്ചരത്‌ന കീര്‍ത്തനാലാപനം ഉണ്ടാകും. പ്രൊഫ. കുമാര കേരളവര്‍മയാണ് നേതൃത്വം.