Tasni Basheer CET college

തസ്നി ബഷീർ പഠിച്ച CET  കോളേജിലെ അദ്ധ്യാപകൻ തുറന്നെഴുതുന്നു…
വായിക്കാതെ പോവരുത് …:'(

തസ്നി ബഷീറിനൊടും കുടുംബത്തോടും മാപ്പ് ചോദിച്ചു കൊണ്ട് ആ കുട്ടിയുടെ മരണത്തിൽ ആ കുട്ടി പഠിച്ച കോളേജിലെ ഒരദ്ധ്യാപകൻ എന്ന നിലയിൽ ഉള്ള ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് ഞാനിട്ട പോസ്റ്റിന്റെ പ്രതികരണങ്ങൾ കണ്ടു.പലരുടെയും ധാർമ്മിക രോഷം എനിക്ക് മനസിലാക്കാൻ കഴിയും. പക്ഷെ, ധാർമ്മിക രോഷം കൊണ്ടതു കൊണ്ടോ, ‘അധികൃതരുടെ അനാസ്ഥ’ എന്ന ഒറ്റ വാചകത്തിൽ കാര്യങ്ങൾ ഒതുക്കിയതു കൊണ്ടോ ഒരു കാര്യവുമില്ല എന്നതാണ്‌ സത്യം. ഈ പറയുന്ന അനാസ്ഥ എങ്ങനെ ഉണ്ടാകുന്നുവെന്നു കൂടി ഓരോരുത്തരും മനസിലാക്കണം. കാരണം നമ്മുടെ നാട്ടിലെ മിക്ക കലാലയങ്ങളിലും അവസ്ഥ വ്യത്യസ്തമല്ല. അവിടെയൊന്നും ഇതു പോലൊരു ആക്സിഡന്റ് നടക്കാത്തത് അവരുടെ ഭാഗ്യം. മറ്റു കലാലയങ്ങളിൽ ഒന്നും ഇത്രയധിയകം കുട്ടികൾ പഠിക്കുന്നുമില്ല.എന്തു കൊണ്ട് ഇത്തരം പവർ ഷോകൾ നടക്കുന്നു?രണ്ടുകാരണങ്ങൾ. ഒന്ന്‌ , ആദ്യവർഷവിദ്യാർത്ഥികളെ കയ്യിലെടുക്കാനാണ്‌ എന്നതാണ്‌. ഇതിനു വേണ്ടി എല്ലാ വിദ്യാർത്ഥി സംഘടനകളും എല്ലാ കോളേജുകളിലും ഇതു പോലൊക്കെ ചെയ്യുന്നുണ്ട്. ഇവിടെ ഒരു ആക്സിഡന്റ് ഉണ്ടായതുകൊണ്ട് മാത്രം ഇത് ചർച്ച ചെയ്യപ്പെട്ടു. മറ്റൊന്ന്‌ കുട്ടികളുടെ പ്രായം. ഈ പ്രായത്തിൽ അവർ വളരെ പെട്ടെന്ന്‌ ഇത്തരം ഃഈറോയിസം കലർന്ന കാര്യങ്ങളിലേക്ക് ആകർഷിക്കപ്പെടുന്നു.എന്തു കൊണ്ട് ആദ്യവർഷ വിദ്യാർത്ഥികളെ കയ്യിലെടുക്കണം?കാരണം, കോളേജ് യൂണിയൻ ഇലക്ഷനെ വളരെയധികം സ്വാധീനിക്കുന്നത് രാഷ്ട്രീയമായോ, കോളേജിൽ നില നിൽക്കുന്ന അന്തരീക്ഷത്തെ പറ്റിയോ യാതൊരവബോധവുമില്ലാത്ത ഒന്നാം വർഷക്കാരാണ്‌. ആഖോഷപരതയിൽ അഭിരമിക്കുന്ന പുതുതലമുറയെ കയ്യിലെടുക്കാൻ സഹായകമാകുന്നത് ഇത്തരം ആന മയിലൊട്ടകം കാർണിവലുകൾ ആണ്‌. സാധാരണഗതിയിൽ ഇതു ചോദ്യം ചെയ്യാൻ ചെന്നാൽ ഒരു കൂട്ടരും അംഗീകരിച്ചു തരില്ല.ഇതെങ്ങിനെ ഒഴിവാക്കാം?സുപ്രീം കോടതി അംഗീകരിച്ച ഒരു ലിംഗ്ദോ കമ്മിഷൻ റിപ്പോർട്ട് ഉണ്ട്. ഈ റിപ്പോർട്ട് അനുസരിച്ച് കലാലയ വർഷം തുടങ്ങി ആറാഴ്ചയ്ക്കുള്ളിൽ കോളേജുകളിൽ വിദ്യാർത്ഥികളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഒരു കോളേജ് യൂണിയൻ/ സ്റ്റുഡന്റ്സ് കൗൺസിൽ തിരഞ്ഞെടുക്കേണ്ടതുണ്ട്. ഇത് രാഷ്ട്രീയാടിസ്ഥാനത്തിൽ നടത്തേണ്ട തെരെഞ്ഞെടുപ്പുമല്ല.എന്നാൽ ഇവിടെ നടക്കുന്നതോ? വിദ്യാർത്ഥി സംഘടനകൾക്ക് ചൂട്ടുപിടിച്ച്, യൂണിവേഴ്സിറ്റികൾ സുപ്രീം കോടതിയുടെ ഉത്തരവ് പോലും അട്ടിമറിച്ച് ഒന്നാം വർഷ അഡ്മിഷൻ പൂർത്തിയായ ശേഷം നവംബറിലോ ഡിസംബറിലോ തെരഞ്ഞെടുപ്പ് നടത്തും . അതുവരെ ക്യാമ്പസുകളിൽ തുടരുന്നത് അരാജകത്വം. പുതിയ കുട്ടികളെ സ്വാധീനിക്കാനുള്ള കാശുപൊടിച്ചുള്ള കളികൾ. എതിരാളിയെ ഒതുക്കാനുള്ള കുതന്ത്രങ്ങളും കയ്യാങ്കളികളും!ഒടുവിൽ ഇലക്ഷൻ നടന്നാലോ? ഒരാഴ്ചയ്ക്കുള്ളിൽ നടപടികൾ പൂർത്തിയാക്കണം എന്നു പറഞ്ഞിടുള്ള ഇലക്ഷന്റെ നോട്ടിഫിക്കേഷൻ എന്നു വരും എന്നത് യൂണിവേഴ്സിറ്റികൾ ഒരു മാസം മുമ്പ് പരസ്യമാക്കും. രാഷ്ട്രീയാടിസ്ഥാനത്തിൽ നടത്തരുത് എന്നു സുപ്രീം കോടതി പറഞ്ഞിട്ടുള്ള കോളേജ് യൂണിയൻ ഇലക്ഷനിൽ എസ്.എഫ്. ഐ എത്ര സീറ്റ് നേടി, കെ.എസ്.യു എത്ര നേടി എന്നതൊക്കെ കൃത്യമായി പത്രത്തിലും വരും..! മിക്കാവാറും ഇലക്ഷനോടനുബന്ധിച്ച് തല്ലും നടക്കും..!ഇനി വഴി പിഴച്ചു പോകുന്ന വിദ്യാർത്ഥികളുടെ കാര്യം!ഈ വിഭാഗത്തിൽ ഭൂരിഭാഗത്തിന്റെയും വഴി തെറ്റൽ റിസൾട്ടിലും പ്രതിഫലിക്കും. അവരെ അപ്പോൾ തന്നെ ക്യാമ്പസിനു പുറത്താക്കിയാൽ പ്രശ്നം 50 ശതമാനത്തിലധികവും തീരും.ഇന്തയിൽ തന്നെ മിക്ക സംസ്ഥാനങ്ങളിലും ഒന്നാം വർഷത്തെ പരീക്ഷകൾ പാസാകാതെ മൂന്നാം വർഷത്തെ രജിസ്ട്രേഷൻ നടത്താൻ കഴിയില്ല. അവർക്ക് കാമ്പസിനു പുറത്തു പോക്കേണ്ടി വരും. ഹോസ്റ്റലിൽ നിന്നും..!ഇവിടെയോ?ഒരു പേപ്പർ പോലും പാസാകാതെ 4 വർഷം ക്യാംപസിൽ വിലസാം. ഇവരാണ്‌ രാഷ്ട്രീയ പിൻബലത്തോടെക്യാമ്പസുകളിൽ അഴിഞ്ഞാടുന്നത്. എന്തെങ്കിലും പ്രശ്നത്തിന്‌ ഇവർക്കെതിരെ നടപടിയെടുത്താൽ ആദ്യം വരുന്നത് പലപ്പോഴും എം.എൽ.എമാർ പോലുമാണ്‌. ഇവരുടെ അച്ഛനമ്മമാരെ നിർബന്ധിച്ചു വരുത്തിയാൽ തന്നെ ഒരു കാര്യവുമില്ല. ‘ഞങ്ങൾ എന്തു ചെയ്യാനാ? ഒത്തിരി ഉപദേശിച്ചതാ സാർ. ഞങ്ങൾ പറഞ്ഞാലൊന്നും കേൾക്കില്ല. എന്നാലും മോനായിപ്പോയില്ലേ? കൊന്നു കളയാൻ കളയാൻ പറ്റുമോ?‘ ഇതൊക്കെയാവും മറുപടി. അവരുടെ നിസഹായതയിൽ പരിതപിക്കാനല്ലാതെ മറ്റെന്തു ചെയ്യാനാവും അദ്ധ്യാപകർക്ക്?ഇനി മറ്റു ചില അനുഭവ സാക്ഷ്യങ്ങൾഞാൻ ഈ ക്യാമ്പസിൽ വന്നിട്ട് ആറു വർഷമായി. എന്റെ അനുഭവത്തിൽ, 4 വർഷം മുമ്പ് സി.ഇ.ടിയുടെ പ്രിൻസിപ്പൾ ആയി ചാർജെടുത്ത ഗോപകുമാർ സാർ ആണ്‌ ഈ കോളേജിൽ അച്ചടക്കം സ്ഥാപിക്കാൻ ഏറ്റവുമധികം ശ്രമിച്ച പ്രിൻസിപ്പൽ.ഹോസ്റ്റലിലെ പ്രശ്നങ്ങൾ കുറയ്ക്കാൻ ബാക്ക് പേപ്പർ ഇല്ലാത്ത കുട്ടികളെ മാത്രമേ നിർത്തൂ എന്ന തീരുമാനം അദ്ദേഹം എടുക്കുകയും വലിയ എതിർപ്പുകളെ നേരിട്ടുകൊണ്ട് അത് നടപ്പിലാക്കുകയും ചെയ്തു. പക്ഷെ, ഇങ്ങനെ പുറത്താക്കപ്പെട്ട കുട്ടികളിൽ ഒട്ടേറെപ്പേർ പട്ടികജാതി പട്ടികവർഗവിഭാഗത്തിൽപെട്ടവരായിരുന്നു. പ്രധാനവില്ലനമാരിൽ പലരും ഇക്കൂട്ടത്തിൽ പെടും! അവർ സാറിനെതിരെ പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽ പെട്ടവർക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനുള്ള വകുപ്പുകൾ ചുമത്തി എസ്.സി/ എസ്.റ്റി കമ്മിഷനു പരാതി കൊടുത്തു. സാറിന്റെ നടപടികൾക്കെതിരെ രൂക്ഷമായി വിമർശനം ഉന്നയിച്ച് കമ്മിഷൻ ഗവൺമെന്റിനു റിപ്പോർട്ട് നൽകുകയും ഗവൺമെന്റ് നിർദേശപ്രകാരം അവരെ തിരിച്ചെടുക്കേണ്ടതായും വന്നു. തിരിച്ചു കേറിയവർ ഹീറോകളായി. പിന്നീട്, പല രാഷ്ട്രീയ പ്രശ്നങ്ങളിലും ഇക്കൂട്ടർ സാറിനോട് വളരെ മോശമായി പെരുമാറി. ഇറങ്ങിപ്പോടാ എന്നതിനപ്പുറം ഒന്നും പറയാൻ സാറിനുകഴിഞ്ഞില്ല. മറ്റെന്തെങ്കിലും ചെയ്താൽ പ്രതികാര നടപടിയായി വ്യാഖ്യാനിച്ച് സാറിനെതിരെ അടുത്ത കേസെടുത്തേനെ..!അപകടത്തിൽ പെട്ട ജീപ്പോടിച്ചിരുന്ന ബൈജുവും 56000 + റാങ്ക് വാങ്ങി പട്ടിക വിഭാഗത്തിൽ അഡ്മിഷൻ നേടിയ, നിലവിൽ മുപ്പതോളം ബാക്ക്പേപ്പറുകൾ ഉള്ള വിദ്യാർത്ഥിയാണ്‌ എന്നതും അറിയുക.2013 മാർച്ചിൽ നടന്ന വിദ്യാർത്ഥി സംഘട്ടനത്തിൽ കോളേജിന്റെ വസ്തു വകകൾ തകർത്തതിന്റെ പേരിൽ കുറെപ്പേർക്കെതിരെ പ്രോപ്പർട്ടി ഡിസ്ട്രക്ഷൻ ആക്റ്റ് അനുസരിച്ച് പോലീസ് കേസെടുത്തു. തല്ലു കൂടിയ രണ്ട് വിഭാഗത്തിലെയും കുട്ടികൾ ഇവരിൽപ്പെടും. ഇതോടെ രണ്ടു കൂട്ടരും ഒന്നിച്ചു. സാറിനെ വിമർശിക്കാൻ മെട്രോ മനോരമയും കൂടി. സംഭവം നടന്ന്‌ രണ്ടാഴ്ചയ്ക്കുള്ളിൽ സാറിന്‌ ഇടുക്കിയിലേക്ക് ട്രാൻസ്ഫർ.! കോളേജിൽ NBA യുടെ അക്രഡിറ്റേഷൻ പരിശോധനകൾ നടക്കുന്നതിനിടെയാണ്‌ ഇത് സംഭവിച്ചത് ! അന്നും പൊലീസ് കസ്റ്റഡിയിൽ എടുത്ത് ജീപ്പാണ്‌ ഇപ്പോൾ അപകടമുണ്ടാക്കിയത്.ഈ ജീപ് തിരികെ നൽകിയത് അദ്ധ്യാപകരാണോ? ഇതിനൊക്കെ എതിരെ ആരു പ്രതികരിച്ചു?തുടർന്നു വന്നവർ അൽപ്പം നിസംഗത പുലർത്തിയെങ്കിൽ അവരെ കുറ്റം പറയാനാകുമോ? കഴിഞ്ഞ വർഷം തന്നെ ഒരു break the curfew സമരവുമായി പ്രിൻസിപ്പൽ ആയിരുന്ന ഷീല ടീച്ചറെ മുൾമുനയിൽ നിർത്തുകയായിരുന്നു ഇവിടുത്തെ പെൺകുട്ടികളും പത്രക്കാരും..!ഇനി അച്ചടക്ക നടപടികൾ എടുക്കുന്നതിലുമുണ്ട് ബുദ്ധിമുട്ടുകൾ. കൃത്യമായ ക്രിമിനൽ പ്ലാനിംഗ് ഉണ്ട് പലകാര്യങ്ങളിലും. ഒരു തല്ലു കേസ് വന്നാൽ പലപ്പോഴും തല്ലിയവർ ആകും ആദ്യം ഹോസ്പിറ്റലിൽ അഡ്മിറ്റ് ആവുന്നതും പോലീസിൽ പരാതി കൊടുക്കുന്നതും..! ദൃൿസാക്ഷികൾ ആരും ഉണ്ടാവുകയുമില്ല. തല്ലു കൊണ്ടവൻ പ്രിൻസിപ്പളിനു പരാതി നൽകുമ്പോഴേക്കും അവനെ തിരക്കി പോലീസ് അവിടെ എത്തും. നിവർത്തിയില്ലാതെ തല്ലുകൊണ്ടവൻ ഒത്തു തീർപ്പിനു വഴങ്ങും. രണ്ടു കൂട്ടരും പരാതിയും പിൻവലിക്കും.മുമ്പ് ജോലിചെയ്തിരുന്ന കോളേജിൽ, ഒരിക്കൽ, ഒരു കുട്ടി നേതാവിന്റെ മോശം പെരുമാറ്റത്തിൽ നിയന്ത്രണം വിട്ട ഒരദ്ധ്യാപകൻ അയാളെ പിടിച്ചു തള്ളി ലാബിനു പുറത്താക്കി. പിറ്റേ ദിവസം അദ്ധ്യാപകൻ വിദ്യാർത്ഥിയെ മർദ്ദിച്ചതിന്റെ പേരിൽ സമരം. ജാതിപ്പേര്‌ വിളിച്ചധിക്ഷേപിച്ചു എന്നതിന്‌ കേസ്. തുടർന്ന്‌ അവൻ ലാബിൽ തോറ്റപ്പോൾ അതിന്റെ പേരിലും പ്രതികാരനടപടിയെന്ന പേരിൽ കേസ്!കാസർഗോഡ് വച്ച് മുൻരാഷ്ട്രപതി കെ. ആർ. നാരായണൻ മരിച്ച ദിവസം കുറെ പരീക്ഷാ പേപ്പർ നോക്കാൻ കോളേജിലെത്തിയ ഞാനും രണ്ട് സഹപ്രവർത്തകരും ചേർന്ന്‌ അവിടെ മോഷണശ്രമം നടത്തിയ ഒരു താൽക്കാലിക ജീവനക്കാരനെ കയ്യോടെ പിടികൂടി . പിറ്റേ ദിവസം പത്രത്തിൽ വാർത്തവന്നത് അവധി ദിനത്തിൽ കോളേജിൽ വന്ന് മദ്യപിക്കുകയായിരുന്ന അദ്ധ്യാപരുടെ പ്രവർത്തി ചോദ്യം ചെയ്ത താല്ക്കാലിക ജീവനക്കാരനെ മോഷണക്കുറ്റം ആരോപിച്ച് പുറത്താക്കാൻ ശ്രമം എന്നാണ്‌!മദ്യപാനികളും, അഴിഞ്ഞാട്ടക്കാരും കുറെയെങ്കിലുമുള്ള ഈ ക്യാമ്പസിൽ പെൺകുട്ടികളെ ആറരമണിക്കു ശേഷം പുറത്തു വിടുന്നതിനെ പരസ്യമായി എതിർത്തതിന്റെ പേരിൽ എന്നെ കണ്ടാൽ മുഖം തിരിച്ചു നടക്കുന്നവരാണ്‌ ഇവിടുത്തെ ഒട്ടേറെ പെൺകുട്ടികൾ..!ഇതൊക്കെയാണ്‌ ഞങ്ങൾ അദ്ധ്യാപരുടെ അവസ്ഥ..! ഞങ്ങളും മനുഷ്യരാണ്‌…! വെറും സാധാരണ മനുഷ്യർ..!ഇനി തസ്നി ബഷീറിന്റെ കേസിൽ സംഭവിക്കാൻ പോകുന്ന കാര്യവും ഞാൻ പറയാം..!എന്റെ അറിവിൽ കേസിൽ ദൃൿസാക്ഷി ആവാൻ ഒരു കുട്ടിയും തയാറായിട്ടില്ല. ഒളിവിൽ പോയവരെ പോലീസ് ഇനി കണ്ടെത്തിയാലും 48 മണിക്കൂർ കഴിഞ്ഞതിനാൽ പ്രതികൾ സംഭവ സമയത്ത് മദ്യപിച്ചിരുന്നാലും മദ്യപിച്ചു എന്നു തെളിയിക്കാനാവില്ല. തസ്നിയെ ഇടിച്ചു വീഴ്ത്തുന്നത് സി.സി. ടി.വിയിൽ പതിഞ്ഞിട്ടില്ല. ഇനിയാരെങ്കിലും സാക്ഷി പറയാൻ തയാറായി എന്നു കരുതുക. നമ്മുടെ നടപ്പ് രീതി വച്ച് ഇതൊക്കെ അന്വേഷണം കഴിഞ്ഞ് കോടതിയിൽ എത്തുമ്പോഴേക്കും ഇപ്പോൾ ഈ ക്യാമ്പസിലുള്ളവരൊക്കെ ജോലി കിട്ടി കല്യാണവും കഴിച്ച് മക്കളുമൊക്കെ ആയിട്ടുണ്ടാവും. കോടതിയിൽ മൊഴി നൽകാൻ പോലും ആരും എത്തില്ല..!അടുത്ത ഒരു ദുരന്തം വരുമ്പോ ഇതൊക്കെ വീണ്ടും ചർച്ചയാകും. ആവേശം മൂത്ത് കുറെ പ്രതികരണങ്ങൾ ഇടും എല്ലാം അതിലൊതുങ്ങും. കാതലായ പ്രശ്നങ്ങൾ ആരും ചർച്ച ചെയ്യില്ല. ഇതൊക്കെ ഒഴിവാക്കാൻ നടപടികളും ഉണ്ടാവില്ല.സത്യം പറയാമല്ലോ. നമ്മുടെ ജനാധിപത്യ വ്യവസ്ഥിതിതിയിൽ ഗവേണൻസ് എന്നത് ഉള്ളി തൊലിക്കുമ്പോലെയാണ്‌. തൊലിച്ച് തൊലിച്ചങ്ങനെ പോകും. ഒടുവിൽ ശുദ്ധ ശൂന്യതയിൽ ചെന്നെത്തും..! അത്ര തന്നെ..!

കടപ്പാട് : സജീവ് മോഹൻ (Asst. Proffesor at College Of Engineering CET)

About renjiveda

I'm not I
This entry was posted in Witnessing from in and Out. Bookmark the permalink.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s