Top StoriesElection 2016TrendingToday’s SpecialOne LinersNewsDistrictsObituaryFeaturesSportsNRIMoneyMoviesTechnologyWomenFoodHealthTravelYouthBooksAutoAgricultureCrime BeatNews in PicturesPhotostoryGallery
വിജയത്തുടര്‍ച്ച തേടി ഗാലക്‌സി നോട്ട് 6 വരുന്നു
By: പി എസ് രാകേഷ്
5 May 2016, 06:52 pm
2011 ഒക്‌ടോബറില്‍ ബര്‍ലിനില്‍ നടന്ന ഐ.എഫ്.എ പ്രദര്‍ശനവേദിയിലാണ് കൊറിയന്‍ കമ്പനിയായ സാംസങ് ‘ഗാലക്‌സി നോട്ട്’ എന്നൊരു സ്മാര്‍ട്‌ഫോണ്‍ മോഡല്‍ അവതരിപ്പിച്ചത്. പേര് സ്മാര്‍ട്‌ഫോണ്‍ എന്നാണെങ്കിലും ടാബ്‌ലറ്റ് കമ്പ്യൂട്ടറിനെ ഓര്‍മിപ്പിക്കുന്ന രൂപമായിരുന്നു നോട്ടിന്. 5.3 ഇഞ്ച് വലിപ്പമുളള നോട്ടിന്റെ സ്‌ക്രീന്‍ കണ്ട് ടെക് പണ്ഡിതരും റിവ്യൂ വിദഗ്ധരുമെല്ലാം മൂക്കത്ത് വിരല്‍ വച്ചു. അഞ്ചിഞ്ച് സ്‌ക്രീന്‍ പോലും അപൂര്‍വമായിരുന്ന അക്കാലത്ത് 5.3 ഇഞ്ച് സ്‌ക്രീനുളള ഫോണ്‍ ആരാണ് കൊണ്ടുനടക്കുകയെന്ന് അവര്‍ തമ്മില്‍ തമ്മില്‍ ചോദിച്ചു.
പക്ഷേ ആ വര്‍ഷം ഏറ്റവും കൂടുതല്‍ വിറ്റുപോയ സ്മാര്‍ട്‌ഫോണ്‍ മോഡലുകളിലൊന്ന് ഗാലക്‌സി നോട്ട് ആയിരുന്നു. പുറത്തിറങ്ങി രണ്ടു മാസത്തിനുള്ളില്‍ പത്തു ലക്ഷം നോട്ട് ഫോണുകള്‍ വിറ്റഴിഞ്ഞു. 2012 ആഗസ്ത് ആകുമ്പോഴേക്കും നോട്ട് ഫോണുകളുടെ വില്പന ഒരു കോടി കടന്നു. ആ മാസം തന്നെ നോട്ടിന്റെ അടുത്ത പതിപ്പായ ഗാലക്‌സി നോട്ട് 2 സാംസങ് പുറത്തിറക്കി. അഞ്ചരയിഞ്ചായിരുന്നു നോട്ട് 2 വിന്റെ സ്‌ക്രീന്‍ വലിപ്പം.
പിന്നീട് പല കാലങ്ങളിലായി നോട്ട് 3, നോട്ട് 3 നിയോ, നോട്ട് 4, നോട്ട് എഡ്ജ് എന്നീ വെര്‍ഷനുകള്‍ കൂടി കമ്പനി അവതരിപ്പിച്ചു. ഈ നിരയില്‍ ഏറ്റവുമൊടുവിലിറങ്ങിയ മോഡല്‍ നോട്ട് 5 ആണ്. കഴിഞ്ഞ വര്‍ഷം ആഗസ്ത് 13 ന് ഔദ്യോഗികമായി അവതരിപ്പിക്കപ്പെട്ട നോട്ട് 5ന്റെ സ്‌ക്രീന്‍ വലിപ്പം 5.7 ഇഞ്ച് ആയിരുന്നു. പുറത്തിറങ്ങി മൂന്ന് ദിവസത്തിനുള്ളില്‍ എഴുപത്തയ്യായിരം യൂണിറ്റുകള്‍ ദക്ഷിണ കൊറിയയില്‍ മാത്രം വിറ്റഴിച്ചുകൊണ്ട് നോട്ട് 5 പുതിയ റെക്കോഡ് സൃഷ്ടിക്കുകയും ചെയ്തു.
നോട്ട് 5 പുറത്തിറങ്ങി ഒമ്പത് മാസങ്ങള്‍ പിന്നിട്ടതോടെ അതിന്റെ പിന്‍ഗാമിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഓണ്‍ലൈന്‍ ഇടങ്ങളില്‍ സജീവമായിക്കഴിഞ്ഞു. ഈ വര്‍ഷം ആഗസ്തില്‍ നോട്ട് 6 പുറത്തിറങ്ങുമെന്നാണ് സൂചന. വരാനിരിക്കുന്ന നോട്ട് 6ല്‍ എന്തൊക്കെ സവിശേഷതകളുണ്ടാകുമെന്ന പ്രവചനവാര്‍ത്തകള്‍ നിറയുകയാണ് ടെക് വെബ്‌സൈറ്റുകളില്‍.
ഗിസ്‌മോ ചൈന, ആന്‍ഡ്രോയ്ഡ് ജീക്ക്, സാംമൊബൈല്‍ തുടങ്ങിയ വെബ്‌സൈറ്റുകളാണ് ഇത്തരം വാര്‍ത്തകള്‍ നല്‍കുന്നതില്‍ മുന്നില്‍.
പിറക്കാനിരിക്കുന്ന നോട്ട് 6 ന്റെ ‘സമ്പൂര്‍ണ ജാതകം’ തന്നെ ഗിസ്‌മോ ചൈന പ്രവചിക്കുന്നുണ്ട്. 2കെ റിസൊല്യൂഷനോടുകൂടിയ 5.8 ഇഞ്ച് ഡിസ്‌പ്ലേ, ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 823 പ്രൊസസര്‍, ആറ് ജിബി റാം, 256 ജിബി ഇന്റേണല്‍ സ്‌റ്റോറേജ് ശേഷി, 4200 എംഎഎച്ച് ബാറ്ററി എന്നിവയായിരിക്കും പുതിയ ഫോണിന്റെ ഹാര്‍ഡ്‌വേര്‍ വിശദാംശങ്ങളെന്ന് ഗിസ്‌മോ ചൈന തറപ്പിച്ചുപറയുന്നു.
