അമ്മ അതിവൈകാരികതയാണ്
അമ്മ അപക്വതയാണ്
അമ്മ ഉന്മാദമാണ്
അമ്മ അഗ്നിപർവ്വതമാണ്.
പെണ്ണ് അമ്മയാകുമ്പോൾ സ്വാഭാവികമായി സംഭവിക്കുന്ന ജൈവപരിണാമമാണത്.
അതുകൊണ്ടാണ് വിശ്വാസത്തിൻറെ തീവ്രത തെളിയിക്കാൻ മകനെ ബലികഴിക്കാൻ അമ്മയോട് അവശ്യപ്പെടാൻ ഒരു ദൈവവും ധൈര്യപ്പെടാത്തത്.
പെറ്റവയറിനോട് കുഞ്ഞിനെ ബലി ചോദിച്ചാൽ
അടികൊണ്ട് പല്ല് കൊഴിയുമെന്നുള്ള പേടിയും തിരിച്ചറിവും ദൈവങ്ങൾക്ക് പോലുമുണ്ട്.
അതുകൊണ്ടാണ് ഇടശ്ശേരിയുടെ നങ്ങേലി
പള്ളിക്കൂടത്തീന്ന് തിരിച്ചുവരാഞ്ഞ
കാണാതെ പോയ ഉണ്ണിയെ തേടി
സാക്ഷാൽ പൂതത്തിൻറെ മുന്നിൽ ചെന്നുനിന്നത്.
“പേടിപ്പിച്ചോടിക്കാൻ നോക്കി ഭൂതം
പേടിക്കാതങ്ങനെ നിന്നാളമ്മ.
കാട്ടുതീയായി ചെന്ന് ഭയപ്പെടുത്താൻ നോക്കിയപ്പോൾ കണ്ണീരാലതിനെ കെടുത്തിയവളാണമ്മ.
നരിയായും പുലിയായും ചെന്നപ്പോൾ
തരികെൻറെ കുഞ്ഞിനെയെന്നുപറഞ്ഞ് അചഞ്ചലയായി നിന്നവളാണമ്മ.
കുന്നുകുന്നായി കിടക്കുന്ന
പൊന്നും മണികളും കാട്ടി അവയെല്ലാം
കിഴികെട്ടി തരാമെന്നും പകരം
പൊന്നാരക്കുട്ടനെ ഞാനെടുക്ക”ുമെന്നും പറഞ്ഞ്
പൂതം പ്രലോഭിപ്പിക്കാൻ നോക്കിയപ്പോൾ അപ്പൊന്നിലേക്കോന്ന് നോക്കുകപോലും ചെയ്യാതെ തൻറെ രണ്ടുകണ്ണും ചൂഴ്ന്നെടുത്ത് പൂതത്തിൻറെ മുന്നിൽ മുന്നിൽ വച്ച്
ഇതിലും വലുതാണെൻറെ പൊന്നോമനയെന്ന് പറഞ്ഞവളാണ് അമ്മ.
കണ്ണില്ലാതായ അമ്മയെ പറ്റിക്കാൻ പൂതം
മന്ത്രശക്തിയാൽ സൃഷ്ടിച്ച മറ്റൊരുണ്ണിയെ
ഒന്നുമ്മവച്ചപ്പോൾ തന്നെ സത്യം തിരിച്ചറിഞ്ഞവളാണമ്മ.
പെറ്റവയറിനെ വഞ്ചിക്കാൻ നോക്കുന്ന പൊട്ടപ്പൂതത്തെ ശപിക്കാൻ കയ്യുയർത്തിയപ്പോൾ
മാതൃശാപത്തെ പേടിച്ച് കുഞ്ഞിനെ
തിരിച്ചുനൽകി മാപ്പിരന്നത് പൂതം.
ഉണ്ണിയെ നഷ്ടമായ അമ്മയുടെ ക്രോധവും പൊട്ടിത്തറിയും സങ്കടവും കണ്ണീരും
മുട്ടുകുത്തി നിന്ന് സ്വീകരിച്ച് മാപ്പിരക്കുവാൻ വൈകുന്നത് …?
പൊട്ടപ്പൂതത്തിനുണ്ടായ വിവേകം പോലും ഇല്ലാതായിരിക്കുന്നുവോ…!