ശ്രീ തിരുവള്ളുവര്‍ വിരചിച്ച തിരുക്കുറള്‍ തമിഴ് സാഹിത്യത്തിലെ ഏറ്റവും പ്രമുഖ കൃതികളിലൊന്നാണ്. തിരുക്കുറള്‍ വിരചിതമായ കാലഘട്ടത്തെക്കുറിച്ച് ചരിത്രകാരന്മാര്‍ക്കിടയില്‍ അഭിപ്രായഭിന്നതയുണ്ട്. ക്രിസ്തുവിന് മുന്‍പ് രണ്ടാം നൂറ്റാണ്ടിലാണ് തിരുവള്ളുവര്‍ ജീവിച്ചിരുന്നതെന്നും അതല്ല നാലാം നൂറ്റാണ്ടിലാണെന്നും വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. എങ്ങനെയായാലും തിരുക്കുറളിന് പതിനഞ്ച് നൂറ്റാണ്ടിലധികം പഴക്കമുണ്ടെന്ന കാര്യത്തില്‍ സംശയമില്ല.
തമിഴ് മറൈ (തമിഴ് വേദം), തെയ്‌വ നൂല്‍ (ദിവ്യഗ്രന്ഥം) എന്നീ പേരുകളിലറിയപ്പെടുന്ന തിരുക്കുറളില്‍ 133 അധ്യായങ്ങളിലായി 1330 കുറളുകള്‍ – ഈരടികള്‍ – ആണുള്ളത്. ഇതില്‍ ഓരോ അധ്യായത്തിനും തനതായ വിഷയം സൂചിപ്പിക്കുന്ന പേര് നല്കിയിട്ടുണ്ട് – ദൈവസ്തുതി, സന്ന്യാസം, ധര്‍മ്മം, എന്നിങ്ങനെ. തിരുക്കുറളിനെ അരം, പൊരുള്‍ , ഇന്‍പം എന്നിങ്ങനെ മൂന്നായി വിഭജിച്ചിരിക്കുന്നു എന്നും ചില പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നുണ്ട്.
സ്വയം സദാചാരങ്ങളനുഷ്ഠിച്ച്, യഥാശക്തി പരോപകാരം ചെയ്തു കൊണ്ട് മനുഷ്യജന്മം സഫലമാക്കുവാനാണ് തിരുക്കുറള്‍ അനുശാസിക്കുന്നത്. ജാതിമതവര്‍ഗ്ഗഭേദമില്ലാതെ മാനവരാശിക്കു മഴുവന്‍ ആദരണീയവും ആചരണീയവും വിജ്ഞാനപ്രദവുമായ കുറള്‍ കാലാതിവര്‍ത്തിയായി നിലകൊള്ളുന്നു. ഭാരതീയവും വൈദേശികവുമായ അനേകം ഭാഷകളിലേയ്ക്ക് കുറള്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ടെന്നത് അതിന്റെ മഹത്വം വിളിച്ചോതുന്നു.
∆∆∆∆∆∆∆∆∆∆∆∆∆∆∆∆∆∆∆∆∆∆∆∆∆∆∆∆
ലോക ഭാഷകളിലേക്ക് ഏറ്റവും കൂടുതല്‍, ബൈബിളും ഖുറാനും കഴിഞ്ഞാല്‍ വിവര്‍ത്തനം ചെയ്യപ്പെട്ട കൃതിയാണ് തിരുക്കുറള്‍. ഇതിന്റെ രചനയുടെ കാലഘട്ടം ബി.സി. 31 എന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. മാനവികതയുടെ വികാസത്തിനും സമ്പൂര്‍ണതയ്‌ക്കും ഉള്‍ക്കൊള്ളേണ്ട ജീവിതമൂല്യങ്ങള്‍ എന്തൊക്കെയാണ് എന്നതാണ് തിരുക്കുറളളിന്റെ ഉള്ളടക്കം. ധര്‍മ്മം, അര്‍ഥം, കാമം ഇവയെ മൂന്നു പ്രകരണങ്ങളില്‍ കൂടിയാണ് പ്രതിപാദിച്ചിരിക്കുന്നത്. അവയെ മൊത്തം 133 അധികാരങ്ങളിലായി വേര്‍തിരിച്ചിരിക്കുന്നു. ഓരോ അധികാരത്തിലും 10 കുറളുകള്‍ വീതം 1330 കുറളുകളാണ് തിരുവള്ളുവര്‍ രചിച്ചിരിക്കുന്നത്. ഇതിന്റെ മനോഹരമായ മലയാളം പരിഭാഷയാണ് ഈ പുസ്‌തകം.