*ബ്രഹ്മശ്രീ മാടമന ശങ്കരൻ നമ്പൂതിരിയെ ആദരിക്കുന്നു*
പ്രമുഖ തിടമ്പ് നൃത്തകലാ ആചാര്യനും, തിടമ്പ് നൃത്തകലാപീഠം മുഖ്യ രക്ഷാധികാരിയുമായ ബ്രഹ്മശ്രീ മാടമന ശങ്കരൻ നമ്പൂതിരിയെ 09/2/2020 ഞായറാഴ്ച ചെറുതാഴം ശ്രീരാഘവപുരം സഭാ യോഗത്തിൻ്റെ ആദ്ധ്യക്ഷതയിൽ ചെറുതാഴം ശ്രീരാഘവപുരം ക്ഷേത്രത്തിൽ ( ഹനുമാരമ്പലം) വച്ച് ആദരിക്കുന്നു
ശ്രീരാഘവപുരം ക്ഷേത്രത്തിലെ നിരവധി ഉൽസവങ്ങൾ തിടമ്പ് നൃത്തത്തിലെ പ്രമുഖരായ വെദിര മന ശ്രീധരൻ നമ്പൂതിരി , തെക്കില്ലം കേശവൻ നമ്പൂതിരി , പുതുക്കുളം നമ്പൂതിരി എന്നിവർക്കൊപ്പം ധന്യമാക്കിയതിലുള്ള രാഘവപുരം പൗരാവലിയുടെ കൃതജ്ഞതയാണ് രാഘവ പുരം പെരുമാളിൻ്റെ പ്രിയപ്പെട്ട നൃത്തകലാകാരനെ ആദരിക്കുവാനുള്ള തീരുമാനത്തിലെത്തിച്ചത്
തിടമ്പ് നൃത്തകലയുടെ കുലപതിയായിരുന്ന യശ്ശ: ബ്രഹ്മശ്രീ വെദിരമന ശ്രീധരൻ നമ്പൂതിരിയുടെ വത്സല ശിഷ്യനും വാദ്യകലാ അക്കാദമി തുടങ്ങി നിരവധി സംഘടനകളുടെ പുരസ്ക്കാര ജേതാവും തിടമ്പ് നൃത്തകലയിൽ ധാരാളം ശിഷ്യ സമ്പത്തുമുള്ള ആചാര്യനുമായ ബ്രഹ്മശ്രീ മാടമന ശങ്കരൻ നമ്പൂതിരി അര നൂറ്റാണ്ടോളമായി തിടമ്പ് നൃത്തകലയ്ക്കു തന്നെ തലയെടുപ്പായി നൃത്തരംഗത്ത് ശോഭിക്കുന്നുണ്ട്, ചിട്ടയായ ക്രമം, പാരമ്പര്യ നിഷ്ഠാനുസരണമുള്ള ചുവടുകൾ, തിടമ്പ് നൃത്തത്തിൻ്റെ തനതായ ശൈലിയിൽ അവതരിപ്പിക്കുന്നതിലുള്ള കൃതകൃത്യത മുതലായ ഗുണങ്ങൾ അദ്ദേഹത്തിൻ്റെ പ്രത്യേക തയാണ്,
‘തിടമ്പ് നൃത്തകലയിലെ ത്രിമൂർത്തികൾ ‘ എന്നറിയപ്പെട്ടിരുന്നവരിൽ അവശേഷിക്കുന്ന ഒരേ ഒരു ആചാര്യൻ
യശ്ശ:വെദിര മന ശ്രീധരൻ നമ്പൂതിരിയും ,യശ്ശ: തെക്കില്ലം കേശവൻ നമ്പൂതിരിയും ആണ് മറ്റ് രണ്ടു പേർ,
ചെറുതാഴം രാഘവപുരം പെരുമാളിൻ്റെ നിരവധി ഉൽസവങ്ങൾ ഈ ത്രിമൂർത്തികളുടെ നടനവൈഭവത്തിന് സാക്ഷിയായിട്ടുണ്ട് – തിടമ്പേറ്റാൽ മൂർത്തിയുടെ ദർശനം തന്നെ കിട്ടുന്നതിന്നുള്ള ഉപാസനാനിഷ്o വെദിര മന ശൈലിയുടെ പ്രത്യേകതയാണ് – തേച്ച് കുളിച്ചു ഒരുങ്ങി വന്നാൽ തിടമ്പ് നൃത്തക്കാരൻ മറ്റ് ജോലികളിലൊന്നും വ്യാപരിക്കാതെ തിടമ്പേറ്റും വരെ മൂർത്തിയെ ധ്യാനിച്ചും അലങ്കരിച്ചും ജപിച്ചും കഴിയുക എന്ന കീഴ്‌വഴക്കം പാലിക്കുന്നതിൽ വെദിര മനശിഷ്യരുടെ നിഷ്o എടുത്ത് പറയേണ്ടതു തന്നെ – തിടമ്പേറ്റാൽ ഭഗവാനെ കണ്ടതിലുള്ള ആനന്ദം ഭക്തർക്ക് പകരാൻ ഈ നിഷ്ഠ നൃത്തക്കാരനെ പ്രാപ്തനാക്കുന്നു –
ഇങ്ങനെ നിഷ്ഠാപൂർവ്വമുള്ള നൃത്തകലയുടെ അവതരണമാണ് നൃത്താനുഷ്ഠകൻ്റെ ശിരസ്സിൽ ഇരിക്കുന്ന മൂർത്തിയുടെ വൈഭവവും പ്രഭാവവും ഭക്തർക്ക് ദിവ്യാനുഭവമായി പകരുന്നത് –
ശുദ്ധസാത്വികതയുടെ കൈയ്യൊപ്പായ വെദിര മനശൈലിയുടെ ഗുണങ്ങൾ ബ്രഹ്മശ്രീ ശങ്കരൻ നമ്പൂതിരിയുടെ ചുവടുകളിൽ തിടമ്പ് നൃത്തത്തിൻ്റെ ക്ലാസ്സിക് ശൈലിയോട് ചേർത്തുനിർത്തുന്നു, തനതായ നൃത്തപാരമ്പര്യം നിലനിർത്താൻ അദ്ദേഹത്തിൻ്റെ മക്കളും ശിഷ്യരും ശ്രദ്ധാലുക്കളാണ് –
നീലേശ്വരത്തിൻ്റെ അഭിമാനമായ ബ്രഹ്മശ്രീ മാടമന ശങ്കരൻ നമ്പൂതിരിയെ ആദരിക്കുന്നതിലൂടെ നൃത്തകലയിലെ വെദിര മന ശൈലി കൂടി ആദരിക്കപ്പെടുന്നു –
ഒരു തലമുറയെ മുഴുവൻ പ്രചോദിപ്പിച്ച അദ്ദേഹം വരും കാല തലമുറയ്ക്ക് കൂടി പ്രചോദനമാവട്ടെ എന്ന് ആശംസിക്കുന്നു -🙏
*തിടമ്പ് നൃത്തകലാ പീഠം കേരള*