ഒന്ന് കഴിയുമ്പോൾ മറ്റൊന്ന് വരുന്നു,പേര് മാറുന്നുവെന്ന് മാത്രം,ഒന്നിനെ തുരത്തുമ്പോൾ മറ്റൊന്ന് ,അതിനു മരുന്ന് കണ്ടുപിടിക്കുമ്പോഴേക്കും പ്രകൃതി അതിനു മറ്റൊരു വേഷം നൽകുന്നു,പ്രകൃതിശക്തിയുടെ അനന്യമായ ഭരണപാടവത്തിനുമുന്പിൽ മനുഷ്യന്റെ അഹങ്കാരം തോറ്റുപോവുകയേയുള്ളൂ!
മരണം ഉറപ്പായ ഒരു രോഗത്തിനും രോഗാണു ആക്രമണത്തിനും ഒരു മരുന്നും ഏശുകയില്ല എന്ന് തെളിയിക്കപ്പെടുന്ന കാലം!
മനുഷ്യനു മാത്രമാണ് ഭരിക്കുവാനും അനുസരിപ്പിക്കുവാനും അധികാരം എന്ന ഹുങ്കിനെ പരാജയപ്പെടുത്താൻ അവനു കാണാൻ പോലുമില്ലാത്ത അണുവിനുപോലും കഴിയുമെന്ന് ബോധ്യപ്പെടുത്തിക്കൊടുത്ത കാലം!
കൂട്ടിലിട്ടു കാഴ്ചവസ്തുക്കളാക്കപ്പെട്ട ജീവജാലങ്ങളുടെ ശാപഭാരം കൊണ്ട് തെറ്റ് ചെയ്യാത്തവർ പോലും സ്വയം കൂട്ടിലകപ്പെട്ടിരിക്കേണ്ടിവരുന്ന കാലം.
ചന്ദ്രനിലും ചൊവ്വയിലും പോകാൻ കഴിയുമ്പോഴും തന്നെക്കാൾ ചെറുതായ ജീവികളുടെ ആക്രമണങ്ങളോട് പൊരുതി നിൽക്കാനാവാതെ തോറ്റു പിൻവാങ്ങി ജീവൻ തന്നെ ബലി നൽകേണ്ടിവരുന്ന കാലം!
മതത്തേക്കാൾ പ്രധാനം സ്വന്തം ജീവൻ തന്നെയാണെന്ന് ബോധ്യപ്പെടുന്ന കാലം!
ജീവനുണ്ടെങ്കിൽ മാത്രമേ ആനന്ദമുള്ളൂ എന്ന് തിരിച്ചറിയുന്ന കാലം!
കാണാൻ കഴിയുന്ന സമ്പത്തിൽ നിന്നും കാണാൻ കഴിയാത്ത സമ്പത്തിലേക്കു മനുഷ്യൻ ചുവടു മാറ്റിയ കാലം!
പണമെത്രയുണ്ടായാലും ഉപയോഗിക്കാൻ കഴിയാത്ത കാലം!
പണമുള്ളവനും പാവപ്പെട്ടവനും മറ്റുള്ളവരുടെ കരുണയ്ക്കു മുൻപിൽ കൈ നീട്ടേണ്ടിവരുന്ന കാലം!
ഇതാണ് ശരിക്കും കലികാലം, കലിതുള്ളിവരുന്ന കലികാലം! കലിയുടെ കലാപനൃത്തം!
എന്നാലും നാം പഠിക്കുകയില്ല, നമുക്കിതെല്ലാം നായുടെ വാൽ പന്തീരാണ്ടുകാലം കുഴലിലിട്ടത് പോലെ മാത്രം !
ബുദ്ധിയിലും ശക്തിയിലും തനിക്കു സമമില്ലാത്തവരെന്നു തിരിച്ചറിഞ്ഞതിനെയെല്ലാം കൊന്നുരസിച്ചും കൊന്നുതിന്നും അടക്കി ഭരിച്ചും അനുസരിപ്പിച്ചും കയ്യൂക്ക് കൊണ്ട് എന്തും നേടാമെന്ന് കരുതി ആഘോഷിച്ചവർക്ക് മുൻപിലേക്ക് പ്രകൃതി എറിയുന്ന ചോദ്യങ്ങൾക്കു മുൻപിൽ തല കുനിക്കുക!
നല്ല മനസ്സോടെ പ്രാർത്ഥിക്കുക ലോകരക്ഷയ്ക്ക് !!! പ്രാർത്ഥിക്കാൻ ഇഷ്ടമില്ലെങ്കിൽ പ്രാർത്ഥിക്കുന്നവരെ പുച്ഛിക്കാതിരിക്കുകയെങ്കിലും ചെയ്യുക!
അതീതശക്തികളെ ബഹുമാനിക്കുക, തന്നിൽ ചെറുതിനെ കുറച്ചു കാണാതിരിക്കുക
ലോകാ സമസ്താ സുഖിനോ ഭവന്തു!