പ്രാർത്ഥനയുടെ പിന്നിലെ രഹസ്യം

പ്രാർത്ഥനയുടെ പിന്നിലെ രഹസ്യം

സ്വാമി സിദ്ധനാഥാനന്ദ മലയാളത്തിലേക്കു വിവർത്തനം ചെയ്ത ഫിലോക്കാലിയ എന്ന പ്രശസ്തമായ ക്രിസ്തീയ ആധ്യാത്മിക ഗ്രന്ഥത്തിലേക്കു വായനക്കാരെ ആകർഷിക്കുന്ന പുസ്തകമാണു ‘ഒരു സാധകന്റെ സഞ്ചാരം (the ways of pilgrim) .അതിലെ കഥാനായകനായ തീർത്ഥാടകൻ എപ്പോഴും പ്രാർത്ഥിക്കാൻ കഴിയുന്നതെങ്ങനെ എന്ന അന്വേഷണത്തിലാണ്.ആ അന്വേഷണത്തിൽ അദ്ദേഹം നേരിടുന്ന വെല്ലുവിളികൾ,അദ്ദേഹം കണ്ടെത്തുന്ന ആളുകൾ,അവരുടെ അനുഭവങ്ങൾ, എന്നിവയെല്ലാം കഥപോലെ വിവരിക്കുമ്പോൾ നമ്മുടെ വായന പേജുകൾ പിന്നിട്ടു വളരെ വേഗത്തിൽ മുന്നോട്ടുപോകും.എന്നാൽ ഒടുവിൽ പുസ്തകം വായിച്ചവസാനിപ്പിക്കുമ്പോഴും നമുക്കു സംശയം ബാക്കി നിൽക്കും- ഈ തീർഥാടകനെപ്പോലെ ജീവിതത്തിന്റെ സമ്മർദ്ധങ്ങളിൽ നിന്നു മാറി എപ്പോഴും പ്രാർത്ഥനയിൽ മുഴുകിയിരിക്കാൻ നമ്മെപ്പോലെ നിത്യജീവിതത്തിന്റെ തിരക്കുകൾ ഉള്ള ഒരാൾക്കു കഴിയുമോ? തന്നെ സംബന്ധിച്ചിടത്തോളം പ്രാർത്ഥന ഓരോ പ്രഭാതത്തിന്റെയും താക്കോലും ഓരോ രാത്രിയുടെയും സാക്ഷായുമാണെന്നു പറഞ്ഞ ഗാന്ധിജിക്കും മുഴുവൻ സമയവും പ്രാർത്ഥനയ്ക്കായി മാറ്റിവയ്ക്കാൻ കഴിഞ്ഞില്ലല്ലോ എന്നു നാം ഓർക്കും.
എന്നാൽ നാം ബൈബിളിലേക്കു തിരിയുമ്പോൾ അവിടെയും എപ്പോഴും പ്രാർത്ഥിക്കണമെന്നു നിർദേശിക്കുന്ന വചനങ്ങൾ കണ്ടെത്താൻ കഴിയും.’ഇടവിടാതെ പ്രാർത്ഥിപ്പിൻ'(1 തെസ്സലോനിക്യർ 5:17) ‘ഏതുനേരത്തും … പ്രാർത്ഥിപ്പിൻ’ (എഫേസ്യർ 6:18), ‘എല്ലായിടത്തും പ്രാർത്ഥിക്കണം’ (1തിമൊഥെയോസ് 2:8) എന്നിവ ഉദാഹരണം.ഇങ്ങനെ ജീവിക്കാൻ കഴിയുമോ? എപ്പോഴും, ഏതുനേരത്തും, എല്ലായിടത്തും, ഇടവിടാതെ പ്രാർത്ഥിക്കുക-ഇതു സാധ്യമാണോ? അല്ലെന്നു വ്യക്തം.അപ്പോൾ പിന്നെ ഈ സമസ്യയുടെ ഉത്തരം എന്താണ്? പ്രാർത്ഥനയുടെ രഹസ്യം എന്താണ്?
ശിഷ്യന്മാരെ പ്രാർത്ഥിക്കാൻ പഠിപ്പിച്ചത് യേശുവാണ്. ‘ഞങ്ങളെ പ്രാർത്ഥിക്കാൻ പഠിപ്പിക്കണമേ’ എന്ന ശിഷ്യന്മാരുടെ അഭ്യർത്ഥന അംഗീകരിച്ച് യേശു ‘നിങ്ങൾ ഇവ്വണ്ണം പ്രാർത്ഥിപ്പിൻ’ എന്നു പറഞ്ഞ് അവരെ ഒരു പ്രാർത്ഥന പഠിപ്പിച്ചു- ‘സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ, നിന്റെ രാജ്യം വരേണമേ…’ എന്ന കർതൃ പ്രാർത്ഥന. പ്രാർത്ഥനയുടെ ഉള്ളടക്കം തങ്ങളെ പഠിപ്പിച്ച ക്രിസ്തുവിനോട് ഈ പ്രാർത്ഥന എത്രസമയം പ്രാർത്ഥിക്കണമെന്നു ശിഷ്യന്മാർ ചോദിച്ചിരിക്കുമോ?അങ്ങനെ ചോദിച്ചതായി സുവിശേഷങ്ങളിൽ ഒരിടത്തും കൃത്യമായി പറയുന്നില്ലെങ്കിലും ചോദിച്ചിരിക്കാൻ സാധ്യതയുണ്ട്.കാരണം, യഥാർത്ഥ പ്രാർത്ഥന സംബന്ധിച്ച് യേശു പറഞ്ഞ ഒരു സാരോപദേശകഥ ലൂക്കോസിന്റെ സുവിശേഷത്തിൽ നമുക്കു കാണാം.അതിന്റെ തുടക്കം ഇങ്ങനെ:’മടുത്തുപോകാതെ എപ്പോഴും പ്രാർത്ഥിക്കണം എന്നുള്ളതിന് അവൻ അവരോട് ഒരു ഉപമ പറഞ്ഞത്…'(18:1). അപ്പോൾ യേശു പറഞ്ഞത് എത്രസമയം പ്രാർത്ഥിക്കണം എന്നാണ്? ‘എപ്പോഴും’ എന്നാണ് ഇവിടെ നിന്നു കിട്ടുന്ന മറുപടി .വീണ്ടും നാം പഴയ ചോദ്യത്തിലേക്കു തന്നെയാണു വരുന്നത്-എങ്ങനെയാണ് എപ്പോഴും പ്രാർത്ഥിക്കാൻ കഴിയുന്നത്? അതു സാധ്യമാണോ? ഇതിന്റെ ഉത്തരം യേശു തുടർന്ന് പറഞ്ഞ ഉപമയിലുണ്ട്.ആ സാരോപദേശ കഥ കേൾക്കുക :
ഒരു പട്ടണത്തിൽ ഒരു വിധവയുണ്ടായിരുന്നു.അവൾക്ക് ആരും സഹായത്തിനില്ല.അങ്ങനെയിരിക്കെ ഒരുവൻ ഈ വിധവയുടെ ന്യായമായി കിട്ടേണ്ട അവകാശങ്ങൾ നിഷേധിച്ച് അവളെ ബുദ്ധിമുട്ടിക്കാൻ തുടങ്ങി.നീതിയും ന്യായവും അവളുടെ ഭാഗത്താണ്.പക്ഷേ ആരാണ് അവളുടെ ഭാഗം കേട്ട് അവൾക്കു നീതി നടത്തിക്കൊടുക്കുക?ആ പട്ടണത്തിൽ ഒരു ന്യായാധിപൻ ഉണ്ടായിരുന്നു.വിധവ ആ ന്യായാധിപനെ തന്റെ പരാതിയുമായി സമീപിച്ചു.പക്ഷേ അയാൾ ദൈവത്തെ ഭയവും മനുഷ്യരെ ബഹുമാനവുമില്ലാത്ത ഒരു പ്രത്യേക തരക്കാരനായിരുന്നു.ഈ വിധവയുടെ ന്യായമായ പരാതി പരിഹരിച്ചു കൊടുക്കാതെ അയാൾ കേസു നീട്ടിക്കൊണ്ടുപോയി.പക്ഷേ വിധവ വെറുതെയിരുന്നില്ല.അവൾക്ക് മറ്റെങ്ങും പോകാനില്ല.അതുകൊണ്ട് അവൾ മടുത്തുപോകാതെ രാവും പകലും ഈ ന്യായാധിപനെ സമീപിച്ചു തനിക്കു സങ്കട നിവൃത്തി തരണമെന്ന് അപേക്ഷിച്ചുകൊണ്ടിരുന്നു. ഒടുവിൽ ന്യായാധിപൻ ശല്യം സഹിക്കാനാവാതെ വിധവയുടെ പരാതി പരിഹരിച്ചുകൊടുത്തു.കഥ ഇവിടെ അവസാനിക്കുന്നു.
ഈ കഥയിൽ വിധവ നമ്മെ പ്രതിനിധാനം ചെയ്യുന്നു;ന്യായാധിപൻ ദൈവത്തേയും.(നീതിബോധമില്ലാത്ത ന്യായാധിപനോടു ദൈവത്തെ താരതമ്യം ചെയ്യുന്നതെങ്ങനെ എന്നു സംശയം തോന്നാം.എന്നാൽ ഉപമകളിൽ അങ്ങനെയാണ്-അതിലെ കഥാപാത്രങ്ങൾക്ക് ആരെ പ്രതിനിധാനം ചെയ്യുന്നുവോ നൂറുശതമാനവും അവരുടെ സ്വഭാവം ഉണ്ടായിരിക്കണമെന്നില്ല). നാം ഉപമയിലെ വിധവയെപ്പോലെയായിരിക്കണം.ദൈവത്തിലല്ലാതെ മറ്റെങ്ങും ആശ്രയമില്ലാത്തവർ. അവഗണിക്കപ്പെട്ടാലും താഴ്മയോടെ നിരന്തരം അടുത്തുചെല്ലാൻ മനസ്സുള്ളവർ.വിധവയുടെ നിസ്സഹായതയും താഴ്മയും കൂടിച്ചേർന്ന ഈ മനോഭാവത്തെ യേശു ‘ആത്മാവിലെ ദാരിദ്ര്യം’ എന്നാണു വിളിച്ചിട്ടുള്ളത്.ഭൗതികമായ ദാരിദ്ര്യം പോലെയാണ് ആത്മാവിലെ ദാരിദ്ര്യവും.ഭൗതികമായി ദാരിദ്രനായവൻ എന്തു ചെയ്യും? അവൻ തന്റെ സാമ്പത്തിക ആവശ്യങ്ങൾക്കായി നിരന്തരം ധനവാന്റെ പടിവാതിലിൽ മുട്ടിക്കൊണ്ടിരിക്കുന്നു.ഇന്നു ധനവാൻ ദരിദ്രന് എന്തെങ്കിലും കൊടുത്താലും പിറ്റേന്നും അയാൾ ധനവാനെ തേടിചെല്ലും.കാരണം അന്നും അവൻ ആവശ്യക്കാരനാണ്.അവന് മറ്റെങ്ങും പോകാനില്ല.അവൻ ലജ്ജയോ അഭിമാനബോധമോ ഇല്ലാതെ ദിവസവും താഴ്മയോടെ ധനവാനെ സമീപിച്ചുകൊണ്ടേയിരിക്കും.
ഈ ഭൗതികമായ ദാരിദ്ര്യം പോലയാണ് ആത്മാവിലെ ദാരിദ്ര്യവും.ആത്മാവിൽ ദരിദ്രനായവൻ ദിവസവും തന്റെ ആവശ്യങ്ങൾക്കായി ദൈവത്തിന്റെ അടുത്തേക്കു ചെല്ലുന്നു.കാരണം അവനു മറ്റെങ്ങും ആശ്രയമില്ല.ദൈവമുൻപാകെ താഴ്മയോടെ ,നിസ്സഹായതയോടെ അവൻ നിരന്തരം നിൽക്കുകയാണ്.ചുരുക്കത്തിൽ പ്രാർത്ഥനയുടെ പിന്നിൽ ഉണ്ടായിരിക്കേണ്ട മനോഭാവം ഇതാണ്- ആത്മാവിലെ ദാരിദ്ര്യം.പ്രാർത്ഥനയെക്കുറിച്ചു പറയുന്ന മറ്റൊരു സന്ദർഭത്തിലും യേശു ഇതേ ആശയം വരുന്ന വേറൊരു ഉപമ പറഞ്ഞതിങ്ങനെ:ഒരാൾ രാത്രിയിൽ വളരെ വൈകി മൂന്നപ്പം വായ്പ വാങ്ങാൻ സ്നേഹിതന്റെ വീട്ടിൽ ചെന്നു.സ്നേഹിതൻ കുട്ടികളുമായി ഉറങ്ങാൻ കിടന്നിരുന്നു.എന്നാൽ ആവശ്യക്കാരന് ഔചിത്യം ഇല്ലല്ലോ.അതുകൊണ്ട് അയാൾ നിസ്സഹായതയോടെ,ലജ്ജയില്ലാതെ,വിനയത്തോടെ നിരന്തരം സ്നേഹിതന്റെ വാതിലിൽ മുട്ടി തന്റെ ആവശ്യം അറിയിച്ചു.അയാൾ ലജ്ജ കൂടാതെ മുട്ടി എന്ന ഏകകാരണത്താൽ ഒടുവിൽ സ്നേഹിതൻ എഴുന്നേറ്റ് അയാൾക്ക് ആവശ്യം ഉള്ളേടത്തോളം അപ്പം നൽകി.(ലൂക്കോസ് 11:8).ഇവിടെയും ആത്മാവിലെ ദാരിദ്ര്യമാണ് അയാളുടെ പ്രാർത്ഥനയെ സ്വീകാര്യമാക്കിയത്. ചുരുക്കത്തിൽ പ്രാർത്ഥനയുടെ പിന്നിലെ മനോഭാവമാണു പ്രധാനം. ആ മനോഭാവം ( ആത്മാവിലെ ദാരിദ്ര്യം) എപ്പോഴും നമ്മിൽ ഉണ്ടെങ്കിൽ നമ്മുടെ ജീവിതത്തിന്റെ ഭൂമികയിൽ നിന്ന് ഇടവിടാതെ പ്രാർത്ഥനയുടെ ധൂപം ഉയരുന്നതായി ദൈവം കണക്കാക്കും എന്നു നമുക്കു പറയാം.ഏതുനേരത്തും പ്രാർത്ഥിക്കുന്നത് ഇങ്ങനെയാണ്.
എന്നാൽ ഈ നിസ്സഹായതയുടെ,വിനയത്തിന്റെ, മനോഭാവം ഇല്ലാതെ എത്രനേരം പ്രാർത്ഥിച്ചാലും അതു പ്രാർത്ഥനയായി ദൈവംകണക്കാക്കുകയില്ല.ഇക്കാര്യം യേശു മൂന്നാമതൊരു ഉപമയിൽ(ലൂക്കോസ് 18:9-14) വ്യക്തമാക്കിയിട്ടുള്ളതും ശ്രദ്ധിക്കുക: പ്രാർത്ഥിക്കാനായി രണ്ടുപേർ ദേവാലയത്തിൽ പോയി.ഒരാൾ മതഭക്തനായിരുന്നു.മറ്റെയാൾ ഒരു പാപിയെന്നു സമൂഹം തന്നെ വിധിയെഴുതിയ ഒരാളും.താൻ തെറ്റുകാരനാണെന്ന് അവനു തന്നെ ബോധ്യമുണ്ട്.അതുകൊണ്ട് അവൻ പശ്ചാത്താപ വിവശനായി ‘ദൈവമേ എന്നോടു കരുണ തോന്നണമേ’ എന്നു നിലവിളിച്ചു.ദൈവം ആ പ്രാർത്ഥന സ്വീകരിച്ചു.അവനെ നീതീകരിച്ചു.അവൻ സന്തുഷ്ടനായി വീട്ടിലേക്കു മടങ്ങി. മതഭക്തനോ? അവനു സമീപത്തു നില്ക്കുന്ന പാപിയായ മനുഷ്യനെക്കണ്ടപ്പോൾ തന്നെക്കുറിച്ചുതന്നെ വലിയ മതിപ്പാണു തോന്നിയത്. അതുകൊണ്ട് അനുതാപമോ നിസ്സഹായതാബോധമോ താഴ്മയോ ഇല്ലാതെ അവൻ ഉച്ചത്തിൽ ഇങ്ങനെ പ്രാർത്ഥിച്ചു-‘ദൈവമേ, മറ്റുമോശപ്പെട്ട മനുഷ്യരെപ്പോലെയോ ,വിശേഷാൽ എന്റെ സമീപത്തു നിൽക്കുന്ന ഈ പാപിയായ മനുഷ്യനെയോ പോലെയല്ല ഞാൻ എന്നതിനാൽ ഞാൻ അങ്ങയെ വാഴ്ത്തുന്നു.ഞാൻ ആഴ്ചയിൽ രണ്ടു വട്ടം ഉപവസിക്കുന്നു. സമ്പാദിക്കുന്നതിന്റെ പത്തിലൊന്നു കാണിക്കയായി ഭണ്ഡാരത്തിൽ ഇടുന്നു…’ഉവ്വ്,നിങ്ങൾ ഊഹിച്ചതു ശരിയാണ് -ദൈവം ഈ പ്രാർത്ഥന സ്വീകരിച്ചില്ല. ആത്മാവിലെ ദാരിദ്ര്യമില്ലാത്തതുകൊണ്ട് ഇതൊരു പ്രാർത്ഥനയായി അവിടുന്നു കൈക്കൊണ്ടില്ല.
ഇതെല്ലാം വ്യക്തമാക്കുന്നതു താഴെ പറയുന്ന കാര്യങ്ങളാണ്: ജീവിതത്തിൽ ദൈവത്തിനായി സമർപ്പിക്കുന്ന സമയം ആണ് പ്രാർത്ഥന. അത് വാക്കുകൾ ആകാം പ്രവർത്തികൾ ആകാം. പ്രാർത്ഥനയുടെ വാക്കുകളെയല്ല, അതിന്റെ പിന്നിലെ മനോഭാവത്തെയാണു ദൈവം നോക്കുന്നത്. ആ മനോഭാവത്തിൽ നിന്നുമാണ് വാക്കുകൾ വരുന്നത്. താഴ്മയോടെ ദൈവത്തെ മുറുകെപിടിക്കുന്ന ഒരു മനോഭാവം ജീവിതത്തിൽ ഉടനീളം ഉണ്ടെങ്കിൽ അത് ഇടവിടാതെ എപ്പോഴുമുള്ള പ്രാർത്ഥനയായി ദൈവം കണക്കാക്കും. ഈ മനോഭാവം ഇല്ലാതെ ദിവസത്തിന്റെ മുഴുവൻ നേരവും പ്രാർത്ഥനാവാചകങ്ങൾ ഉരുവിട്ടാലും അതു പ്രാർത്ഥനയായി സ്വീകരിക്കപ്പെടുകയില്ല.ഇതാണു പ്രാർത്ഥനയുടെ പിന്നിലെ രഹസ്യം. kadapadu – Alencherry Church
ഏവരും വായിച്ചിരിക്കണം. ചില സമയങ്ങളിൽ ഏവൻഗേലിയോൻ വായികുമ്പോൾ ഫിലൊക്കാലിയ പുസ്തകം ഉപയോഗിക്കാറുണ്ട്. ‘ഒരു സാധകന്റെ സഞ്ചാരം എന്ന പുസ്തകം വായിച്ചതിനു ശേഷമെ ഇതിലേക്ക് കടക്കാവൂ എന്നൊരു ഓർമ്മപ്പെടുത്തൽ ഇതിനോടൊപ്പം പങ്ക് വെക്കുന്നു. കോട്ടയം പാമ്പാടി ദയറായിൽ ഈ പുസ്തകങ്ങൾ ലഭിക്കുന്നു . 7 പുസ്തകങ്ങൾ അടങ്ങിയ സമാഹാരത്തിനു 200 രൂപയാണു വില. ‘ഇടവിടാതെ പ്രാർത്ഥിപ്പിൻ’ എന്നത് മൗണ്ട് എത്തോസിലെ പിതാക്കന്മാർ കാണിച്ചു തരുന്നു . 12 മിനുട്ട് തൊട്ട് കണ്ടാൽ പെട്ടന്ന് മനസിലാകും http://www.youtube.com/watch?v=ubg3mqhG4uE

Author: renjiveda

I'm not I

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s