ആത്മീയധർമ്മം Gayatri Sage Vishwamitra 🔯२ंजीतं☯

ആത്മീയധർമ്മം* വിശ്വാമിത്രനും ഗായത്രിയും ഗായത്രീമന്ത്രത്തിന്റെ ദ്രഷ്ടാവ് വിശ്വാമിത്ര മഹര്‍ഷിയാണ്. അരുണപ്രഭ വിതറി കിഴക്കുദിച്ചുയര്‍ന്ന സവിതാവിനെ ദര്‍ശിച്ചപ്പോള്‍ വിശ്വാമിത്ര മഹര്‍ഷിക്കുണ്ടായ ആത്മപ്രഹര്‍ഷമാണ് ലോകോത്തര മന്ത്രമായ ഗായത്രിയായി പരിണമിച്ചത്.

ഈ മന്ത്രത്തിന്റെ പിറവിയോടെ വേദഭൂമിയും ദേവഭൂമിയുമായ ഭാരതം ലോകത്തിന്റെ ജ്ഞാനചക്ഷുസ്സായി മാറി. ഋഷി സത്യദര്‍ശിയായ ഗുരുവാണ്. മനനം ചെയ്യുന്നതുവഴി ത്രാണനം ചെയ്യുന്നതാണ് മന്ത്രം. പരിശുദ്ധമായ മനസ്സിലാണ് ഈശ്വരാദേശം ഉണ്ടാവുക. ഏകാഗ്രതയില്‍ സ്ഫുടം ചെയ്‌തെടുത്ത വിശ്വാമിത്രന്റെ മനസ്സില്‍ വിരിഞ്ഞ ഇരുപത്തിനാല് വര്‍ണങ്ങളാണ് വേദസ്വരൂപിണിയായ ഗായത്രീ മന്ത്രം. ലോകത്തില്‍ ഇന്നോളം ഉണ്ടായതില്‍വച്ച് ഏറ്റവും ശ്രേഷ്ഠമായ മന്ത്രം ഗായത്രി തന്നെ. മന്ത്രങ്ങളുടെ രാജ്ഞി എന്ന് ഗായത്രിയെ വിശേഷിപ്പിക്കാം. ‘സപ്തകോടി മഹാമന്ത്രജനനീ’ എന്ന് ഗായത്രിക്ക് നല്‍കിയ വിശേഷണം ഇതിനുപോല്‍ബലകമാണ്.

ഗായത്രീ മന്ത്രത്തിന് പ്രകൃതി രചിച്ച ഭാഷ്യമാണ് പ്രപഞ്ചം. പ്രകൃതിയിലെ ‘പ്ര’ പ്രകൃഷ്ടാര്‍ത്ഥവും കൃതി എന്നത് സൃഷ്ടി വാചകവുമാണ്. പ്രകൃതി എന്ന പദത്തിന് സൃഷ്ടിക്ക് മുഖ്യമായത് എന്നര്‍ത്ഥമാണ് ദേവീഭാഗവതം കല്‍പിക്കുന്നത്. ‘പ്രകൃതി’യിലെ മൂന്നക്ഷരങ്ങള്‍ യഥാക്രമം സത്വരജസ്തമോ ഗുണങ്ങളെ പ്രതിനിധീകരിക്കുന്നവയാണെന്നും അതിനാല്‍ ത്രിഗുണാത്മികയായ ശക്തിയോടു കലര്‍ന്നു നില്‍ക്കുന്ന പ്രധാന സൃഷ്ടികര്‍ത്രി എന്നും പ്രകൃതിക്കു അര്‍ത്ഥം പറയാം. ഇതിനു പുറമെ ‘പ്ര’ ശബ്ദത്തിന് മുന്‍പ് ഉള്ളത് എന്നും ‘കൃതി’ ശബ്ദത്തിന് സൃഷ്ടിയെന്നും മറ്റൊരര്‍ത്ഥമുണ്ട്. പ്രകൃതി എന്നാല്‍ സൃഷ്ടിക്കു മുന്‍പുള്ള അവസ്ഥ തന്നെ. ഗായത്രി നിഖാലാഗമസ്ഥിതയും നിഖിലാഗമ മധ്യസ്ഥയും നിത്യകര്‍മഫലപ്രദയും ഭദ്രകല്യാണദായിനിയും ഭക്തവത്സലയും ഭവബന്ധവിമോചിനിയുമാണെന്ന് ദേവീഭാഗവതത്തില്‍ പറയുന്നു. മഹാലക്ഷ്മിയും മഹാകാളിയും മഹാസരസ്വതിയും ബ്രഹ്മരൂപിണിയുമായ ചൈതന്യമാണ് ഗായത്രി. ഈരേഴുപതിന്നാലു ലോകങ്ങളെയും പ്രകൃതിയെയും മനുഷ്യനേയും പാരസ്പര്യത്തിന്റെ പട്ടുനൂലാല്‍ ബന്ധിപ്പിക്കാന്‍ സമര്‍ത്ഥമായ മന്ത്രമാണ് ഇത്. ഗായത്രിയിലെ ഇരുപത്തിനാല് വര്‍ണങ്ങള്‍ വാക്കായി, വാണിയായി, വൈഖരിയായി കല്‍പ്പവൃക്ഷത്തിലെ കാന്തിയും സുഗന്ധവും പൊഴിക്കുന്ന പൂക്കളായി മാറി. ദേവനാഗരിയുടെ മഹാപ്രവാഹത്തില്‍നിന്ന് കോരിയെടുത്ത ഈ ഇരുപത്തിനാലക്ഷരതത്വങ്ങള്‍ അനന്തകോടി നക്ഷത്രപ്രഭ ചൊരിയുന്നു. പ്രകൃതിയുടെ സമസ്ത സൗന്ദര്യവും ഗായത്രിയുടെ ഇരുപത്തിനാല് അക്ഷരങ്ങളില്‍ ആലേഖനം ചെയ്തിട്ടുണ്ട്. സര്‍വമംഗളകാരിണിയായ ഗായത്രി മന്ത്രത്തിന്റെ ദ്രഷ്ടാവായതു കൊണ്ടാണ് വിശ്വാമിത്രന് ആ പേര് സിദ്ധിച്ചത്. വിശ്വത്തിന്റെ മിത്രമെന്നാണ് വിശ്വാമിത്ര പദത്തിനര്‍ത്ഥം. ലോകത്തെ സ്‌നേഹിക്കുന്നവന്‍, ലോകോപകാരിയെന്നെല്ലാം വിശ്വാമിത്ര പദത്തിനര്‍ത്ഥമുണ്ട്. ഋഗ്വേദത്തിലെ ഏകദേശം നാല്‍പ്പത്തെട്ട് സൂക്തങ്ങളില്‍ ഋഷിയായി പരാമര്‍ശിച്ചു കാണുന്നത് വിശ്വാമിത്രനെയാണ്. ഋഗ്വേദത്തിന്റെ അഞ്ചാം മണ്ഡലം വിശ്വാമിത്ര കുലത്തിന്റേതാണ്. വിശ്വാമിത്രനെക്കുറിച്ച് അറിവുപകരുന്ന ഒരു ഋക്ക് ഋഗ്വേദത്തിലുണ്ട്. മഹാനായ ഋഷി എന്നാണദ്ദേഹം സ്വയം വിശേഷിപ്പിക്കുന്നത്. ”മഹാഋഷിര്‍ദ്ദേവ ജാദേവ ജൂതോ സ്തഭ്‌നാത് സിന്ധുമര്‍ണ്ണവം നൃചക്ഷാഃ വിശ്വാമിത്രോളയ ഭവഹല്‍സുദാസ- മപ്രിയായ ത കുശികേഭിരിന്ദ്രഃ” (വലിയ തപസ്സിദ്ധിയുള്ളവനും അതീന്ദ്രിയനും തേജസ്വിയും കര്‍മനേതാക്കളായ അധ്വര്യു മുതലായവരെ സസൂക്ഷ്മം നിരീക്ഷിക്കുന്നവനുമായ വിശ്വാമിത്രനെന്ന ഞാന്‍ വിപാട്, ശുതുദ്ര എന്നീ നദികളുടെ ഒഴുക്കു തടഞ്ഞു നിര്‍ത്തിയവനാണ്). ഭൗമമായ ഭോഗ്യങ്ങള്‍ക്കുവേണ്ടി അദ്ദേഹവും ദേവന്മാരോടു പ്രാര്‍ത്ഥിക്കുന്നുണ്ട്. അന്നവും സമ്പത്തും ഗോക്കളും ഭൂമിയും ശതായുഷികളും യോദ്ധാക്കളുമായ പുത്രപൗതന്മാരും വേണമെന്നാണ് അര്‍ത്ഥിക്കുന്നത്. നന്മയുടെയും സ്‌നേഹത്തിന്റെയും പ്രവാചകമന്ത്രമായ ഗായത്രിയുടെ പുരസ്‌കര്‍ത്താവ് എന്ന നിലയിലാണ് വിശ്വാമിത്രമഹര്‍ഷി പ്രശസ്തനായത്. തന്റെ കാവ്യങ്ങള്‍ വരാനിരിക്കുന്ന യുഗങ്ങളിലും ശ്രേഷ്ഠതമമായിരിക്കുമെന്ന വിശ്വാസം അദ്ദേഹത്തിനുണ്ടായിരുന്നു. ”ഉത്തരയുഗാനി ഉക്‌ഥേഷു ഹേകാരോ നഃ പ്രതിജുഷസ്വ” (അല്ലയോ സ്‌തോത്ര കര്‍ത്താവേ വരാനിരിക്കുന്ന യുഗങ്ങളിലും ഉക്ഥങ്ങളിലൂടെ ഞങ്ങളെ പ്രശംസാവാക്യങ്ങളാല്‍ സേവിച്ചാലും -3.33.8) മാത്രമല്ല, കവിയായ തന്റെ വാക്കുകള്‍ ലോകം ശ്രദ്ധിക്കണമെന്ന നിര്‍ബന്ധവും അദ്ദേഹത്തിനുണ്ടായിരുന്നതായി മറ്റു ചില സൂക്തങ്ങള്‍ വ്യക്തമാക്കുന്നു. ”ഭൂവും ദ്യോവും ജലവും സൂര്യനും നക്ഷത്രങ്ങള്‍ നിറഞ്ഞ ആകാശവും എന്റെ സ്‌ത്രോത്രം കേള്‍ക്കട്ടെ” (3.54. 19-20) ”സ്‌തോത്രകര്‍ത്താവായ (വിശ്വാമിത്രനായ) എന്റെ ഈ സ്‌തോത്രത്തെ ഭരതകുലത്തിലുള്ള ജനസമൂഹം കാത്തു രക്ഷിക്കുന്നു” (3.53.12) ഋഗ്വേദകാലത്തുതന്നെ ഗായത്രീ മന്ത്രം അദ്വിതീയവും അത്യുന്നതവുമായിരുന്നു. കവിയായ വിശ്വാമിത്രന്‍ ദീര്‍ഘദര്‍ശനം ചെയ്തതുപോലെ സഹസ്രാബ്ദങ്ങള്‍ക്കുശേഷവും അദ്ദേഹത്തിന്റെ ഗായത്രീഗായത്രിയുടെ ഭാഷ്യമാണ് ഭാഗവതം എന്ന് (ഗായത്രീ ഭാഷ്യരൂപോളസൗവേദാര്‍ത്ഥപരിജാംഹിതഃ) ഗരുഡപുരാണം പ്രകീര്‍ത്തിക്കുന്നു. ഗായത്രീമന്ത്രത്തില്‍ അറുന്നൂറിലധികം ശ്ലോകങ്ങളെക്കൊണ്ട് ഗായത്രിയുടെ ഉപാസനയും ഹോമവും മാഹാത്മ്യവും വിസ്തരിക്കുന്നു. ഗായത്രീ സഹസ്രനാമസ്‌ത്രോത്രം ഉള്‍ച്ചേര്‍ന്നിരിക്കുന്ന കൃതി കൂടിയാണിത്. ആദികവിയായ വാല്മീകി മഹര്‍ഷി ഗായത്രിയുടെ ഓരോ അക്ഷരം കൊണ്ടാണ് രാമായണത്തിലെ ഓരോ സര്‍ഗ്ഗകവും തീര്‍ത്തത്. ബ്രഹ്മപുരാണം, സ്‌കന്ദപുരാണം, വിഷ്ണുധര്‍മോത്തര പുരാണം, ദേവീഭാഗവതം എന്നിവയിലെല്ലാം ഗായത്രീ മന്ത്രാര്‍ത്ഥം വിസ്തരിച്ചു പ്രതിപാദിക്കുന്നുണ്ട്. ഗായത്രീമന്ത്രം: ഓം ഭൂര്‍ ഭുവ: സ്വ: തത് സവിതുര്‍ വരേണ്യം ഭര്‍ഗോദേവസ്യ ധീമഹി ധീയോയോന: പ്രചോദയാത്. അര്‍ത്ഥം: “സർ‌വവ്യാപിയായി ഭൂമിയിലും അന്തരീക്ഷത്തിലും ആകാശത്തിലും നിറഞ്ഞിരിക്കുന്ന പരബ്രഹ്മത്തിന്‍റെ ദൈവികമായ ഊർജപ്രവാഹത്തെ ഞങ്ങൾ ധ്യാനിക്കുന്നു. ആ ശ്രേഷ്ഠമായ ചൈതന്യം ഞങ്ങളുടെ ബുദ്ധിവൃത്തികളെ പ്രചോദിപ്പിക്കട്ടെ” ഋഗ്വേദം, യജുർവേദം, സാമവേദം എന്നീ മൂന്നുവേദങ്ങളിലും കാണുന്ന ഒരു വൈദികമന്ത്രമാണ് ഗായത്രീമന്ത്രം. ഗായത്രി മന്ത്രം കൂടാതെയുള്ള ഒരു മന്ത്രവും ഫലം തരികയില്ല. ആകയാല്‍ ഗായത്രീമന്ത്രം ഭക്തിയോടെ എന്നും, ദിനാരംഭത്തില്‍ ജപിക്കേണ്ടതാകുന്നു. പ്രഭാതത്തിലും മദ്ധ്യാഹ്നത്തിലും സന്ധ്യയ്ക്കും ജപിക്കുന്നത് അത്യുത്തമം. മന്ത്രങ്ങള്‍ ജപിക്കുമ്പോള്‍ വ്യക്തതയോടെയും സാവകാശത്തിലും മാത്രം ജപിച്ച് ശീലിക്കണം. ആവശ്യമുള്ളവര്‍ക്ക്‌ മാനസപൂജയും ചെയ്യാവുന്നതാകുന്നു. മാനസപൂജ: കുടുംബത്ത് ആര്‍ക്കെങ്കിലുമോ അല്ലെങ്കില്‍ നമുക്കോ വേണ്ടി എന്തെങ്കിലും കാരണവശാല്‍ പ്രത്യേക പ്രാര്‍ത്ഥന വേണ്ടിവന്നാല്‍ നെയ്‌വിളക്ക് കൊളുത്തി, ആ ദേവതയെ ധ്യാനിച്ചുകൊണ്ട് 24 മിനിട്ടില്‍ (ഒരു നാഴിക നേരം) കുറയാതെ ഭക്തിപുരസ്സരം ഈ മന്ത്രങ്ങള്‍ ജപിച്ചുകൊണ്ട് മാനസപൂജ ചെയ്യുക. മാനസപൂജ എന്നാല്‍, പ്രസ്തുത ദേവനെ അല്ലെങ്കില്‍ ദേവിയെ എണ്ണ തേച്ച് കുളിപ്പിച്ച് പൊട്ടുകുത്തി ഉടയാട ധരിപ്പിച്ച് മാല ചാര്‍ത്തി മുഖം മിനുക്കി ധൂമ-ദീപാദികള്‍ നല്‍കി അന്ന-പാനീയങ്ങള്‍ നല്‍കി ഭഗവാന്‍റെ ഇഷ്ട പുഷ്പാഞ്ജലികള്‍ നല്‍കി ഇഷ്ട മന്ത്രങ്ങളും (അറിയുമെങ്കില്‍) സൂക്തങ്ങളും (അറിയുമെങ്കില്‍) സ്തോത്രങ്ങളും (അറിയുമെങ്കില്‍) ജപിച്ച് അര്‍ച്ചയും നടത്തി അവസാനം തെറ്റുകുറ്റങ്ങള്‍ക്ക്‌ മാപ്പും അപേക്ഷിച്ച് അവര്‍ക്ക്‌ നല്‍കുന്ന മാനസപൂജയില്‍ സന്തോഷം കണ്ടെത്തണം. അതായത്‌, ഇവയൊക്കെ നാം ഭഗവാനുവേണ്ടി അല്ലെങ്കില്‍ ഭഗവതിയ്ക്കുവേണ്ടി ചെയ്യുന്നതായി മനസ്സില്‍ ഏകാഗ്രതയോടെ കാണണമെന്ന് സാരം. മാനസപൂജയോളം വലിയ ഒരു ഈശ്വരാരാധന ഇല്ലെന്നറിയുക. *. സദാശിവസമാരംഭാം* *. ശങ്കരാചാര്യമധ്യമാം* * അസ്മദാചാര്യപര്യന്താം* *. വന്ദേ ഗുരുപരമ്പരാം.* 🙏🕉️🙏🕉️🙏🕉️🙏

Author: renjiveda

I'm not I

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s