Pulluvar 🔯२ंजीतं☯

പുള്ളുവരും സര്‍പ്പംപാട്ടും കേരളത്തിലെ പട്ടികജാതികളിൽപ്പെട്ട ഒരു പ്രമുഖ സമുദായമാണ് പുള്ളുവർ. കേരളത്തിൽ നിലനിന്നിരുന്ന നാഗാരാധനയുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തിപ്പോന്നിരുന്ന ഒരു ദ്രാവിഡ ജനവിഭാഗമാണ് പുള്ളുവർ. നാഗമ്പാടികൾ, പ്രേതമ്പാടികൾ എന്നിങ്ങനെ രണ്ട് ഉപവിഭാഗങ്ങൾ ഇവർക്കിടയിലുണ്ടായിരുന്നു. നാട്ടിൻപുറങ്ങളിലെ ഫ്യൂഡൽ ജീവിതരീതികളിലേക്ക് സാംസ്കാരിക തലത്തിൽ വളരെയേറെ ഇഴചേർന്നു നിൽക്കുന്ന ഒരു പ്രാദേശിക ജനവിഭാഗമാണിവർ. സാധാരണ ദിവസങ്ങളിൽ വീടുകൾതോറും ചെന്ന് നാവേർ പാടിയാണ് ഇവർ നിത്യവൃത്തി കണ്ടെത്തിയിരുന്നത്. ചെറിയ കുട്ടികൾക്ക് ദൃഷ്ടിദോഷം സംഭവിക്കാതിരിക്കാൻ പുള്ളുവസമുദായത്തില്പ്പെട്ട ദമ്പതിമാരെക്കൊണ്ട് നാവേർ പാടിക്കണമെന്നായിരുന്നു അക്കാലത്തെ വിശ്വാസം. പുള്ളുവര്‍ നടത്തിവന്നിരുന്ന ഒരു പരമ്പരാഗത കലാരൂപമാണ് സര്‍പ്പംപാട്ട് അഥവാ സർപ്പം തുള്ളൽ എന്ന അനുഷ്ഠാന നൃത്തം. നാഗദേവതകളെ പ്രീതിപ്പെടുത്തുവാൻ വേണ്ടിയാണ് ഈ കലാരൂപം നാഗക്ഷേത്രങ്ങളിലും സർപ്പക്കാവുകളിലും വീട്ടുമുറ്റത്തും നടത്താറുള്ളത്. പുള്ളോർക്കുടം, വീണ, ഇലത്താളം എന്നിവ ഉപയോഗിച്ചാണ് പുള്ളുവർ നാഗസ്തുതികൾ പാടുന്നത്. സാമന്യേന വയലിനെപ്പോലെയുള്ള ഒരു തന്തിവാദ്യമാണ്‌ പുള്ളുവവീണ. ഒരു വില്ല് ഉപയോഗിച്ചാണ്‌ ഇത് വായിക്കുന്നത്. വില്ലിന്റെ ഒരറ്റത്ത് കുറച്ച് ലോഹച്ചിറ്റുകൾ കോർത്തിടുന്നു. വീണ വായിക്കുമ്പോൾ കൂട്ടത്തിൽ വില്ലിന്റെ ചലനം ക്രമീകരിച്ച് താളമിടാൻ ഈ ചിറ്റുകൾ സഹായിക്കുന്നു. വലിയ മൺകുടം ഉപയോഗിച്ചാണ്‌ പുള്ളുവക്കുടം ഉണ്ടാക്കുന്നത്. ഇതും ഒരു തന്തിവാദ്യമാണ്‌. പാട്ടിന്ന് താളമിടാനാണ്‌ ഇതുപയോഗിക്കുന്നത്. ബ്രഹ്മകുടം, വിഷ്ണുകൈത്താളം, കൈലാസവീണ എന്നീ മൂന്ന് വാദ്യോപകരണങ്ങളുമായി ശിവകുലം നാഗഗോത്രത്തിലായി പരമശിവൻ മനുഷ്യരെ സൃഷ്ടിച്ചുവെന്നും ദർഭയിൽ നിന്നും ഉത്ഭവിച്ച ഇവരെ പുല്ലുവർ എന്ന് വിളിച്ചുപോരികയും ചെയ്തുവെന്നും പുല്ലുവർ പിന്നീട് പുള്ളുവർ ആയെന്നുമാണ് ഐതിഹ്യം. ഭൂമിയിലെ സർപ്പദൈവങ്ങളെ പാടി പ്രീതിപ്പെടുത്താനായി നിയോഗിക്കപ്പെട്ടവരാണ് തങ്ങളെന്ന് ഇവർ അവകാശപ്പെടുന്നു. ആദ്യകാലങ്ങളിൽ 41 ദിവസം വരെ നീണ്ടുനിന്നിരുന്ന ഈ കലാരൂപം ഇന്ന് ഒമ്പത് ദിവസത്തിനപ്പുറം പോകാറില്ല. മണിപ്പന്തലിൽ വെച്ചാണ് സര്‍പ്പംപാട്ട് നടത്തുന്നത്. കുരുത്തോല കൊണ്ട് അലങ്കരിച്ച ഈ മണിപ്പന്തലിനു നടുവിലായി സർപ്പത്തിന്റെ കളമെഴുതിയാണ് ഈ കലാരൂപം നടത്തിവരുന്നത്. മണിപ്പന്തൽ ഭംഗി വരുത്തിയശേഷം കുരുത്തോലയും നാലുഭാഗത്തായി തൂക്കുവിളക്കും മറ്റു വിളക്കുകളും വെച്ചാണ് കളം വരക്കാൻ ആരംഭിക്കുക. നാഗങ്ങളുടെ രൂപമാണ് കളത്തിൽ വരയ്ക്കാറുള്ളത്. മണിപ്പന്തലിന്റെ നടുവിൽ നിന്ന് കൃഷ്ണപ്പൊടി ഉപയോഗിച്ചാണ് കളമെഴുത്ത് ആരംഭിക്കുന്നത്. അരിപ്പൊടി, മഞ്ഞൾ പൊടി, മഞ്ഞളും ചുണ്ണാമ്പും ചേർത്തുണ്ടാക്കുന്ന ചുവപ്പ് പൊടി, ഉമി കരിച്ചുണ്ടാക്കുന്ന ഉമിക്കരി, മഞ്ചാടി ഇലകൾ ഉണക്കി പൊടിച്ചുണ്ടാക്കുന്ന പച്ചപ്പൊടി എന്നീ പഞ്ചവർണ്ണപ്പൊടിയാണ് കളമെഴുത്തിന് ഉപയോഗിക്കുന്നത്. നാഗങ്ങളെയും ദേവികളെയും വരക്കാൻ തുടങ്ങിയാൽ മുഴുവനാക്കിയെ നിറുത്താൻ പാടുകയുള്ളൂ എന്നാണ് വിശ്വാസം. വരച്ചു കഴിഞ്ഞാൽ മുകളിൽ ചവിട്ടാൻ പാടില്ല. ചിരട്ടയാണ് കളമെഴുത്തിനുള്ള ഉപകരണം. വരക്കുന്നതിന്റെ രീതി അനുസരിച്ച് ചിരട്ടയ്ക്കടിയിൽ തുളകളിട്ടാണ് ഉപയോഗിക്കുന്നത്. പുള്ളുവ ദമ്പതികളുടെ പാട്ടിനും വാദ്യോപകരണ സംഗീതത്തിനുമൊത്ത് പുള്ളുവപ്പിണിയാൾ സ്ത്രീ കളത്തിലെത്തി ഉറഞ്ഞാടും. സർപ്പക്കാവുകളുമായി ബന്ധപ്പെട്ട പ്രബല വിശ്വാസങ്ങളിൽ സർപ്പം തുള്ളലിന് അഭേദ്യമായ സ്ഥാനം തന്നെയുണ്ട്. കുറുപ്പുമാര്‍ നടത്തുന്ന അനുഷ്ഠാനകലയായ കളമെഴുത്തുപാട്ടുമായി സര്‍പ്പം പാട്ടിന് സമാനതകളുണ്ട്. പക്ഷേ കളമെഴുത്തുപാട്ടിൽ ഭഗവതിയാണെങ്കിൽ സര്‍പ്പം പാട്ടിൽ നാഗത്താന്മാരാണു് ആരാധനാമൂർത്തികൾ. കേരളത്തിന്റെ തനതുപാരമ്പര്യത്തിന്റെ ഭാഗവും പ്രാചീനവുമായ നാടൻപാട്ടുസംസ്കാരത്തിൽ വേറിട്ടുനിൽക്കുന്ന ഒരു സംഗീതശാഖയാണു് പുള്ളുവൻ പാട്ട്. പുള്ളുവൻപാട്ടിന്റെ ഉൽപ്പത്തി കേരളത്തിന്റെ അജ്ഞേയഭൂതകാലചരിത്രത്തിൽ ആണ്ടുകിടക്കുന്നു. കർണ്ണാടകസംഗീതം, സോപാനസംഗീതം എന്നിവയിൽനിന്നെല്ലാം വിഭിന്നമായ ഒരു ആലാപനരീതിയും താളവുമാണു് പുള്ളുവൻ പാട്ടുകൾക്കുള്ളതു്. നാഗങ്ങളുമായി ബന്ധപ്പെട്ട് മഹാഭാരതത്തിലും ഭാഗവതത്തിലും മറ്റു പുരാണങ്ങളിലുമുള്ള കഥകളാണു് മിക്ക പാട്ടുകളിലുമുള്ളതു്. സർപ്പങ്ങളുടെ ഉത്പത്തിയേക്കുറിച്ച് പറയുന്ന കദ്രുവിന്റേയും‍ വിനതയുടേയും കഥ, ഗരുഡോൽപ്പത്തി, കാളിയദമനം, വിഷപരീക്ഷ, നാഗോൽസവം, പാലാഴി മഥനം തുടങ്ങിയ ഇത്തരം കഥകളാണു് ഇപ്പോൾ അവശേഷിക്കുന്ന പ്രചാരത്തിലുള്ള പാട്ടുകളിലെ പ്രമേയം. മഹാഭാരതത്തിലെ ഖാണ്ഡവദഹനം എന്ന കഥയിൽ ഖാണ്ഡവവനത്തിൽ പാർത്തിരുന്ന ജരിത, മന്ദപാലൻ എന്നീ പക്ഷികളുടെ വംശത്തിലെ പിന്മുറക്കാരാണു് തങ്ങൾ എന്നു പുള്ളുവർ അവകാശപ്പെടാറുണ്ടു്. ഇക്കഥ സൂചിപ്പിക്കുന്ന പുള്ളുവൻ പാട്ടുകളും അവരുടെ വായ്മൊഴിശേഖരങ്ങളിൽ കാണാം. എഡ്ഗാർ തെഴ്സ്റ്റൺ രചിച്ച ദക്ഷിണേന്ത്യയിലെ ജാതിസമൂഹങ്ങൾ എന്ന ഗ്രന്ഥപരമ്പരയിൽ പുള്ളുവസമുദായത്തെക്കുറിച്ച് വിശദമായി പ്രതിപാദിച്ചിട്ടുണ്ടു്. അനുഷ്ഠാനപരമല്ലാത്ത സംഗീതവും ഇവർ കൈകാര്യം ചെയ്യാറുണ്ട്. ഇക്കൂട്ടത്തിൽ രസകരമായ ഒന്നാണ്‌ മഞ്ചലിന്റെ യാത്രകളെ അനുകരിക്കുന്ന ഒന്ന്. പുള്ളുവൻ വീണ ഉപയോഗിച്ച് മഞ്ചൽക്കാരുടെ മൂളലും അവർ തമ്മിലുള്ള സംഭാഷണങ്ങളും മറ്റും അനുകരിക്കുന്നു. വീണയുമായി അയാൾ ഒരു സംവാദത്തിലേർപ്പെടുന്ന മട്ടിലാണ്‌ ഇതു ചെയ്യുക. വീണയോടുള്ള അയാളടെ ഭാഷണങ്ങൾക്ക് വീണ അതിന്റെ പ്രതിഭാഷണങ്ങൾ സംഗീതാത്മകമായി നൽകുന്നു. വളരെ അടുപ്പവും അനുസരണയും വിധേയത്വവും കാണിക്കുന്ന ഒരു സുഹൃത്തിനേപ്പോലെ ഈ സമയത്ത് വീണ ഭാവം മാറ്റുന്നത് വളരെ ഹൃദ്യമായ അനുഭവമാക്കാൻ പുള്ളുവന്മാർക്ക് സാധിക്കാറുണ്ട്. പുന്നഗവരാളി രാഗത്തിലാണ് പുള്ളുവൻപാട്ടുകൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. പുള്ളുവന്‍ പാട്ട് അടുത്ത വര്‍ഷം മുതല്‍ സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ അടുത്ത വര്‍ഷം മുതല്‍ മത്സര ഇനമായി ഉള്‍പ്പെടുത്തുവാന്‍ നിര്‍ദേശിക്കപ്പെട്ടിട്ടുണ്ട്. കടപ്പാട്: വിക്കിപീഡിയ🙏🙏🙏🙏🙏

Author: renjiveda

I'm not I

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s