सुभाषितम् – 61
अर्थस्योपार्जने दुःखं
पालने च क्षये तथा।
नाशे दुःखं व्यये दुःखं
घ्नन्ति चैवार्थकारणात् ।।
അർഥസ്യോപാർജനേ ദുഃഖം
പാലനേ ച ക്ഷയേ തഥാ |
നാശേ ദുഃഖം വ്യയേ ദുഃഖം
ഘ്നന്തി ചൈവാർഥ കാരണാത് ||
पदच्छेदः –
अर्थस्य उपार्जने दुःखं पालने च क्षये तथा नाशे दुःखं व्यये दुःखं घ्नन्ति च एव अर्थकारणात्
पदार्थः –
अर्थस्य – ധനത്തിന്റെ
उपार्जने – സസാദിക്കുന്നതിൽ
दुःखं – ദുഃഖം
पालने च – പരിപാലിക്കാനും
क्षये – കുറഞ്ഞാൽ तथा – അതുപോലെ
नाशे – ഇല്ലാതാകുമ്പോൾ
दुःखं – സങ്കടം
व्यये – ചിലവാകുമ്പോൾ
दुःखं – ദു:ഖം
घ्नन्ति च – കൊല്ലുക പോലും ചെയ്യുന്നു
एव अर्थकारणात् – ധനസംബന്ധമായ കാര്യത്താൽ തന്നെ
भावार्थ : –
अर्थस्य उपार्जने पालने क्षये तथा नाशे व्यये च दुःखं भवति । अर्थकारणात् एव घ्नन्ति च ,परस्परं कलहः कदाचिद् मारणम् अपि भवति ।
ധനം, സമ്പത്ത് മുതലായവ മനുഷ്യരെ ആകർഷിക്കുന്നു. അതിനോടുള്ള ഭ്രമം കാരണം അവർ അതിനു വേണ്ടി എന്തും ചെയ്യാൻ തയ്യാറാകുന്നു. കണക്കറ്റ ധനം ആർജിക്കുന്നു. പിന്നെ അത് നിലനിർത്തിപ്പോകുക എന്ന ഭാരം വന്നു ചേരുന്നു. കുറച്ചൊന്നു കുറഞ്ഞാൽ മുൻപുണ്ടായിരുന്നതോർത്ത് വിഷമിക്കുന്നു. നഷ്ടപ്പെട്ടാലോ അത് സമ്പാദിക്കാൻ ചെയ്ത ശ്രമമോർത്ത് കുണ്ഠിതപ്പെടുന്നു. ആവശ്യങ്ങൾക്കോ അനാവശ്യങ്ങൾക്കോ ചെലവാകുന്നതു കണ്ട് ആകുലപ്പെടുന്നു. മരണഭയം പോലും വന്നു ചേർന്നു സ്വസ്ഥമായി ഉറങ്ങാൻ പോലും സാധിക്കുന്നില്ല. തത്ഫലമായി ആരെയും വിശ്വസിക്കാതാകുന്നു. ഇങ്ങനെ ധനം ഏതു തരത്തിൽ സുഖമുണ്ടാക്കുന്നു എന്ന് ആശ്ചര്യം തോന്നാം. എങ്ങനെയാണ് ഇത് പുരുഷാർഥത്തിൽ വന്നുപെട്ടത് ? വേറൊരു വീക്ഷണത്തിൽ ചിന്തിക്കാം. കരാഗ്രേ വസതേ ലക്ഷ്മീ: – എന്നും രാവിലെ എണീറ്റിരുന്നു ആദ്യം ചൊല്ലുന്ന അഥവാ ചൊല്ലേണ്ട വരി . വിരൽത്തുമ്പത്താണ് ലക്ഷ്മി ഇരിക്കുന്നത്. അതായത് അത് വേഗം പോകും വരും. ഇത് സ്മരിച്ചു കൊണ്ട് തന്നെ ആർജിക്കുക. അർഹതപ്പെട്ടവർക്ക് ദാനം ചെയ്യുക ,നല്ല കാര്യങ്ങൾക്ക് ഉപയോഗിക്കുക എന്നിവയിലൂടെ ധനം നഷ്ടപ്പെട്ടു എന്ന ബോധം കുറയും.
മനസ്സിൽ ശാന്തിയും തൃപ്തിയും വന്നു ചേരും .
ശ്രീ രാം കിങ്കർ ബംഗാളിലെ പ്രശസ്തനായ ശില്പകലാകാരനായിരുന്നു. അദ്ദേഹത്തിന്റെ നീണ്ട മേൽവസ്ത്രം (ജൂബ്ബ) ധരിച്ച പോക്കറ്റിൽ നിന്ന് കടലയെടുത്തു കൊറിച്ചു നടക്കുന്ന രൂപം എല്ലാവർക്കും പരിചിതമായിരുന്നു. ഒരിക്കൽ – ട്രെയിനിൽ കയറി കണ്ണുമടച്ച് കിടന്ന അദ്ദേഹത്തിന്റെ പോക്കറ്റിടിക്കാൻ ഒരു കള്ളൻ ഒരുമ്പെട്ടു. പോക്കറ്റിൽ കയ്യിട്ട കള്ളനോട് എടോ മറ്റേ പോക്കറ്റിലാണ് കാശിരിക്കുന്നത് ഇതിൽ കടലയാണ് എന്ന് കണ്ണു പോലും തുറക്കാതെ പറഞ്ഞു അദ്ദേഹം. ഈ ജാഗ്രതയോടെയുള്ള ഭാവം, അതാണ് ധനത്തിനോട് നാം പാലിക്കേണ്ടത് എന്ന് മനസ്സിലാക്കാം.