പ്രേമമാണ് ജീവിതം, അതില്ലെങ്കില്‍ ജീവിതമില്ല (അമൃതാനന്ദമയി )🔯२ंजीतं☯

ജന്മദിനത്തെക്കുറിച്ചോ അത് ആഘോഷിക്കുന്നതിനെക്കുറിച്ചോ ഒരിക്കലും ചിന്തിച്ചിട്ടില്ല. എല്ലാവര്‍ക്കും ഈശ്വരസ്മരണയില്‍ ഒന്നിച്ചുകൂടാനും ദുഃഖത്തിന്റെയും ദുരിതങ്ങളുടെയും അന്ധകാരത്തില്‍ സ്‌നേഹത്തിന്റെയും ശാന്തിയുടെയും ദീപം തെളിക്കാനും മക്കളൊരുക്കിയ അവസരമായാണ് ജന്മദിനാഘോഷങ്ങളെ അമ്മ കാണുന്നത്.

ചിരിക്കാന്‍ കഴിയാത്ത ജീവിതങ്ങള്‍ക്കും കണ്ണുനീര്‍ വറ്റാത്ത മുഖങ്ങള്‍ക്കും പ്രതീക്ഷയുടെ കിരണമായിത്തീരണം മക്കളുടെ ജീവിതം. എല്ലാവരും ഒരമ്മ മക്കളാണെന്ന ബോധം ഉണര്‍ത്താന്‍ സഹായിക്കുന്നതുകൊണ്ട് മക്കളുടെ ആനന്ദത്തില്‍ അമ്മയും പങ്കുചേരുന്നു.

മക്കള്‍ ചുറ്റും ഒന്നു കണ്ണോടിക്കുക.

ലോകത്തിലുള്ള ജനങ്ങള്‍ ഏതെല്ലാം തരത്തിലാണ് കഷ്ടപ്പെടുന്നത്. അവര്‍ക്കുവേണ്ടി നമുക്കെന്തു ചെയ്യാന്‍ കഴിയും എന്നു ചിന്തിക്കേണ്ടിയിരിക്കുന്നു. മുംബൈയിലെ ചില മക്കള്‍ പറഞ്ഞ സംഭവം അമ്മക്കോര്‍മ വരുന്നു. ഒരു പ്രമേഹരോഗിക്ക് നേരിടേണ്ടിവന്ന അനുഭവമാണ്. അദ്ദേഹത്തിന്റെ കാലില്‍ ഒരു മുറിവുണ്ടായി. അതു പഴുത്ത് വ്രണമായി. ഡോക്ടറെ കാണിച്ചപ്പോള്‍ ‘കാലു മുറിച്ചുമാറ്റണം, അല്ലെങ്കില്‍ പഴുപ്പ് ശരീരത്തിന്റെ മുകള്‍ഭാഗങ്ങളിലേക്കും ബാധിക്കും. അത് വലിയ അപകടമാണ്’ എന്നു പറഞ്ഞു. അദ്ദേഹം വല്ലാതെ തളര്‍ന്നു. കാല് നഷ്ടപ്പെടുമെന്നുള്ള ദുഃഖം മാത്രമല്ല, ആ ഓപ്പറേഷന് വലിയൊരു തുക അടയ്ക്കണം. സ്ഥിരമായി ഒരു വരുമാനവും ഇല്ലാത്ത മനുഷ്യനാണ്. കിട്ടുന്നത് കുടുംബം പുലര്‍ത്താന്‍തന്നെ തികയുന്നില്ല. കാലിന് അസുഖം വന്നതിനുശേഷം പഴയതുപോലെ ജോലിക്കു പോകാനും സാധിക്കുന്നില്ല. ഡോക്ടര്‍ കുറിച്ചുകൊടുത്ത മരുന്ന് വാങ്ങാന്‍തന്നെ പണമില്ലാതെ വിഷമിക്കുകയാണ്. അങ്ങനെയുള്ള ഒരാള്‍ എങ്ങനെ ഓപ്പറേഷനുള്ള പണം കണ്ടെത്തും? അദ്ദേഹം ആകെ വിഷമിച്ചു. യാതൊരു നിവൃത്തിയുമില്ലാത്ത, ആ സാധുമനുഷ്യന്‍ കണ്ടെത്തിയ വഴി എന്താണെന്നോ? ട്രെയിന്‍ വരുന്ന സമയം നോക്കി റെയില്‍വേ പാളത്തിനടുത്തുചെന്ന്, മുറിച്ചുമാറ്റാന്‍ നിര്‍ദേശിച്ച കാല്‍ പാളത്തില്‍ വെച്ചു.

ട്രെയിന്‍ കയറി ആ കാല് മുറിഞ്ഞു. രക്തം വാര്‍ന്നൊഴുകി ആള്‍ മരണത്തിന്റെ വക്കിലെത്തി. ആളുകള്‍ അദ്ദേഹത്തെ ആസ്പത്രിയിലാക്കി. സംഭവത്തെക്കുറിച്ചു ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു:കാല് മുറിച്ചുമാറ്റാന്‍ എന്റെ കൈയില്‍ പണമില്ല. മുറിച്ചില്ലെങ്കില്‍ ജീവന്‍ അപകടത്തിലാകും. കുടുംബം അനാഥമാകും.ഓപ്പറേഷന് പണമില്ലാത്ത എന്റെ മുന്‍പില്‍ മറ്റൊരു വഴിയുമുണ്ടായിരുന്നില്ല.” ആ മനുഷ്യന്റെ ജീവിതത്തെക്കുറിച്ചും അയാള്‍ അനുഭവിക്കുന്ന ദുരിതത്തെക്കുറിച്ചും മക്കള്‍ ഒന്നു ചിന്തിച്ചുനോക്കുക. ഇങ്ങനെയുള്ള കോടിക്കണക്കിനാളുകള്‍ ലോകത്തുണ്ട്. ദാരിദ്ര്യവും പട്ടിണിയും അനുഭവിക്കുന്നവര്‍, രോഗങ്ങള്‍ കാരണം ജോലി ചെയ്തു കുടുംബം പോറ്റാന്‍ കഴിയാത്തവര്‍, മദ്യത്തിനടിമയായി ഭാര്യയെയും മക്കളെയും നോക്കാത്തവര്‍… ഇങ്ങനെ കണ്ണീരില്‍ കുതിര്‍ന്ന എത്രയെത്ര ജീവിതങ്ങള്‍. അതേസമയം, നമ്മള്‍ എത്രയോ പണം ആഡംബരവസ്തുക്കള്‍ക്കും മറ്റ് അനാവശ്യകാര്യങ്ങള്‍ക്കും ചെലവാക്കുന്നു. നമ്മള്‍ വിചാരിച്ചാല്‍ ആ പണമുപയോഗിച്ച് ഒരു സാധുവിനു മരുന്നു വാങ്ങാം, ഒരു കുടുംബത്തിന് ഒരു നേരത്തെ ഭക്ഷണം നല്‍കാം, ഒരു സാധുക്കുട്ടിക്ക് വസ്ത്രവും പുസ്തകവും മറ്റും വാങ്ങിക്കൊടുക്കാം. ഇങ്ങനെ നമുക്കോരോരുത്തര്‍ക്കും, ദുഃഖിക്കുന്ന ഒരു ജീവനെ കൂടി കാരുണ്യപൂര്‍വം പരിഗണിക്കാന്‍ കഴിഞ്ഞാല്‍ ലോകംതന്നെ മാറും. ആ സ്‌നേഹവും കാരുണ്യവുമാണ് ഈശ്വരന്‍.

മനുഷ്യന്റെ ആഗ്രഹങ്ങള്‍ക്ക് ഒരു നിയന്ത്രണവുമില്ലാത്ത അവസ്ഥയാണിന്ന്. അതുകൊണ്ടുതന്നെ സ്വയം സന്തോഷിക്കാനോ മറ്റുള്ളവരെ സന്തോഷിപ്പിക്കാനോ അവന് കഴിയുന്നില്ല. മനസ്സില്‍ സന്തോഷമില്ലെങ്കില്‍ മറ്റുള്ളവര്‍ക്കതെങ്ങനെ പകര്‍ന്നുനല്‍കാന്‍ കഴിയും? നമുക്കുള്ളതു മാത്രമേ മറ്റുള്ളവര്‍ക്ക് നല്‍കാന്‍ കഴിയൂ.

ഇന്ന് നമുക്കുള്ളത് ദുഖം മാത്രമാണ്. തനിക്ക് എല്ലാം കിട്ടണം, എല്ലാം എടുക്കണം എന്ന മനോഭാവമാണ് ഇന്നുള്ളത്. ഈ ചിന്ത മാറാതെ ജീവിതത്തില്‍ സുഖവും സന്തോഷവും അനുഭവിക്കാന്‍ കഴിയില്ല. സ്‌നേഹമുള്ള ഹൃദയമുണ്ടെങ്കില്‍ അന്ധനെ നയിക്കാന്‍ പ്രയാസമില്ല. എന്നാല്‍ ഹൃദയത്തിന് അന്ധത ബാധിച്ചവരെ നയിക്കാന്‍ പ്രയാസമാണ്. അങ്ങനെയുള്ളവര്‍ സ്വന്തം ജീവിതത്തിലും മറ്റുള്ളവരുടെ ജീവിതത്തിലും കൂടുതല്‍ അന്ധകാരം സൃഷ്ടിക്കും. അവര്‍ ഉണര്‍ന്നിരുന്നാലും ഉറങ്ങുന്ന അവസ്ഥയിലാണ്. ജനനംകൊണ്ടും ജീവിതസാഹചര്യങ്ങള്‍കൊണ്ടും മനുഷ്യര്‍ തമ്മില്‍ വ്യത്യാസങ്ങള്‍ ഉണ്ടായിരിക്കാം. എന്നാല്‍ പ്രേമം എല്ലാ മനുഷ്യര്‍ക്കും സ്വതസിദ്ധവും ഏറ്റവും സ്വാഭാവികവുമായ വികാരമാണ്. പ്രേമമാണ് ജീവിതം, അതില്ലെങ്കില്‍ ജീവിതമില്ല എന്നറിയണം. അത് നമ്മുടെ ഓരോ കര്‍മത്തിലും പ്രതിഫലിക്കണം. അതാകണം ജീവിതലക്ഷ്യം.

Author: renjiveda

I'm not I

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: