പീറ്റർ ബ്രൂക്കിൻ്റെ മഹാഭാരതം
Pudayoor Jayanarayanan
മൂന്ന് പതീറ്റാണ്ട് മുമ്പ് ബി.ആർ ചോപ്രയുടെ മഹാഭാരതം ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തിൽ അദ്ഭുതം കുറിക്കുമ്പോൾത്തന്നെ മഹാഭാരതത്തിൻ്റെ മറ്റൊരു ചലചിത്രാഖ്യാനം പാശ്ചാത്യ ലോകത്തെ അമ്പരപ്പിക്കുന്നുണ്ടായിരുന്നു. അതിനും അഞ്ച് വർഷം മുമ്പ് നാടകരൂപത്തിൽ ലോകമെങ്ങും ആവതരിപ്പിക്കപ്പെട്ട മഹാഭാരതം എന്ന ഒരു ദൃശ്യ കാവ്യം ആസ്വാദക സമ്മർദ്ദത്തെ തുടന്നാണ് ചലച്ചിത്ര രൂപമെടുത്തത്. അത് പാശ്ചാത്യ നാടുകളിൽ തരംഗം സൃഷ്ടിച്ചു തുടങ്ങിയ അതേ കാലത്ത് തന്നെയാണ് ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തിൽ ബി.ആർ ചോപ്രയുടെ മഹാഭാരതവും തരംഗം സൃഷ്ടിച്ചത് എന്നത് തികച്ചും യാദൃശ്ചികതയായിരിക്കാം. എന്നാൽ ഒരു ക്ലാസിക്ക് സൃഷ്ടി എന്ന നിലയ്ക്ക് ബി.ആർ ചോപ്രയുടെ മഹാഭാരതത്തെക്കാൾ എത്രയോ ഉയരത്തിലായിരുന്നു പാശ്ചാത്യ ലോകത്ത് പിറവിയെടുത്ത മഹാഭാരതം. വ്യാസ മഹാഭാരതത്തെപ്പോലെ കാലാതിവർത്തിയായ എന്തോ ഒന്ന് നമുക്കതിൽ ദർശ്ശിക്കാനാകുന്നു എന്നതാണ് സത്യം. അതാണ് പീറ്റർ ബ്രൂക്ക് സൃഷ്ടിച്ച ആ ദൃശ്യകാവ്യത്തിൻ്റെ പ്രത്യേകത.
ലോക പ്രശസ്ത നാടക സംവിധായകൻ പീറ്റർ ബ്രൂക്കിൻ്റെ ഒരു ക്ലാസിക്ക് പരീക്ഷണമായിരുന്നു ലോകത്തിലെ തന്നെ ഏറ്റവും പഴക്കമേറിയ ഇതിഹാസ കാവ്യങ്ങളിൽ ഒന്നായ മഹാഭാരതത്തിൻ്റെ നാടകാവിഷ്ക്കാരം. 1925ൽ ഇംഗ്ലണ്ടിൽ ജനിച്ച പീറ്റർ ബ്രൂക്ക് ഇന്ന് ജീവിച്ചിരിപ്പുള്ള ഏറ്റവും പ്രശസ്തനായ ഇതിഹാസതുല്യനായ ഒരു നാടക സംവിധായകനാണ്. തൻ്റെ പതിനെട്ടാമത്തെ വയസിൽ ആദ്യത്തെ നാടക സംരംഭവുമായി രംഗത്തെത്തിയ തീയറ്റർ രംഗത്തെ അതികായനായി പരിണമിച്ചത് അതിവേഗമായിരുന്നു. തൊട്ടതെല്ലാം പൊന്നാക്കുന്ന വിധം ലോകമെമ്പാടും ചർച്ച ചെയ്യപ്പെട്ട നിരവധി നാടകങ്ങളിലൂടെ വിശ്വമൗലീക സംവിധായകനായി പരിഗണിക്കപ്പെട്ടു. 1970 ൽ പാരീസിൽ അദ്ദേഹം സ്ഥാപിച്ച ഇൻ്റർനാഷണൽ സെൻ്റർ ഫോർ തീയറ്റർ റിസർച്ച് ലോക നാടക ഗവേഷണ രംഗത്തെ അതുല്യ സ്ഥാപനങ്ങളിലൊന്നാണ്. അത് മുതൽ ഫ്രാൻസ് ആയിരുന്നു ബ്രൂക്കിൻ്റെ തട്ടകം.
ഷേക്സ്പിയർ നാടകങ്ങളിലൂടെ അത്രയും കാലം ലോകത്തെ അമ്പരപ്പിച്ച പീറ്റർ ബ്രൂക്ക് ഒരു വമ്പൻ പരീക്ഷണത്തിനൊരുങ്ങുന്നത് എഴുപതുകളുടെ മദ്ധ്യത്തിലാണ്. ലോകത്തിലെ തന്നെ ഏറ്റവും പഴക്കം ചെന്ന രണ്ട് ഇതിഹാസകാവ്യങ്ങളിൽ ഒന്നും, ഏതാണ്ട് പൗരസ്ത്യ ലോകത്ത് വലിയ തോതിൽ സ്വാധീനമുള്ളതുമായ മഹാഭാരതത്തെ ആസ്പദമാക്കി ഒരു തീയറ്റർ സംരംഭം എന്ന നിലയിൽ ഉള്ള പഠനം തുടങ്ങുന്നത് ആ കാലത്താണ്. വിയറ്റ്നാം യുദ്ധത്തിൻ്റെ കെടുതിയിൽ ലോകം വിറങ്ങലിച്ച് നിന്ന ഘട്ടത്തിൽ യുദ്ധമെന്ന നിരർത്ഥകതയെ ലോക സമക്ഷം അവതരിപ്പിക്കുന്ന ഒരു കഥയ്ക്കായി നടത്തിയ അന്വേഷണമാണ് ബ്രൂക്കിനെ മഹാഭാരതത്തിലെത്തിക്കുന്നത്.
സുഹൃത്തും, പ്രശസ്ത നോവലിസ്റ്റും നാടക രചയിതാവും, തിരകഥാകൃത്തും എല്ലാമായ ജീൻ ക്ലൗഡ് കാരിയരുമായി ചേർന്നതോടെ മഹാഭാരതമെന്ന അതുല്യ കൃതിക്ക് ഒരു നാടകാവിഷ്കാരം എന്ന അദ്ദേഹത്തിൻ്റെ സ്വപ്നം യാഥാർത്ഥ്യമായി. ദീർഘനാളത്തെ പഠനത്തിനും, രചനയ്ക്കും, കഥാപാത്ര സമന്വയത്തിനും, നിരവധി റിഹേഴ്സലുകൾക്കും ശേഷം 9 മണിക്കൂറിലേറെ ദൈർഘ്യമുള്ള ഒരു ബൃഹദ് നാടകമായി The mahabharata എന്ന പേരിൽ പീറ്റർ ബ്രൂക്കിൻ്റെ മഹാഭാരതം 1985 ൽ പാരീസിൽ അരങ്ങേറ്റം കുറിച്ചു. തുടർന്ന് ലോകമെമ്പാടുമുള്ള നിരവധി കേന്ദ്രങ്ങളിൽ വർഷങ്ങളോളം ബ്രൂക്കിൻ്റെ മഹാഭാരതസംഘം നാടകമവതരിപ്പിച്ചു. മഹാഭാരതം കണ്ട് ലോകം അദ്ഭുതം കൂറി.
ആ ഘട്ടത്തിലാണ് ബ്രൂക്കിൻ്റെ മഹാഭാരതത്തിന് ഒരു ചലച്ചിത്രാവിഷ്ക്കാരം വേണമെന്ന ആവശ്യം ശക്തമാകുന്നത്. ഇതേ തുടർന്ന് അദ്ദേഹം. നാടകത്തെ ഒരു ചലചിത്രമായി അത് പുനരവതരിപ്പിച്ചു. നാടകത്തിൻ്റെ തനിമ നഷ്ടപ്പെടുത്താതെ തന്നെ നാടകത്തെ സിനിമയുടെ രൂപത്തിലേക്ക് മാറ്റുകയാണ് അദ്ദേഹം ചെയ്ത്. അത് കൊണ്ട് തന്നെ ചലച്ചിത്രവത്ക്കരിച്ച ഒരു നാടക കാവ്യം തന്നെയായിരുന്നു ബ്രൂക്കിൻ്റെ മഹാഭാരതമെന്ന സിനിമയും. സിനിമയുടെ കൃത്രിമത്തിന് വഴങ്ങാൻ ഉള്ള മടിയായിരിക്കാം നാടകത്തിൻ്റെ സ്വാഭാവികതയിൽ തന്നെ ബ്രൂക്ക് മഹാഭാരതത്തെ ചിത്രീകരിച്ചത്. അതിൻ്റെ പരിമിതികൾ പലതും ഉണ്ടെങ്കിലും അതിനെയെല്ലാം മറികടക്കുന്നതായിരുന്നു ബ്രൂക്കും, കാരിയരും ചേർന്നൊരുക്കിയ തിരകഥ. അപ്പോഴും സമയദൈർഘം വലിയ ഒരു പ്രശ്നമായിരുന്നു. 9 മണിക്കൂറിലേറെ നീണ്ട നാടകം സിനിമയിലേക്ക് പരിവർത്തനപ്പെടുത്തുക ശ്രമകരമായിരുന്നു. പല രംഗങ്ങളും ചുരുക്കി ഏതാണ്ട് അഞ്ചര മണിക്കൂർ നീളമുള്ള ദൃശ്യ കാവ്യമായിട്ടാണ് ബ്രൂക്ക് മഹാഭാരതത്തെ അവതരിപ്പിക്കുന്നത്. 1989ലാണ് ബ്രൂക്ക് തൻ്റെ നാടകത്തിൻ്റെ ചലച്ചിത്ര രൂപം അവതരിപ്പിക്കുന്നത്. 1990ലെ എമ്മി പുരസ്കാരവും സാവോ പോളൊ ചലചിത്രോത്സവത്തിൽ മികച്ച ചലച്ചിത്രത്തിനുള്ള പുരസ്കാരവും ഉൾപ്പടെ നിരവധി പുരസ്കാരങ്ങൾ ഈ ചലചിത്രത്തിന് ലഭിച്ചിട്ടുണ്ട്.
ഒരു ലോകോത്തര ക്ലാസിക്ക് എന്ന നിലയ്ക്ക് കഥാപാത്രങ്ങളെ തെരഞ്ഞെടുക്കുന്നതിൽ ബ്രൂക്ക് വളരെയധികം ശ്രദ്ധിച്ചിരിക്കുന്നു എന്നത് എടുത്ത് പറയേണ്ടതാണ്. യൂറോപ്പ്, ആഫ്രിക്ക, ലാറ്റിനമേരിക്ക, ഏഷ്യ, തുടങ്ങിയ ഏതാണ്ട് എല്ലാ വൻകരകളിലുമുള്ള വിവിധ വർഗ്ഗത്തിൽ പെട്ടവരെയാണ് ഇതിൽ കഥാപാത്രങ്ങളായി ബ്രൂക്ക് തെരഞ്ഞെടുത്തത്. അത് കൊണ്ട് തന്നെ ബ്രൂക്കിൻ്റെ മഹാഭാരതത്തിന് കേവലം ഭാരതമെന്ന ഒരു ഭൂവിഭാഗത്തിൻ്റേത് എന്നതിലുപരി ഒരു വിശ്വമാനവിക മുഖം നൽകുവാൻ ബ്രൂക്കിന് സാധിച്ചിട്ടുണ്ട്. ഇന്ത്യൻ കാണികൾക്കിടയിൽ വലിയ പ്രതിക്ഷേധത്തിന് ഇത് വഴിവച്ചിരുന്നു. അത് വരെ അവരുടെ മനസിലുണ്ടായിരുന്ന കഥാപാത്രസങ്കൽപ്പത്തിന് കടകവിരുദ്ധമായിരുന്നു ബ്രൂക്കിൻ്റെ കാസ്റ്റിങ്ങ്. ഇന്ത്യൻ മുഖമായി ചിത്രത്തിൽ ഉള്ളത് ദ്രൗപതിയായി വേഷമിട്ട പ്രശസ്ത നർത്തകി മല്ലികാ സാരാഭായ് മാത്രം. ഭീമന് ആഫ്രിക്കൻ വന്യതയുടെ രൂപമാണ് നൽകിയിട്ടുള്ളത്. ഭീഷ്മർക്കും, പരശുരാമനും, കുന്തിക്കും, മാദ്രിക്കും, ഹിഡുംബിക്കും, ഘടോൽക്കനും ആഫ്രിക്കൻ വംശജരാണ്. കർണ്ണന് ലാറ്റിനമേരിക്കൻ മുഖമാണ്. ദ്രോണർക്കും, പരമശിവനും, ഗാന്ധാരിക്കും, ശല്യർക്കും മംഗോളിയൻ മുഖവും, ശകുനിക്ക് പേർഷ്യൻ മുഖവും നൽകിയിരിക്കുന്നു. ബാക്കിയുള്ള കഥാപാത്രങ്ങൾ അധികവും യൂറോപ്യൻ മുഖമുള്ളവരാണ്. പോളിഷ് നടന്‍ ആന്ദ്രെ സ്വരയനാണ് യുധിഷ്ഠിരനായത്. ഗ്രീക്ക് നടന്‍ ജോര്‍ജസ് കൊറാഫെയ്‌സ് ദുര്യോധനനായി. ബ്രിട്ടീഷ് നടൻ ബ്രൂസ് മയേഴ്‌സ് ആണ് കൃഷ്ണനെ അവതരിപ്പിച്ചത്. കറുത്ത വര്‍ഗക്കാരനായ മമാദു ഡിയോം ആയിരുന്നു ബ്രൂക്കിന്റെ മഹാഭാരതത്തിലെ ഭീമന്‍. ഒരു ശരാശരി ഇന്ത്യൻ കാണി എന്ന നിലയ്ക്ക് തെല്ലും ഉൾക്കൊള്ളാൻ സാധിക്കുന്നില്ല എങ്കിലും ലോകം മുഴുവനുമുള്ള ആളുകളിലേക്ക് മഹാഭാരത സന്ദേശം എത്തിക്കുന്നതിൽ ഇത്തരമൊരു കാസ്റ്റിങ്ങ് ഗുണകരമാകും എന്ന് തന്നെയാണ് എനിക്ക് തോന്നിയിട്ടുള്ളത്.
വ്യാസനും ഗണപതിയും ചേർന്ന് ഒരു ഇതിഹാസ മഹാകാവ്യം എഴുതാൻ തുടങ്ങുന്നതാണ് സിനിമയുടെ തുടക്കം. കാലമാണതിന് സാക്ഷി. ആ കാലത്തെ തന്നെയാണ് പരീക്ഷിത്ത് ആയിട്ടും പാത്രീകരിച്ചിരിക്കുന്നത്. രണ്ടു പേരും ഒന്ന് തന്നെയെന്നവണ്ണം. 16 വയസ് പ്രായമുള്ള ബാലനായിട്ടാണ് പരീക്ഷിത്തിനെ ബ്രൂക്ക് പരിചയപ്പെടുത്തുന്നത്. മഹാഭാരതമെന്ന മഹാകാവ്യത്തിൻ്റെ കാലാതിവർത്തിയായ അസ്തിത്വത്തെ ഇതിലും മികച്ച രീതിയിൽ പ്രതീകവൽക്കരിക്കാനാകില്ലല്ലോ. കാലത്തോടാണ് പരീക്ഷിത്തിലൂടെ വ്യാസൻ കഥ പറയുന്നത്. മനുഷ്യരാശിയുടെ രാഷ്ട്രീയ ചരിത്രമാണിതെന്ന ആമുഖത്തോടെ അദ്ദേഹം കഥ പറഞ്ഞ് തുടങ്ങുന്നു. ഗണപതി അത് കേട്ടെഴുതുന്നു. വ്യാസനും, ഗണപതിയും, പരീക്ഷിത്തും അതിലൂടെ കാലവും സിനിമയിൽ പല രംഗത്തിലും കാഴ്ചക്കാരായും, കഥാപാത്രങ്ങളായും എല്ലാം സ്ഥാനം പിടിക്കുന്നുണ്ട്. ഇടയ്ക്ക് അനുസരണയില്ലാത്ത കഥാപാത്രങ്ങളെ നിയന്ത്രിക്കുന്ന സംവിധായകനായും വ്യാസനെ കാണാം. വനവാസ കാലത്ത് പാണ്ഡവരെ വധിക്കാനെത്തുന്ന ദുര്യോധനനെ വ്യാസൻ ശാസിക്കുന്നത് വെറുമൊരു കഥാപാത്രമായ നിനക്ക് എൻ്റെ കാവ്യ ഘടനയ്ക്ക് മാറ്റം വരുത്താൻ അധികാരമില്ല എന്ന് പറഞ്ഞാണ്. ഇത് പോലെ പല ഘട്ടത്തിലും ഒരു സംവിധായക വേഷത്തിൽത്തന്നെ നേരിട്ടും അല്ലാതെയുമുള്ള ഇടപെടലുകളിലൂടെ വ്യാസൻ സിനിമയിലുടനീളം നിറഞ്ഞ് നിൽക്കുന്നുണ്ട്. ഒരു കലാസൃഷ്ടിയിൽ അതിൻ്റെ സൃഷ്ടികർത്താവിനുള്ള പരമാധികാരത്തെയാണ് ഇത് വഴി ബ്രൂക്ക് എന്ന സംവിധായകൻ അസന്നിഗ്ദ്ധമായി പ്രസ്താവിക്കുന്നത്.
മൂന്ന് ഭാഗങ്ങൾ ആണ് സിനിമ. ഒന്നാം ഭാഗത്തിൽ മഹാഭാരതകഥയുടെ പശ്ചാത്തലവും, കൗരവ പാണ്ഡവരുടെ ജനനം, വിദ്യാഭ്യാസവും, വളർച്ചയും, ചൂത് സഭയും, പാഞ്ചാലീ വസ്ത്രാക്ഷേപവും, ചൂതിൽ എല്ലാം നഷ്ടമായി പാണ്ഡവർ രാജ്യ ഭ്രഷ്ടരാകുന്നത് വരെക്കുമാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. തികച്ചും നാടകീയവും, മന:സംഘർഷപരവുമായ രണ്ടാം ഭാഗത്തിൽ വനവാസം, അജ്ഞാതവാസം, ഭഗവത് ദൂത്, ഗീതോപദേശം, യുദ്ധാരംഭം വരെക്കും ആണ് ഉള്ളത്. ബാക്കി ഭാഗങ്ങൾ മൂന്നാം ഭാഗത്തിലും ഉൾക്കൊള്ളിച്ചിരിക്കുന്നു. ചൂത് സഭയും, പാഞ്ചാലീ വസ്ത്രാക്ഷേപവുമാണ് ഒന്നാം ഭാഗത്തിൽ സംവിധായകൻ്റെ കയ്യടക്കം ഏറ്റവും പ്രകടമാകുന്ന ഭാഗം. മല്ലികാ സാരാഭായിയുടെ പാഞ്ചാലി അതിഗംഭീര പ്രകടനം വസ്ത്രാക്ഷേപരംഗത്തും, സിനിമയിലുടനീളവും കാഴ്ചവയ്ക്കുന്നു. രണ്ടാം ഭാഗത്തിൽ ശരിക്കും നിറഞ്ഞ് നിൽക്കുന്നത് യുധിഷ്ഠിരനാണ്. യക്ഷ പ്രശ്നവും, വിരാടസഭയിലെ രംഗങ്ങളും, അർജ്ജുനനും കിരാതമൂർത്തിയും തമ്മിലുള്ള സംഘട്ടനവും എല്ലാം അതിഗംഭീരമായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്.
മൂന്നാം ഭാഗമായ യുദ്ധം ഒരു യാഥാസ്ഥിതിക നാടകത്തിൻ്റെ സങ്കൽപ്പങ്ങളേയും പരിമിതികളെയും എല്ലാം മറികടക്കുന്നതായിരുന്നു. ഒരു ഗ്രാഫിക്സ് സെപഷൽ ഇഫക്ടുകളും ഇല്ലാതെ ഒരു യുദ്ധരംഗം ഇത്ര സ്വാഭാവികതയോടെ അവതരിപ്പിക്കുക സാധാരണ ഒരു സംവിധായകന് സാധിക്കുന്നതല്ല. എന്നാൽ സംവിധായകൻ്റെ തികഞ്ഞ കയ്യടക്കം എല്ലാ രംഗങ്ങളിലും പ്രകടമായിരുന്നു. യുദ്ധത്തിൻ്റെ വന്യതയും അനിശ്ചിതത്വവും, വിഹ്വലതകളും, ഒരു ഗ്രാഫിക് സാങ്കേതിക വിദ്യയുടേയും സഹായമില്ലാതെ വളരെ സ്വാഭാവികമായാണ് ദൃശ്യവത്ക്കരിച്ചിരിക്കുന്നത്. യുദ്ധത്തിൻ്റെ പതിമൂന്നാം നാളിൽ ദ്രോണർ ചമച്ച ചക്രവൂഹവും, 16 വയസ് മാത്രം പ്രായമുള്ള അഭിമന്യുവിൻ്റെ ശക്തമായ പോരാട്ടവും, മരണവും വിവരിക്കുവാൻ വാക്കുകളില്ല. അഭിമന്യുവിൻ്റെ അതേ പ്രായത്തിലുള്ള ചിത്രത്തിലുടനീളം സാക്ഷിയായി എത്തുന്ന കാലത്തിൻ്റെ പ്രതിരൂപമായ (യഥാർത്ഥ കഥയിൽ അഭിമന്യുവിൻ്റെ മകനായ) പരീക്ഷിത്ത് ആ മരണം കണ്ട് തളർന്ന് നിൽക്കുന്ന ഒരു ഘട്ടമുണ്ട്. ഗാന്ധാരിയുടെ മാറിൽ മുഖമമർത്തി പൊട്ടിക്കരയുന്ന ഒരു രംഗം. കാലത്തെ ആശ്വസിപ്പിക്കുന്ന ഗാന്ധാരി. പീറ്റർ ബ്രൂക്കിൻ്റെ മഹാഭാരതം കാഴ്ചക്കാരനെ ശരിക്കും അമ്പരപ്പിക്കുന്ന ഒരു സന്ദർഭമാണ് അത്.
ആരാണ് മഹാഭാരതത്തിലെ യഥാർത്ഥ നായകൻ…? അർജ്ജുനൻ, ഭീമസേനൻ, കർണ്ണൻ, യുധിഷ്ഠിരൻ. ഇങ്ങിനെ ഒരു ചോദ്യത്തിന് പല ഉത്തരങ്ങളായിരിക്കും ഓരോരുത്തർക്കും പറയാനുണ്ടാവുക. എന്നാൽ എനിക്ക് എല്ലാ കാലത്തും തോന്നിയിട്ടുള്ളത് മഹാഭാരതം കൃഷ്ണൻ്റെ കഥയാണ് എന്നാണ്. മഹാഭാരതത്തിൽ നായകനും പ്രതിനായകനും ആകുന്നുണ്ട് കൃഷ്ണൻ. ആയുധമെടുക്കാതെ, യുദ്ധം ചെയ്യാതെ, ജയവും തോൽവ്വിയുമേൽക്കാതെ പക്ഷം പിടിക്കാതിരിക്കുമ്പോഴും നന്മയുടെ പക്ഷം പിടിച്ച കൃഷ്ണനാണ് മഹാഭാരതത്തിലെ നായകൻ എന്ന് എപ്പോഴും തോന്നിയിട്ടുണ്ട്. എന്നാൽ ധർമ്മത്തിൻ്റെ വിജയത്തിന് മാർഗ്ഗത്തിന് പ്രാധാന്യമില്ല എന്ന് പറയുന്നിടത്ത് ശരിക്കും ആശയക്കുഴപ്പത്തിലാകും. ധർമ്മത്തിനു വേണ്ടി കൃഷ്ണൻ നടത്തുന്ന ആ വിട്ടുവീഴ്ചയില്ലായ്മ്മയാകാം പല ഘട്ടത്തിലും കൃഷ്ണൻ നിരവധി പഴി കേൾക്കുന്നുണ്ട്. ആധുനീക കാലത്തെ പുനർവായനക്കാരിൽ പലരും കൃഷ്ണനെ പ്രതിനായകനാക്കാനും ശ്രമിക്കുന്നുണ്ട്. പക്ഷേ കൃഷ്ണനല്ലാതെ മഹാഭാരതത്തിൽ മറ്റാർക്കാണ് ഇത് പറ്റുക. കൃഷ്ണ കഥ പറയാനാണ് തൻ്റെ കുടുംബത്തിലെ രണ്ട് തവഴികളുടെ മുപ്പിളമപ്പോരിൻ്റെ കഥയെ വ്യാസൻ വികസിപ്പിച്ചത് എന്നാണ് എൻ്റെ നിഗമനം. ചിലപ്പോളെല്ലാം ആ ഒരു ചിന്തയെ സാധൂകരിക്കുന്നുണ്ട് ഈ സിനിമ.
പീറ്റർ ബ്രൂക്കിൻ്റെ മഹാഭാരതത്തിൽ ഒരു ദൃശ്യമുണ്ട്. രണഭൂമിയിൽ ശിഖണ്ഡിയെ മുൻനിർത്തി ഭീഷ്മർക്കെതിരെ അസ്ത്രമയക്കാൻ മടിച്ച് നിൽക്കുന്ന അർജ്ജുനൻ്റെ അസ്ത്രം വില്ലിൽ നിന്ന് തന്നെ പിടിച്ചെടുത്ത് സ്വന്തം കൈകൊണ്ട് ഭീഷ്മരുടെ നെഞ്ചിൽ കുത്തിയിറക്കുന്ന കൃഷ്ണൻ്റെ ഒരു ദൃശ്യമുണ്ട്. മഹാഭാരത യുദ്ധത്തിലെ ഏറ്റവും നിർണ്ണായക ഘട്ടം. മനസ് കൊണ്ട് നൻമയുടെ പക്ഷം പിടിക്കുമ്പോളും തിന്മയുടെ പക്ഷത്ത് നിന്ന് യുദ്ധം ചെയ്യുന്നയാളാണ് വ്യാസൻ്റെ ഭീഷ്മർ. ആ അർത്ഥത്തിൽ ധർമ്മിഷ്ടനായിട്ടു കൂടിയും ധർമ്മത്തിനെതിരെയാണ് ഭീഷ്മർ നിലകൊള്ളുന്നത്. നന്മയുടെ ആത്യന്തിക വിജയത്തിന് ധർമിഷ്ടനെങ്കിലും ഭീഷ്മരുടെ വീഴ്ച്ച അത്യന്താപേക്ഷിതമായിരുന്നു. അത് നടപ്പാക്കാൻ സാക്ഷാൽ ശ്രീകൃഷ്ണൻ തന്നെ അവിടെ വേണമായിരുന്നു. പീറ്റർ ബ്രൂക്ക് വ്യാസഭാരതത്തെ എത്രമാത്രം യഥാതഥമായിട്ടാണ് അവതരിപ്പിക്കാൻ ശ്രമിച്ചത് എന്നതിൻ്റെ പ്രതീകാത്മക ദൃശ്യം കൂടിയായിരുന്നു ഇത്. കർണ്ണനെ വധിക്കാൻ അർജ്ജുനനോട് കൽപ്പിക്കും മുമ്പ് ബ്രൂക്കിൻ്റെ
കൃഷ്ണൻ രഥത്തിൽ നിന്ന് ഇറങ്ങി നിരാശനായി നിൽക്കുന്ന കർണ്ണനരികിലെത്തുന്നുണ്ട്. കർണ്ണൻ്റെ ശിരസിൽ കൈവച്ച് അനുഗ്രഹിച്ച ശേഷം പതുക്കെ നടന്ന് മാറി അർജ്ജുനനോട് അസ്ത്രമയക്കാൻ ആജ്ഞ നൽകുന്നു. ധർമ്മം മാത്രമായിരുന്നു കൃഷ്ണൻ്റെ ലക്ഷ്യം. യുദ്ധാവസാനം ഗാന്ധാരി വിലാപത്തെ ചിരിച്ച് കൊണ്ട് കേട്ട് നിൽകുന്ന കൃഷ്ണനോട് പരീക്ഷിത്തിൻ്റെ വേഷമണിഞ്ഞെത്തിയ 16 വയസുകാരനായ കാലം എന്തിനായിരുന്നു ഇതെല്ലാം എന്ന് ചോദിക്കുന്നുണ്ട്. ചിരിച്ച് കൊണ്ട് തന്നെ കൃഷ്ണൻ മറുപടി പറയുന്നു. “ഞാൻ യുദ്ധം ചെയ്തത് അധർമ്മത്തോടാണ്. അതിന് എന്നാലാകുന്നതെല്ലാം ഞാൻ ചെയ്തു. എൻ്റെ ധർമ്മമതാണ്. കാലം എനിക്ക് നിശ്ചയിച്ച സമയപരിധിയോളം ഞാനത് നിർവ്വഹിക്കുവാൻ ബാധ്യസ്ഥനാണ്. എൻ്റെ നിയോഗമാണ്.” ആരാണ് മഹാഭാരതത്തിലെ കൃഷ്ണൻ എന്ന് ബ്രൂക്ക് അടയാളപ്പെടുത്തുന്നത് അങ്ങിനെയാണ്.
സിനിമയിൽ വ്യാസനും കൃഷ്ണനും പല സന്ദർഭങ്ങളിലും പറയുന്നത് മഹാഭാരതം മനുഷ്യരാശിയെക്കുറിച്ചുള്ള ഒരു വിവരണമാണ് എന്നാണ്. ആ വാക്കുകൾ കടമെടുത്താൽ ഈ സിനിമയും മനുഷ്യരാശിയെക്കുറിച്ചുള്ള ഒരു വിവരണം തന്നെയാണ്. അതിനാൽ ത്തന്നെ, ഇതിലെ വിവിധ വംശീയ അഭിനേതാക്കൾ തികച്ചും ന്യായീകരിക്കപ്പെടുന്നുണ്ട്. വിശാലമായ സെറ്റ് ഡിസൈനുകളിലോ പ്രത്യേക ഇഫക്റ്റുകളിലോ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം മഹാഭാരതത്തിലെ പ്രധാന ആത്മീയ ദാർശനിക സന്ദേശങ്ങൾ കഴിയുന്നിടത്തോളം പുറത്തുകൊണ്ടുവരുന്നതിൽ വലിയ ഒരളവോളം ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട് ബ്രൂക്ക്. ഹോളിവുഡ് എപിക് സിനിമകളുടേയും, ഹാരി പോട്ടർ പോലുള്ള സിനിമകളുടെയും, ബാഹുബലി പോലുള്ള ഇന്ത്യൻ സിനിമകളുടേയും തരത്തിലുള്ള പ്രത്യേക ഇഫക്റ്റുകൾ പ്രതീക്ഷിക്കുന്ന ആളുകൾക്ക് ഈ സിനിമ തീർത്തും വിരസമായിരിക്കും. ഇതിഹാസത്തിന്റെ ചില അവതരണത്തിന് സ്വാഗതാർഹമായ ഒരു ബദലായിട്ട് തന്നെയാണ് എനിക്ക് ഇത് തോന്നിയത്.
രണ്ട് കാര്യങ്ങൾ കൂടി പറയാതെ ഈ കുറിപ്പ് പൂർത്തിയാകില്ല. ഭാരതത്തിൻ്റെ വിശ്വസാഹിത്യകാരൻ രവീന്ദ്രനാഥ ടാഗോറിൻ്റെ ബംഗാളി കവിതയാണ് പീറ്റർ ബ്രൂക്ക് തൻ്റെ മഹാഭാരതത്തിൻ്റെ ടൈറ്റിൽ സോങ്ങായി ഉൾപ്പെടുത്തിയിരിക്കുന്നത്. ചിത്രത്തിൻ്റെ പ്രധാന തീം സോങ്ങും ഇതേ കവിതയുടെ തുടർച്ചയിൽ ഭഗവത് ഗീതയിലേയും വേദസൂക്തങ്ങളുടേയും ശകലങ്ങൾ ഉൾക്കൊള്ളിച്ചിട്ടാണ് ചെയ്തിട്ടുണ്ടത്. ചിത്രത്തെ വല്ലാത്തൊരു തലത്തിലേക്ക് ഉയർത്തുന്നതിൽ ഈ സംഗീതത്തിൻ്റെ സ്ഥാനം വളരെ വലുതാണ്. അത് പോലെ ശ്രദ്ധേയമായി തോന്നിയ മറ്റൊന്ന് അഭിമന്യുവിൻ്റെ ചക്രവ്യൂഹ ഭേദന സമയത്തെ പശ്ചാത്തല സംഗീതമാണ്. പുരുഷസൂക്തം, ഭാഗ്യസൂക്തം, ഐകമത്യസൂക്തം എന്നിവയുടെ
കേരളീയ വേദാലാപന ശൈലിയിലുള്ള ശകലങ്ങളാണ് ഈ ഘട്ടത്തിൽ പശ്ചാത്തല സംഗീതമായി വരുന്നത് എന്നത് ശ്രദ്ധേയമായി.
ബ്രൂക്കിൻ്റെ വ്യാസൻ ഈ ദൃശ്യകാവ്യത്തിൽ പറയുന്ന ഒരു പ്രസ്താവനയുണ്ട്. ഇത് മുഴുവൻ മാനവരാശിയുടേയും രാഷ്ട്രീയ ചരിത്രമാണ്. ഒരു വ്യക്തിയുടേയോ ഒരു കുടുംബത്തിന്റെയോ കഥയല്ല. എന്നാല്‍ അനേകം കുടുംബങ്ങളുടെ കഥയാണ്.
ഇതിലെ ഇതിവൃത്തം വാസ്തവത്തില്‍ നമ്മൾ ഓരോരുത്തരുടേയും കഥയാണ്. മനുഷ്യർ ഉള്ളിടത്തോളം കാലം ഇതിന്റെ മഹത്വത്തിന് യാതൊരു വിധ കോട്ടവും സംഭവിക്കുകയില്ല, ഇതിലുള്ളതെല്ലാം അന്നും ഇന്നും എന്നും പല കഥാ പാശ്ചാതലങ്ങളായി ഇനിയും സ്ഥല കാല ഭേദങ്ങളില്ലാതെ തുടർന്നുകൊണ്ടേയിരിക്കും.
സംഭവാമി യുഗേ യുഗേ …!