ആ സാമാന്യ മര്യാദയെങ്കിലും

https://m.facebook.com/story.php?story_fbid=2432437963448969&id=100000483679208

ആ സാമാന്യ മര്യാദയെങ്കിലും

‘നിപ’യെ കുറിച്ചുള്ള ട്രോളുകളും തമാശകളും കണ്ടു, ഒരുപാടിടത്ത്. എന്താ ചിരി…

‘കാൻസർ വാർഡിലെ ചിരി’ എന്ന പുസ്തകത്തിൽ ഇന്നസെന്റ് പറഞ്ഞത് ഓർമ വരുന്നു. “ഈ അസുഖം എന്നത് മറ്റുള്ളവർക്ക് മാത്രം വരുന്നതാണ്“ എന്ന ബോധ്യത്തിലാണ് നമ്മളൊക്കെ ഇങ്ങനെ അഹങ്കരിക്കുന്നത്.
ചിരിക്കുന്നത്. നമ്മളിലേക്ക്, അല്ലെങ്കിൽ പ്രിയപ്പെട്ടവരിലേക്ക് ആ നീരാളിക്കൈകൾ വളരും വരെ വേദനകളും ഭീതിയുമൊക്കെ നമുക്ക് അന്യമാണ്. മരുന്നിനപ്പുറമുള്ള നിസ്സഹായതയോ, മരണവാർത്തകളോ എത്ര കേട്ടാലും ഒരു പരിധിക്കപ്പുറം നമ്മെ ബാധിക്കില്ല.

പക്ഷേ, ഒന്നോർക്കണം. ആ പനിചൂട് നമ്മുടെയോ പ്രിയപ്പെട്ടവരുടെയോ ഞരമ്പുകളിൽ മുളച്ചു തുടങ്ങുന്നതോടെ തീരാവുന്നതേയുള്ളു അതിലെ കോമഡി.

അതോടെ തീരും സകല ട്രോളലും.

”രാവിലെ ട്രെയിനിൽ കയറിയപ്പോൾ ഭയങ്കര തിരക്കായിരുന്നു.നിൽക്കാൻ പോലും സ്ഥലമില്ല.അവസാനം ഒരു നമ്പറങ്ങു കാച്ചി.ഞാൻ കോഴിക്കോട് പേരാമ്പ്രയിൽ നിന്നു വരികയാണെന്നു പറഞ്ഞപ്പോൾ കമ്പാർട്ട്മെന്റ് കാലി! സുഖമായി യാത്ര ചെയ്തു..!! ”

ഇപ്പോൾ ഫെയ്സ്ബുക്കിലും വാട്സാപ്പിലും വ്യാപകമായി പ്രചരിക്കുന്ന ‘തമാശ’യാണിത്.

ഇത്തരത്തിലുള്ള അനവധി ഫലിത മെസേജുകളും ട്രോളുകളും നിപ വൈറസ് ബാധയുമായി ബന്ധപ്പെട്ട് ഇറങ്ങിയിട്ടുണ്ട്.

കുറച്ച് സാധുമനുഷ്യർക്ക് ഈ മഹാരോഗം മൂലം ജീവൻ നഷ്ടമായല്ലോ.

അവരുടെ വീടുകളിലേക്ക് അടുത്ത ബന്ധുക്കൾ പോലും പോകുന്നില്ല.

നിപയുടെ ആദ്യ ഇരയായ മുഹമ്മദ് സാബിത്തിൻ്റെ വീട്ടുകാരെ പ്രതികാരബുദ്ധിയോടെയാണ് പലരും നോക്കുന്നത്.രോഗികളുടെ സമീപവാസികൾ വീടൊഴിഞ്ഞുപോകുന്നു.

നഴ്സ് ലിനിയെ നാം വാഴ്ത്തുമൊഴികൾ കൊണ്ടുമൂടുന്നു.എന്നാൽ ലിനിയുടെ വീട്ടിലേക്കൊന്ന് കടന്നുചെല്ലാനും ആ കുഞ്ഞുമക്കളെ നെഞ്ചോടുചേർക്കാനും നമ്മളിലെത്ര പേർക്ക് ധൈര്യമുണ്ട്?

നിപ ബാധിച്ച ഒരാളെ പരിചരിക്കാൻ ആരും ഒന്ന് മടിക്കും.

മരണത്തോടെ എല്ലാം കഴിഞ്ഞുവെന്ന് നമ്മൾ കരുതും.പക്ഷേ ഇല്ല !

മരിച്ചവരെ മറവുചെയ്യുന്ന ശ്മശാനത്തിൽ നിന്നും ഉണ്ടായ ദുരനുഭവങ്ങളെക്കുറിച്ച് ബന്ധുക്കൾ നിറകണ്ണുകളോടെ പറയുന്നുണ്ട്.

കേരളീയജനതയുടെ ഒരു വിഭാഗം വലിയ ഒറ്റപ്പെടുത്തലുകൾ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്.ആ സമയത്താണ് ഈ വിഷയത്തെക്കുറിച്ച് തമാശകൾ പടച്ചുവിടുന്നത്.

ഇത് ക്രൂരമാണ് ; മനുഷ്യത്വമില്ലായ്മയാണ്.

ട്രോളും തമാശയും പ്രചരിപ്പിക്കുന്ന എല്ലാവരുടെയും മനസ്സിൽ വിഷമാണെന്ന അഭിപ്രായം എനിക്കില്ല.

ഒരുപക്ഷേ അതിൻ്റെ ഗൗരവം അവർക്ക് മനസ്സിലായിട്ടുണ്ടാവില്ല.

ഈ തമാശകൾ എഴുതിവിടുന്നവർ നിപയുടെ യാതൊരുവിധ തിക്തഫലങ്ങളും അനുഭവിച്ചിട്ടില്ലെന്ന് എനിക്കുറപ്പുണ്ട്.

അനുഭവസ്ഥർക്ക് അങ്ങനെ തമാശ പറയാൻ കഴിയില്ല.

നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകൾ മാത്രമാണെന്ന് ബെന്യാമിൻ ആടുജീവിതത്തിൽ എഴുതിയത് ശരിയാണ്.

കാര്യങ്ങൾ അവിടെനിന്ന് മുന്നോട്ടുപോകാത്തത് കഷ്ടമാണ്.

നമ്മളെ നേരിട്ട് ബാധിക്കാത്ത പ്രശ്നങ്ങളുടെ സീരിയസ്നെസ്സ് മനസ്സിലാക്കാൻ കഴിയണം.

അതുമൂലം ദുരിതമനുഭവിക്കുന്ന മനുഷ്യരുടെ നൊമ്പരങ്ങൾ തിരിച്ചറിയണം.

അപ്പോഴേ നമ്മൾ മനുഷ്യരാകുന്നുള്ളൂ.

ഇന്നല്ലെങ്കിൽ നാളെ നിങ്ങളുടെ വീട്ടുപടിക്കൽ എത്താവുന്നതേയുള്ളൂ നിപ എന്ന വിപത്ത്.

അകലെയാണെന്ന് കരുതി ആശ്വസിക്കുകയോ അഹങ്കരിക്കുകയോ വേണ്ട !

ഇനി നിങ്ങൾക്ക് നിപയെക്കുറിച്ച് തമാശ പറഞ്ഞേ തീരൂ എന്നാണെങ്കിൽ ദയവുചെയ്ത് അത്തരം സംസാരങ്ങൾ നിങ്ങളുടെ സ്വകാര്യതയിൽ മാത്രം പരിമിതപ്പെടുത്തുക.

വാട്സ് ആപ്പിലൂടെ ഫോർവേഡ് ചെയ്ത് മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാതിരിക്കുക.

മരണവീട്ടിൽ ആരും തമാശ പറയാറില്ലല്ലോ.

മരിച്ചയാൾ നമ്മുടെ ആരുമല്ലെങ്കിലും അതാണ് പതിവ്.

ആ സാമാന്യ മര്യാദയെങ്കിലും ഇക്കാര്യത്തിൽ പാലിക്കുക.

ഇന്നാട്ടിലെ മനുഷ്യത്വമുള്ള ജനതയോട് ഈയുള്ളവന് വിനയപൂർവ്വം ചില കാര്യങ്ങൾ പറയാനുണ്ട്.

1) ധാരാളം ദുഷ്പ്രചരണങ്ങൾ നിപയുമായി ബന്ധപ്പെട്ട് സമൂഹ മാദ്ധ്യമങ്ങളിലൂടെ ഉണ്ടാവുന്നുണ്ട്.

കിട്ടുന്നതെല്ലാം അതേപടി ഷെയർ ചെയ്യരുത്.

ആധികാരികമാണെന്ന് ഉറപ്പുള്ള വിവരങ്ങൾ മാത്രം ഫോർവേഡ് ചെയ്യുക.

അല്ലെങ്കിൽത്തന്നെ ജനം പരിഭ്രാന്തിയിലാണ്.അത് വർദ്ധിപ്പിക്കരുത്.

2)വെടക്കൻമാരുടെ ജല്പനങ്ങളും അല്പജ്ഞാനികളുടെ ‘മോഹന’വാഗ്ദാനങ്ങളും അർഹിക്കുന്ന അവജ്ഞയോടെ പുച്ഛിച്ചുതള്ളുക.

വ്യാജവൈദ്യൻമാരെ പിന്തുണയ്ക്കുന്നത് മാപ്പർഹിക്കാത്ത കുറ്റമാണ്.

3)രോഗം വരാതിരിക്കാനുള്ള എല്ലാ വിധ മുൻകരുതലുകളും സ്വീകരിക്കുക.

നമ്മുടെ പ്രദേശത്ത് നിപ ഇല്ലെന്ന് കരുതി സമാധാനിക്കരുത്.

ധീരത പ്രദർശിപ്പിക്കാൻ വേണ്ടി മാസ്കുകൾ നിഷേധിക്കരുത്.

വിഡ്ഢിത്തമല്ല ധീരത.

നമ്മുടെ ജീവൻ സംരക്ഷിക്കാൻ വേണ്ടി മാത്രമല്ല ഇതൊന്നും.

നാം മൂലം മറ്റൊരാൾക്ക് ഈ അസുഖം വന്നിട്ടില്ലെന്ന് ഉറപ്പുവരുത്തേണ്ടതും നമ്മുടെ കടമയാണ്.

ഈ മഹാവിപത്തിനെതിരെ നമുക്ക് ഒത്തൊരുമിച്ച് പ്രവർത്തിക്കാം.

തമാശകൾ അവസാനിക്കട്ടെ.
ബോധവത്കരണവും സഹാനുഭൂതിയും വ്യാപിക്കട്ടെ…

Author: renjiveda

I'm not I

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s