മാടായിക്കാവ്

മാടായിക്കാവ് (തിരുവർക്കാട്ടുകാവ്)

കണ്ണൂർ ‍ജില്ലയിലാണ് ഉത്തരകേരളത്തിലെ ഏറ്റവും പ്രസിദ്ധമായ മാടായിക്കാവ് ഭദ്രകാളിക്ഷേത്രം. കണ്ണൂരില്‍നിന്നും പഴയങ്ങാടി വഴിയുള്ള പയ്യന്നൂര്‍ റൂട്ടില്‍ എരിപുരത്താണ് ക്ഷേത്രം. ജില്ലാ തലസ്ഥാനമായ കണ്ണൂരില്‍നിന്നും 22 കിലോമീറ്ററാണ് ക്ഷേത്രത്തിലേക്കുള്ള ദൂരം.

കേരളത്തിലെ ആദ്യത്തെ ഭദ്രകാളിക്ഷേത്രം കൊടുങ്ങല്ലൂരിലും രണ്ടാമത്തെ ദ്രകാളിക്ഷേത്രം മാടായിയിലുമാണെന്നാണ് പുരാവൃത്തം. ഈ രണ്ടു ക്ഷേത്രങ്ങളില്‍നിന്നും ആവാഹിച്ചുകൊണ്ടുപോയി പ്രതിഷ്ഠിച്ച അനേകം ക്ഷേത്രങ്ങള്‍ കേരളത്തിലങ്ങോളമിങ്ങോളം കാണാം. ചിറയ്ക്കല്‍ കോവിലകത്തിന്റെപരദേവതയാണ് മാടായിക്കാവിലമ്മ.

മാടായി തിരുവര്‍ക്കാട്ടുകാവ് എന്നാണ് ക്ഷേത്രം അറിയപ്പെടുന്നത്. ഇപ്പോഴുള്ള ക്ഷേത്രം പുതുക്കി പണിതീര്‍ത്തതാണ്. ടിപ്പുവിന്റെ പടയോട്ടത്തില്‍ നശിച്ചുപോയ ക്ഷേത്രം ചിറയ്ക്കല്‍ കോവിലകത്തെ “കൂനന്‍’ രാജാവിന്റെ കാലത്ത് പുതുക്കിപ്പണിതു എന്നും തുകലശ്ശേരി കുഴിക്കാട്ട് ഗൃഹത്തില്‍ ജനിച്ച മഹേശേവരന്‍ ഭട്ടതിരിപ്പാടിന്റെ നേതൃത്വത്തില്‍ കടുശര്‍ക്കരയോഗ വിധിപ്രകാരം തയ്യാറാക്കിയ വിഗ്രഹം പ്രതിഷ്ഠിച്ചു എന്നുമാണ് പുരാവൃത്തം. മഹേശ്വരന്‍ ഭട്ടതിരിപ്പാട് കൊല്ലവര്‍ഷം 970-ലാണ് ജനിച്ചത്. 1040 മിഥുനത്തിലെ ശുക്ലസപ്തമി ദിവസമായിരുന്നു മരണം. അദ്ദേഹത്തിന്റെ കൃതിയാണ് “കുഴിക്കാട്ടുപച്ച.’

ഭദ്രകാളിക്ഷേത്രമെന്നാണ് മാടായിക്കാവ് അറിയപ്പെടുന്നതെങ്കിലും ക്ഷേത്രനാഥന്‍ ശിവനാണ്. ശിവക്ഷേത്രത്തില്‍ ശിവന്റെ ശ്രീകോവിലിന് തെക്കു ഭാഗത്ത് പടിഞ്ഞാട്ടു ദര്‍ശനമായിട്ടാണ് ഭദ്രകാളി പ്രതിഷ്ഠ. ശിവന്‍ കിഴക്കോട്ടാണ് ദര്‍ശനം. കൊടുങ്ങല്ലൂരിലും ആദ്യം ഇതുപോലെയായിരുന്നു. പിന്നീട് പടിഞ്ഞാട്ട് ദര്‍ശനമായ ഭദ്രകാളിയുടെ ശ്രീകോവില്‍ അടച്ച് മറ്റൊരു ശ്രീകോവിലില്‍ വടക്കോട്ട് ദര്‍ശനമായി പ്രതിഷ്ഠിച്ചതാണ്.

ഭദ്രകാളിക്ക് പിടാരന്മാരുടെ ശാക്തേയ പൂജയാണ്. ഭദ്രകാളിയുടെ ശ്രീകോവിലിനു മുന്നില്‍ അഴിയടിച്ച മുറിയില്‍ ഭഗവതിയുടെ ലോഹവിഗ്രഹവും പ്രതിഷ്ഠിച്ചിട്ടുണ്ട്. ഇതിന് നമ്പൂതിരിമാരുടെ സാത്വികപൂജയാണ്. ഈ പൂജ കഴിഞ്ഞേ പിടാരന്മാര്‍ ശാക്തേയപൂജ നടത്താറുള്ളൂ.

കൊടുങ്ങല്ലൂരില്‍ പടിഞ്ഞാട്ട് ദര്‍ശനമായിരുന്ന ശ്രീകോവില്‍ അടച്ച് വടക്കോട്ടു ദര്‍ശനമായി സപ്തമാതൃക്കളില്‍ ഒരാളായി സങ്കല്പിച്ച് ഭദ്രകാളിയെ പ്രതിഷ്ഠിച്ചതോടെ പൂജാവിധാനങ്ങളും മാറ്റി എന്നു കരുതുന്നു. ഒരേ ശ്രീകോവിലിലാണ് അവിടെ നമ്പൂതിരിമാരും, അടികള്‍മാരും പൂജ നടത്തുന്നത്.

കോലസ്വരൂപത്തിന്റെ പരദേവതയായ മാടായിക്കാവിലമ്മയെ തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രത്തിന്റെ പടിഞ്ഞാറേ ഗോപുരത്തിനടുത്താണ് പ്രതിഷ്ഠിച്ചിരുന്നത്. സപ്തമാതൃക്കളിലെ വാരാഹിയായിട്ടായിരുന്നു സങ്കല്പം. മൂന്നാംപരശുരാമാബ്ദം 520-ല്‍ കേരളന്‍ കോലത്തിരിയുടെ കാലത്ത് ആ വാരാഹിയെ അദ്ദേഹം ഭദ്രകാളി സങ്കല്പത്തില്‍ ഇന്നു കാണുന്ന ക്ഷേത്രത്തിലേക്കു മാറ്റി പ്രതിഷ്ഠിച്ചു എന്നാണ് ഐതിഹ്യം.

മാടായിക്കാവിലെ ഭദ്രകാളി വിഗ്രഹത്തിന് നാലു കൈകളേ ഉള്ളൂ. ഇതിനടുത്ത് സപ്തമാതൃക്കളെയും പ്രതിഷ്ഠിച്ചിട്ടുണ്ട്. സപ്തമാതൃക്കള്‍ക്കും കടുശര്‍ക്കര പ്രയോഗത്തില്‍ നിര്‍മ്മിച്ച വിഗ്രഹങ്ങളാണ്. കടുശര്‍ക്കര പ്രയോഗത്തില്‍ നിര്‍മ്മിച്ച വിഗ്രഹങ്ങള്‍ക്ക് തീപിടുത്തത്തെ ചെറുക്കാനാകും എന്നാണ് പഴമ. ശാസ്താവും ക്ഷേത്രപാലനുമാണ് ക്ഷേത്രത്തിലെ ഉപദേവതകള്‍.

മീനത്തിലെ കാര്‍ത്തികമുതല്‍ പൂരംവരെയാണ് ക്ഷേത്രത്തിലെ ഉത്സവം. ഉത്സവത്തിന് തിടമ്പ് നൃത്തമാണ്. ആനയില്ല. മകരത്തില്‍ പാട്ടുത്സവമുണ്ട്. ഇടവമാസത്തില്‍ നടക്കുന്ന പെരുങ്കളിയാട്ടമാണ് ക്ഷേത്രത്തില്‍ ഏറ്റവും
പ്രസിദ്ധമായ ആഘോഷം

പെരുങ്കളിയാട്ടത്തിന് ഏഴു കോലങ്ങളുണ്ടാകും. തിരുവര്‍ക്കാട് ഭഗവതി എന്ന മാടായിക്കാവിലമ്മയുടേതാണ് പ്രധാന കോലം. തായിപ്പരദേവത, കളരിയില്‍ ഭഗവതി, സോമേശ്വരി, ചുഴലിഭഗവതി, പാടിക്കുറ്റിയമ്മ, വീരചാമുണ്ഡി എന്നീ ദേവതകളുടേതാണ് മറ്റു കോലങ്ങള്‍. കോലങ്ങളില്‍ വീരചാമുണ്ഡിയുടെ കോലം ചങ്കത്താന്മാരും മറ്റു കോലങ്ങള്‍ പെരുവണ്ണാന്‍ സമുദായക്കാരുമാണ് കെട്ടേണ്ടത് എന്നു നിശ്ചയമുണ്ട്.

തെയ്യക്കോലങ്ങള്‍ കെട്ടിയിരുന്നവര്‍ക്ക് ചിറയ്ക്കല്‍ രാജാവ് നല്കിയിരുന്ന ഏറ്റവും വലിയ അംഗീകാരം “മാടായി പെരുവണ്ണാന്‍’ എന്ന സ്ഥാനമാണ് എന്നറിയുമ്പോഴാണ് ഈ ക്ഷേത്രത്തിലെ കോലം കെട്ടിയാടുന്നവര്‍ക്ക് സമൂഹത്തിലുള്ള അംഗീകാരം എത്രയാണെന്നു മനസ്സിലാകുക.

പഴയകാലത്ത് ഈ ക്ഷേത്രത്തിലെ കലശം കഴിഞ്ഞാല്‍ നാടുവാഴികളുടെ സംഘങ്ങള്‍ തമ്മിലുള്ള “കലശത്തല്ലും’ ക്ഷേത്രത്തില്‍ നടന്നിരുന്നു എന്നു പുരാവൃത്തമുണ്ട്്. വലിയാരടിപൂജയാണ് ക്ഷേത്രത്തിലെ പ്രധാന വഴിപാട്. വസൂരി വന്നാല്‍ മാടായിക്കാവിലമ്മയ്ക്ക് കുരുമുളക് നേദിക്കുക എന്നതും പഴയകാലത്തെ പ്രധാന വിശ്വാസങ്ങളിലൊന്നായിരുന്നു.

ക്ഷേത്രത്തിലെ പിടാരന്മാരുടെ പൂജയ്ക്ക് ചില പ്രത്യേകതകളുണ്ട്. പന്തീരടിപൂജ ഉച്ചയ്ക്കാണ് നടത്തുക. ഉച്ചപ്പൂജ വൈകിട്ടും. സാധാരണ സാത്വിക സമ്പ്രദായത്തിലുള്ള പൂജകള്‍ നടത്തുമ്പോള്‍ പന്തീരടിപൂജ രാവിലെയും ഉച്ചപ്പൂജ ഉച്ചയ്ക്കുമാണ്. ഇവിടെ നടത്തുന്ന പിടാരപൂജയ്ക്ക് മധുമാംസനേദ്യവുമുണ്ട്.

കോലസ്വരൂപത്തില്‍നിന്നും തിരുവിതാംകൂറിലേക്ക് ദത്തുണ്ടായപ്പോള്‍ മാടായിക്കാവിലമ്മയെ ആറ്റിങ്ങലില്‍ ആവാഹിച്ചുകൊണ്ടുപോയി പ്രതിഷ്ഠിച്ചിരുന്നു. ദത്തുകൊടുത്ത രാജകുമാരിക്ക് എന്നും ആരാധിക്കാനാണ് അവരുടെ ആഗ്രഹപ്രകാരം ആറ്റിങ്ങലിലും മാടായിക്കാവിന്റെ തനിപ്പകര്‍പ്പ് സൃഷ്ടിച്ചതത്രെ. ക്ഷേത്രപൂജാരികളെയും വാദ്യക്കാരെയും ക്ഷേത്രജീവനക്കാരെയും മാടായിക്കാവില്‍നിന്നും കൊണ്ടുപോയി എന്നാണ് കഥ. മാടായി തിരുവര്‍ക്കാട്ടുകാവിന്റെ പതിപ്പാണ് ആറ്റിങ്ങല്‍ തിരുവര്‍ക്കാട്ടുകാവ്.

കടപ്പാട് : Rakesh Peroorkkaran

Author: renjiveda

I'm not I

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: