ഗലീലിയോ

https://m.facebook.com/story.php?story_fbid=3310585655634191&id=100000483679208

മതകോടതിക്കു കീഴ്പ്പെട്ടു ഭൂമി കറങ്ങുന്നില്ല എന്ന് സമ്മതിക്കേണ്ടി വന്നപ്പോഴും ഗലീലിയോ പതിയെ മന്ത്രിച്ചത്രേ: “പക്ഷെ അതിപ്പോഴും കറങ്ങുന്നുണ്ട്..!”

നാനൂറു വർഷങ്ങൾ കഴിഞ്ഞു ഭൂമി മാത്രമല്ല ഗലീലിയോയെ നിശബ്ദനാക്കിയ മതക്കോടതിയും ഇപ്പോഴും കറങ്ങുന്നുണ്ട്.

മുറിവേല്‍ക്കുന്ന മനുഷ്യത്വം,
ഉൗറിവീഴുന്ന അശുദ്ധരക്തം!

അതൊരു മനോഭാവമാണ്, ശാസ്ത്രം നാളെ മതത്തെ പൊള്ളയാക്കുമോ എന്ന ഭീതിയില്‍നിന്നുണ്ടാകുന്ന വിചിത്ര മനോഭാവം!

ചരിത്രത്തിലുടനീളം ശാസ്ത്രത്തിനെതിരെ മതാന്ധത വാളെടുത്തിട്ടുണ്ട്. ഭൂമി ഉരുണ്ടതാണെന്ന സത്യം പറഞ്ഞതിന്‍റെ പേരില്‍ മാത്രം ജീവന്‍ നഷ്ടമായ മഹാപ്രതിഭകള്‍ എത്രയോ!

ശാസ്ത്രവും മതവും ഒരിക്കലും യോജിച്ചുപോകുന്ന രണ്ടു വഴികളല്ല. മതം മനുഷ്യന്‍റെ കേവലവിശ്വാസങ്ങളില്‍ അധിഷ്ഠിതമാണ്. അതാകട്ടെ ഒാരോ സംഘത്തിലും വ്യത്യസ്തവുമാണ്.

അന്വേഷണം, തെളിവ്, യുക്തിഭദ്രത, നിരന്തരമായ പുതുക്കല്‍, തെറ്റുതിരുത്തല്‍, പുതിയ അറിവുകള്‍ ആര്‍ജിക്കല്‍…

ഇതൊന്നും ഒരു മതത്തിനും ആവശ്യമില്ല. അല്ലാതെതന്നെ മതം നിലനില്‍ക്കും. ഒരിക്കലും പുതുക്കപ്പെടാത്ത, പുനപരിശോധിക്കപ്പെടാത്ത അനുഷ്ഠാനങ്ങളിലാണ് മതത്തിന്‍റെ തുടര്‍ച്ച.

പക്ഷേ, ശാസ്ത്രം നിരന്തരമായ അന്വേഷണമാണ്. അത് വ്യക്തികളുടെ കേവല വിശ്വാസത്തിലോ അനുഭവത്തിലോ അധിഷ്ഠിതമല്ല.

എന്ത് അനുഭവങ്ങള്‍ ഉണ്ടാകുമ്പോഴും അതിന്‍റെ പിന്നിലെ കാരണം അന്വേഷിച്ച് യുക്തിഭദ്രമായ ഉത്തരത്തിലെത്തുംവരെ ഒരു കണ്ടെത്തലും ശാസ്ത്രത്തില്‍ അംഗീകരിക്കപ്പെടുന്നുമില്ല.

‘എന്തുകൊണ്ട് കടലിനു നീലനിറം?’ എന്ന ചോദ്യത്തിന് ‘ദൈവം അങ്ങനെയാക്കിയതുകൊണ്ട് ’ എന്ന ഉത്തരം ധാരാളം മതി, ഒരു മതവിശ്വാസിക്ക് തൃപ്തിയാകാന്‍.

എന്നാല്‍ അതിനപ്പുറത്തേക്കുപോയി ചോദിക്കാനും അന്വേഷിക്കാനും ഒരു സി.വി രാമന്‍ ഉണ്ടായതുകൊണ്ട് കടലിന്‍റെ നീലനിറത്തിന്‍റെ രഹസ്യം ഇന്നു നമുക്കറിയാം. ‘കടല്‍ കടക്കാന്‍ പാടില്ലെന്ന’ മതനിയമത്തെ പൊളിച്ചുകൊണ്ട് കപ്പലിന്‍റെ മുകള്‍ത്തട്ടില്‍നിന്ന് സമുദ്രം നോക്കിക്കണ്ടപ്പോഴാണ് സി.വി രാമന്‍ ആ ഉത്തരത്തിലേക്ക് എത്തിയത്.

അതും ഓർക്കണം.

ചരിത്രത്തിൽ, മതം പൊളിച്ചു അപ്പുറത്തേക്ക് പോയവരാണ് പുതിയതെല്ലാം കണ്ടെത്തിയത്.

അതുകൊണ്ടാണ് തരം കിട്ടുമ്പോഴെല്ലാം യാഥാസ്ഥിതിക മതം ശാസ്ത്രത്തെ പുച്ഛിക്കുന്നത്.

ആ പുച്ഛം ഒട്ടും നിഷ്കളങ്കവുമല്ല.

എങ്ങനെയാണ് ശ്വസിക്കുന്നതെന്നും ശരീരത്തില്‍ രക്തമോടുന്നതെന്നുമൊക്കെ മനുഷ്യന്‍ മനസ്സിലാക്കിയ വഴികള്‍ പലപ്പോഴും വിസ്മയകരമായിരുന്നു. മൃതദേഹങ്ങള്‍ കീറിമുറിക്കാന്‍ വിലക്കുണ്ടായിരുന്ന കാലത്ത് ശവങ്ങള്‍ ഒളിപ്പിച്ചുകടത്തി മുറിച്ചുനോക്കി അറിവുകള്‍ തേടിയ ഭ്രന്തന്മാര്‍വരെയുണ്ട്. ശരീരത്തില്‍ എവിടെയും അശുദ്ധരക്തം തളംകെട്ടി കിടക്കുന്നില്ലെന്നും രക്തം ഒഴുക്കികളഞ്ഞ് ഒരു അസുഖവും മാറ്റാന്‍ കഴിയില്ലെന്നും ഇന്ന് നമുക്കറിയാം.

പക്ഷെ കണ്ടെത്തി നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും ആ അടിസ്ഥാന അറിവുപോലും മതാന്ധത കാരണം ചോദ്യംചെയ്യപ്പെടുന്നു.

ഗലീലിയോയുടെ ആ പ്രശസ്തമായ കഥയുണ്ടല്ലോ, മതകോടതിക്കു കീഴ്പ്പെട്ടു ഭൂമി കറങ്ങുന്നില്ല എന്ന് സമ്മതിക്കേണ്ടി വന്ന ഗലീലിയോ പതിയെ മന്ത്രിച്ചത്രേ: “പക്ഷെ അതിപ്പോഴും കറങ്ങുന്നുണ്ട്..!”

നാനൂറു വർഷങ്ങൾ കഴിഞ്ഞു, ഇപ്പോഴും നമ്മുടെ ആരോഗ്യപ്രവർത്തകർക്കു സത്യങ്ങൾ പതിയെ മാത്രം പറയേണ്ടിവരുന്നു, And yet it moves….

ഇന്നത്തെ ലോകത്തെയും ജീവിതത്തെയും ഈ രൂപത്തില്‍ അനായാസമാക്കിയ പരീക്ഷണ–നിരീക്ഷണങ്ങളാണ് ശാസ്ത്രമെന്നു ചുരുക്കിപ്പറയാം.

ഫ്രാന്‍സിന്‍റെ തെരുവുകളിലൂടെ നടന്ന് പേപിടിച്ച ഭ്രാന്തന്‍ നായകളെ തേടിപ്പിടിച്ചുകൊണ്ടുവന്ന് ജീവന്‍ പണയംവച്ച് പരീക്ഷണം നടത്തിയ ലൂയി പാസ്ചർ, പരീക്ഷണങ്ങള്‍ക്കു സ്വജീവന്‍തന്നെ വിലയായി നല്‍കിയ മേരി ക്യൂറി….

അങ്ങനെ സത്യത്തെ സ്വന്തം ജീവനേക്കാൾ മേലെ പ്രതിഷ്ഠിച്ച ഒരായിരം മഹാപ്രതിഭകളുടെ ഒടുങ്ങാത്ത അന്വേഷണങ്ങളാണ് ഇന്ന് കാറായും മൊബൈലായും ഉപഗ്രഹങ്ങളായും പ്രതിരോധ വാക്സിനുകളായും മരുന്നുകളായും അത്യന്താധുനിക ചികില്‍സാരീതികളായുമൊക്കെ നാം അനുഭവിക്കുന്ന ജീവിതസൗകര്യങ്ങള്‍.

അതില്‍ ചിലതിനെ തിരഞ്ഞുപിടിച്ച് നിഷേധിക്കാനോ വിമര്‍ശിക്കാനോ വളരെയെളുപ്പമാണ്.

വസൂരി പൂര്‍ണ്ണമായി നിര്‍മാര്‍ജനം ചെയ്യപ്പെട്ട ഒരു ലോകത്തിരുന്ന് നമുക്ക് വാക്സിന്‍ വിരുദ്ധത പ്രചരിപ്പിക്കാന്‍ ഏറെയെളുപ്പമാണ്. ‘ഭഗവതിയുടെ ആ വിത്തെറിയല്‍’ ഇല്ലാതാക്കാന്‍ എത്രയോ വര്‍ഷം ശാസ്ത്രജ്ഞരും ആരോഗ്യപ്രവര്‍ത്തകരും വീടുകയറി നടത്തിയ അധ്വാനത്തെ നിഷേധിച്ച് കണ്ണടച്ച് ഇരുട്ടാക്കാനും എളുപ്പമാണ്.

പോളിയോ ഏതാണ്ട് ഇല്ലാതായിക്കഴിഞ്ഞ കേരളത്തിലിരുന്ന് വാക്സിന്‍ ഒരു സി.ഐ.എ അജണ്ടയാണെന്ന് പ്രചരിപ്പിക്കാന്‍ വളരെ വളരെയെളുപ്പമാണ്.

അതൊക്കെ അഭിപ്രായസ്വാതന്ത്ര്യ പരിധിയില്‍ വരുമ്പോള്‍തന്നെ ആ മരമണ്ടന്‍വാദം കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ പത്തിലേറെ കുഞ്ഞുങ്ങളുടെ ജീവനെടുത്തുവെന്നത് മറക്കരുത്, ഡിഫ്തീരിയയുടെ രൂപത്തില്‍!

അതെ, ചില സമയങ്ങളില്‍ ആരോഗ്യഭീകരവാദം മതഭീകരവാദത്തെക്കാള്‍ അപകടകരമാണ്!

അതുകൊണ്ടുതന്നെ, അടുത്തകാലത്ത് ഫേസ്ബുക്കില്‍ കണ്ട ഏറ്റവും പുരോഗമനപരമായ നീക്കമാണ് സാമൂഹികപ്രതിബദ്ധതയുള്ള ഒരു സംഘം യുവഡോക്ടര്‍മാര്‍ നേതൃത്വം നല്‍കുന്ന ഇന്‍ഫോ ക്ലിനിക്ക്.

വാക്സിൻ വിരുദ്ധതയടക്കം എത്രയെത്ര വിഢിത്തങ്ങളെയാണ് അവര്‍ യുക്തിഭദ്രമായി തുറന്നുകാട്ടിയിട്ടുള്ളത്. ആ ചെറുപ്പക്കാർക്കൊപ്പം നില്‍ക്കുകയെന്നതാണ് ശാസ്ത്രവും മതാന്ധതയും ഏറ്റുമുട്ടുന്ന ഈ കാലത്ത് ഏതു മനുഷ്യസ്നേഹിയും ചെയ്യേണ്ടത്.

ശാസ്ത്രനിഷേധം പല രൂപത്തിൽ വരും. .

ആത്യന്തികമായി എല്ലാം ഒന്നാണ്.

ആരോഗ്യ–ജീവശാസ്ത്ര മേഖലകളിലാണ് മതവാദികള്‍ ഏറ്റവും കൂടുതല്‍ ശാസ്ത്രവുമായി ഏറ്റുമുട്ടുന്നത്. കാരണം വാക്സിന്‍ ഒഴിവാക്കുംപോലെ എളുപ്പമല്ല, മൊബൈൽഫോൺ ഒഴിവാക്കാന്‍.

നിര്‍ദോഷമായ വാക്സിനുമായി താരതമ്യം ചെയ്താല്‍ ആയിരം മടങ്ങ് അപകടമാണ് എയര്‍കണ്ടീഷനര്‍.
പക്ഷേ, അത് ഒഴിവാക്കാന്‍ എളുപ്പമല്ല. എ.സി ഉപേക്ഷിച്ചാൽ അത് പെട്ടെന്ന് ‘ചൂടറിയുന്ന’ ഒരു ഉപേക്ഷിക്കല്‍ ആയിപ്പോകും എന്ന് അവര്‍ക്കറിയാം.

അതുകൊണ്ട് ഉടനെയൊന്നും ചൂടറിയാത്ത വാക്സിനെ എതിര്‍ക്കലാണ് എളുപ്പം! അതൊരു സൂത്രപ്പണിക്കൂടിയാണ്.

ശ്രദ്ധിച്ചിട്ടുണ്ടോ? അമേരിക്കന്‍ ഭരണകൂടം 1960–കളില്‍ അവരുടെ ആഭ്യന്തര ആശയവിനിമയത്തിനായി രൂപപ്പെടുത്തിയ ചെറിയൊരു കമ്പ്യൂട്ടര്‍ ശൃംഖലയില്‍നിന്ന് ഇന്നൊരു സമാന്തരലോകമായി ശാസ്ത്ര-സാങ്കേതികവിദ്യ വളര്‍ത്തിയെടുത്ത ഇന്‍റര്‍നെറ്റിനെ മതവാദികള്‍ അധികം വിമര്‍ശിക്കാറില്ല.

ഒരു പക്ഷേ ഇന്ന് ഏറ്റവുമധികം മതപ്രചാരണം നടക്കുന്നത് ഇന്‍റര്‍നെറ്റിലാണു താനും. അതായത് മതത്തിന്റെ ശാസ്‌ത്ര നിഷേധം വളരെ സെലക്ടീവ് ആയ ഒന്നാണ്. ആളുകളെ പറഞ്ഞു വീഴ്ത്താൻ കഴിയുന്ന ചിലയിടങ്ങളിൽ മാത്രം.

ആധുനികശാസ്ത്രത്തിന്‍റെ എല്ലാ സുഖസൗകര്യങ്ങളിലും അഭിരമിച്ചുകൊണ്ടുതന്നെ ശാസ്ത്രം ആരോഗ്യമേഖലയില്‍ നടത്തുന്ന മുന്നേറ്റങ്ങളെക്കുറിച്ച്
വളരെ സെലക്ടീവ് ആയി തെറ്റുദ്ധാരണ പരത്തുന്നത് എല്ലാ മതങ്ങളുടെയും ഒരു രീതിശാസ്ത്രമാണ്.

അതിന് നിശ്ചയമായും അതിന്‍റേതായ കാരണങ്ങളുണ്ട്.

ഈ വാക്സിന്‍ വിരുദ്ധതയുടെയൊക്കെ അടിവേരില്‍ പലതരം മൗലികവാദങ്ങള്‍ കിടപ്പുണ്ട്. അത് ചിലര്‍ തട്ടിപ്പിനായി ഒരുക്കിയെടുക്കുന്ന പരിസ്ഥിതി–പ്രകൃതിജീവന മൗലികവാദമാകാം.

അല്ലെങ്കില്‍ ‘മനുഷ്യന്‍റെ കഴിവുപയോഗിച്ച് രോഗം തടയുന്ന വാക്സിന്‍, ദൈവത്തിന്‍റെ അധികാരത്തിലുള്ള കടന്നുകയറ്റമാണെന്ന’ വിശ്വാസാന്ധതയാകാം.

ലോകത്തെ വാക്സിന്‍ മുഴുവന്‍ സി.ഐ.എയും മൊസ്സാദും ഉണ്ടാക്കുന്നതാണെന്ന ആഴമില്ലാത്ത രാഷ്ട്രീയബോധമാകാം.

അതുമല്ലെങ്കിൽ, സാമൂഹികാംഗീകാരവും ഗവണ്‍മെന്‍റ് ഫണ്ടിംഗുമുള്ള ഒരു കപടശാസ്ത്രത്തിന്‍റെ അപകടം തിരിച്ചറിയാത്തതാവാം.

എന്തായാലും ഇവിടെയെല്ലാം വെല്ലുവിളിക്കപ്പെടുന്നത് ‘ആരോഗ്യവും ശാസ്ത്രബോധവുമുള്ള സമൂഹം’ എന്ന സങ്കല്പമാണ്.

പത്തുതവണ മനുഷ്യൻ ചന്ദ്രനില്‍ ഇറങ്ങിയിട്ടും അതൊരു അമേരിക്കന്‍ തട്ടിപ്പാണെന്ന വിശ്വാസക്കാര്‍ ഇന്നുമുണ്ട്.

പോപ്പ് അംഗീകരിച്ചിട്ടൊന്നും കാര്യമില്ല, പരിണാമസിദ്ധാന്തം നമ്മുടെ മതവാദികള്‍ ഇനിയും അംഗീകരിച്ചിട്ടില്ല.

പൂര്‍വികജീവികളുടെ നൂറുകണക്കിന് ഫോസിലുകള്‍ സാക്ഷിയാകുമ്പോഴും അവര്‍ ആ മണ്ടന്‍ ചോദ്യം ആവര്‍ത്തിക്കും,
‘എങ്കില്‍ ഇന്ന് എന്തുകൊണ്ട് കുരങ്ങ് മനുഷ്യനാകുന്നില്ല?’

ഇതിനൊക്കെ ഒറ്റ പരിഹാരമേയുള്ളൂ, കൃത്യമായ ശാസ്ത്രബോധം പുതിയ തലമുറയില്‍ വളര്‍ത്തുക.

അടിസ്ഥാന ശാസ്ത്രതത്വങ്ങള്‍ എങ്കിലും കുട്ടികള്‍ ക്ലാസ്മുറികളില്‍ വിവരമുള്ള അധ്യാപകരില്‍നിന്ന് മനസ്സിലാക്കണം.

മതങ്ങളും മണ്ടത്തരങ്ങളും കീഴ്പ്പെടുത്താത്ത തലച്ചോറുകള്‍ക്കു മാത്രമേ ലോകത്തെ മുന്നോട്ടു കൊണ്ടുപോകാനാവൂ.

ഏതു തട്ടിപ്പിനും സജ്ജമായൊരു ദുര്‍ബലമായ തലച്ചോറാണ് മലയാളിയുടേത്.

?

Author: renjiveda

I'm not I

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: