അജാതശത്രു

ഒരുവശത്തേക്ക് ഒഴുകുന്ന പുഴ

മാതാപിതാക്കള്ക്കു മക്കളോട് എന്തുമാത്രം സ്നേഹമുണ്ട് ? അത് വിവരണാതീതമാണ്. തിരിച്ച് മക്കള് മാതാപിതാക്കള്ക്ക് എന്താണു നല്കുന്നത് ?അത് വിവരിക്കാതിരിക്കുന്നതായിരിക്കും നല്ലത്. മക്കളോടുള്ള സ്നേഹം ഒരു വശത്തേക്കുമാത്രം ഒഴുകുന്ന ഒരു പുഴയാണെന്നു പറയാറുണ്ട്. നമ്മുടെ മാതാപിതാക്കള് നമ്മളെ സ്നേഹിക്കും. നമ്മുടെ സ്നേഹം പക്ഷേ അവരോടായിരിക്കില്ല, നമ്മുടെ മക്കളോടായാരിക്കും.
ഗൗതമബുദ്ധന്റെ കാലത്ത് മഗധയിലെ രാജാവായിരുന്നു അജാതശത്രു. അദ്ദേഹത്തിന്റെ പിതാവ് ബിംബിസാരന് ബുദ്ധന്റെ ശിഷ്യനായിരുന്നു.

അധികാരക്കൊതി മൂത്ത അജാതശത്രു പിതാവിനെ വധിച്ച് രാജാവാകാന് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ബിംബിസാരനാകട്ടെ മകനെ ശിക്ഷിക്കുന്നതിനു പകരം സ്വമനസാ രാജ്യാധികാരം കൈമാറുകയാണുണ്ടായത്. അജാതശത്രു ഇതിനു നന്ദി കാണിച്ചത് പിതാവിനെ തുറുങ്കിലടച്ച് പട്ടിണിക്കിട്ടു കൊല്ലാന് വിധിച്ചുകൊണ്ടാണ്. അജാതശത്രുവിന്റെ അമ്മയ്ക്കു മാത്രമേ ബിംബിസാരനെ കാണാന് അനുവാദമുണ്ടായിരുന്നുള്ളൂ. രാജ്ഞി മടിയില് ഭക്ഷണം ഒളിപ്പിച്ചു കടത്തി ബിംബിസാരന്റെ ജീവന് നിലനിര്ത്താന് ശ്രമിച്ചു.

അജാതശത്രു ഇതറിഞ്ഞു.
തുടര്ന്ന് രാജ്ഞി മുടിക്കെട്ടില് ഭക്ഷണം ഒളിപ്പിച്ചുകടത്തി. ഇതും രാജാവിന്റെ ചെവിയിലെത്തി. അപ്പോള് രാജ്ഞി സുഗന്ധ ദ്രവ്യങ്ങളാല് സ്നാനം ചെയ്ത് തേന്, വെണ്ണ, നെയ്യ് തുടങ്ങിയവയുടെ മിശ്രിതം ശരീരത്തില് തേച്ചുപിടിപ്പിച്ച് രാജാവിനെ കാണാന്പോയി.

ബിംബിസാരന് അതു ഭക്ഷിച്ച് ജീവന് നിലനിര്ത്തി. ഇതും അറിഞ്ഞ അജാതശത്രു അമ്മ ഇനി അച്ഛനെ കാണേണ്ടെന്ന് ഉത്തരവിറക്കി. എന്നാല്, ബുദ്ധന്റെ ധര്മ്മോപദേശത്തില് നിര്വാണത്തിലേക്കുള്ള ആദ്യപടി കടന്നിരുന്ന ബിംബിസാരന് ഭക്ഷണമില്ലാത്തതൊന്നും കാര്യമാക്കാതെ ആത്മീയാനന്ദത്തില് മുഴുകിക്കഴിഞ്ഞുപോന്നു.

പിതാവിനെ കൊന്നേ അടങ്ങൂ എന്നു നിശ്ചയിച്ചിരുന്ന അജാതശത്രു, തന്റെ ക്ഷുരകനെ വിളിച്ച് അച്ഛന്റെ കാല്വെള്ളയിലെ തൊലി ചെത്തിക്കളഞ്ഞ ശേഷം ഉപ്പും എണ്ണയും പുരട്ടി തീക്കനലില്ക്കൂടി നടത്താന് ഉത്തരവിട്ടു. ക്ഷുരകന് ശിക്ഷ നടപ്പാക്കി. ബിംബിസാരന് വലിയ വേദന അനുഭവിച്ചു മരിച്ചു.

അന്നേദിവസം തന്നെ അജാതശത്രുവിന് ആദ്യജാതനുണ്ടായി. പിതാവിന്റെ മരണവും മകന്റെ ജനനവും സംബന്ധിച്ചുള്ള കുറിപ്പുകള് ഒരേ സമയമാണ് രാജാവിനടുത്തെത്തിയത്.

ആദ്യം വായിച്ചത് മകന്റെ ജനനവാര്ത്തയാണ്. അജാതശത്രു അത്യധികം സന്തോഷിച്ചു. പുത്രവാത്സല്യത്തില് നിറഞ്ഞ അദ്ദേഹം ഓടി തന്റെ അമ്മയുടെ അടുത്തെത്തി ചോദിച്ചു ‘അമ്മേ ഞാന് കുഞ്ഞായിരുന്നപ്പോള് അച്ഛന് എന്നെ സ്നേഹിച്ചിരുന്നോ?’

വേദനനിറഞ്ഞ ഭാവത്തോടെ അമ്മ മകനെ നോക്കി. തുടര്ന്നു പറഞ്ഞു ‘ഞാന് നിന്നെ ഗര്ഭം ധരിച്ചിരിക്കേ നിന്റെ പിതാവിന്റെ വലത്തേ കയ്യിലെ രക്തം കുടിക്കണമെന്ന് എനിക്കാഗ്രഹം തോന്നി. മനുഷ്യത്വരഹിതമായ മോഹം അദ്ദേഹത്തെ അറിയിക്കാന് ആദ്യം എനിക്കു മടിയായിരുന്നു. പക്ഷേ എനിക്കു നിയന്ത്രിക്കാനാ
യില്ല. നിന്റെ പിതാവ് സന്തോഷത്തോടുകൂടിത്തന്നെ ആ ആഗ്രഹം സാധിച്ചുതരികയാണുണ്ടായത്.
ഗര്ഭത്തിലിരിക്കേ തന്നെ ജോത്സ്യന്മാര് പ്രവചിച്ചിരുന്നു, നീ പിതാവിന്റെ ഘാതകനാകുമെന്ന്. അതിനാലാണ് നിനക്ക് അജാതശത്രു എന്ന പേരു നല്കിയത്. ഗര്ഭത്തില്വച് ചുതന്നെ നിന്നെ കൊല്ലാന് ഞാന് ശ്രമിച്ചെങ്കിലും നിന്റെ പിതാവ് സമ്മതിച്ചില്ല. ജനിച്ചു കഴിഞ്ഞും നിന്നെ ഇല്ലാതാക്കാന് ഞാന് ശ്രമിച്ചു, അപ്പോഴും അച്ഛനാണ് രക്ഷപ്പെടുത്തിയത്. നീ ചെറുപ്പമായിരിക്കേ നിന്റെ കയ്യിലൊരു പരു വന്നു. വേദനയാല് നിനക്ക് ഉറങ്ങാന് പോലും പറ്റാതായി. അക്കാലമത്രയും അച്ഛനായിരുന്നു നിനക്കാശ്വാസം. അച്ഛന് നിന്റെ വിരല് തന്റെ വായില് വച്ച് ഉറിഞ്ചിക്കൊണ്ടി
രിക്കുമ്പോള് മാത്രമാണ് നീ സ്വസ്ഥനായിരുന്നത്. ദര്ബാറില് ഭരണം നടത്തുമ്പോളും അദ്ദേഹം നിന്നെ മടിയിലിരുത്തി നിന്റെ വിരല് ഉറുഞ്ചിക്കൊണ്ടിരുന്നു. അവസാനം പരു അദ്ദേഹത്തിന്റെ വായില്വച്ച് പൊട്ടി. നിന്നോടുള്ള സ്നേഹത്താല് പഴുപ്പ് തുപ്പിക്കളയാന്പോലും അദ്ദേഹം തയാറായില്ല.’

അമ്മ പറഞ്ഞ കഥകള് അജാതശത്രുവിനെ ഉലച്ചു. ഒരു പിതാവാകുമ്പോള് മാത്രമേ പിതൃവാത്സല്യം എന്താണെന്നു മനസിലാകൂ എന്ന് അജാതശത്രുവിനു ബോധ്യപ്പെട്ടു. അദ്ദേഹം പശ്ചാത്താപത്താല് വിവശനായി കൈകളില് മുഖംപൊത്തി. ചുടുകണ്ണീര് ഒഴുക്കിക്കൊണ്ട് പിതാവിനെ ഉടന് മോചിപ്പിക്കാന് അജാതശത്രു ഉത്തരവിട്ടു. പക്ഷേ, സമയം കഴിഞ്ഞിരുന്നു. ബിംബിസാരന് എന്നെന്നേയ്ക്കുമായി കണ്ണടച്ചിരുന്നു…….

Author: renjiveda

I'm not I

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s