കർക്കിടക ചിന്തുകൾ – 1 – കർക്കിടക സംക്രാന്തി

കർക്കിടക സംക്രാന്തി

പുതിയ തലമുറയ്ക്ക് പരിചിതമല്ലാത്ത ചില സമ്പ്രദായങ്ങൾ ഇന്നും ചില നാട്ടിൻപുറങ്ങളിൽ അവശേഷിക്കുന്നുണ്ട്. ഗതകാലസംസ്കൃതിയുടെ ശേഷിപ്പുകളാണവ. അവയെക്കുറിച്ചു അറിയുന്നത് ഉന്മേഷപ്രദമായ ഒരു അനുഭവമായിരിക്കും.

കർക്കിടകത്തിലെ തോരാത്ത മഴയും ജോലിയൊന്നും ഇല്ലാത്തതുകൊണ്ടുള്ള പഞ്ഞവും (ക്ഷാമം) കാരണം കർക്കിടകം ദുര്ഘടമാണെന്നു പറയാറുണ്ട്. എന്നാൽ ഇത് ഒരു പുണ്യമാസമാണെന്നതാണ് വാസ്തവം.

കർക്കിടകം പിറക്കുന്നതിന്റെ തലേന്ന് സന്ധ്യയ്ക്കു ചേട്ടയെ കളയുക എന്നൊരു ആചാരമുണ്ട്. വീടിന്റെ പരിസരങ്ങളിലെ കാടും പടലും വെട്ടിക്കളഞ്ഞു വൃത്തിയാക്കുന്നു. വീടിന്റെ അകവും സാധാരണത്തെക്കാൾ ശ്രദ്ധയോടെ അടിച്ചു തളിക്കുന്നു. വാതിലുകളും ജനലുകളും തുടച്ചു ചളികളയുന്നു. പണ്ട് പാറകം എന്ന ചെടിയുടെ ഇലകളാണ് ഇതിനു ഉപയോഗിക്കുക. ചളി നീക്കാൻ പറ്റിയ രീതിയിൽ പരുപരുത്ത ഇലകളാണിവ.

അടിച്ചുകൂട്ടിയ വൃത്തികേടുകളും ഒരു കുറ്റിച്ചൂലും ഉപയോഗശൂന്യമായ ഒരു വട്ടിയിലോ മുറത്തിലോ നിറയ്ക്കുന്നു. പിന്നെ വട്ടി എടുത്തു വീടിനെ പ്രദക്ഷിണം വെച്ച് ദൂരെ കൊണ്ടുപോയികളഞ്ഞു കുളിച്ചുവരുന്നു. “ചേട്ടെ പോ, ശീവോതി വാ” എന്ന വായ്ത്താരിയുമായി വീട്ടിലുള്ളവരെല്ലാം ചേട്ട മുറത്തിന്റെ പിന്നാലെ നടക്കും. ചേട്ട ദാരിദ്ര്യത്തിന്റെ പ്രതീകമാണ്. അതിനെ ആട്ടിപ്പുറത്താക്കി ഐശ്വര്യത്തെ സാഗതം ചെയ്യുന്ന ആചാരമാണ് ഇത്. ഒരു സമഗ്രശുചീകരണ പരിപാടിയാണിത്.

വീടും പരിസരവും മാത്രമല്ല മനുഷ്യമനസ്സും ശുദ്ധീകരിക്കപ്പെടുന്നു എന്ന ഒരു വലിയ തത്വവും ഇതിൽ അന്തർലീനമായിട്ടുണ്ട്. എല്ലാ മാലിന്യങ്ങളും അലിഞ്ഞില്ലാതായി അനസ്‌ ഈശ്വരനിലേയ്ക്ക്, നന്മകളിലേയ്ക്ക് നയിയ്ക്കപ്പെടുന്നു. Cleanliness is next to Godliness എന്ന് പറയാറുണ്ടല്ലോ.
മനസ്സിന്റെ വിശുദ്ധിക്കുമാത്രമല്ല, ചിട്ടയായ ദിനചര്യക്കും ഔഷധസേവക്കും ഈ കർക്കിടകക്കുളിരു അനുയോജ്യമാണ്. വരാനിരിക്കുന്ന ഒരു വർഷത്തെ ആരോഗ്യസംരക്ഷണം കണക്കിലെടുത്തു ഔഷധക്കഞ്ഞിയും മരുന്നുകളും സേവിയ്ക്കേണ്ടത് ഈ സമയത്താണ് എന്ന് നമ്മുടെ കാരണവന്മാർ ഉപദേശിക്കുകയും ചെയ്യുന്നു.

ഈ ദിവസം മൈലാഞ്ചിയില അരച്ച് സ്ത്രീകളും കുട്ടികളും കൈകാലുകളിലിടുക എന്ന സമ്പ്രദായവും ഉണ്ടായിരുന്നു. മഴക്കാലത്തെ ചേറിലും ചെളിയിലും പകരാവുന്ന അസുഖങ്ങൾക്കു പ്രതിവിധിയാണിത്. ഇന്ന് മൈലാഞ്ചി അരച്ചെടുക്കേണ്ട ആവശ്യമില്ല. ഭംഗിയുള്ള പായ്ക്കറ്റുകളിൽ അങ്ങാടിയിൽ ലഭിക്കുമല്ലോ.

വെളികുത്തൽ
കർക്കിടകം ഒന്നിന് പുലർച്ചെ വെളികുത്തൽ എന്നൊരു ചടങ്ങുണ്ട്. ദശപുഷ്പങ്ങളും മഞ്ഞൾതൈയും താളും ഒരു മണ്ണുരുളയിൽ കുത്തിനിർത്തി പുരപ്പുറത്തേക്കു എറിയുന്നു. വെളികുത്തുമ്പോൾ പൂ വിളിയ്ക്കണം – അതായത് ‘പൂവേ പൊലി പൂവേ പൊലി” എന്ന് ഉച്ചത്തിൽ ഉരുവിട്ടുകൊണ്ടിരിയ്ക്കണം. പൂ വിളിയ്ക്കാൻ കുട്ടികൾക്ക് വലിയ ഉത്സാഹമാണ്. ഐശ്വര്യത്തെ വരവേൽക്കുന്ന ആശംസയാണിത്.
വെളി ഉണങ്ങിയാൽ ചിറി (വായ) ഉണങ്ങും എന്നൊരു ചൊല്ലുണ്ട് – അതായത് മഴ പെയ്തില്ലെങ്കിൽ പുരപ്പുറത്തിട്ട വെളി ഉണങ്ങും – മഴ ഇല്ലെങ്കിൽ കൃഷി പിഴയ്ക്കും – കൃഷി പിഴച്ചാൽ വിളവ് കുറയും – ആഹാരം ഇല്ലാതാവും – അങ്ങനെ ചിറി ഉണങ്ങും.

ശീവോതി വെക്കൽ
വെളികുത്തിക്കഴിഞ്ഞാൽ ശീവോതിയെ (ശ്രീഭഗവതിയെ) കുടിവെയ്ക്കുക എന്നൊരു ചടങ്ങുണ്ട്. പഴയ കാലത്തു മച്ചിലാണ് ദേവിയെ കുടിവെയ്ക്കുക. എണ്ണയും സാംബ്രാണിയും മണക്കുന്ന മാച്ചു മണ്മറഞ്ഞ കാരണവന്മാരുടെ സാന്നിധ്യമുള്ളതുമാണെന്ന ഒരു സങ്കല്പവുമുണ്ട്.

പീഠത്തിൽ അലക്കിയ മുണ്ടിനു മേലെ ഗ്രന്ഥം (രാമായണം) വെച്ച് നിലവിളക്കും വെള്ളം നിറച്ച ഒരു കിണ്ടിയും വെച്ച് പ്രാർത്ഥിക്കുന്നു. പീഠത്തിൽ ദശപുഷ്പങ്ങളും വെയ്ക്കണം. കർക്കിടകം കഴിയുന്നതുവരെ പുലർച്ചെ വീട്ടുകാർ കുളിച്ചു പീഠത്തിൽ ദശപുഷ്പം വെച്ച് പ്രാർത്ഥിക്കുന്നു. ദശപുഷ്പം മുടിയിൽ ചൂടുകയും വേണം. ദശപുഷ്പങ്ങൾ അരച്ച് ഉരുളയാക്കിവെച്ചു സ്ത്രീകൾ ദിവസേന നെറ്റിയിൽ തൊടുന്ന സമ്പ്രദായവും ചിലേടങ്ങളിലുണ്ട്. അവസാന ദിവസം ഒരു പൂജയുമുണ്ട്.

നിറ
കേരളത്തിന്റെ കാര്ഷികസമൃദ്ധി വിളിച്ചോതുന്ന ആഘോഷമാണ് നിറ. കർക്കിടകത്തിലെ കോരിച്ചൊരിയുന്ന മഴയിൽ കതിരണിഞ്ഞു നിൽക്കുന്ന വയലിൻറെ കാഴ്ച കണ്ടു മനം നിറഞ്ഞു സന്തോഷിക്കുന്ന കർഷകർ സമൃദ്ധിയുടെ നാളുകളെ വരവേൽക്കുന്ന ദിവസമാണിത്.. നിറ – പുത്തരി എന്ന് നാം ഒന്നിച്ചു പറയാറുണ്ട്. എന്നാൽ നിറയ്ക്കു ശേഷം ദിവസങ്ങൾ കഴിഞ്ഞാണ് പുത്തരിച്ചോറിന്റെയും പായസത്തിന്റെയും സ്വാദു നാം അനുഭവിക്കുന്നത്.

എന്നാണ് നാം നിറ ആഘോഷിക്കുന്നത്? വാക്കഴിഞ്ഞ ഞായറാഴ്ച (കർക്കിടകത്തിലെ വാവ് കഴിഞ്ഞ ഞായറാഴ്ച) നിറയ്ക്കാനും അമ്മാമന്റെ മകളെ കെട്ടാനും ആരുടേയും സമ്മതം വേണ്ട എന്നത് ഒരു അലിഖിത നിയമമാണ്.

നിറദിവസം രാവിലെ വീട്ടിൽ ഒരു പൂജയുണ്ട്. അവിലും മലരും ഉണ്ണിയപ്പവും നിറച്ചുവെപ്പും വേണം. വീട്ടിലെ കാരണവരോ അദ്ദേഹം നിർദേശിക്കുന്ന അനന്തരവനോ ആണ് പൂജ നടത്തുക. ഗണപതിക്ക്‌ നാളികേരം അടച്ചശേഷം പൂജക്കാരൻ, വീട്ടുപടിയ്ക്കൽ ചാണകം മെഴുകിയ സ്ഥല വെച്ച കതിർകറ്റ, ആലില, മാവില, ഉഴിഞ്ഞ എന്നിവയോടൊപ്പം തലയിൽ വെച്ച് വീട്ടിലേക്കു വരുന്നു. നിലവിളക്കു മുമ്പിലുണ്ടായിരിയ്ക്കും. വീട്ടിലെ എല്ലാവരും “നിറ നിറ പൊലി പൊലി വല്ലം നിറ ഇല്ലം നിറ വല്ലോട്ടി നിറ” എന്ന് ഉച്ചത്തിൽ ഉരുവിടുന്നു. കുട്ടികൾ ഉത്സാഹത്തോടെ ഇതിലെല്ലാം പങ്കെടുക്കും.

ഉമ്മറവാതിലിലും ചാനലുകളിലും പത്തായതിലും കതിര് വെച്ച് ചാണക ഉരുള എറിഞ്ഞുപിടിപ്പിക്കുന്നു. അരിമാവ് കലക്കിയ ഗ്ലാസ്സിന്റെ വായമുഖി വാതിലുകളിൽ പതിയ്ക്കുന്നു. കൈപ്പത്തി മാവിൽ മുക്കി വാതിലുകളിൽ വെച്ച് അലങ്കരിക്കുകയും ചെയ്യാറുണ്ട്. തട്ടിൽ മുറികളിലെ വളകളിലും ജനാലക്കമ്പികളിലും കതിര് ഉഴിഞ്ഞ ഉപയോഗിച്ച് കെട്ടുന്നു. ഈ സമയത്തെല്ലാം കുട്ടികൾ “നിറ നിറോ നിറ നിറ” എന്ന് ഉത്സാഹത്തോടെ വിളിച്ചുപറഞ്ഞുകൊണ്ടിരിക്കും. കൊയ്ത്തു കഴിഞ്ഞു ഇല്ലവും വല്ലവും പത്തായവും നിറഞ്ഞു വരുംവർഷം സമൃദ്ധമാവാനുള്ള പ്രാർത്ഥനയാണ് ഈ ആചാരം.

ഇന്ന് നിറ പഴയരീതിയിൽ ആചരിക്കുന്നില്ല. അവനവന്റെ വയലിലെ കതിരാണ് കൊണ്ടുവന്നു നിറയ്‌ക്കേണ്ടത്. മിക്കവാറും വീട്ടുകാർക്ക് ഇന്ന് കൃഷിയില്ല. കതിര് നിരന്ന വയലുകളുള്ള കൃഷിക്കാർ അത് ഭാവതിയ്ക്കു കാഴ്ചവെക്കുന്നു. ക്ഷേത്രത്തിൽ നിറപൂജ നടക്കുന്ന ദിവസം അവിടെനിന്നു ലഭിയ്ക്കുന്ന കുറച്ചു കതിര് വാങ്ങിക്കൊണ്ടുവന്നു വീട്ടിൽ നിറ ആഘോഷിക്കുന്നു. വിശപ്പടക്കാൻ മറ്റു സ്റ്റേറ്റുകളെ ആശ്രയിക്കുന്ന, റേഷൻ പീടികയിൽ ക്യൂ നിൽക്കുന്ന കാലത്തു ഈ ആഘോഷത്തിന് എന്താണ് പ്രസക്തി എന്ന് തോന്നിയേക്കാം. പക്ഷെ ഗതകാലത്തിന്റെ സ്മരണയിൽ നാം ആഹ്ളാദം കണ്ടെത്തുന്നു എന്ന് കരുതിയാൽ മതി.

മനോഹരമായി മെടഞ്ഞ കതിർക്കുലകൾ വീടിന്റെ പൂമുഖത്തു തൂക്കിയിടുന്നത് ഐശ്വര്യമായി കണക്കാക്കുന്നു. ഭംഗിയുള്ള കതിർക്കുലകൾ മെടഞ്ഞുണ്ടാക്കാനുള്ള കലാബോധവും കരകൗശലവും നമുക്ക് ഇന്നും കൈമോശം വന്നു പോയിട്ടില്ല.

തിരുവോണം ഗണപതി
ബന്ധങ്ങൾക്കനുസരിച്ചുള്ള ബഹുമതികൾ ചാർത്തിക്കൊടുക്കുന്ന ശീലം ഇന്ന് സാർവത്രികമായിട്ടുണ്ട്. മാതൃദിനവും പിതൃദിനവും അധ്യാപകദിനവും മറ്റു പല ദിനങ്ങളും നാം ആഘോഷിക്കുന്നുണ്ട്. കേരളത്തിൽ പ്രത്യേകിച്ച് വള്ളുവനാട്ടിലെ പണ്ട് ഭ്രാതൃദിനം ഒരു ആചാരവും ആഘോഷവുമായിരുന്നു. തുലാമാസത്തിലെ തിരുവോണം നാളിലാണ് പെൺകുട്ടികൾ സഹോദരസ്നേഹം പ്രകടിപ്പിക്കുന്ന ഈ ചടങ്ങു ആചരിക്കുന്നത്. തിരുവോണം ഗണപതി എന്നാണു ഇതിനു പറയുക.

പൂജയോടെയാണ് ചടങ്ങു ആരംഭിക്കുക. പ്രായപൂർത്തിയാവാത്ത സഹോദരിമാരാണ് ഇതിൽ പങ്കെടുക്കുക. അരിമാവ് കൊണ്ട് അണിഞ്ഞു ഭംഗിയാക്കിയ നിലത്തു കിഴക്കോട്ടു നാക്ക് വരുന്ന വിധം നാക്കില വെയ്ക്കുന്നു. പൂജക്ക്‌ ഇരിക്കുന്ന ബാലിക കിഴക്കോട്ടു തിരിഞ്ഞിരിക്കുന്നു. വൃത്തിയും ഭംഗിയുമുള്ള നിലവിളക്കു എണ്ണയും തിരിയുമിട്ടു ഗണപതിക്ക്‌ കൊളുത്തിവെയ്ക്കണം. ഇലയിൽ പൂജക്കുള്ള പുഷ്പങ്ങൾക്കു പുറമെ അവിൽ, മലർ, ഉണ്ണിയപ്പം, ഇലഅട എന്നിവ ധാരാളം ഉണ്ടായിരിക്കും.

പൂജ കഴിഞ്ഞാൽ സഹോദരിമാർ സഹോദരന്മാർക്ക് അപ്പവും അടയും മറ്റും വാരിക്കൊടുക്കുന്നു. ആഹ്ളാദം പങ്കിട്ടുകൊണ്ടു സഹോദരീസഹോദരന്മാർ മുറ്റത്തിറങ്ങി സൂര്യനെ കണ്ടു വന്ദിക്കുന്നതോടെ ചടങ്ങു സമാപ്തമാവും.

തിരുവോണം ഗണപതി അയൽവീടുകളിൽ കുട്ടികളെയെല്ലാം ക്ഷണിച്ചുവരുത്തി ആഘോഷമായിത്തന്നെ വീടുകളിൽ നടത്തിയിരുന്നു. മറ്റു പല ആചാരങ്ങളെയും പോലെ ഇതും വിസ്മൃതിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു.

പുത്തരി

പേരിൽനിന്നു വ്യക്തമാവുന്നതുപോലെ പുതിയ അരികൊണ്ടുള്ള ഊണാണ് പുത്തരിയൂണ്. നിറയ്ക്കുശേഷം ചിങ്ങമാസത്തിലാണ് പുത്തരി പതിവ്. കർക്കിടകത്തിൽ അല്പസ്വല്പം കൊയ്ത്തു നടക്കുമെങ്കിലും വ്യാപകമായ കൊയ്ത്തു ചിങ്ങമാസത്തിലാണ്. കൊയ്ത്തും മെതിയും കഴിന് നല്ലദിവസം നോക്കി പ്രാർത്ഥനാപൂർവ്വം പുതിയ അരി വെച്ച് ഉണ്ണുന്നതാണ് പുത്തരി. പുത്തരിപ്പായസവും ഉണ്ടാക്കും.

പുന്നെല്ലു ഇടിച്ചു അവിൽ ഉണ്ടാക്കുന്ന സമ്പ്രദായവും ഉണ്ട്. പുന്നെല്ലിന്റെ അവിൽ വളരെ സ്വാദിഷ്ടമാണ്.

Author: renjiveda

I'm not I

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s