ആയുർവേദ പഴഞ്ചൊല്ലുകൾ

പഴഞ്ചൊല്ലിൽ പതിരില്ല എന്ന് പഴമക്കാർ പറയുന്നത് വളരെ ശരിയാണ്. കാരണം അതിൽ ചില വിലപ്പെട്ട അറിവുകൾ ഒളിച്ചിരിപ്പുണ്ടാവും ഒരുപാട് അനുഭവസമ്പത്ത് കൊണ്ട് ആർജ്ജിച്ചെടുത്ത അറിവുകൾ.

🌿 ഇതാ കുറേ അർത്ഥവത്തായ ആയുർവേദ പഴഞ്ചൊല്ലുകൾ🌱

ചോര കൂടാൻ ചീര കൂട്ടുക (എന്നുപറഞ്ഞാൽ അനീമിയ പോലുള്ള അസുഖങ്ങളിൽ ചീര ഉപയോഗിക്കുന്നത് വളരെ നല്ലതാണ്).

*നീരു കൂടിയാൽ മോര് * (എന്നുപറഞ്ഞാൽ ശരീരത്തിൽ നീര് കൂടിയാൽ അതു കുറയാൻ പുളിയില്ലാത്ത കാച്ചിയ മോര് കൂട്ടുന്നത് നല്ലത് ).

അരവയർ ഉണ്ടാൽ ആരോഗ്യമുണ്ടാകും (വയറുനിറയെ ഭക്ഷണം കഴിക്കരുത്. അരവയർ എപ്പോഴും കാലിയായി വയ്ക്കാം അപ്പോൾ ആരോഗ്യമുണ്ടാകും).

അതിവിടയം അകത്തായാൽ അതിസാരം പുറത്ത് (വയറിളക്കത്തിന് വളരെ നല്ല ഔഷധമാണ് അതിവിടയം).

ചക്കയ്‌ക്ക് ചുക്ക്‌ – മാങ്ങായ്‌ക്ക് തേങ്ങ
(ചക്ക തിന്ന് ഉണ്ടായ ദഹനക്കേടിന് ചുക്ക് കഷായം വെച്ചു കുടിക്കുക. മാങ്ങ കഴിച്ച് ഉണ്ടായ ഉൾപ്പുഴുക്കത്തിനും ദഹനക്കേടിനും തേങ്ങ പാൽ കുടിക്കുക അല്ലെങ്കിൽ തേങ്ങ തിന്നുക).

കണ്ണിൽ കുരുവിന് കൈയ്യിൽ ചൂട്
(കണ്ണിൽ കുരു വന്നാൽ കൈകൾ തമ്മിൽ കൂട്ടി തിരുമ്മി ആ ചൂട് കൊള്ളിച്ചാൽ ആ കുരു പോകും).

രാത്രി കഞ്ഞി രാവണനും ദഹിക്കില്ല
(രാത്രിയിൽ കഞ്ഞി പോലും ദഹിക്കാൻ ബുദ്ധിമുട്ടാണ് അതുകൊണ്ട് ലഘുവായ ഭക്ഷണം മാത്രം കഴിക്കുക).

തലമറന്ന് എണ്ണ തേക്കരുത് (എന്നുപറഞ്ഞാൽ അർഹത ഇല്ലാത്തത് സ്വന്തമാക്കിയാൽ അർഹിക്കാത്തത വേദന അനുഭവിക്കേണ്ടിവരും. ഒന്ന് കൂടി ചുരുക്കി പറഞ്ഞാൽ നാം എന്താണെന്നുള്ള ബോധത്തോടുകൂടി ആത്മ സംയമനം പാലിച്ചു ജീവിക്കുക).

നേത്രാമയേ ത്രിഫല
(എന്നു പറഞ്ഞാൽ നേത്രരോഗങ്ങളിൽ ത്രിഫലയാണ് — കടുക്ക, നെല്ലിക്ക, താന്നിക്ക — ഉത്തമം).

സ്ഥൂലന് ചികിത്സയില്ല (അമിതവണ്ണമുള്ള വരെ ചികിത്സിക്കാൻ ബുദ്ധിമുട്ടാണ് ).

ഉപവാസം ആരോഗ്യത്തിലേക്കുള്ള രാജപാത
(ഉപവസിക്കലാണ് ഏറ്റവും നല്ല ഔഷധം).

ആധി കൂടിയാൽ വ്യാധി (അമിതമായ ആകുലതകൾ ഉള്ളവർക്ക് രോഗങ്ങൾ വന്നു ഭവിക്കും).

ചുക്കില്ലാത്ത കഷായമില്ല (ഒട്ടുമിക്ക കഷായങ്ങളും ചുക്കുണ്ട് ചുക്ക് ദഹനശക്തിയെ വർദ്ധിപ്പിക്കുന്ന ഒരു ഔഷധമാണ്).

വൈദ്യൻ അല്ലല്ലോ ആയുസ്സിൻ പ്രഭു
(വൈദ്യന് അവരുടേതായ പരിമിതികളുണ്ട് ആയുസ്സിൻ്റെ പ്രഭു ഈശ്വരനാണ്).

അമിതമായാൽ അമൃതും വിഷം
(ശരീരത്തിന് ആരോഗ്യം തരുന്ന എന്തു വസ്തുവും അമിതമായി ഭക്ഷിച്ചാൽ അത് വിഷം പോലെ ഭവിക്കും).

ഇളനീർ തലയിൽ വീണാൽ ഇളനീർ
(എന്നുപറഞ്ഞാൽ തെങ്ങിൻചുവട്ടിൽ നിൽക്കുന്ന സമയത്ത് നാളികേരം തലയിൽ വീണാൽ നാളികേര ജലം കൊണ്ട് തലയിൽ ധാര ചെയ്യുക).

അടിയിൽ എണ്ണ തേച്ചാൽ തല വരെ
(ഉള്ളം കാലിൽ എണ്ണ തേച്ചാൽ അതിന്റെ ഫലം തല വരെ കിട്ടും).

മച്ചിത്വം മാറാൻ പുത്രജനനി (പുത്രജനനി എന്നുപറഞ്ഞാൽ തിരുതാളി എന്നർത്ഥം. കുട്ടികൾ ഇല്ലാത്തവർ തിരുതാളി പാൽ കഷായം വെച്ചു കുടിച്ചാൽ കുട്ടികൾ ഉണ്ടാകും എന്ന് ഇതിനർത്ഥം).

നീർവാളം ശരിയായാൽ ഗുണം, അമിതമായാൽ ആനയ്ക്കും മരണം
(എന്നുപറഞ്ഞാൽ കൃത്യമായ അളവിൽ നീർവാളം വയറിളക്കാൻ ഉപയോഗിച്ചില്ലെങ്കിൽ ആന പോലും മരിക്കും എന്ന് അർത്ഥം).

സഹചരാദി ക്വാഥ സേവന ഓടാം ചാടാം നടക്കാം യഥേഷ്ടം
(കരിങ്കുറിഞ്ഞി വേര്, ചുക്ക്, ദേവദാരത്തടി ഇവ കൊണ്ടുള്ള സഹചരാദി കഷായം കഴിച്ചാൽ ഓടിച്ചാടി നടക്കാം).

കിഴിയിൽ പിഴച്ചാൽ കുഴി, പിഴിച്ചിൽ പിഴച്ചാൽ വൈകുണ്ഠയാത്ര സൗജന്യം (എന്നുപറഞ്ഞാൽ കിഴിയും, പിഴിച്ചിലും നോക്കിക്കണ്ടു ചെയ്തില്ലെങ്കിൽ രോഗി മരിക്കും).

അജീർണ്ണേ ഭോജനം വിഷം (പ്രാതൽ ദഹിയ്ക്കുംമുമ്പ് കഴിച്ച ഉച്ചയൂണും, ഉച്ചയൂണു ദഹിയ്ക്കുംമുമ്പ് കഴിച്ച അത്താഴവും വിഷമാണ് ).

അർദ്ധരോഗഹരീ നിദ്രാ
(പാതി രോഗം ഉറങ്ങിയാൽ തീരും).

മുദ്ഗദാളീ ഗദവ്യാളീ (ചെറുപയർ രോഗം വരാതെ കാക്കും. മറ്റു പയറുകളുടെ ദോഷം ചെറുപയറിനില്ല).

ഭഗ്നാസ്ഥിസന്ധാന കരോ രസോനഃ
(വെളുത്തുള്ളി ഒടിഞ്ഞ എല്ലിനെ കൂട്ടിച്ചേർക്കും).

അതി സർവ്വത്ര വർജ്ജയേൽ (ഒന്നും അമിതമായി കഴിയ്ക്കരുത്, ചെയ്യരുത്, ഉപയോഗിക്കരുത്).

നാസ്തി മൂലം അനൗഷധം (ഔഷധഗുണം ഇല്ലാത്ത ഒരു സസ്യവും ഇല്ല).

ന വൈദ്യ: പ്രഭുരായുഷ: (വൈദ്യൻ ആയുസ്സിന്റെ നാഥനല്ല).

മാതൃവത് പരദാരാണി (അന്യസ്ത്രീകളെ അമ്മയായി കാണണം).

ചിന്താ വ്യാധിപ്രകാശായ (മനസ്സു പുണ്ണാക്കിയാൽ ശമിച്ച രോഗം പുറത്തുവരും).

വ്യായാമശ്ച ശനൈഃ ശനൈഃ (വ്യായാമം പതിയെ വർദ്ധിപ്പിയ്ക്കണം. പതിയെ ചെയ്യണം — അമിതവേഗം പാടില്ല ).

അജവത് ചർവ്വണം കുര്യാത് (ആഹാരം നല്ലവണ്ണം — ആടിനെപ്പോലെ — ചവയ്ക്കണം. ഉമിനീരിലാണ് ആദ്യത്തെ ദഹനപ്രക്രിയ).

സ്നാനം നാമ മനഃപ്രസാദനകരം ദുസ്സ്വപ്നവിദ്ധ്വംസനം
(കുളി വിഷാദം മാറ്റും, പേക്കിനാക്കളെ പറപറത്തും).

ന സ്നാനം ആചരേത് ഭുക്ത്വാ (ഊണുകഴിഞ്ഞയുടനെ കുളി പാടില്ല. ദഹനം സ്തംഭിയ്ക്കും).

നാസ്തി മേഘസമം തോയം (മഴവെള്ളം പോലെ ശുദ്ധമായ വേറെ വെള്ളം ഇല്ല).

അജീർണ്ണേ ഭേഷജം വാരി (തെറ്റിയ ദഹനത്തെ പച്ചവെള്ളം ശരിയാക്കും).

സർവ്വത്ര നൂതനം ശസ്തം സേവകാന്നേ പുരാതനം (എല്ലാറ്റിലും പുതിയതാണ് നല്ലത്, പഴയ അരിയിലും പഴകിയ വേലക്കാരനിലും ഒഴികെ).

നിത്യം സർവ്വ രസാഭ്യാസ (ദിവസവും ആറ് രസവും ചേർന്ന ഭക്ഷണം കഴിക്കണം — ഉപ്പ്, കയ്പ്പ്, ഇനിപ്പ്, ചവർപ്പ്, പുളിപ്പ്, കഷായം).

ജഠരം പൂരയേദർദ്ധം അന്നൈ (ആഹാരം കൊണ്ട് വയറിന്റെ പാതിമാത്രം നിറയ്ക്കുക — ബാക്കിയിൽ കാൽഭാഗം വെള്ളം, ബാക്കി ശൂന്യം).

ഭുക്ത്വോപവിശതസ്തന്ദ്രാ (ഉണ്ടിട്ട് ഇരുന്നാൽ ക്ഷീണം വരും — ഉണ്ടാൽ അരക്കാതം നടക്കുക).

ക്ഷുത് സ്വാദുതാം ജനയതി: (വിശപ്പ് രുചി വർദ്ധിപ്പിക്കും).

ചിന്താ ജരാണാം മനുഷ്യാണാം (മനസ്സു പുണ്ണാക്കുന്നത് ജരയെ ത്വരിപ്പിയ്ക്കും).

ശതം വിഹായ ഭോക്തവ്യം (നൂറു കാര്യം നിർത്തണമെങ്കിലും ഊണ്, സമയത്തു കഴിയ്ക്കണം).

സർവ്വധർമ്മേഷു മദ്ധ്യമാം (എല്ലാ ധർമ്മത്തിനും ഇടയ്ക്കുള്ള വഴിയേ പോകുക).

നിശാന്തേ ച പിബേത് വാരി (ഉണർന്നാലുടൻ ഒരു വലിയ അളവ് പച്ചവെള്ളം കുടിയ്ക്കണം. മലബന്ധം ഒഴിയും, ശരീരത്തിലെ toxins കഴുകിക്കളയും).

വൈദ്യാനാം ഹിതഭുക് മിതഭുക് രിപു
(ഹിതാഹാരം മിതമായിക്കഴിയ്ക്കുന്നവൻ വൈദ്യന്റെ ശത്രു — കാരണം, അവനു രോഗം വരില്ല. രോഗമില്ലാതെ വൈദ്യനെന്തു വരുമാനം…? ).

ശക്യതേऽപ്യന്നമാത്രേണ നര: കർത്തും നിരാമയ:
(ആഹാരം മാത്രം ക്രമീകരിച്ചു രോഗങ്ങളില്ലാതെയാക്കാം).

ദാരിദ്ര്യം പരമൗഷധം (ദാരിദ്ര്യത്തിൽ പല രോഗങ്ങളും മാറും. അതായത്, അമിതഭക്ഷണത്തിൽ നിന്നും വ്യായാമക്കുറവിൽനിന്നും അമിതസുഖഭോഗത്തിൽ നിന്നുമാണ്, രോഗങ്ങൾ ജനിയ്ക്കുന്നത്).

ആഹാരോ മഹാഭൈഷജ്യമുച്യതേ (ആഹാരമാണ് മഹാമരുന്ന്).

സുഹൃർദ്ദർശനമൗഷധം (സ്നേഹിതരെക്കണ്ടാൽ രോഗത്തിന് ആശ്വാസം വരും).

ജ്വരനാശായ ലംഘനം (പനിയുണ്ടെങ്കിൽ ഉണ്ണരുത് ).

പിബ തക്രമഹോ നൃപ രോഗ ഹരം
(ഹേ, രാജാവേ, മോരു കുടിയ്ക്കൂ — രോഗം മാറും. പാലിലും വെണ്ണയിലും മറ്റുമുള്ള കൊഴുപ്പു മോരിലില്ല, അവയിലെ മറ്റെല്ലാ ഗുണങ്ങളും ഉണ്ടുതാനും).

ന ശ്രാന്തോ ഭോജനം കുര്യാത് (തളർന്നിരിയ്ക്കുമ്പോൾ ഉണ്ണരുത് ).

ഭുക്ത്വോപവിശത: സ്ഥൗല്യം (ഉണ്ടിട്ടു നടന്നില്ലെങ്കിൽ തടിയ്ക്കും).

ദിവാസ്വാപം ന കുര്യാതു (പകലുറങ്ങരുത് — കാരണം, മേദസ്സു കൂടും, രാത്രിയിലെ ഉറക്കം തടസ്സപ്പെടും).

ലാഭാനാം ശ്രേഷ്ഠമാരോഗ്യം (ഏറ്റവും മുന്തിയ നേട്ടം — ആരോഗ്യം. അതിനുവേണ്ടി മറ്റെല്ലാം കൈവെടിയണം).

സർവ്വമേവ പരിത്യജ്യ ശരീരം അനുപാലയേത്
(മറ്റെല്ലാം കൈവിട്ടാണെങ്കിലും ദേഹം കാത്തുരക്ഷിയ്ക്കണം).

പ്രാണായാമേന യുക്തേന സർവ്വരോഗക്ഷയോ ഭവേൽ (ശ്വാസോച്ഛ്വാസം പ്രാണായാമ രീതിയിൽ ചെയ്‌യുന്നവനെ രോഗം ബാധിയ്ക്കില്ല).

വിനാ ഗോരസം കോ രസം ഭോജനാനാം?
(അൽപ്പം തൈരോ മോരോ ഇല്ലാത്ത ഊണ് ഊണാണോ…?).

ആരോഗ്യം ഭോജനാധീനം (ആരോഗ്യം വേണമെങ്കിൽ എന്ത്, എങ്ങിനെ ആഹരിയ്ക്കുന്നു ശ്രദ്ധിയ്ക്കുക).

മിതഭോജനേ സ്വാസ്ഥ്യം (ആരോഗ്യത്തിന്റെ അടിസ്ഥാനം അളവു മിതമായ ആഹാരത്തിലാണ് ).

സർവ്വരോഗഹരീ ക്ഷുധാ (ഉപവാസം കൊണ്ട് അനവധി രോഗങ്ങൾ മാറ്റാം. ശരീരത്തിന് സ്വന്തം രോഗനാശന ശക്തിയുണ്ട്. അത് ഉപവസിയ്ക്കുമ്പോൾ ഉണർന്നു പ്രവർത്തിയ്ക്കും).

Author: renjiveda

I'm not I

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: