ശിവസ്വരോദയം അഥവാ ശരനൂൽശാസ്ത്രം

ശിവസ്വരോദയം അഥവാ ശരനൂൽശാസ്ത്രം

🌹🌸💐🌹🌹🙏🙏

ഇഡ,പിംഗല എന്നീ രണ്ടു നാഡികളിലൂടെ സാധാരണ ഒരേ സമയം ശ്വാസം ഒരുപോലെ പ്രവർത്തിക്കുകയില്ല. ഏതെങ്കിലും ഒരു നാഡി നന്നായി പ്രവര്‍ത്തിക്കും.മൂക്കിലെ ശ്വാസം കൈവച്ച് പരിശോധിച്ചാല്‍ അറിയാന്‍ കഴിയും. ഇഡ തണുപ്പാണ് ആയതിനാല്‍ അതിനെ ചന്ദ്രൻ എന്നും പിംഗല ചൂടു് ആയതിനാല്‍ സൂര്യനെന്നും പറയുന്നു. സുഷുമ്ന അഗ്നിയും ഹംസരൂപവുമാകുന്നു. ഹംസത്തിൻ്റെ ചിറകുകൾ ഈ രണ്ടുനാഡികളാണെന്ന് സങ്കല്പം.

ഏത് നാഡിയിൽ കൂടിയാണോ കൂടുതലായി ശ്വാസം സഞ്ചരിക്കുന്നത് ആ നാഡിയുടെ സ്വഭാവം ശരീരത്തില്‍ ഉണ്ടായിരിക്കും. ഇഡ നാഡി ശരത്തിന് തണുപ്പും വലതു പിംഗല നാഡിക്ക് ചൂടും അനുഭവപ്പെടും. യോഗികൾ തണുപ്പുള്ള സ്ഥലങ്ങളില്‍ ഹിമാലയം പോലുള്ള ഇടങ്ങളില്‍ ശരീരം ചൂടാക്കാന്‍ സൂര്യനാഡിയിൽ കൂടി പ്രാണനെ കയററുകയും മണിപൂരകചക്രത്തിൽ സംയമനം ചെയ്യുകയും ചെയ്യും .ഇതിലൂടെ ശരീരം ചൂടാകും. തിരിച്ച് പ്രവർത്തിച്ചാൽ ചൂടുള്ളപ്പോൾ തണുപ്പിക്കാനും കഴിയും.

ചന്ദ്രനാഡിപ്രവർത്തിക്കേണ്ട സമയം സൂര്യനാഡി പ്രവർത്തിച്ചാലും സൂര്യനാഡി പ്രവർത്തിക്കേണ്ട സമയം ചന്ദ്രനാഡി പ്രവർത്തിച്ചാലും ആ സമയത്ത് മംഗളകരമായ ഒന്നും ചെയ്യരുത്. രാത്രിയില്‍ ചന്ദ്രനാഡി ഒഴിവാക്കിയും പകൽ സൂര്യ നാഡി ഒഴിവാക്കിയും പരിശീലിച്ചാൽ സാധകൻ യോഗിയായിമാറും.ചന്ദ്ര സ്വരം ഉദിക്കുന്ന സമയം വ്യക്തിക്ക് സമാധാനത്തിൽ കാര്യങ്ങള്‍ ചിന്തിക്കുവാനും ശരിയായ തീരുമാനങ്ങൾ എടുക്കുവാനും കഴിയുന്നു. പൊതുവെ ഗുണം ചെയ്യുന്നു. സൂര്യ സ്വരം അലസത മാറി ഊർജ്ജസ്വലമാകുന്നു. ശാരീരിക അദ്ധ്വാനമുള്ള കർമ്മങ്ങൾക്ക് ഗുണം ചെയ്യും.പക്ഷേ കർമ്മങ്ങളുടെ ആയുസ്സ് കുറവാകും.

സുഷുമ്ന സ്വരം ആത്മീയമായ വിഷയങ്ങൾക്ക് മാത്രമേ ഉപയോഗിക്കാവൂ. മനസ്സ് നിശ്ചലമാകും. സ്വരം ആദ്യം സഞ്ചരിക്കുന്നത് വായുവിലൂടെയും രണ്ടാമത് അഗ്നിയിലൂടെയും മൂന്നാമത് ഭൂമിയിലൂടെയും നാലാമതായി ജലത്തിലൂടെയുമാണ്.( ശി.സ്വ 71,72 ). ആകാശഭൂതത്തിൽ ഉദിക്കുന്ന വായു അവിടെ അരനാഴിക സഞ്ചരിച്ച് വായുതത്വത്തിൽ പ്രവേശിക്കുന്നു.അവിടെ മുക്കാൽ നാഴിക നിന്നിട്ട് അടുത്ത തത്വമായ അഗ്നിയിൽ കടക്കുന്നു. ഒരുനാഴിക കഴിഞ്ഞ് പൃഥ്വീ ഭൂതത്തിൽ കടന്ന് ഒന്നര നാഴിക ചിലവഴിച്ച് തുടർന്ന് ജലഭൂതത്തിലേക്ക് കടന്ന് ഒന്നേകാൽ നാഴിക സഞ്ചരിക്കുന്നു. ഒരു യോഗി ഈ ചലനം വ്യക്തമായി അറിയുന്നു.(അഭിപ്രായ വ്യത്യാസം കാണുന്നുണ്ട്)

ഇഡ നാഡി പ്രവർത്തിക്കുമ്പോൾ ശാന്തിയും സമാധാനവുമായ ജോലികള്‍ ചെയ്യുക,ദാന ധർമ്മങ്ങൾ ചെയ്യുക ,ദീക്ഷചെയ്യുക,ദീർഘ യാത്ര ചെയ്യുക,വിത്ത് നടുക,മരുന്ന് കൈകാര്യം ചെയ്യുക,മേലുദ്യോഗസ്ഥനെ സമീപിക്കുക,വെള്ളം കുടിക്കുക,പാടുക ,വശ്യകർമ്മങ്ങൾ ചെയ്യുക,വിവാഹം,ഗൃഹോപകരണങ്ങൾ വാങ്ങുക, കുളം, കിണർകുഴിക്കൽ, കച്ചവടം, സൽപ്രവർത്തികൾ, രസവാതം, വിദ്യാരംഭം, രോഗചികില്‍സ, ഗുരുവിനെ കാണുക, വാഹനം വാങ്ങുക, നഗരത്തിലോ ഗ്രാമത്തിലോ കയറുക, രസായനങ്ങൾ സേവിക്കുക, മിത്രസമാഗമം, സന്ധിസംഭാഷണം ഇവയ്ക്കെല്ലാം ഉത്തമമാണ്. പക്ഷേ ഇഡയിലൂടെ വായുഭൂതവും, അഗ്നിഭൂതവും, ആകാശഭൂതവും സഞ്ചരിക്കുമ്പോൾ ഫലം കുറയും.

വലതു നാഡി പ്രവർത്തിച്ചാൽ ശാരീരികാദ്ധ്വാനം ചെയ്യുക,കഠിന പ്രവർത്തികൾ,ക്രൂരകർമ്മങ്ങൾ, മാരണ പ്രയോഗങ്ങൾ,ആഹാരം കഴിക്കുക, പയറ്റ്,ഗുസ്തി,വഴക്ക്,വഗ്വാദം ഇവ ചെയ്യുക,സാഹസികമായ പ്രവര്‍ത്തനം കുതിര സവാരി,ശിക്ഷ നടത്തുക,വീരമന്ത്രാദികളുടെ ഉപാസന,വേട്ടയാടൽ,വ്യായാമം, യുദ്ധം,കുളി,ഭക്ഷണം മൃഗങ്ങളുടെ ക്രയവിക്രയം,യക്ഷിണി,യക്ഷൻ, വേതാളം, ഇവയെ ഇല്ലാതാക്കാം, നദി,കടൽ ഇവ നീന്താം,മരം മുറിക്കാം,പാറപ്പൊട്ടിക്കാം,രത്നങ്ങൾ മിനുസപ്പെടുത്താം, പ്രേതാകർഷണം ചെയ്യാം, ആഭിചാരം ചെയ്യാം. ഇവയ്ക്ക് പിംഗല നാഡി നല്ലത്.

പുരുഷന്‍റെ വലതുകല പ്രവർത്തിക്കുമ്പോൾ സ്തീയുമായി ലൈംഗികബന്ധം ഏർപ്പെടുന്നത് വിശേഷ നല്ലത്. അപ്പോൾ സ്ത്രീ ഇടതുകല പ്രവർത്തിപ്പിച്ചാൽ വശ്യവും സ്നേഹബന്ധത്തിനു ദൃഢതയും ഉണ്ടാകും. ഈ സമയം ബീജനാശം വരാതിരിക്കാനും സ്വര യോഗത്താൽ കഴിയും സിദ്ധ യോഗികൾക്ക് ഈ വിദ്യ അറിയാം. ഗുരുവിൽ നിന്ന് മനസ്സിലാക്കുക.

യുദ്ധത്തിലോ വാക്കുതർക്കങ്ങളിലോ പ്രതിയോഗിയെ സ്വരം ഇല്ലാത്ത വശത്ത് നിർത്തണം എങ്കില്‍ നമുക്കു വിജയം ഉറപ്പാകും

ദാമ്പത്യ വഴക്കുകള്‍ പോലും പരിഹരിക്കാന്‍ കഴിയും. ആരുടെ പ്രീതിയും ആനുകൂല്യവും വേണമോ അവരെ നമ്മുടെ സ്വരമുള്ള ദിക്കില്‍ നിർത്തണം ശക്തൻമാരെ ക്ഷയിപ്പിക്കാൻ സ്വരം ഇല്ലാത്ത വശത്ത് നിർത്തി പ്രവർത്തിക്കണം.

യാത്രതുടങ്ങുമ്പോൾ ഏത് സ്വരമാണോ പ്രവർത്തിക്കുന്നത് ആഭാഗത്തെ പാദം മുന്നോട്ട് വച്ച് തുടങ്ങണം. ആരുടെ പ്രീതിക്കായി ദാനം നൽകുകയോ അപേക്ഷകൾ കൊടുക്കുകയോ, ആഹാരപദാർത്ഥങ്ങൾ നൽക്കുകയോ ചെയ്യുമ്പാൾ സ്വരം നിൽക്കുന്ന ഭാഗത്തെ കൈകൾ ഉപയോഗിക്കുക. ആളെ സ്വരം ഉള്ള ദിശയിൽ നിർത്തുക. പരീക്ഷകൾ എഴുതുമ്പോൾ വലതു നാഡി ആയാൽ ഊർജ്ജസ്വലതകൂട്ടും. മരുന്നിനു ചെടികൾ എടുക്കുമ്പോഴും ,രോഗചികില്‍സയ്ക്കും ഇഡത് നാഡി ഉത്തമം.

ഫലപ്രവചനത്തിന് സ്വരശാസ്ത്രം ഉപയോഗിക്കേണ്ട സാമാന്യ വിധി പ്രശ്നമാർഗ്ഗം എന്ന ജ്യോതിഷ ഗ്രന്ഥത്തില്‍ രണ്ടാം അദ്ധ്യായത്തില്‍ 26 മുതൽ 64 വരെ യുള്ള ശ്ലോകത്തില്‍ കൂടി വ്യക്തമാക്കുന്നു. ജ്യോൽസ്യന് സ്വരോദയം അറിയുന്നത് ഗുണം നൽകും.

സുഷുമ്നയിൽ പ്രാണൻ സഞ്ചരിക്കുമ്പോൾ നല്ലതും ചീത്തയും ആയ പ്രവർത്തികൾ ഒന്നും ചെയ്യരുത്. ധ്യാന യോഗ,പൂജകർമ്മാദികൾ ചെയ്യാം. ഇവിടെ പ്രവർത്തിച്ചാൽ

കർമ്മങ്ങൾക്ക് ആയുസ്സ് കുറവാണ് . സാമാന്യ കാര്യങ്ങൾ മാത്രമേ എഴുതിയതുള്ളൂ. പഞ്ചഭൂതോദയങ്ങൾ അറിഞ്ഞ് യമനിയമങ്ങള്‍ പാലിച്ചുകൊണ്ടു് മാത്രമേ സ്വരം അഭ്യസിക്കാവൂ. എങ്കിലെ പൂർണ്ണഫലം ലഭിക്കു. ദുരുപയോഗം ചെയ്യരുത്. സിദ്ധ യോഗികളുടെ ശാപത്തിനിടവരരുത്.

സ്വരയോഗത്തിൻ്റെ ആവശ്യം അറിഞ്ഞ് അതിൽ ധ്യാനിക്കുന്നവൻ സ്വയം അയാളുടെ ഗുരുവാകും സ്വന്തം മനസ്സിലും ബുദ്ധിയിലും ശക്തമായ നിയന്ത്രണം ഉണ്ടാകും

സ്വരജ്ഞാനം സിദ്ധിച്ചവൻ സാക്ഷാൽ പരമശിവൻ തന്നെ യാകുന്നു. ശിവയോഗിയും അവൻതന്നെ. ഈ ഒരൊറ്റ ജ്ഞാനത്താൽ അഷ്ടൈശ്വര്യങ്ങളും പുരുഷാർത്ഥങ്ങളും ഉപാസകനെ തേടിയെത്തും. സ്വര ബലത്താൽ ശത്രുനാശവും മിത്രസമാഗമവും സാധിക്കും ദേവതാ സിദ്ധി രാജപ്രീതി ഇവ നേടാം. ആഗ്രഹപൂർത്തീകരണം കഴിഞ്ഞ് കാലിലെ പൊടിപോലെ ഇവയെല്ലാം ത്യജിച്ച് മോക്ഷമാർഗ്ഗത്തിനുപയോഗിക്കണം എന്ന് ശിവൻ പാർവ്വതിക്ക് ഉപദേശിക്കുന്നു.

സാധാരണ കാർക്ക് രണ്ട് മണിക്കൂറില്‍ കൂടുതൽ സുഷുമ്നയില്‍ പ്രാണൻ സഞ്ചരിച്ചാൽ ആരോഗ്യപ്രശ്നമുണ്ടാകും. ഏത് മൂക്കിലൂടെ യാണ് ശ്വാസം സഞ്ചരിക്കുന്നതെന്ന് കൈവച്ച് പരിശോധിച്ചാല്‍ അറിയാൻ കഴിയും. കൂടുതല്‍ ശ്വാസം വരുന്ന ഭാഗത്തെ നാഡിയാണ് അപ്പോൾ പ്രവർത്തിക്കുന്നത്. പല രീതിയിൽ കൂടി സ്വരം മാറ്റുവാൻ കഴിയും .ചന്ദ്ര സ്വരം സഞ്ചരിക്കാൻ വലതു വശം ചരിഞ്ഞ് കിടക്കുക. സൂര്യ സ്വരം സഞ്ചരിക്കുന്നതിന് ഇടതുവശം ചരിഞ്ഞ് കിടക്കുക ഇതിലൂടെ സ്വരം മാറും. അല്ലെങ്കില്‍ ഏതു സ്വരമാണോ വേണ്ടത് മറ്റേ ഭാഗത്തെ മൂക്ക് അടച്ചവച്ച് 10,12 മിനിട്ട് ശ്വസിക്കുക. വേറെ മാർഗ്ഗങ്ങൾ ഉള്ളത് ഗുരുവിൽ നിന്ന് അറിയുക.

ശരാശരി 20 മിനിട്ട് മുതൽ രണ്ടു മണിക്കൂര്‍ വരെ സമയമാണ് ഒരു സ്വരചക്രം സഞ്ചരിക്കുന്നത്. ഓരോ പ്രവർത്തിക്കും അനുസരിച്ചു് യോഗി സ്വരം മാറ്റം വരുത്തും. മനസ്സിൻ്റെ സങ്കല്പം കൊണ്ട് യോഗിക്ക് സ്വരം മാറ്റാൻ കഴിയും. സാധാരണ കാർ സ്വരം ഉദിക്കുന്നതു് അറിഞ്ഞു കർമ്മമനുഷ്ഠിക്കുന്നതാണ് നല്ലത്. സ്വരം മാറ്റുന്നത് നല്ലതല്ല ശരീരത്തെ ബാധിച്ച് രോഗാവസ്ഥയുണ്ടാക്കും. നിരന്തരമായ പരിശ്രമത്തിലൂടെ സ്വരം മാറുന്ന സമയം അരമണിക്കൂര്‍ തോറും ശ്രദ്ധിച്ച് എഴുതിവച്ച് ഒരാഴ്ച കൊണ്ട് സാധാരണയായി സ്വരമാറ്റം കണ്ടുപിടിക്കാന്‍ കഴിയും. യോഗികള്‍ സ്വരം മാറ്റി പഞ്ചഭൂതങ്ങള്‍ ഉദിക്കുന്ന സമയം അനുകൂലപ്പെടുത്തി.പഞ്ചപക്ഷി സമയം അറിഞ്ഞ് കർമ്മം നടത്തുന്നു. യോഗിയുടെ ഈ പ്രവർത്തനത്തെ പ്രപഞ്ചവും ഗ്രഹങ്ങളും അനുകൂലിക്കുന്നു. മാന്തികകർമ്മങ്ങളിൽ അറിവുള്ള കർമ്മി ഇതുപയോഗപ്പെടുത്തിയാൽ ആവ്യക്തിയുടെ കർമ്മം തടയാൻ ഒരു ശക്തികള്‍ക്കും കഴിയില്ല. അഷ്ടകർമ്മങ്ങൾക്കും ആവാഹനത്തിനും സ്വര നൂൽ ശാസ്ത്രം കൂടിയെ തീരു. കൂടുതല്‍ വിവരിക്കാൻ കഴിയില്ല. ഗുരുമുഖത്ത് നിന്നറിയുക.

മന്ത്ര ഉപാസനകളിലും ദേവതാരൂപങ്ങളിലും സ്വരം മാറ്റത്തിൻ്റെ പ്രാധാന്യം ഉണ്ട്. വൈദ്യ കർമ്മങ്ങളിലും ജ്യോതിഷത്തിലും മാന്ത്രിക പരിഹാര കർമ്മങ്ങളിലും സ്വരം അറിഞ്ഞു പ്രവർത്തിക്കണം. ഇതെല്ലാം കർമ്മങ്ങൾ ഏറ്റുവാങ്ങുന്ന മേഖലയാണ്. എങ്ങനെയെന്നാൽ പൂർവ്വ ജൻമ കർമ്മാർജ്ജിത ഫലങ്ങളാണ് ഓരോവ്യക്തിയും ദുരിതങ്ങള്‍ ആയും രോഗങ്ങളായും അനുഭവിക്കുന്നതെന്ന് അറിയാമല്ലോ? സഞ്ചിത കർമ്മവും പ്രാരാബ്ധ കർമ്മവും ഉണ്ട്. ഇതിൽ കാഠിന്യമുള്ള പ്രാരാബ്ധ കർമ്മങ്ങൾക്ക് ഉൾപ്പെടെ പരിഹാരം നിശ്ചയിക്കുന്ന വ്യക്തി ജ്യോത്സ്യന്മാര്‍ ആയാലും വൈദ്യൻമാർ ആയാലും മാന്ത്രികർ ആയാലും അവരുടെ കർമ്മദോഷത്തിൻ്റെ പങ്കുവഹിക്കേണ്ടതായിവരും ഇതിൽ നിന്ന് രക്ഷനേടണമെങ്കിൽ അവിടെ സ്വരമറിഞ്ഞ് പ്രവര്‍ത്തിക്കണം. സ്വരത്തിന് വളരെ പ്രാധാന്യം ഉണ്ട്. കർമ്മം ഫലിക്കാനും ദോഷം വരാതിരിക്കാനും സ്വരം അറിയണം. വിമർശ്ശിക്കുന്നവർക്ക് വിമർശ്ശിക്കാം ‘കുണ്ടെലിക്ക് ‘ഇങ്ങനെയുള്ള അറിവുകൾ കൂടി ഉണ്ട്. ‘ഊർദ്ധ്വം വലി ‘ മാത്രമല്ല എന്നകാര്യം വിമർശ്ശിക്കുന്നവരറിയണം.

ശ്വാസവും കാലവും പ്രപഞ്ചവും തമ്മിൽ ബന്ധപ്പെടുന്നത് എങ്ങനെ എന്ന് ഇതിനുമുൻപ് പറഞ്ഞിട്ടുണ്ട്. ശരിയാണെന്ന് തോന്നുന്നവർ ഗുരുമുഖത്ത് അന്വേഷിച്ചു കണ്ടെത്തുക. കൂടുതല്‍ വിവരിക്കാൻ അനുവാദമില്ല.

ഒരു കാര്യം കൂടി വലതു തുടയിൽ ചേർത്ത് കാൽ വച്ചതും ഇടത് തുടയിൽ ചേർത്ത് കാൽവച്ചും പത്മാസനത്തിലും ദേവതകൾ ഇരിക്കുന്നത് കാമദ,ജ്ഞാനദ,

യോഗദാ ഭാവങ്ങൾ ഉള്ള ദേവതാ ചിത്രങ്ങള്‍ കണ്ടിട്ടില്ലേ? ഇത് യോഗശാസ്ത്രത്തിൽ എന്തെന്നറിയണം. സ്വരമാറ്റത്തിൻ്റെയും ഉപാസനയിൽ സ്വരം ഏതു ഭാഗത്ത് സഞ്ചരിക്കണം എന്നതിനെയും ഇത് രഹസ്യമായി സൂചിപ്പിക്കുന്നുണ്ട്. സംശയമുള്ളവർ ഗുരുവിനോട് ചോദിക്കുക. സ്വയം തുടയിൽ കാൽ വച്ച് പരീക്ഷിക്കുക. കൂടുതൽ വിവരിക്കുന്നില്ല.

മൂർത്തിഭേദമനുസരിച്ച് മന്ത്രജപത്തിൽ ഏത് സ്വരം ഉദിക്കണമെന്ന് അറിയണം. ഋഷികൾ യോഗദണ്ഡ് ഉപയോഗിച്ചിരുന്നത് ഇതേ ആവശ്യത്തിനുകൂടിയാണ്. സിദ്ധ ഗുരു ഉപദേശിച്ചതും ഞാൻ പരീക്ഷിച്ചതുമായ കാര്യങ്ങള്‍ ആണിത് അനുഭവിച്ചറിയാതെ ആരും വിമർശ്ശിക്കാൻ കോലെടുക്കരുത്.

മന്ത്രോപാസനയിൽ ഏത് മൂർത്തിക്ക് ഏത് സ്വരം വേണം ഉദിക്കേണ്ടതെന്ന് ഗുരുമുഖത്തുനിന്നും അറിയുക. മന്ത്രഫലസിദ്ധിയും ദേവതാഅനുഭവവും സ്വയം അറിയുക. പലതും പുസ്തകങ്ങളിൽ കൂടി ലഭിച്ചെന്ന് വരികയില്ല. ഉത്തമ ഗുരുവിനെ അന്വേഷിച്ച് കണ്ടത്തുക

സിദ്ധ യോഗികൾ എന്ന് കേൾക്കുമ്പോൾ തന്നെയുള്ള അവജ്ഞ തിരുത്തുക. പലതും നിങ്ങളുടെ മുൻപിൽ തെളിവുകള്‍ തന്ന് നിരത്തേണ്ട കാര്യങ്ങള്‍ അവർക്കില്ല. കപട യോഗികള്‍ ഉണ്ടെന്നുള്ളതും വിസ്മരിക്കുന്നില്ല. പഞ്ചേന്ദ്രിയങ്ങളുടെ അറിവുകൾക്ക് അപ്പുറം ഉള്ളത് അന്വേഷിക്കുക. കഴിയില്ലെങ്കിൽ മറിച്ചിടാതിരിക്കുക. സത്യം സത്യമായി നിൽക്കട്ടെ.

ശിഷ്യനാം പന്തീരണ്ട് വർഷം കാത്ത് അറുപതാം ബുദ്ധി അവർക്കിരുന്താൽ
ഒത്തപൊരുളെ വാങ്കികൊണ്ട് ഇന്തനൂലൈ കാട്ടി കൊട്
നീച ചണ്ഡാള പാപിമാർക്ക് ഇന്തനൂലൈ കാട്ടിടാതെ അപ്പനെ
അപ്പടി കാട്ടിവിട്ടാൽ ഗുരുഹത്യാപാപം വന്തുവിടും.

NB: ദയവായി ഗുരുവില്ലാതെ പരീക്ഷിച്ച് അപകടം വരുത്തരുത്. നാഡികള്‍ നശിക്കും. രോഗം വരും. ശരീരത്തിലെ ദേവതാ ഗണങ്ങൾ കോപിക്കും. ദുരുപയോഗം ചെയ്യരുത്.
🌹🌸💐🙏🏻🙏🏻

Author: renjiveda

I'm not I

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s