സത്യത്തെ കേൾക്കാൻ ഇഷ്ടപ്പെടുന്നവരോടു പറയുന്ന അസത്യവും, അസത്യത്തെ ആസ്വദിക്കുന്നവരോടു പറയുന്ന സത്യവും ഒരേപോലെ അനാവശ്യമായ ശത്രുതയെ മാത്രമേ ക്ഷണിച്ചു വരുത്തൂ.
കാഴ്ചയില്ലാത്തവൻ്റെ മുന്നിൽ കൊളുത്തിവച്ച ദീപങ്ങൾക്കെന്താണ് വിലയുള്ളത്?
അസത്യവാദിയുടെ മുന്നിൽപ്പെട്ടു പോയ സത്യവും ഈ ദീപത്തെപ്പോലെ തന്നെ പ്രകാശം നഷ്ടപ്പെട്ട് നിർവ്വീര്യമായിത്തീരുന്നു.
ഉണ്ടു നിറഞ്ഞവൻ്റെ മുന്നിൽ സ്നേഹപൂർവ്വം വിളമ്പുന്ന സദ്യ പോലും സമൃദ്ധമാകുന്നത് അതിലെ കുറവുകളുടെ എണ്ണക്കൂടുതൽ കൊണ്ടായിരിക്കും.
അനുയോജ്യമായ സ്ഥാനങ്ങളിൽ, അനുയോജ്യരായ വ്യക്തികളോടു ചേരുമ്പോൾ മാത്രമേ സത്യവും സദ്യയുമടക്കം ഏതൊന്നും ഈ ലോകത്ത് മൂല്ല്യമുള്ളതായിത്തീരുന്നുള്ളൂ എന്നത് ആർക്കും നിഷേധിക്കാനാവാത്ത ഒരു യാഥാർത്ഥ്യമാണ്.