പ്രകൃതിക്കു നന്മ ചെയ്യുന്നതിലൂടെ മാത്രമേ മനുഷ്യസമൂഹത്തിനു നന്മ കൈവരുകയുള്ളൂ.
ചോദ്യം : മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചു-
മനുഷ്യനും മനുഷ്യനും തമ്മിലും മനുഷ്യനും പ്രകൃതിയും തമ്മിലും ശരിയായ ബന്ധം വളര്‍ത്താന്‍ പുതിയ തലമുറയെ പഠിപ്പിക്കണം. പ്രകൃതിയെ സ്നേഹിക്കാനും പൂജിക്കാനുമാണു അനുശാസനം, നശിപ്പിക്കാനല്ല.
പ്രകൃതിക്കു നന്മ ചെയ്യുന്നതിലൂടെ മാത്രമേ മനുഷ്യസമൂഹത്തിനു നന്മ കൈവരുകയുള്ളൂ .
പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധം ബ്രഹ്മാണ്ഡവും പിണ്ഡാണ്ഡവും തമ്മിലുള്ളതുപോലെയാണു്. ഇതു നമ്മുടെ പൂര്‍വ്വികര്‍ മനസ്സിലാക്കിയിരുന്നു. അതുകൊണ്ടാണ്ടാണു പ്രകൃതിപൂജയ്ക്കു് ഇത്ര പ്രാധാന്യം.
ഓരോ ആചാരത്തിന്റെയും പിന്നിലെ ഉദ്ദേശ്യം മനുഷ്യനെ പ്രകൃതിയുമായി ബന്ധിക്കുക എന്നതാവണം.
അതില്‍ക്കൂടി മനുഷ്യന്റെ ആരോഗ്യവും പ്രകൃതിയുടെ സന്തുലിതാവസ്ഥയും നമ്മുടെ ഉറപ്പു വരുത്തണം.
ഒരു നെല്ലു വിതച്ചാല്‍ അതു് ആയിരം മണികളായി തിരിച്ചുകിട്ടും. ഒരു വൃക്ഷമാകട്ടെ, തന്നെ വെട്ടുന്നവനും തണലു നല്കുന്നു; എറിയുന്നവനും മധുരഫലങ്ങള്‍ മടക്കിക്കൊടുക്കുന്നു. എന്നാല്‍ ഇന്നു നമുക്കു് ഒരു തൈ നടുമ്പോഴോ ഒരു മൃഗത്തെ വളര്‍ത്തുമ്പോഴോ അതില്‍ നിന്നുള്ള ലാഭം മാത്രമാണു നോട്ടം. ലാഭത്തിനു കോട്ടം വന്നാല്‍ അതിനെ നശിപ്പിക്കാന്‍ പിന്നെ താമസമില്ല. പശുവിന്റെ കറവ വറ്റിയാല്‍ അതിനെ ഉടനെ ഇറച്ചിക്കു വിറ്റു കാശാക്കും. വൃക്ഷത്തിലെ ആദായം കുറഞ്ഞാല്‍ അതറുത്തു് ഉരുപ്പടികളാക്കും.
സ്വാര്‍ത്ഥത കുറഞ്ഞ് നിഷ്‌കാമസ്നേഹം വളരേണ്ടതുണ്ട് .
അങ്ങനെ മനുഷ്യനും പ്രകൃതിയും തമ്മില്‍, വൈകാരികമായ ഒരു അടുപ്പം സൃഷ്ടിക്കുവാന്‍ സാധിക്കണം.
വൃക്ഷത്തിലെ ഫലം മാത്രം കണ്ടുകൊണ്ടല്ല അവയെ
സ്നേഹിക്കേണ്ടത്.
ആലും കൂവളവും തുളസിയും മറ്റും ആദായംകൊണ്ടല്ല ആരാധ്യങ്ങളാവേണ്ടത്. പശു, വില്പനയ്ക്കുള്ള വെറും നാല്ക്കാലി മാത്രമല്ല; പഞ്ചമാതാക്കളിലൊന്ന് ആണ്. (വേദമാതാ, ഭൂമാതാ, ദേശമാതാ, ദേഹമാതാ, ഗോമാതാ ഇവയാണു പഞ്ചമാതാക്കള്‍)
കാവുകളില്‍ അത്തി, ഇത്തി, അരയാല്‍, പേരാല്‍ തുടങ്ങിയ ഔഷധസസ്യങ്ങളാണു നട്ടുവളര്‍ത്തിയിരുന്നതു്. വെളുപ്പിനു് ഉണര്‍ന്നു കുളത്തില്‍ കുളിച്ചു് ഈറനോടെ മന്ത്രങ്ങള്‍ ഉരുവിട്ടുകൊണ്ടു കാവിനു വലത്തിടുക എന്നതു്; ഒരിക്കല്‍ നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായിരുന്നു.
പ്രഭാതത്തില്‍ ഔഷധച്ചെടികളില്‍ തട്ടിവരുന്ന കാറ്റു ശ്വസിക്കുന്നതുമൂലം രോഗങ്ങളെ ചെറുത്തു നില്ക്കുവാന്‍ കഴിയും. വാര്‍ദ്ധക്യത്തിലും യൗവനത്തിന്റെ ഉണര്‍വ്വും ആരോഗ്യവും നിലനിൽക്കണം.
കാവില്‍ വളരുന്ന വൃക്ഷങ്ങള്‍ വെട്ടുന്ന കാര്യം ചിന്തിക്കുവാന്‍ കൂടി പാടില്ലാത്ത വിധം സഹവർത്തിത്വം ഉണ്ടാവണം.
പക്ഷിമൃഗാദികളെ
സ്നേഹിക്കുവാനല്ലാതെ ഉപദ്രവിക്കുവാന്‍ തോന്നരുത്. പക്ഷികള്‍ക്കു വൃക്ഷങ്ങളില്‍ കൂടു കെട്ടിക്കഴിയാം. ആഹാരം തേടി എങ്ങും അലയേണ്ടതില്ല. കായ്കളും കനികളും വേണ്ടുവോളമുണ്ടാവണം. വിഷപ്പാമ്പുകള്‍ക്കുപോലും കാവിലെ പുറ്റുകളില്‍ സ്വൈര്യമായിക്കഴിയാം. അവയെ ആരും ഭയപ്പെടരുത്. സര്‍പ്പങ്ങളെ ദേവതകളായിക്കണ്ടു് ആരാധിക്കാൻ പഠിപ്പിക്കണം.