സ്വകർമ്മ നിരൂപണം

ഈശ്വരചിന്തയും വിശ്വാസവും – 24

സ്വകർമ്മ നിരൂപണം

നാം ചെയ്യുന്നതായ ഓരോ കർമ്മങ്ങളും നമ്മളിൽ പ്രകടമാകുന്നതിൽ
നമുക്കൊരു ധാരണയുണ്ട്. അതുനമ്മളുടെ പാരമ്പര്യ വാസനാഗുണത്താൽ കിട്ടിയവയാണെന്നാണ്.

ചിന്തിക്കുക!

അങ്ങനെയാണൊ ഓരോകഴിവും നമ്മളിൽ വന്നുചേരുക?.

നമ്മളിൽ അന്തർലീനമായി കിടക്കുന്ന പരമാത്മാവിന്റെ അംശമായ ജീവാത്മാവിൽ ലയിച്ചുചേർന്ന സകലഗുണങ്ങളും സമയോജിതമായി സൃഷ്ടികർമ്മത്തിനനുയോജ്യമായി തരംതിരിച്ചെടുക്കാനുതകുന്നതായ സാഹചര്യം സംജാതമാകുമ്പോൾ അവ സ്വയമേ പുറത്തുവരുമെന്നു മാത്രം.

സമുദ്രത്തെ പരമാത്മാവായി സങ്കൽപിച്ച് അതിൽനിന്നും കോരിയെടുക്കുന്ന പാത്രങ്ങളിലെ അല്പാല്പ ജലം ജീവാത്മാവായി സങ്കല്പിച്ചാലതുപോലെയും.

തിരിച്ചതു കടലിലൊഴിച്ചാൽ തിരിച്ചറിയാത്തവിധം ആ ജലം കുറവുകൾനികത്തി വീണ്ടും കടലായിമാറുകയും ചെയ്യും. ഇപ്രകാരം സർവ്വസംപുഷ്ഠമായ ജീവാത്മാവിലെ അനന്തമായ പരമാത്മഗുണം അവസ്ഥാനുസരണം തരാതരം ഉപയോഗിക്കുകയെന്നതിലുപരി ജന്മംകൊണ്ട് ഒരു പ്രത്യേക കർമ്മവും സഫലമാകുന്നില്ല.

താൻ ജാതനായ സമൂഹത്തിലെ ചുറ്റുവട്ടങ്ങൾക്കനുസൃതമായി കാര്യങ്ങൾ നീങ്ങുമ്പോഴും സാഹചര്യങ്ങൾക്കനുസരിച്ച് കർമ്മം മാറിമറിയുന്നതുകാണാം.

ഇന്നത്തെ സാഹചര്യത്തിൽ ബ്രാഹ്മണകുലജാതനായ ഒരാൾ മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ നിപുണനായാൽ പാരമ്പര്യം തൊട്ടുതീണ്ടാതെവരും.

ഈ തരത്തിൽ കർമ്മം നിശ്ചയിച്ച പ്രകാരം സ്വമേധയാ വന്നുചേരും.

ആ വൈദഗ്ധ്യം തന്റെ ജീവാത്മാപ്രേരണയാൽ വന്നു ചേരുന്നതാണ്. ഇവയുടെ അടിസ്ഥാനപരമായ കഴിവുമായാണ് ഒരോചരാചര സൃഷ്ടിയും.

അതായത് ഒരു കുഞ്ഞി ക്കിളിയായ തൂക്കണാംകുരുവിയുടെ പരമ്പരാഗത കൂടുനിർമ്മാണ വൈഭവം അവയുടെ വിദ്യാഭ്യാസമേഖലയിൽ നിന്നോ, സംസാര ചാതുരികൊണ്ടോ പ്രാപ്തിനേടിയതല്ലെന്നറിയണം.

ഓരോ പ്രദേശങ്ങൾ മാറിമാറിയവ താവളം ഒരുക്കുമ്പോൾ ലഭ്യതയനുസരിച്ച് കൂടുനിർമ്മാണം വ്യത്യാസപ്പെടുമ്പോഴും അവയുടെ ഉള്ളിലെ ചാതുരിയിൽ മാറ്റമൊ തലമുറക്കനുസ്രുതമായി വ്യതിയാനമോ വരുന്നില്ല.

അവയുടെ ജീവാത്മാവിലലിഞ്ഞുചേർന്ന വൈഭവം എന്നും അവസ്ഥാനുസരണം ഒരുപോലെ പ്രകടമാക്കും.

അതിപുരാതനവും നൂതനവുമായ വിദ്യകളെ താരതമ്യം ചെയ്യുമ്പോൾ വിദ്യകളുടെ മാനദണ്ഡങ്ങൾ ഒന്നു തന്നെയാണെന്നു കാണാം. അന്നുമിന്നുമുള്ള സാഹചര്യങ്ങളുടെ അടിസ്ഥാനത്തിൽ ഉണ്ടായ നിർമ്മിതികളിലെ സൗകര്യകുറവുമാത്രമാണെന്നുള്ള തിരിച്ചറിവില്ലായ്മയാണ് നമ്മേ മാറ്റിചിന്തിപ്പിക്കുന്നത്.

ഓരോ ചരാചരത്തിലും അന്തർലീനമായി നിലകൊള്ളുന്ന പരമാത്മതത്വം ജീവാത്മാവിലൂടെ പ്രേരിതമാകുന്നത് അന്നുമിന്നും ഒരുപോലെയാണ്. ഇവയെ തമ്മിൽതമ്മിൽ കൂട്ടിയോജിപ്പിക്കാനുപയോഗിക്കുന്ന മാധ്യമങ്ങളുടെ സവിശേഷതപോലും മാറിമറിയുകയല്ലാതെ ആശയം തെല്ലും വ്യതിചലിക്കില്ല. എന്നുവെച്ചാൽ എല്ലാ വിദ്യാഭ്യാസ സമ്പ്രദായങ്ങളും ഈ ചൈതന്യത്തെ ഒന്നുമറ്റൊന്നിലേക്കു വ്യത്യസ്ഥമായ ഭാഷയും മറ്റുപാധികളിലൂടെയും പകരുകയല്ലാതെ പുതിയതായൊന്നും സൃഷ്ടിച്ചതായി കാണപ്പെടുന്നില്ല.

ഒരിക്കൽ നൂറാൾ ചെയ്ത പണി ഇന്ന് ഒരെന്ത്രം ചെയ്യുമ്പോൾ ചെയ്ത പ്രവർത്തിയുടെ തൂക്കത്തിനും വൈഭവത്തിനും തുലോം മാറ്റം സംഭവിക്കുന്നില്ല. എല്ലാ ഭൗതിക സിദ്ധാന്തങ്ങളും ഊർജ്ജത്തെ ഒന്നിൽനിന്നും മറ്റൊന്നിലേക്കു മാറ്റി പ്രയോഗിക്കുകയല്ലാതെ അടിസ്ഥാന ഊർജ്ജത്തെ സൃഷ്ടിച്ചതായി കാണാൻകഴിയില്ല.

ഒരുവ്യക്തി ആത്മപ്രേരണയാൽ ഒരുവിഷയം തിരഞ്ഞെടുത്ത് അതിന്റെ നാനാവശങ്ങളേയും കീറിമുറിച്ച് മനസിലാക്കാൻപാകത്തിന് തന്റെ പ്രേരണാശക്തിയാൽ നിരന്തരം ശ്രമിക്കുന്ന കർമ്മബോധത്തെ നാം വാസനാഗുണമെന്നു പറയുമ്പോൾ പാരമ്പര്യം ഒരു വഴികാട്ടി മാത്രമാണ്.
ഒരു ഭിഷഗ്വരൻ തന്റെ പ്രേരണാശക്തി മുഴുവനായതിൽ പ്രയോഗിക്കുമ്പോൾ മാത്രമേ അതിൽ പ്രഗത്ഭനാകൂ.

കൂട്ടത്തിൽ മറ്റുപലതുകൂടി ലയിപ്പിച്ച് കേമനാകാൻ ശ്രമിച്ചാൽ ഒന്നിലും ആരുമല്ലാതായിമാറും. തന്നെയുമല്ല അവനെ അതിനെല്ലാം പ്രാപ്തനാക്കാൻ ശ്രമിച്ചവരുടെ കർമ്മനഷ്ടവും, ഒരുസമയത്തു പലതുചെയ്യാനുള്ള കഴിവില്ലായ്മയും, അവരെ പ്രയോജനമില്ലാത്തവരാക്കി മാറ്റുന്നു.

എന്നാൽ പത്തുവിദ്യ പത്തുപേരുൾക്കൊണ്ടാൽ ഒരേസമയം പത്തിടത്തു പ്രാപ്തമാക്കാം. അത്തരത്തിലാണ് നമ്മേ സൃഷ്ടിച്ചിട്ടുള്ളതും.

ചിന്തപോലും അപ്രകാരമാണ്! ഒരു സമയത്തൊരു ചിന്തമാത്രം. എപ്രകാരമെന്നാൽ; സൂചിയിൽ നൂലുകൊരുക്കവേ മറ്റൊരുസൂചിയുംനൂലുമായി തുന്നാൻ കഴിയാത്തതുപോലെയും, ഹരണവും ഗുണനവും ഒരേസമയം സാധ്യമാകാത്തതുപോലെയും.

ബ്രഹ്മാനന്ത പ്രക്രിയകളിലേക്ക് നാം കടക്കാതെ നമ്മിലേക്ക് സ്വയമിറങ്ങിയാൽ വളരെ പെട്ടെന്നു വ്യക്തമാകുന്ന രീതിയിലാണ് ഓരോ സൃഷ്ടിയും നടന്നിരിക്കുന്നത്.

സൃഷ്ടിയും സൃഷ്ടിക്കുപോൽബലകമായ ബ്രഹ്മകർമ്മത്തിലേക്കും കടക്കാതെ സ്വകർമ്മത്തെ വിലയിരുത്തി ചിന്തിക്കുകയത്രേ നമുക്കു പ്രാപ്യം. ഇന്നോളം ഈ ചരാചര സൃഷ്ടിയിൽ താൻ ചെയ്യപ്പെടേണ്ടതായ പേരണാശക്തിക്കനുസൂതമായ ഘടകങ്ങൾക്കു വിരുദ്ധമായവ ഒന്നും നമ്മളാൽ സാധ്യമായിട്ടില്ല. എപ്രകാരമെന്നാൽ നാമൊരു കറിക്കത്തി പല ഉപയോഗത്തിനായി നിർമ്മിക്കുമ്പോൾ സാഹചര്യമനുസരിച്ച് അവയുടെ ഉപയോഗം പലതാണെങ്കിലും ആ കത്തിക്കു ചെയ്യാൻ പാകത്തിനുള്ളവയേ സുഗമമായി ചെയ്യാൻകഴിയൂ. ഉപയോഗം കത്തിയുടെ കാര്യക്ഷമതക്കതീതമായാൽ അവയുടെ രൂപവും ഭാവവും മാറ്റും ഇതുതന്നെയാണ് ചരാചര സൃഷ്ടിയിലും നാം കാണുക.

എന്നാൽ കത്തിയിലെ ഉത്ഭവത്തിലേക്കു തിരിഞ്ഞാൽ വസ്തുത സങ്കീർണമാകും! ചെന്നെത്തുക അനന്തമായ ബ്രഹ്മചൈതന്യത്തിലാകും. ഇവിടെ അജ്ഞതകൊണ്ട് നാം കത്തിയെ മാംസം മുറിക്കുന്നതും, പച്ചക്കറി മുറിക്കുന്നതും, പഴവർഗ്ഗം മുറിക്കുന്നതുമായ ഒരേ കത്തികൾക്കു ഭ്രഷ്ടുകല്പിച്ചാലത്തെ അവസ്ഥ!. ഇതിൽ ബോധവാനായ സന്യാസി നിശബ്ദനാകുമ്പോൾ തിരിച്ചറിവുനേടാത്തവരുടെ കോലാഹലമത്രേ ഈ ജാതി മത വർഗ്ഗവെറി.

ബ്രഹ്മജ്ഞാനിയായ സർവ്വസംഘപരിത്യാഗി നിശ്ചിതകാലത്തെ തന്റെ കർമ്മം പൂർത്തിയാക്കി ഭൗതികമായവ അശേഷം വിട്ട് പരമാത്മാവിൽ ലയിക്കുമെന്ന തിരിച്ചറിവും, തന്നാൽ പ്രകടമാക്കാവുന്ന കഴിവ് മറ്റുള്ള ചരാചരത്തിൽ വ്യത്യസ്ഥമാണെന്നുമുള്ള ബോധവും അതത്രേ താനാരെന്ന ചോദ്യത്തിന് മറുപടി എന്നും മനസിലാക്കി ശാന്തനാകുന്നു. ബാക്കിയുള്ള മതമത്സരാദികൾ ഒരു മറക്കുപിന്നിൽ മൂടപ്പെട്ട ഉൺമയുടെ പുറത്തുള്ള കോലാഹലം മാത്രം.

തുടരും…..

പ്രസന്നൻ.ബി. 9496157790.

Author: renjiveda

I'm not I

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: