
ആറ്റുകാല്‍ പൊങ്കാലയും പൊരുളും
ആറ്റുകാല്‍ പൊങ്കാല ലോകപ്രസിദ്ധമാണ്. മണ്ഡലകാലത്ത് ശബരിമലയിലേയ്ക്ക് തീര്‍ത്ഥാടകപ്രവാഹം പോലെയാണ് സ്ത്രീകളുടെ ശബരിമലയെന്ന് വിശേഷിപ്പിക്കുന്ന ആറ്റുകാലില്‍ പൊങ്കാലയ്ക്ക് ഭക്തജനപ്രവാഹം. കുംഭമാസത്തിലെ പൂരം നാളിലാണ് ആറ്റുകാലമ്മയ്ക്ക് പൊങ്കാല സമര്‍പ്പിക്കുന്നത്.
പാതിവ്രത്യത്തിന്റെ പ്രതീകമായ കണ്ണകി മധുര ചുട്ടുചാമ്പലാക്കിയശേഷം കൊടുങ്ങല്ലൂരിലേക്കുള്ള യാത്രാമദ്ധ്യേയാണ് ആറ്റുകാലില്‍ എത്തുന്നത്. ഒരു ബാലികയുടെ രൂപത്തില്‍ കിള്ളിയാറിന്റെ തീരത്തെത്തിയ ഭഗവതി അവിടെ കുളിച്ചുകൊണ്ടുനിന്ന ദേവീഭക്തനായ മുല്ലുവീട്ടില്‍ കാരണവരോട് തന്നെ അക്കരെ കടത്താന്‍ ആവശ്യപ്പെട്ടു. അസാധാരണ ചൈതന്യം തുളുമ്പുന്ന ബാലികയെ അക്കരെ കടത്തിവിട്ട ആ കാരണവര്‍ക്ക് അന്ന് രാത്രിയില്‍ ദേവി സ്വപ്നദര്‍ശനം നല്‍കി. താന്‍ കടന്നുപോയ വഴിയില്‍ മൂന്ന് വെളുത്തവരകള്‍ തെളിയുമെന്നും അവിടെ പ്രതിഷ്ഠിച്ച് പൂജിക്കണമെന്നുമായിരുന്നു ദര്‍ശനം. അദ്ദേഹം ഇന്ന് ആറ്റുകാല്‍ക്ഷേത്രമിരിക്കുന്നിടത്ത് ഭഗവതി പറഞ്ഞ ദൃഷ്ടാന്തങ്ങള്‍ കണ്ടെത്തുകയും അവിടെ ചെറിയ ഓലമേഞ്ഞ തെക്കത് പടുത്തുയര്‍ത്തി താല്‍ക്കാലികമായി ഒരു വിഗ്രഹവും വച്ച് പൂജ നല്‍കി. പ്രതിഷ്ഠ കഴിഞ്ഞതും അദ്ദേഹം പുത്തന്‍ മണ്‍കലത്തില്‍ നാഴി ഉണക്കലരി വേവിച്ച് നേദിച്ചു. ഇതാണ് അദ്യ പൊങ്കാല. പിന്നീട് നാട്ടുകാരില്‍ അഞ്ച് സ്ത്രീകള്‍ പൊങ്കാലനിവേദ്യം സമര്‍പ്പിച്ചു. ഇന്നുതന്നെ ഏറ്റവുമധികം സ്ത്രീകളെ ആകര്‍ഷിക്കുന്ന ക്ഷേത്രമായി വളര്‍ന്നുകഴിഞ്ഞു. ഏറ്റവുമധികം പൊങ്കാല നടക്കുന്ന തിരുസന്നിധിയെന്നനിലയില്‍ ലോക ഗിന്നസ്സ് ബുക്കില്‍ സ്ഥാനവും നേടി.
പൊങ്കാലയുടെ പ്രാധാന്യം വ്യക്തമാക്കാമോ?
‘പൊങ്കല്‍’ എന്ന വാക്കിന് ‘സമൃദ്ധി’, ‘മുളയ്ക്കല്‍’, ‘ഉരയല്‍’ എന്നൊക്കെ അര്‍ത്ഥം പറയാം. ജഗദീശ്വരിപൂജയും സൂര്യോപാസനയും ഒത്തുചേരുന്നതാണ് പൊങ്കാല. കര്‍ഷകര്‍ കൊയ്ത്തുകഴിയുമ്പോള്‍ ഇഷ്ടദേവതയായ ജഗദംബയ്ക്ക് പായസാന്നം നേദിക്കും. ഇതാണ് മകരപൊങ്കല്‍ തുടര്‍ന്നുവരുന്ന മാട്ടുപ്പൊങ്കലും.
അതുപോലെ ഇവിടെ ആറ്റുകാലമ്മയ്ക്ക് പൊങ്കാല സമര്‍പ്പിക്കുമ്പോള്‍ അത് സൂര്യോപാസന കൂടിയായി മാറുകയാണ്. മണ്‍കലം ശരീരവും തിളച്ചുമറിയുന്ന പായസം മനസ്സുമാണ്. കാമ, ക്രോധ, ലോഭ, മദ, മത്സരാദി അഷ്ടരാഗങ്ങള്‍ തിളച്ചുമറിഞ്ഞ് ആവിയായി പോകും. ശേഷിക്കുന്ന ശുദ്ധമനസ്സായ പൊങ്കാല നിവേദ്യം പ്രപഞ്ച ചൈതന്യമായ സൂര്യദേവനെ സാക്ഷിയാക്കി ദേവിപാദങ്ങളില്‍ സമര്‍പ്പിക്കുന്ന മഹത്തായ ചടങ്ങാണ് പൊങ്കാല.
പൊങ്കാല സമര്‍പ്പിക്കാന്‍ എത്ര ദിവസത്തെ വ്രതം വേണം?
കാപ്പുകെട്ട് തുടങ്ങുന്നതുമുതല്‍ പൊങ്കാലവരെ ഒന്‍പതുദിവസവും വ്രതമെടുക്കുന്നത് സര്‍വ്വൈശ്വര്യപ്രദം. കണ്ണകി ബാലികാരൂപത്തില്‍ ആറ്റുകാലില്‍ ദര്‍ശനം നല്‍കിയശേഷം വടക്കോട്ട് തിരിച്ച് കൊടുങ്ങല്ലൂരമ്മയായി മാറിയെന്നാണ് ഐതിഹ്യം. ആറ്റുകാലില്‍ ഉത്സവം തുടങ്ങുന്നത് ഒന്നാം ഉത്സവദിനമായ കാര്‍ത്തികനാളില്‍ കൊടുങ്ങല്ലൂരമ്മയെ ക്ഷണിച്ചുവരുത്തുന്ന പവിത്രവും പുണ്യവുമായ ചടങ്ങോടെയാണ്. അന്നുമുതല്‍ കണ്ണകീചരിതം തോറ്റംപാട്ടായി പാടിത്തുടങ്ങും. ‘ആറ്റുകാല്‍ക്ഷേത്രത്തിലെ കാപ്പുകെട്ട് ചടങ്ങിന് കൊടുങ്ങല്ലൂരമ്മേ ആഗതയാകണേ’ എന്ന് അകമഴിഞ്ഞ് പ്രാര്‍ത്ഥിച്ചും അപേക്ഷിച്ചും ക്ഷേത്രപൂജാരിമാര്‍ നടത്തുന്ന പൂജകളെ പ്രകീര്‍ത്തിച്ചുമാണ് പ്രധാന പാട്ടുകാരന്‍(ആശാന്‍) കണ്ണകീ ചരിതം തോറ്റംപാട്ട് തുടങ്ങുന്നത്. അന്നുമുതല്‍ പത്താംനാള്‍ പൊലിപ്പാട്ട് പാടിയുള്ള കാപ്പഴിക്കല്‍വരെ കൊടുങ്ങല്ലൂരമ്മയുടെ സാന്നിദ്ധ്യം ആറ്റുകാല്‍ ഉണ്ടെന്നാണ് വിശ്വാസം. ആയതിനാല്‍ ഒന്‍പതുദിവസവും വ്രതമെടുത്ത് പൊങ്കാല സമര്‍പ്പിക്കുന്നത് വളരെ നന്ന്. അതിന് കഴിയാത്തവര്‍ സാധാരണ വ്രതമായി പൊങ്കാല ദിവസമോ, മൂന്നുദിവസമോ എങ്കിലും വ്രതമെടുക്കേണ്ടതാണ്.
പൊങ്കാല വ്രതമെടുക്കുന്ന സ്ത്രീ ആറ്റുകാലമ്മയുടെ പ്രതിരൂപമാണ്. ശുദ്ധവൃത്തി, കുളി, സസ്യാഹാരം, രണ്ട് നേരവും ദേവീസ്തുതികള്‍ ചൊല്ലുക, പ്രാര്‍ത്ഥന, തികഞ്ഞ ശ്രദ്ധയും ഭക്തിയും ഒക്കെ നിര്‍ബന്ധം. ദേവീ ചിന്തമാത്രമേ മനസ്സിലുണ്ടാകാവൂ.
പൊങ്കാല ഇടുമ്പോള്‍ ഗണപതിയൊരുക്ക് വേണമോ?
ആദ്യമായി പൊങ്കാല ഇടുന്നവര്‍ ഒരു നിലവിളക്ക് ദീപം തെളിയിച്ച് നിറപറയും ഗണപതി ഒരുക്കും വയ്ക്കാറുണ്ട്. അത് നിര്‍ബന്ധമില്ല. പക്ഷേ അടുപ്പ് ഒരുക്കുന്ന സ്ഥലം ജലം തളിച്ച് ശുദ്ധമാക്കണം. ക്ഷേത്രത്തിലെ തന്ത്രിയും മേല്‍ശാന്തിയും പണ്ടാര അടുപ്പില്‍ തീകത്തിച്ചു കഴിഞ്ഞാലേ തീ പകര്‍ന്ന് മറ്റടുപ്പുകള്‍ കത്തിക്കാവൂ. നാമജപത്തോടെ വേണം പൊങ്കാലകലത്തിലേയ്ക്ക് അരിയും ശര്‍ക്കരയും സമര്‍പ്പിക്കാന്‍. പൊങ്കാലതിളച്ച ശേഷമേ അന്നപാനീയങ്ങള്‍ പാടുള്ളു.
പൊങ്കാല ഇടുന്ന സമയം എന്തൊക്കെ ജപിക്കാം?
ദേവിസ്തുതികള്‍ ചൊല്ലാം. ലളിതാസഹസ്രനാമത്തിലെ നാമാര്‍ച്ചന വളരെ ഗുണകരം. വിശേഷാല്‍ ‘ഓം പഞ്ചകോശാന്തരസ്ഥിതായൈ നമഃ’, ‘ഓം പായസാന്ന പ്രിയായൈ നമഃ’, ‘ഓം ഗുഡാന്ന പ്രീതമാനസായൈ നമഃ’, ‘ഓം അന്നദായൈ നമഃ’ എന്നീ നാമങ്ങള്‍.
ദേവീമഹാത്മ്യത്തിലെ പതിനൊന്നാം അദ്ധ്യായത്തിലെ ഒന്‍പതാം സ്തുതിയും ജപിക്കാവുന്നതാണ്.
ഓം സര്‍വ്വമംഗള മാംഗല്യേ
ശിവേ സര്‍വ്വാര്‍ത്ഥ സാധികേ
ശരണ്യേ ത്ര്യയംബകേ! ഗൗരി!
നാരായണി നമോസ്തുതേ.
ഇവ കൂടാതെ ദേവിമാഹാത്മ്യത്തില്‍ ദേവിസൂക്തത്തിലെ
യാ ദേവീ സര്‍വ്വഭൂതേഷു
ശക്തി രൂപേണ സംസ്ഥിതാ
നമസ്തസൈ്യ നമസ്തസൈ്യ
നസ്തസൈ്യ നമോ നമഃ
എന്നുതുടങ്ങുന്ന സ്തുതികളും അറിയാവുന്നവര്‍ക്ക് ജപിക്കാവുന്നതാണ്.
താലപ്പൊലിയുടെ പ്രാധാന്യം പറയാമോ?
താലപ്പൊലിയേന്തിയ പെണ്‍കുഞ്ഞുങ്ങള്‍ സാക്ഷാല്‍ കന്യകാഭാവത്തില്‍ പ്രത്യക്ഷയായ ആറ്റുകാലമ്മയുടെ പ്രതിരൂപമാണ്. കിരീടവും പട്ടുവസ്ത്രവും പൊന്‍ദീപത്തട്ടവുമായി തേജസ്വിനികളായെത്തുന്ന ആ ബാലികമാര്‍ അഗ്നികൊണ്ട് ഭഗവതിയെ പൂജിക്കുന്നു. ഭാവിയില്‍ നല്ല വിദ്യാഗുണം, വിവാഹം, ഐശ്വര്യജീവിതം ഇവ ലഭിക്കാന്‍ വേണ്ടിയാണ് ബാലികമാരെക്കൊണ്ട് ‘താലപ്പൊലി’യെന്ന മംഗളാനുഷ്ഠാനം നടത്തിക്കുന്നത്.
കുത്തിയോട്ടം എന്തിനാണ് നടത്തുന്നത്?
മഹിഷാസുര മര്‍ദ്ദിനിയായ ഭഗവതിയെ യുദ്ധത്തില്‍ അകമ്പടി സേവിച്ച സേനാംഗങ്ങളായാണ് കുട്ടിയോട്ട ബാലന്മാരെ പരിഗണിക്കുന്നത്. പതിമൂന്ന് വയസ്സിന് താഴെയുള്ള ആണ്‍കുട്ടികളെ കടുത്ത വ്രതാനുഷ്ഠാനത്തോടെ ക്ഷേത്രപരിസരത്ത് താമസിപ്പിച്ചാണ് കുത്തിയോട്ടത്തിന് തയ്യാറെടുപ്പിക്കുന്നത്. ഉത്സവമാരംഭിച്ച് മൂന്നാംനാള്‍ മുതല്‍ ബന്ധുക്കളെ പിരിഞ്ഞ് ക്ഷേത്രത്തില്‍തന്നെ വ്രതമെടുത്ത് താമസിക്കണം. ഏഴുദിവസം ഇവര്‍ 1008 നമസ്‌ക്കാരം നടത്തണം. പൊങ്കാല ദിവസം രാത്രിയില്‍ ചൂരല്‍കുത്തി ദേവിഅമ്മയുടെ എഴുന്നള്ളത്തിന് അകമ്പടി സേവിക്കുന്ന ഈ ബാലന്മാരുടെ ജന്മം പുണ്യകരമായിത്തീരും. ഭാവിയില്‍ ഇവരുടെ ജീവിതത്തില്‍ സര്‍വ്വാനുഗ്രഹവും ദേവി ചൊരിയും. ആണ്‍കുട്ടികള്‍ ജനിക്കാന്‍ വേണ്ടി അമ്മമാര്‍ കുത്തിയോട്ട നേര്‍ച്ച നേരാറുണ്ട്.
സ്ത്രീകളുടെ ശബരിമല എന്ന് ആറ്റുകാലിനെ വിശേഷിപ്പിക്കുന്നതെന്താണ്?
ശബരിമല ദര്‍ശനത്തിന് തയ്യാറെടുക്കുന്ന ഭക്തന്മാരെ അയ്യപ്പസ്വാമി എന്നാണല്ലോ സങ്കല്‍പ്പിക്കുന്നത്. അതുപോലെ ആറ്റുകാലമ്മയ്ക്ക് പൊങ്കാല അര്‍പ്പിക്കാന്‍ തയ്യാറാകുന്ന സ്ത്രീകളെ ദേവിയുടെ പ്രതിരൂപമായാണ് കാണുക. ആറ്റുകാല്‍ പൊങ്കാല എന്നത് ഈ ദേശത്തുകാരുടെ തിരുവോണത്തേക്കാള്‍ വലിയ ആഘോഷമാണ്. പൊങ്കാലയുടെ തലേന്നാള്‍ മുതല്‍ ആറ്റുകാല്‍ പരിസരവാസികള്‍ക്ക് ഊണും ഉറക്കവുമില്ലാത്ത ഉത്സവാഹ്ലാദമാണ്. അങ്ങുദൂരെ കണ്ണൂരില്‍ നിന്ന് വരുന്ന സ്ത്രീയെപ്പോലും ഇവിടുത്തെ ഏത് വീട്ടില്‍ ചെന്നാലും പൊങ്കാലയിടാനും സുരക്ഷിതമായി താമസിക്കാനും ഇവിടുള്ള സ്ത്രീകള്‍ സൗകര്യം ഒരുക്കും. ഇതില്‍ ജാതി-മത-ഭേദമില്ല. ശരിക്കുപറഞ്ഞാല്‍ പൊങ്കാല തലേന്ന് മുതല്‍ ഇവിടുത്തെ വീടുകളില്‍ പുരുഷന്മാര്‍ക്ക് സ്ഥാനമില്ല. അതിഥിയായെത്തുന്ന ഓരോ സ്ത്രീയും ദേവിയുടെ പ്രതിരൂപമാണ്. പൊങ്കാലദിവസവും തലേന്നും ആറ്റുകാലും പരിസരവും സ്ത്രീകളുടേതാണ്. ആറ്റുകാലമ്മ അവര്‍ക്ക് സ്വന്തമാണ്. ഇങ്ങനെ ശബരിമലയില്‍ അയ്യപ്പഭക്തന്മാരുടെ നാടെന്നപോലെ പൊങ്കാലനാളില്‍ ആറ്റുകാല്‍ സ്ത്രീകളുടെ നാടാണ്. അവര്‍ക്കാണ് മുഖ്യസ്ഥാനം. സ്ത്രീകളുടെ സ്വന്തം ശബരിമലയാണ് ആറ്റുകാല്‍.
പൊങ്കാല ഇടാന്‍ പാടില്ലാത്തവര്‍ ആരൊക്കെ?
ജാതിമതഭേദമന്യേ ആര്‍ക്കും അമ്മയ്ക്ക് പൊങ്കാല സമര്‍പ്പിക്കാം. എന്നാല്‍ പുല-വാലായ്മ ഉള്ളപ്പോള്‍ പൊങ്കാല ഇടരുത്. മരണം നടന്നാല്‍ 16 ദിവസം കഴിഞ്ഞും പ്രസവം നടന്നാല്‍ 11 ദിവസം കഴിഞ്ഞും മാത്രമേ പൊങ്കാല പാടുള്ളൂ. ഭക്തര്‍ തന്നെ സ്വയം ദേവിക്ക് നേദ്യം നല്‍കുന്നതാണ് പൊങ്കാല. അപ്പോള്‍ പുലവാലായ്മകളുള്ളവര്‍ ദേവിക്ക് നേദ്യം നല്‍കുന്നത് ഉചിതമല്ല.
അഭിഷേകപ്രിയയായ ആറ്റുകാലമ്മയുടെ ഇഷ്ടഅഭിഷേകങ്ങള്‍ ഏതൊക്കെ?
കാര്യസാദ്ധ്യത്തിനും കുടുംബഐശ്വര്യത്തിനുംവേണ്ടി പുഷ്പാഭിഷേകം നടത്താം. ധനം നിലനില്‍ക്കാനും, ദാമ്പത്യഭദ്രത, രോഗനിവാരണം എന്നിവയ്ക്കായി കളഭാഭിഷേകം നടത്താറുണ്ട്. ഭക്തരുടെ സാമ്പത്തികസ്ഥിതിക്കനുസരിച്ച് സ്വര്‍ണ്ണക്കുടത്തിലോ, വെള്ളിക്കുടത്തിലോ അഭിഷേകം ആകാം. ക്ഷേത്രത്തില്‍ കളഭപൂജ നടത്തി ആ കളഭകുംഭവുമായി എഴുന്നള്ളത്ത് സമയം ഭഗവതിയെ വലം വച്ച് വിഗ്രഹത്തില്‍ അഭിഷേകം നടത്തുന്നു. കളഭം നടത്തുന്ന നേര്‍ച്ചക്കാരനും കുടുംബത്തിനും അഭിഷേക എഴുന്നള്ളത്തില്‍ അനുഗമിക്കാം.
ആപത്തില്‍പെട്ടുഴലുന്നവര്‍ക്ക് മനഃശാന്തി ലഭിക്കാന്‍ വേണ്ടിയും ശത്രുദോഷനിവാരണത്തിനുമാണ് കുങ്കുമാഭിഷേകം. വിശേഷഅഭീഷ്ടസിദ്ധിക്കായി അഷ്ടദ്രവ്യാഭിഷേകം നടത്താറുണ്ട്. ദുരിതശാന്തിക്കായി സാധാരണകലശാഭിഷേകം നടത്തിയാല്‍ മതി. വിശിഷ്ടകാര്യസിദ്ധി, രോഗശാന്തി എന്നിവയ്ക്ക് പഞ്ചാമൃതാഭിഷേകം നടത്തി ഫലസിദ്ധി കാണാറുണ്ട്.
ആറ്റുകാലില്‍ സാധാരണ ചെയ്യാറുള്ള പൂജ, നിവേദ്യാദികള്‍ ഒന്ന് വിശദമാക്കാമോ?
സഹസ്രനാമാര്‍ച്ചന ആപത്തില്‍ രക്ഷ നല്‍കും. ദോഷനിവാരണത്തിനും നന്ന്. ആഗ്രഹനിവൃത്തിക്കും സമ്പല്‍സമൃദ്ധിക്കുമായി ദേവീമാഹാത്മ്യ അര്‍ച്ചന നടത്താം. കുട്ടികളുടെ പഠനത്തിന് വിദ്യസൂക്താര്‍ച്ചന, ദാമ്പത്യഐക്യത്തിന് ഐക്യമത്യസൂക്താര്‍ച്ചന, കഷ്ടകാല നിവാരണത്തിന് ഭാഗ്യസൂക്താര്‍ച്ചന, ഗൃഹലാഭം, സന്താനഭാഗ്യം ഇവയ്ക്കായി ഉദയാസ്തമയപൂജയോ, അര്‍ദ്ധദിന പൂജയോ നടത്താം. കട്ടിപായസം, മണ്ടപ്പുറ്റ് എന്നിവ ദേവിയുടെ ഇഷ്ടനിവേദ്യങ്ങളാണ്. കൂടാതെ ചുറ്റുവിളക്ക്, ഭഗവതി സേവ, ശിവന് ധാര, ശീവേലി, മുഴുക്കാപ്പ്, നൂറ്റൊന്ന് കലശപൊങ്കാല എന്നിവയും നടത്തിവരുന്നു.
വിവരങ്ങള്‍ക്ക് കടപ്പാട്:
അരുണ്‍ നമ്പൂതിരി
മേല്‍ശാന്തി
ആറ്റുകാല്‍ ദേവീക്ഷേത്രം
തയ്യാറാക്കിയത്