ഒരിക്കൽ തത്വജ്ഞാനിയും ചിന്തകനുമായിരുന്ന കേശവ ചന്ദ്ര സെൻ ‘ശ്രീരാമകൃഷ്ണ പരമഹംസരെ കാണാൻ ചെന്നു. വലിയ വലിയ വാഗ്വാദങ്ങൾ നടത്താൻ കഴിവുള്ള അയാൾക്ക് ശ്രീരാമകൃഷ്ണനെ തോൽപിക്കണം. ദൈവത്തിനെതിരെ മതത്തിനെതിരെ പരമഹംസർ ചെയ്തിരുന്ന എല്ലാ അസംബന്ധങ്ങൾക്കുമെതിരെ അയാൾ വാദിച്ചു. ദൈവമില്ലെന്നും, ആരും ഒരിക്കലും ദൈവാസ്തിത്വം തെളിയിച്ചിട്ടെല്ലെന്നും പരമഹംസർ ഒരു വിഡ്ഡിയാണെന്നും അയാൾ വാദിച്ചു. അദ്ദേഹം ഏറെ നേരം സംസാരിച്ചുകൊണ്ടിരുന്നു. ക്രമേണ പതുക്കെ പതുക്കെ അദ്ദേഹത്തിന് ക്ഷീണമനുഭവപ്പെട്ട് തുടങ്ങി. എന്തെന്നാൽ രാമകൃഷ്ണൻ എല്ലാറ്റിനും ചിരിക്കുക മാത്രമായിരുന്നു. അദ്ദേഹം തർക്കം കേൾക്കുക മാത്രമല്ല, ചിരിക്കും, ചാടും, കേശവ ചന്ദ്രനെ ആശ്ലേഷിക്കും, ഉമ്മ വയ്ക്കും, എന്നിട്ട് പറയും.” സുന്ദരം! ഈ വാദം ഞാൻ മുമ്പു കേട്ടിട്ടേയില്ല! വളരെ ധൈഷണികം, സമർത്ഥം “
കേശവ ചന്ദ സെൻ അന്ധാളിച്ചു പോയി.
ആശ്രമത്തിന് ചുറ്റും ഒരുപാട് ആളുകൾ സംവാദം കേൾക്കാൻ കൂടിയിരുന്നു.
എന്തെങ്കിലും സംഭവിക്കുമെന്ന് അവർ കരുതിയിരുന്നു .വന്നത് വെറുതെയായെന്ന് അവർക്ക് തോന്നാൻ തുടങ്ങി.
രാമകൃഷ്ണൻ നൃത്തം ചെയ്തുകൊണ്ടും ചിരിച്ചുകൊണ്ടും പറഞ്ഞു. “ദൈവത്തെ പറ്റി എന്റെ മനസ്സിൽ എന്തെങ്കിലും സന്ദേഹമുണ്ടായിരുന്നുവെങ്കിൽ താങ്കൾ അതെല്ലാം ദൂരീകരിച്ചു. ദൈവമില്ലാതെ എങ്ങിനെയാണ് ഇത്രയധികം ധിഷണയുണ്ടാവുക? നിങ്ങൾ തന്നെ അതിനുള്ള തെളിവാകുന്നു. കേശവ ചന്ദ്രൻ ഞാൻ നിങ്ങളെ വിശ്വസിക്കുന്നു”
കേശവ ചന്ദ്രൻ തന്റെ സ്മരണകളിൽ എഴുതിയിരിക്കുന്നു.” രാമകൃഷ്ണന്റെ ചിരി എന്നെ തോൽപിച്ചു. എന്നെന്നേക്കുമായി തോൽപിച്ചു.എല്ലാ തർക്കങ്ങളും ഞാൻ മറന്നു. ഒക്കെ വങ്കത്തം! അദ്ദേഹം എനിക്കെതിരെ തർക്കിച്ചില്ല, എനിക്കെതിരെ ഒരു വാക്കും ഉച്ചരിച്ചതേയില്ല. എന്നെ ഉമ്മ വച്ചു, ആലിംഗനം ചെയ്തു, ചിരിച്ചു, നൃത്തം ചെയ്തു, മറ്റാരും അന്നുവരെ ചെയ്യാത്ത വിധത്തിൽ എന്റെ വാദമുഖങ്ങൾ അദ്ദേഹം ആസ്വദിച്ചു. ഞാനാകട്ടെ, അദ്ദേഹത്തിനെതിരെ തർക്കിക്കുകയായിരുന്നു. അദ്ദേഹം പറഞ്ഞു. ” കേശവ ചന്ദ്ര,നിന്റെ സാന്നിദ്ധ്യം, നിന്റെ ബുദ്ധിശക്തി, നിന്റെ പ്രതിഭ…. അതു മതിയല്ലോ ദൈവമുണ്ടെന്ന് തെളിയിക്കാൻ.
കേശവ ചന്ദ്ര സെൻ എഴുതുന്നു.
പക്ഷെ ആ സാന്നിദ്ധ്യം ആ ചിരി ,ആ നൃത്തം ആ ആലിംഗനം ആ മുത്തം എനിക്ക് തെളിയിച്ചു തന്നു ദൈവമുണ്ടെന്ന്, അല്ലെങ്കിൽ എങ്ങിനെയാണ് രാമകൃഷ്ണനെന്നൊരു പ്രതിഭാസമുണ്ടാകുക?
നിരക്ഷരനായ രാമകൃഷ്ണന്, ഗ്രാമവാസിയായ രാമകൃഷ്ണന് നാഗരികനും അത്യാധുനികനും വിദ്യാസമ്പന്നനുമായ കേശവ ചന്ദ്രനേക്കാൾ എത്രയോ അഗാധതയുണ്ടായിരുന്നുവെന്ന് തെളിഞ്ഞു.
എന്താണ് സംഭവിച്ചത്? അതി മനോഹരമായ എന്തോ ചിലതു സംഭവിച്ചു.രാമകൃഷ്ണൻ ശരിക്കും മതാത്മകനാണ്.മതമെന്തെന്ന്, ദൈവീകതയെന്തെന്ന് അദ്ദേഹത്തിനറിയാം.
ജീവിതത്തെ നൃത്തരൂപത്തിൽ സ്വീകരിക്കുക, ജീവിതത്തെ ഗാനാത്മകമായി എടുക്കുക, ജീവിതത്തെ അതിന്റെ ബഹുത്വത്തിൽ സ്വീകരിക്കുക. യാതൊരു വിധ വിധികൽപനയും കൂടാതെ ജീവിതത്തെ സ്നേഹിക്കുക. അതെന്താണോ അതേപടി സ്നേഹിക്കുക .
ജീവിത നിഗൂഡതകൾ പരിഹരിക്കാൻ ശ്രമിക്കുന്നവനല്ല സന്യാസി. ജീവിത നിഗൂഡതകളിലേക്ക് ഊളിയിടുന്നവനാണ് സന്യാസി.ആ നിഗൂഡതയെ ജീവിക്കുകയാണ് സന്യാസം. അത് പരിഹരിക്കലല്ല, അത് പരിഹരിക്കാൻ ശ്രമിക്കുമ്പോൾ നിങ്ങൾ ഗൗരവക്കാരനാകുന്നു. അതിനെ ജീവിക്കുമ്പോൾ നിങ്ങൾ കൂടുതൽ വിനോദ ഭാവമുള്ളവനാകുന്നു.
🪶ഓഷോ🦇
മലമുകളിൽ ഒരു നിരീക്ഷകൻ –