റേഷൻ കട

॥॥റേഷൻകട ❤️💚
ഒരു ഗതകാലസ്മരണ॥॥

റേഷൻകാർഡുകൾക്കല്ലാം
ഒരേ നിറമുണ്ടായിരുന്ന കാലം

റേഷൻ കടക്കാരനെ എല്ലാവരും
ഭയഭക്തി ബഹുമാനത്തോടെ
കണ്ടിരുന്ന കാലം…

എല്ലാവരും റേഷനരി തിന്ന്
ജീവിച്ച ഒരു കാലം.

മണ്ണെണക്ക് പച്ചവെള്ളത്തിന്റെ നിറമുണ്ടായിരുന്ന കാലം.

റേഷൻകാർഡിൽ കുട്ടികൾക്കെന്നും പ്രായക്കൂടുതൽ രേഖപ്പെടുത്തിയിരുന്ന കാലം.

നാട്ടിലില്ലാത്ത മക്കളുടെ പേരുപോലും കാർഡിൽ ഉണ്ടായിരുന്ന കാലം.

കൊല്ലങ്ങളായി കാർഡിലെ വാർഷിക വരുമാനം 1200 രൂപയിൽ കൂടാതെയും, കുറയാതെയും കൃത്യമായി കൊണ്ടുനടന്നിരുന്ന കാലം.

ഇന്ന് സ്വർണ്ണം പണയം വയ്ക്കുമ്പോലെ പണ്ട് റേഷൻകാർഡ് പത്തും പതിനഞ്ചും രൂപയ്ക്ക് പണയം വച്ചിരുന്ന കാലം.

അന്ന് രണ്ട് കാർഡുകളേ കുട്ടികൾക്ക് പരിചയം ഉണ്ടായിരുന്നുള്ളൂ. റേഷൻകാർഡും, പ്രോഗ്രസ്സ് കാർഡും. ഈ രണ്ടു കാർഡുകളും അവരുടെ പേടിസ്വപ്നമായിരുന്നു. റേഷൻകടയിൽ പോകുന്ന പണി പലപ്പോഴും കുട്ടികൾക്കായിരുന്നു.

അങ്ങനെ ഒരു കാലം ഉണ്ടായിരുന്നല്ലോ എല്ലാവർക്കും.
ഇനി നമുക്ക് കുറച്ച് പിന്നോട്ട് പോകാം.

വെള്ളിയാഴ്ചയും ശനിയാഴ്ചയുമായിരിക്കും റേഷൻകടയിൽ കൂടുതൽ തിരക്ക് അനുഭവപ്പെടുക. വൈകുന്നേരം നാലുമണിക്ക് റേഷൻകാർഡും സഞ്ചിയും, മണ്ണെണ്ണക്കുപ്പിയും, ടിന്നുമായി ജനങ്ങൾ വീട്ടിൽ നിന്നിറങ്ങി റേഷൻപീടികയിലേക്ക് മാർച്ചുചെയ്യും. ‘റേഷൻ’ മേടിക്കാൻ പോകുന്നു എന്ന് ചിലരും, ‘കൺട്രോളരി’ മേടിക്കാൻ പോകുന്നു എന്ന് മറ്റുചിലരും ആഴ്ചതോറുമുള്ള ഈ പോക്കിനെ വിളിച്ചിരുന്നു.

മണ്ണെണ്ണ വാങ്ങാനുള്ള പാത്രം, അമേരിക്കയിൽനിന്നും സ്കൂളുകളിൽ ഉപ്പുമാവ് ഉണ്ടാക്കാനുള്ള എണ്ണ കൊണ്ടുവരുന്ന പാട്ട ആയിരുന്നു. അല്ലെങ്കിൽ പ്ലാസ്റ്റിക് കന്നാസ്.

ചാക്കരി, പച്ചരി, ഗോതമ്പ്, പഞ്ചസാര, മണ്ണെണ്ണ തുടങ്ങി റേഷൻകടയിൽനിന്ന് കിട്ടുന്നതെന്തും വാങ്ങുന്നവരായിരുന്നു അന്നത്തെ ശരാശരി മലയാളി. റേഷനരി കഴിക്കുന്ന കാര്യത്തിൽ ആരും വലുപ്പച്ചെറുപ്പമൊന്നും നോക്കിയിരുന്നില്ല. നല്ല തടിയുള്ള ചിലരെക്കാണുമ്പോൾ ‘എവിടുന്നാ റേഷൻ’ എന്നു ചോദിക്കുന്ന ഒരു നാട്ടിൻപുറഫലിതം ഒരുകാലത്ത് കേരളത്തിൽ അങ്ങോളമിങ്ങോളം പ്രചരിച്ചിരുന്നു. അന്നൊക്കെ റേഷൻകടകൾ എത്രമാത്രം പ്രധാനപ്പെട്ടതായിരുന്നു എന്ന വലിയ സത്യം ഈ കുഞ്ഞു തമാശയിൽ ഒളിച്ചിരിപ്പുണ്ട്.

നാട്ടിൻ പുറത്തെ പലചരക്കുകടക്കാരനും ചായക്കടക്കാരനും രാവിലെ വന്നു കട തുറന്നു വിളക്കുകത്തിച്ച് പ്രാർത്ഥിച്ച് ഇന്നു നല്ല കച്ചവടം കിട്ടണേയെന്നു പറയും. ‘ഐശ്വര്യമുള്ള കൈ നീട്ട’വും വാങ്ങും. പണ്ടത്തെ റേഷൻ കടക്കാരൻ പതിവുപോലെ കട തുറന്നു പ്രാർത്ഥിയ്ക്കും ഇന്നാരും റേഷൻ വാങ്ങാൻ വരരുതേയെന്ന്. കാരണം കരിഞ്ചന്ത.

മുതിർന്നവർക്ക് രണ്ട് യൂണിറ്റ് അരിയും കുട്ടികൾക്ക് (12 വയസ്സിന് താഴെയുള്ളവർക്ക്) ഒരു യൂണിറ്റ് അരിയുമായിരുന്നു ഒരാഴ്ചയിൽ നൽകിയിരുന്നത്
(1 യൂണിറ്റ്-770 gm) കുട്ടികളുടെ പ്രായം കൂട്ടി എഴുതി 12 ന് മുകളിൽ ആക്കിയിരുന്നതിന്റെ ഗുട്ടൻസ് അതായിരുന്നു.

അന്ന് ഒരാൾക്ക്‌ 250ഗ്രാം പഞ്ചസാരയാണ് കിട്ടിയിരുന്നത്. അത്‌ അടുത്ത കടയിൽ കൊടുത്താൽ മാർക്കറ്റ്‌ വിലകിട്ടും. അതുകൊണ്ട്‌ മറ്റാവശ്യസാധനങ്ങൾ വാങ്ങും.
വീട്ടിൽ എല്ലാവരും മധുരമില്ലാത്ത കാപ്പി കുടിക്കും. അതിഥികൾക്കായി പ്രത്യേകം പഞ്ചസാര കരുതിയിരുന്നു. ചക്കരയും.

രണ്ടിന്റെയും, അഞ്ചിന്റെയും, പത്തിന്റെയും മുഷിഞ്ഞ നോട്ടുകൾ കൈയ്യിൽ ചുരുട്ടി പിടിച്ചായിരിക്കും മിക്കവാറും ആളുകൾ വരിക. പൈസ ഇല്ലാത്ത ചിലർ മറ്റു ചിലരോട് പൈസ കടം വാങ്ങി റേഷനരി വാങ്ങാൻ വരും. എന്നാൽ അപൂർവ്വം ചിലർക്ക് റേഷനരി വാങ്ങാൻ കഴിയില്ല. നാട്ടു ഭാഷയിൽ അതിനെ “ആ ആഴ്ച്ചയിലെ അരി ഒഴിഞ്ഞ് പോയി” എന്നാണ് സൂചിപ്പിക്കുന്നത്.

‘റേഷൻകട’യെന്നോ, ന്യായവില ഷോപ്പ് എന്നോ (പിന്നീടാണ് ‘പൊതുവിതരണകേന്ദ്രം’എന്നപേര് വന്നത്) എഴുതിവച്ച കുറ്റമറ്റ ബോർഡുകൾ അപൂർവം കടകളിൽ മാത്രം ആർഭാടമെന്നോണം നിലകൊണ്ടു. മറ്റു പലയിടങ്ങളിലും മതിലിലെ വട്ടെഴുത്തായും കോലെഴുത്തായും റേഷൻകട എന്ന പേരും അതിന്റെ നമ്പരും മുഖംകുനിച്ചു നിന്നു.

എല്ലാ കടകളിലും കണ്ടിരുന്ന മറ്റൊന്ന് ‘ലൈസൻസി’യുടെ പേരാണ്. ലൈസൻസി എന്ന വാക്കിനർഥം അന്ന് ഭൂരിഭാഗം കുട്ടികൾക്കും പിടികിട്ടിയിരുന്നില്ലെങ്കിലും റേഷൻ കട നടത്തുന്ന ചേട്ടന്റെ പേരാണതെന്ന് അവർ തിരിച്ചറിഞ്ഞു. അതായത്, റേഷൻകട മുതലാളി!

റേഷൻകട എന്ന ബോർഡ് വെച്ച ഒറ്റമുറി പീടികയിൽ മേശയിട്ട് റേഷൻകടക്കാരൻ ഇരിക്കും. കടയിൽ വെളിച്ചത്തിനായി മണ്ണെണ്ണ വിളക്ക് പ്രകാശിക്കുന്നുണ്ടാവും. അല്ലെങ്കിൽ അരിക്കിലാമ്പ് വിളക്ക്. അതിന്റെ അരണ്ട വെളിച്ചം അന്ന് കുറവായി തോന്നിയിരുന്നില്ല. കടക്കാരൻ ഇരിക്കുന്നതിന് പിന്നിലായി സാധനങ്ങളുടെ സ്റ്റോക്ക് ബോർഡ് തൂക്കിയിട്ടിട്ടുണ്ടാവും അതിൽ വെള്ള ചോക്ക് കൊണ്ട് സാധനങ്ങളുടെ വില രേഖപ്പെടുത്തി വെച്ചിരിക്കും. കടയിലേക്ക് വരുന്നവർ ഓരോരുത്തരും അവരവരുടെ കാർഡുകൾ മേശപ്പുറത്ത് അട്ടിവെക്കും.
മഞ്ഞ നിറമുള്ള തുണിയുടെ പുറംചട്ടയുള്ള കാർഡുകൾ. കുറേക്കഴിഞ്ഞു ഈ കാർഡുകളുടെ അട്ടി അപ്പം മറിക്കുന്നപോലെ തിരിച്ചുവയ്ക്കും. ആദ്യം വന്നവരെ ആദ്യം വിളിക്കാനാണിത്.

പിന്നെ ഒരു കാത്തിരിപ്പാണ്, നീണ്ട കാത്തിരിപ്പ്.

അതിനിടയിൽ റേഷൻ കടകളുടെ ഒരു ഭിത്തിയിൽ കുടുംബാസൂത്രണത്തിന്റെ ചുവന്ന ത്രികോണമുള്ള “കുട്ടികൾ അഞ്ചോ ആറോ മതി” എന്ന പരസ്യം പലവട്ടം വായിക്കും. സന്താന സൗഭാഗ്യം കൊണ്ടു ഒരു വിധം വീടുകളിൽ എട്ടും പത്തും കുട്ടികളുണ്ടായിരുന്നു അന്ന്.

അക്കാലത്ത് കേരളം കാത്തിരുന്ന റേഷൻകടയറിയിപ്പുകൾക്ക് രണ്ടോ മൂന്നോ വാക്കേ നീളമുണ്ടാകൂ. ‘പഞ്ചസാര തീർന്നു’, ‘ഗോതമ്പ് അടുത്തയാഴ്ച’, ‘മണ്ണെണ്ണ 2 ലീറ്റർ മാത്രം’, ‘പച്ചരി ഇല്ല….’

ആ കാത്തിരിപ്പിനിടയിൽ വന്നവരുമായി നേരം പോക്കിന് കഥകളും പറയും. അവസാനം റേഷൻ കടക്കാരൻ ഗൃഹനാഥന്റെ പേര് വീട്ടുപേര് ചേർത്ത് ഉച്ചത്തിൽ അലറി വിളിക്കും. നമ്മുടെ പേരാണ് വിളിക്കുന്നതെങ്കിൽ നമുക്ക് സാധനങ്ങൾ വാങ്ങാൻ തയ്യാറെടുക്കാം.

കാർബൺ പേപ്പർ വെച്ചാണ് ബില്ല് എഴുതുക. ബില്ലിലെ അക്ഷരങ്ങൾ ലോകത്തിലെ ഒരു ഭാഷാ പണ്ഡിതൻമാർക്കും ഇത് വരെ പിടികിട്ടിയിട്ടില്ല. അരിയും, ഗോതമ്പും, മാസാവസാനമാണെങ്കിൽ പഞ്ചസാരയും, മണ്ണെണ്ണയും ഉണ്ടാവും. ബിൽ തുക നൽകിയാൽ ബാക്കി ചില്ലറ തരാനില്ലെങ്കിൽ കാർഡിന്റെ പിൻവശത്ത് ആ തുക രേഖപ്പെടുത്തി വെക്കും. ബില്ല് എഴുതുന്നതിനിടയിൽ അടുത്ത ചായക്കടക്കാരൻ നേരത്തെ കൊണ്ടുവച്ച തണുത്തുപോയ ചായ അയാൾ പെട്ടെന്നെടുത്ത് കുടിക്കും. കടയിലെത്തിയ ചിലരോട് റേഷൻ കടക്കാരൻ, ബാലൻ കെ നായർ ജയനോട് സംസാരിക്കുന്നത് പോലെ, ചാടി കടിക്കുന്ന രീതിയിൽ സംസാരിക്കും മറ്റു ചിലരോട് പ്രേംനസീർ ഷീലയോട് സംസാരിക്കുന്നതു പോലെ മധുരമായി സംസാരിക്കുന്നതായും കാണാം.

ഓരോ റേഷൻ കടയിലും കടക്കാരന് വിശ്വസ്തനായ ഒരു സഹായി ഉണ്ടായിരിക്കും. ഒറ്റക്കൈ കൊണ്ട് അരിപ്പാട്ട തൂക്കി അയാളുടെ ഒരു കൈയ്യിലെ മസിൽ മറുകയ്യിലെ മസിലിനേക്കാൾ ദൃഢപെട്ടിരിക്കുന്നതായി കാണാം. ഓരോ അരിമണിയും സ്വർണ്ണം തൂക്കുന്നതു പോലെ ആണ് അയാൾ തൂക്കുക. പുതിയ പഞ്ചസാര ചാക്കാണ് എടുക്കുന്നതെങ്കിൽ തുന്നിയ നൂൽ പാവാടയുടെ വള്ളി വലിച്ചൂരുന്നത് പോലെ അയാൾ അഴിച്ചെടുക്കും. അതുപോലെ കാലിയായ ചാക്കുകൾ കടയ്ക്കകത്ത് ഭംഗിയായി മടക്കി വെക്കും.

അന്ന് പഞ്ചസാരയും അരിയും വരുന്ന ചാക്കുകളെ ക്വിന്റൽചാക്കുകൾ എന്നാണ് വിളിച്ചിരുന്നത്. ഓരോ നിറചാക്കും നൂറു കിലോ കാണും. എല്ലാവർക്കും പൊക്കാൻ സാധിക്കാത്തത്രയും വലിയ ചാക്കിറക്കാൻ പ്രത്യേക ചുമട്ടുകാരുണ്ടായിരുന്നു.

റേഷൻ കടക്കാർ വെട്ടിപ്പിന്റെ ആശാന്മാരായിരുന്നു. പഞ്ചസാര തൂക്കുന്ന പാട്ടയുടെ നാലുമൂലക്കും കട്ടിപിടിച്ചിരുന്നിരുന്ന
പഞ്ചസാര ഒരിക്കലും അവർ ക്ലീൻ ആക്കാൻ ശ്രമിച്ചിരുന്നില്ല. ഒരു കിലോ പഞ്ചസാര തൂക്കിയാൽ 900 ഗ്രാം എങ്കിലും കിട്ടുന്നവർ ഭാഗ്യവാന്മാരാണ്. കാശിന്റെ കുറവുമൂലം ആ ആഴ്ചയിൽ ഒരാൾ തന്റെ വിഹിതം മുഴുവൻ വാങ്ങിച്ചില്ലെങ്കിലും മുഴുവനായി വാങ്ങിച്ചെന്ന് രേഖപ്പെടുത്തിയിരുന്നു. അതിൽ ഒരു കാർഡുടമയും പരാതി പറഞ്ഞില്ല.

റേഷൻ കടയിലെ അരി തൂക്കുന്ന ത്രാസിന്റെ മുകളിലായി ഒരു ചെറിയ കല്ല് തൂക്കിയിട്ടതായി കാണാം. അത് എന്തിനാണ് തൂക്കിയിട്ടിരിക്കുന്നതെന്ന് അന്ന് ഒരു പിടിയും ഉണ്ടായിരുന്നില്ല. അരി തൂക്കുന്ന പാട്ടയുടെ തൂക്കത്തിനുള്ള കല്ലാണ് കെട്ടിത്തൂക്കുന്നത്. അതായത് ആ പാത്രത്തിന്‍റെ തൂക്കത്തിനുളള തൂക്കക്കട്ടി കിട്ടില്ലല്ലോ.

അരി കിട്ടാത്ത നാളിൽ ഇരട്ടി അളവിൽ നെല്ല് കിട്ടുമായിരുന്നു. സൂചി ഗോതമ്പുപൊടി, പാമോയിൽ, കോറത്തുണി (കട്ടിയുള്ള മുണ്ട്) എന്നിവയും കിട്ടിയിരുന്നു എന്നത് പുതിയ തലമുറകൾക്ക് അത്ഭുതമാവും.
കിട്ടിയിരുന്ന തുണികൾ കട്ടിയുള്ള ഒറ്റക്കളർ തുണികളായിരുന്നു. പശമുക്കി വടിപോലെയിരിക്കുന്ന തുണികൾ അലക്കിൽക്കഴിഞ്ഞാൽ വലപോലെയായി മാറും. നിലവാരം കുറഞ്ഞ തുണികളെ “റേഷൻ തുണിപോലെ” എന്നൊരു ചൊല്ല് അന്നാളുകളിലുണ്ടായിരുന്നു.

അരിയും പഞ്ചസാരയും, ഗോതമ്പും വാങ്ങി കഴിഞ്ഞാൽ മാത്രമാണ് മണ്ണെണ്ണ തരിക. വലിയ ഉരുണ്ട വീപ്പയിലെ മണ്ണെണ്ണയെ വളരെ സുക്ഷ്മതതോടെ പ്ലാസ്റ്റിക്കിന്റെ സുതാര്യമായ പൈപ്പിലൂടെ അറബികൾ ഹുക്ക വലിക്കുന്നത് പോലെ വായ കൊണ്ട് വലിച്ച് മറ്റൊരു ചെറിയ പാത്രത്തിലാക്കുന്നു. വായിൽ കയറിയ മണ്ണെണ്ണ കാറിതുപ്പും. പിന്നീട് വലിയ കോളാമ്പി പോലുള്ള വലിയ കുനീൽ വച്ച് (ചോർപ്പ്) പച്ചവെള്ളം പോലുള്ള മണ്ണെണ്ണ എല്ലാവർക്കും കന്നാസിൽ അളന്ന് കൊടുക്കുന്നു. മണ്ണെണ്ണ സൂക്ഷിച്ച വലിയ വീപ്പയ്ക്കടുത്ത് ചിലപ്പോൾ നായ്ക്കളെ കാണാം. അത് അവിടെ വന്ന ആളുകളെ അനുഗമിച്ച് വീട്ടിൽ നിന്നും വന്ന വളർത്തുനായ്ക്കളാണ്.

അരിയും മറ്റ് സാധനങ്ങളും സഞ്ചിയിലാക്കി കെട്ടി തലയിൽ വെച്ച് ഒരു കൈകൊണ്ട് ചെറുതായി താങ്ങി പിടിക്കും. മറുകയ്യിൽ മണ്ണെണ്ണ കഴുത്തിൽ കയറുകെട്ടിയുണ്ടാക്കിയ കൊഴയിൽ തൂക്കി പിടിക്കും. നടത്തത്തിന് വേഗത കൂടുമ്പോൾ കുപ്പിയുടെ പുറത്ത് കൂടി ചിലപ്പോൾ മണ്ണെണ്ണ ഒലിക്കും. ചിലർ സാധനങ്ങൾ വാങ്ങി ഹെർക്കുലീസ് സൈക്കിളിൽ വെച്ച് ഗമയോടെ പോവുന്നതായി കാണാം. മറ്റു ചിലർ തലയിൽ അരി സഞ്ചിയും ഇടത്തേ കയ്യിൽ ഉണങ്ങിയ വാഴയിലയിൽ പൊതിഞ്ഞ ഉണക്കമീനും, വലതുകയ്യിൽ മണ്ണെണ്ണ കുപ്പിയുമായി കാവടിയാട്ടക്കാരെ പോലെ നടന്നു നീങ്ങുന്നതായി കാണാം. അരി സഞ്ചിയിലേക്ക് മണ്ണെണ്ണ ഒലിച്ചിറങ്ങി ഒരുമാസക്കാലം മണ്ണെണ്ണയുടെ ഗന്ധമുള്ള ചോറുണ്ട കാലവുമുണ്ടായിരുന്നു. അതുകൊണ്ടൊന്നും ഒരു രോഗവും റിപ്പോർട്ട് ചെയ്തിരുന്നില്ല.

ചാക്കരി വരുന്ന സമയം കടകളിൽ പതിവില്ലാത്ത തിരക്കായിരിക്കും. പച്ചരിയിൽ പലപ്പോഴും പുഴുവിന്റെ കൂടുകൾ വരെ ഉണ്ടാകുമായിരുന്നെങ്കിലും ആരും പരാതി പറഞ്ഞിരുന്നില്ല. പലപ്പോഴും ചോറിന്റെ ദുർഗന്ധം “വാറ സോപ്പ്” (ബാർ സോപ്പിന് അങ്ങനാണ് പറഞ്ഞിരുന്നത്) ഇട്ടു കഴുകിയാലും പോകില്ലായിരുന്നു.

സാധനങ്ങളുമായി വീട്ടിലെത്താൻ ഏഴ് മണി ആവും. പുരയിലെത്തിയാൽ ആദ്യം കുപ്പിയിലെ മണ്ണെണ്ണ, വീടിലെ കെടാറായ വിളക്കിൽ ഒഴിച്ച് അതിന് ജീവൻ വെപ്പിക്കും. പിന്നീട് ആ മണ്ണെണ്ണവിളക്കിന്റെ വെളിച്ചത്തിൽ സഞ്ചിയിലെ അരി നാഴി കൊണ്ട് അളന്നെടുത്ത് മുറത്തിലാക്കി അരിയിൽ നിന്ന് കല്ലും, മണ്ണും, ചെള്ളും മാറ്റി ചോറുണ്ടാക്കി തിന്നും.

റേഷൻകടയോളം ചർച്ചാവിഷയമായ മറ്റൊന്നുകൂടി എൺപതുകളിൽ കേരളത്തിലെത്തി. മാവേലി സ്റ്റോറുകൾ! റേഷൻകടയിൽ കിട്ടാത്ത പാമോയിലായിരുന്നു അവിടുത്തെ ഗ്ലാമർ താരം. സെക്കൻഡ് ഷോ കഴിഞ്ഞ് റേഷൻകാർഡുമായി മാവേലി സ്റ്റോറുകൾക്കു മുന്നിൽ ക്യൂ നിന്നവരുവരെ അക്കാലത്ത് നമ്മുടെ നാട്ടിലുണ്ടായിരുന്നു. പിറ്റേന്ന് ഉച്ചയോടെ മാവേലി സ്റ്റോറിൽനിന്ന് വിലകുറച്ചു വാങ്ങിയ പാമോയിലും പലചരക്കുമൊക്കെ തോളത്തു വച്ച് ദിഗ്വിജയം കഴിഞ്ഞ രാജകുമാരന്മാരെപ്പോലെ അവർ വീടുകളിലേക്ക് മടങ്ങി.

സമർപ്പണം – റേഷൻ കടയിൽ വരി നിന്ന് അരി വാങ്ങി ചോറ് കഴിച്ചവർക്ക്…❤️
കടപ്പാട്
വല്ലാത്തൊരു നൊസ്റ്റാൾജിയ സമ്മാനിച്ച
കാലത്തിന് പിറകിലേക്ക് കൊണ്ടുപോയ
വാട്സ് ആപ്പിന്റെ അജ്ഞാതനായ എഴുത്തുകാരന് ഒരു വലിയ സല്യൂട്ട്..🔥
കഴിഞ്ഞുപോയ തലമുറയുടെ റേഷൻ കടക്കാലം ഹൃദ്യമായി കൃത്യമായി താങ്കൾ
പകർത്തിവെച്ചിരിക്കുന്നു..💚❤️
അഭിനന്ദിക്കാതെ തരമില്ല..💐

Author: renjiveda

I'm not I

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: