ആനയും കുരങ്ങും

ശുഭദിനം
കവിത കണ്ണന്‍
ആ കാട്ടിലെ ആനയും കുരങ്ങും തങ്ങളുടെ കഴിവിനെ ചൊല്ലി എന്നും വഴക്കായിരുന്നു. എല്ലാം കേട്ടുകൊണ്ടുനിന്ന പരുന്ത് അവരോട് പറഞ്ഞു: നമുക്കൊരു മത്സരം നടത്താം. അതില്‍ വിജയിക്കുന്ന ആളായിരിക്കും മിടുക്കന്‍. അവര്‍ സമ്മതിച്ചു. തൊട്ടപ്പുറത്തെ കാടിനു നടുവില്‍ ഒരു സ്വര്‍ണ്ണമരം ഉണ്ട്. അതില്‍ നിന്നും പഴം പൊട്ടിച്ചു കൊണ്ടുവരുന്ന ആളാണ് വിജയി. രണ്ടുപേരും ഓടി. അവര്‍ക്ക് ഒരു നദി മുറിച്ചുകടക്കണമായിരുന്നു. ആദ്യമിറങ്ങിയ കുരങ്ങന്‍ ഒഴുക്കില്‍ പെട്ടു. ആന തന്റെ തുമ്പിക്കൈകൊണ്ട് കുരങ്ങനെ ഉയര്‍ത്തി തന്റെ പുറത്തിരുത്തി. കുരങ്ങന്‍ അതൊട്ടും പ്രതീക്ഷിച്ചിരുന്നില്ല. രണ്ടുപേരും വീണ്ടും ഓടി മരത്തിന് അടുത്തെത്തിയപ്പോള്‍ മരം വളരെ ഉയരത്തിലായിരുന്നു. ആന തുമ്പിക്കൈകൊണ്ട് ചില്ല ഒടിക്കാന്‍ നോക്കിയെങ്കിലും നടന്നില്ല. കുരങ്ങന്‍ ചാടിക്കയറി പഴം പറിച്ചു. രണ്ടുപേരും തിരിച്ചെത്തി പരുന്തിനോട് പറഞ്ഞു: ഈ മത്സരത്തില്‍ വിജയി ഇല്ല. ഞങ്ങള്‍ രണ്ടുപേരും കൂടി ശ്രമിച്ചിട്ടാണ് പഴം കിട്ടിയത്. അഹംബോധം അഴിയുന്നതും അഴിയേണ്ടതുമായ ചില നിമിഷങ്ങളുണ്ട്. അത് അപരന്റെ നിസ്സയാഹതയിലാകാം. സ്വന്തം ഉയര്‍ച്ചയിലാകാം. ആ നിമിഷത്തിലാണ് തുടര്‍ജീവിതത്തിലെ ഏറ്റവും മനോഹരമായ ബന്ധം ഉടലെടുക്കുക. പരസ്പരം ആശ്രയമാകാതെ മുന്നോട്ടുപോകാനില്ല എന്ന നിര്‍ണ്ണായക നേരത്താണ് അപരനോടുളള ഉള്‍പ്പക അലിഞ്ഞില്ലാതാകുന്നത്. ആരും ആശ്രിതരുമല്ല, സ്വാശ്രയരുമല്ല. ഓരോരുത്തരുടെ കഴിവുകളിലും കുറവുകളിലും പരസ്പരം വിശ്വസിക്കുകയും സഹവസിക്കുകയും ചെയ്യുക എന്നതിലാണ് ആത്മബന്ധങ്ങളുടെ തുടക്കം. ഒന്നുകൈകൊടുത്താല്‍ തിരിച്ചുപിടിക്കാന്‍ പറ്റുമെങ്കില്‍ എന്തിനാണ് പുറംതിരിഞ്ഞ് നില്‍ക്കുന്നത്.. പരസ്പരം ആശ്രയമായി നമുക്ക് മുന്നോട്ട് പോകാം – ശുഭദിനം.

Author: renjiveda

I'm not I

Leave a comment