
“സ്വല്പാ തഥാർഥ ബഹുലാ ച വരാഹ ഹോ രാ
തസ്യാ: പുന:പടുധിയാമപി ദുർഗമോfർഥ:
ഭട്ടോൽപലാദിരചിതാ വിവൃതീർവിലോക്യ
സ്പഷ്ടം കരോതു ഹൃദി ദൈവവിദർഥമസ്യാ: “
സാരം – വരാഹമിഹിരനാൽ എഴുതപ്പെട്ട ഹോരാശാസ്ത്രം എന്ന ഗ്രന്ഥം വളരെ ചെറുതാണെങ്കിലും അതിൽ വളരെയധികം അർത്ഥങ്ങളെ പ്രതിപാദിച്ചിരിക്കുന്നു. അതിന്റെ അർഥമാകട്ടെ അതിബുദ്ധിശാലികൾക്കു കൂടി കഷ്ടമാകുന്നു. അതിനാൽ ജ്യോതിഷികൾ ഭട്ടോൽപ്പലം മുതലായ(പരമേശ്വരം, വിവരണം, ചന്ദ്രിക, പ്രകാശിക) വ്യാഖ്യാന ഗ്രന്ഥങ്ങളെ നോക്കി ഹോരയുടെ അർത്ഥത്തെ ഹൃദയത്തിൻ(മനസ്സിൽ ) സ്പഷ്ടമായി ധരിച്ചു കൊള്ളണം.
പ്രശ്നമാർഗം ( പൂർവാർധം )
ശ്ളോകം -28
“
“ഹോരാം വരാഹമിഹിരാസ്യ വിനിഃ സൃതാം യേ മാലാമിവാധതി ദൈവ വിധ: സ്വകണ്ഠേ കൃഷ്ണീയ ശാസ്ത്രമപി ഭർതൃമതീവ സൂത്രം
തേഷാം സഭാസു മഹതീ ഭവതീഹ ശോഭാ “
സാരം – വരാഹമിഹിര ഹോരയെ മാലയെ കഴുത്തിൽ ധരിക്കുന്നതു പോലെ ഗ്രന്ഥാപേക്ഷ കൂടാതെ ചൊല്ലത്തക്കവിധം കണ്ഠസ്ഥയാക്കി ചെയ്യുകയും, നെടുമംഗല്യമുള്ള സ്ത്രീകൾ മംഗല്യത്താലിയെ എല്ലായ്പ്പോഴും കഴുത്തിൽ തന്നെ വച്ചു കൊണ്ടിരിക്കുന്ന പോലെ കൃഷ്ണീയ ശാസ്ത്രത്തെ എല്ലായ്പ്പോഴും കണ്ഠ പാഠമാക്കുകയും ചെയ്യുന്ന ജ്യോതിഷികകൾക്ക്, ജ്യോതിഷക്കാരുടെ സഭകളിൽ വലിയ ശോഭയുണ്ടാക്കും -ശ്ളോകം 29
” ഹോരായാസ്തു ‘ദശാദ്ധ്യായാം വ്യാഖ്യായാം ക്രിയതാം ശ്രമ: ദൈവജ്ഞേന വിശേഷേണ ഫലമാദേഷ്ടുമിച്ഛതാ.”
സാരം – ഹോരയുടെ ദശാദ്ധ്യായി എന്നു പേരായ വ്യാഖ്യാനത്തിൽ ജ്യോതിഷികൾ പ്രത്യേകം പരിശ്രമിക്കേണ്ടതാകുന്നു. ഫലം പറയുവാൻ വിചാരിക്കുന്നവർ അതിലേറെ പരിശ്രമിക്കേണ്ടതാകുന്നു.-ശ്ളോകം 30
“ദശാദ്ധ്യായാം വിശേഷേണ ശ്രമോ നൈവ കൃതോ യദി ദുഷ്കര: ഫല നിർദേശസ്തദ്വിദാം ച തഥാ വച: “
സാരം – ദശാദ്ധ്യായി എന്ന ഹോരാ വ്യാഖ്യാനത്തിൽ പ്രത്യേകിച്ചും പരിശ്രമിക്കാത്ത ജ്യോതിഷികൾ ഫലം പറഞ്ഞ് ഒപ്പിക്കുവാൻ പ്രയാസപ്പെടും. ദശാദ്ധ്യായിയുടെ വലിപ്പത്തെ അറിയുന്ന മഹാന്മാർ അപ്രകാരം പറഞ്ഞിട്ടും ഉണ്ടു്.
ആ വചനത്തെ തന്നെ താഴെ കാണിക്കുന്ന ശ്ളോകവും ഉദ്ധരിക്കുന്നു.ശ്ളോകം 31
ശ്ളോകം 32
“അദൃഷ്ട്വാ യോ ദശാദ്ധ്യായീം ഫലമാദേഷ്ടുമിച്ഛതി ഇച്ഛത്യേവ സമുദ്രസ്യ തരണം സ പ്ലവം വിനാ .” ഇതി
സാരം – ദശാദ്ധ്യായി എന്ന ഹോരാ വ്യാഖ്യാനത്തെ പഠിക്കാതെ ജ്യോതിശാസ്ത്ര പ്രകാരം ഫലം പറയുവാൻ മോഹിക്കുന്നതു്, കപ്പലുണ്ടായിട്ടും കടക്കാൻ പ്രയാസമുള്ള സമുദ്രത്തെ കപ്പലുകൂടിയില്ലാതെ കടക്കാൻ ശ്രമിക്കുന്നതു പോലെയാകുന്നു.
ഇതുകൊണ്ടു് ഫലം പറഞ്ഞൊപ്പിക്കുന്നതു വളരെ പ്രയാസമുള്ള കാര്യമാണെന്ന സ്വന്താഭിപ്രായത്തെ ആചാര്യൻ വെളിപ്പെടുത്തുന്നു.
ഈ ശ്ളോകം ദശാദ്ധ്യായീ പണ്ഡിത വചനമാകുന്നു.