ഗുരുപൂർണ്ണിമ (വ്യാസ പൂർണ്ണിമ )

(05/07/2020)

ഭാരതീയ സംസ്കാരത്തിൽ ഗുരുക്കന്മാർക്ക് ഈശ്വരതുല്യമായ സ്ഥാനമാണ് കല്പിച്ചിട്ടുള്ളത്. *ഗു* എന്നാൽ അന്ധകാരമെന്നും , *രു* എന്നാൽ ഇല്ലാതാക്കുന്നവൻ എന്നുമാണ് സംസ്കൃതത്തിൽ അർത്ഥം പറയുന്നത്.

അജ്ഞാനാനമാകുന്ന അന്ധകാരത്തിൽനിന്നും ജ്ഞാനമാകുന്ന പ്രകാശത്തിലേക്ക് നമ്മെ നയിക്കുന്നവൻ ആണ് യഥാർത്ഥ ഗുരു. ഭാരതത്തിൽ ഹിന്ദുക്കളും ബുദ്ധമതക്കാരും ആചരിച്ചു വരുന്ന *ഗുരുവന്ദന* ദിനമാണ് *ഗുരു പൂർണ്ണിമ*. ഹിന്ദുക്കൾ ഈ ദിനത്തെ *വ്യാസ പൂർണ്ണിമ* എന്നാണ് പറയാറ്. ശകവർഷത്തിലെ ആഷാഢ മാസത്തിലെ പൗർണ്ണമി നാളിലാണ് ശ്രീ വേദവ്യാസന്റെ ജന്മദിനം. അതുകൊണ്ടുകൂടിയാണ് ഈ ദിനത്തെ *വ്യാസ പൂർണ്ണിമ* എന്ന് വിളിക്കുന്നത്. ഈ ദിനത്തിലാണ് ശ്രീ വ്യാസ മഹർഷി *ബ്രഹ്മസൂത്രം* രചിച്ചത് എന്ന് വിശ്വസിക്കപ്പെടുന്നു. ഗുരുക്കന്മാരുടെ ഗുരു എന്നാണ് ശ്രീ വേദവ്യാസൻ അറിയപ്പെടുന്നത്. പരാശര മുനിയുടെയും സത്യവതിയുടെയും മകനായി പിറന്ന *കൃഷ്ണ ദ്വൈപായനൻ* ജന്മനാൽത്തന്നെ മഹാജ്ഞാനിയായിരുന്നു ! വേദോപനിഷത്തുക്കളിൽ ഉള്ള അഗാധമായ പാണ്ഡിത്യം ഇദ്ദേഹം കുഞ്ഞുനാളുകളിൽ തന്നെ പ്രകടിപ്പിച്ചിരുന്നുവത്രെ ! ദ്വാപരയുഗത്തിൽ വേദജ്ഞാനം വ്യവസ്ഥാപിതമായി ലിഖിതരൂപത്തിൽ സംരക്ഷിക്കാൻ മഹാവിഷ്ണു തന്നെ തന്റെ അംശാവതാരമായി രൂപമെടുത്തതാണ് വേദവ്യാസൻ എന്ന് പറയപ്പെടുന്നു. അത്‌ വരെ വായ്മൊഴിയായി തലമുറകൾക്ക് പകർന്നു നൽകിയിരുന്ന വേദങ്ങളെ അദ്ദേഹം നാലായി വിഭജിച്ചു. അക്കാലത്ത് വേദം എന്നത് നാലുപാദമുള്ളതും, നൂറുകണക്കിന് ഗ്രന്ഥങ്ങൾ ഉള്ളതും ആയിരുന്നു. ക്രോഡീകരണം ഉണ്ടായിരുന്നില്ല. ചിതറിക്കിടക്കുന്ന ഈ വിജ്ഞാനത്തെ ഇദ്ദേഹം ക്രോഡീകരിക്കുകയും അതിനെ *ഋഗ്വേദം, യജുർവേദം, സാമവേദം, അഥർവ്വവേദം* എന്നിങ്ങനെ നാലായി വ്യസിച്ചു ( വിഭജിച്ചു ). കൃഷ്ണദ്വൈപായനൻ ഇങ്ങിനെ വേദങ്ങളെ വ്യസിച്ചതുകൊണ്ട് പിൽക്കാലത്ത് അദ്ദേഹം *വേദവ്യാസൻ* എന്നറിയപ്പെട്ടു. അന്നും ഇന്നും ലോകത്തിലെ തന്നെ ആദ്യത്തേതും ലക്ഷണമൊത്തതും പുരാതനവുമായ ഇതിഹാസ കൃതിയായി *മഹാഭാരതം* നിലകൊള്ളുന്നു. ഒന്നേകാൽ ലക്ഷം ശ്ലോകങ്ങൾ ഉള്ള വ്യാസമഹാഭാരതത്തിൽ പരാമർശിച്ചിട്ടില്ലാത്ത ഒന്നും ഈ ലോകത്തിൽ ഉണ്ടായിട്ടില്ല, ഇനി ഉണ്ടാവുകയും ഇല്ല എന്നാണ് പറയപ്പെടുന്നത് !! വ്യാസ വിരചിതമായ മഹാഭാരതം എന്ന മഹാസമുദ്രത്തിൽ നിന്നും നമുക്ക് ലഭിച്ച ജ്ഞാനരത്നമാണ് *ശ്രീമദ് ഭഗവദ് ഗീത*. മഹാഭാരതത്തിലെ ഭീഷ്മ പർവ്വത്തിൽ 23 മുതൽ 40 വരെയുള്ള അധ്യായങ്ങളിൽ ഉള്ള 700 ശ്ലോകങ്ങൾ ആണ് *ശ്രീമദ് ഭഗവദ് ഗീത* എന്നറിയപ്പെടുന്നത്. ശ്രീകൃഷ്ണാർജ്ജുന സംവാദരൂപത്തിൽ അവതരിക്കപ്പെട്ട ഗീത ലോകത്തിലെ സകല മനുഷ്യർക്കും നൽകുന്ന ധർമ്മപദേശമാണ്. ധർമ്മ പ്രബോധനത്തിൽ നിന്നും തുടങ്ങി കർമ്മം, ജ്ഞാനം, സംന്യാസം എന്നിങ്ങനെ മോക്ഷം വരെ മനുഷ്യർ അനുവർത്തിക്കേണ്ട മാർഗ്ഗങ്ങളാണ് വ്യാസ മഹർഷിയിലൂടെ സാക്ഷാൽ ഭഗവാൻ നമുക്ക് വെളിപ്പെടുത്തിത്തരുന്നത്. വേദോപനിഷത്തുക്കൾ ആറ്റിക്കുറുക്കിയ ജ്ഞാനാമൃതമായ ഭഗവദ് ഗീത നമുക്ക് സമ്മാനിച്ച വ്യാസ മഹർഷിയോട് മാനവകുലത്തിനുള്ള കടപ്പാട് വിസ്മരിച്ചുകൂടാ !! വ്യാസമുനി ഒരു നൂറ്റാണ്ട് കാലം ജലപാനം പോലുമില്ലാതെ ശിവനെ തപസ്സുചെയ്തു സംപ്രീതനാക്കി നേടിയ പുത്രനാണ് *ശ്രീശുക ബ്രഹ്മർഷി*. അരണിയിൽ (അഗ്നിയിൽ ) നിന്നും പിറവിയെടുത്ത ശ്രീശുകമുനി ഉഗ്ര തേജസ്വിയായിത്തീർന്നു. ചതുരാശ്രമങ്ങളായ ബ്രഹ്മചര്യം, ഗാർഹസ്ഥ്യം, വാനപ്രസ്ഥം, സന്യാസം എന്ന സാമ്പ്രദായിക രീതിയിൽ നിന്നും വിഭിന്നമായി അദ്ദേഹം ആദ്യമേ തന്നെ നേരിട്ട് സന്യാസ മാർഗ്ഗം സ്വീകരിച്ച തപോനിധിയായിരുന്നു. ശ്രീശുകമുനിയിലൂടെ *ശ്രീമദ് ഭാഗവതം* കേട്ടത് പരീക്ഷിത്ത് മഹാരാജാവ് മാത്രമല്ല, ഇന്നും ജനകോടികൾ ഭാഗവതോപദേശങ്ങൾ കേൾക്കുന്നു, സായൂജ്യമടയുന്നു. ആയിരക്കണക്കിന് വർഷങ്ങളായി ഈ ജ്ഞാനഗംഗ അനുസ്യൂതം ഒഴുകിക്കൊണ്ടേയിരിക്കുന്നു.

*2020 ജൂലൈ 5 വ്യാസ പൂർണ്ണിമ ദിനത്തിൽ* നാം ഓരോരുത്തരും നമുക്ക് ഏതെങ്കിലും തരത്തിൽ ജ്ഞാനം പകർന്നുനൽകിയ ഓരോ ഗുരുക്കന്മാരെയും സ്മരിക്കുകയും, വന്ദിക്കുകയും അവരുടെ പാദാരവിന്ദങ്ങളിൽ മനസാ നമസ്കരിക്കുകയും ചെയ്യണം. നമുക്കേവർക്കും ഗുരു പരമ്പരകളുടെ അനുഗ്രഹം ലഭിക്കുമാറാകട്ടെ !!! *ഗുരുർ ബ്രഹ്‌മാ* *ഗുരുർ വിഷ്ണു:* *ഗുരുർ ദേവോ മഹേശ്വര :* *ഗുരു സാക്ഷാത് പരബ്രഹ്മ:* *തസ്മൈ ശ്രീ ഗുരവേ നമഃ !!* *സദാശിവ സമാരംഭാം ശങ്കരാചാര്യ മധ്യമാം അസ്മദ് ആചാര്യ പര്യന്തം വന്ദേ ഗുരു പരമ്പരാം* *നമോസ്തു തേ വ്യാസ വിശാലബുദ്ധേ* *ഫുല്ലാരവിന്ദായതപത്രനേത്രേ* *യേന ത്വയാ ഭാരതതൈലപൂർണ്ണ :* *പ്രജ്ജ്വാലിതോ ജ്ഞാനമയ: പ്രദീപ:* *

ഓം ശ്രീ ഗുരുഭ്യോം നമഃ*