Tag: ഗുരുവായൂർ
ഗുരുവായൂര്‍
https://m.facebook.com/story.php?story_fbid=1668786573133508&id=100000065458941
ഗുരുവായൂര്‍
പടിഞ്ഞാറേ നടയിലിരുന്ന് ജപിക്കുകയായിരുന്നു. അപ്പോള്‍ ഒരു വെള്ളക്കാരി പ്രദക്ഷിണം വെച്ച് വരുന്നത് കണ്ടു.മലിഞ്ഞ് ദുര്‍ബലമായ ശരീരം. വിളറിയ നിറം. സാരി ഉടുത്ത് നെറ്റിയില്‍ സിന്ദുരമെല്ലാം ചാര്‍ത്തി…കൂടെ ഒരു മിടുക്കനായ ആണ്‍കുട്ടി
അവര്‍ എന്റെ അടുത്ത് വന്നു
May I sit here.
ഞാന്‍ ഇരുന്നോളാന്‍ തലയാട്ടി
എന്റെ ജപം കഴിഞ്ഞപ്പോളേക്കും അവരുടെ ജപവും കഴിഞ്ഞിരുന്നു.
അവര്‍ എന്നെ നോക്കി ചിരിച്ചു.
Are you from europe ?
No, from America..
അങ്ങനെ സംഭാഷണം തുടങ്ങി
എങ്ങനെ കൃഷ്ണഭക്തയായി എന്ന ചോദ്യത്തിന് മലവെള്ളം പോലെയാണ് ഉത്തരം വന്നത്.
ആലിയ എന്നായിരുന്നുവത്രെ അവരുടെ ആദ്യപേര്. കുട്ടിക്കാലത്ത് ഈ കുഞ്ഞ് ജീവിച്ചിരിക്കില്ല എന്നാണത്രെ ഡോക്ടര്‍മാര്‍ വിധിയെഴുതിയത്. പക്ഷേ ആ കുഞ്ഞ് ജീവിച്ചു. ഇരുപതാം വയസ്സില്‍ വിവാഹിതയായി.
വിവാഹശേഷമുള്ള നാളുകളിലെന്നോ അവര്‍ ഹരേകൃഷ്ണാ പ്രസ്ഥാനത്തെ കുറിച്ചുള്ള ഒരു വീഡിയോ കണ്ടു.തലമുഴുവന്‍ വടിച്ചുകളഞ്ഞ് കുടുമവെച്ച പുരുഷന്മാരെ കണ്ടപ്പോള്‍ Funny എന്നാണത്രെ അവര്‍ക്ക് തോന്നിയത്.എങ്കിലും അവരുടെ സംഗീതവും നൃത്തവും അവര്‍ക്ക് ഇഷ്ടപ്പെട്ടു.ക്രമേണ ആ ഇഷ്ടം കൂടി. നെറ്റിലൂടെ ഇസ്കോണിനെ കുറിച്ച് അറിഞ്ഞു. ഒരു കൃഷ്ണ ക്ഷേത്രത്തില്‍ പോയി ഹരേകൃഷ്ണ മന്ത്രം ദീക്ഷ വാങ്ങി.രാധാപൂര്ണ്ണിമ എന്ന പേര് സ്വീകരിച്ചു. മത്സ്യമാംസാദികള്‍ ഒഴിവാക്കാന്‍ കുറച്ചു കഷ്ടപ്പെട്ടുവത്രെ അവര്‍
അങ്ങനെയിരിക്കേ അവര്‍ ഗര്‍ഭിണിയായി.ആദ്യ ഗര്‍ഭം പക്ഷേ അലസിപ്പോയി.പരിശോധിച്ച ഡോക്ടര്‍ അവര്‍ ശാരീരികമായി അവശയാണെന്നും ഗര്‍ഭാശയഭിത്തിക്ക് ഒരു കുഞ്ഞിനെ താങ്ങാനുള്ള ബലമില്ലെന്നു പറഞ്ഞു.
ഉണ്ണിക്കണ്ണനെ പോലെ ഒരു കുഞ്ഞിനെ അവര്‍ മോഹിച്ചു. രണ്ടാമതും ഗര്‍ഭിണിയായപ്പോള്‍ അത് അലസിപ്പിക്കണം എന്ന് ഡോക്ടര്‍. അവര്‍ക്ക് സമ്മതമായില്ല. സമാധാനത്തിന് ഗുരുവിനെ സമീപിച്ചു. ഗുരു ഉത്തരയുടെ ഗര്‍ഭത്തിലുണ്ടായിരുന്ന പരീക്ഷിത്തിനെ ബ്രഹ്മാസ്ത്രത്തില്‍ നിന്ന് കൃഷ്ണന് രക്ഷിച്ച കഥയാണ് പറഞ്ഞു കൊടുത്തത്.
അതോടെ അവര്‍ക്ക് ആത്മവിശ്വാസമായി..ദിവസവും മൂന്നുമാല ജപിക്കാന്‍ തുടങ്ങി. ഇസ്കോണിലെ ചില സുഹൃത്തുക്കളുമോത്ത് ഞായറാഴ്ചകളില്‍ ഭജന്‍..അങ്ങനെ ഇരിക്കവേ ഇന്ത്യക്കാരിയായ ഒരു സൂഹൃത്താണത്രെ മക്കളുണ്ടാകാന്‍ ഗുരുവായൂരപ്പനെ പ്രാര്‍ത്ഥിച്ചാല്‍ മതി എന്ന് ഉപദേശിച്ചത്.അന്നവര്‍ ഉറപ്പിച്ചു മകനുണ്ടായാല്‍ (മകനാണെന്ന് അവര്‍ക്ക് ഉറപ്പായിരുന്നുവത്രെ) ഗുരുവായൂര്‍ വരും.
ആറാം മാസത്തെ ചെക്കപ്പില്‍ ഒന്നും പേടിക്കാനില്ല എന്ന് ഡോക്ടര്‍.പത്താം മാസത്തില്‍ സുഖപ്രസവം.അന്നുമുതല്‍ ഗുരുവായൂര്‍ക്ക് വരുന്നതിന് പണം സ്വരൂപിക്കുകയായിരുന്നു.ഇപ്പോള്‍ മകന് ആറുവയസ്സ്.ഇപ്പോളാണ് എത്തിച്ചേരാന്‍ സാധിച്ചത്.
ഇവിടെ വന്നപ്പോള്‍ വീണ്ടും പ്രശ്നം. ഹരേകൃഷ്ണയുടെ ഹിന്ദുസര്ട്ടിഫിക്കറ്റ് പോര ഗുരൂവായൂര്‍ പ്രവേശിക്കാന്‍, ആര്യസമാജത്തിന്റേത് തന്നെ വേണം.പിന്നെ അത് നേടാനുള്ള തത്രപ്പാടിലായി.ഇന്നാണ് ദര്‍ശനത്തിന് സാധിച്ചത്
പരീക്ഷിത്തിനെ രക്ഷിച്ച പോലെ തന്റെ മകനേയും കൃഷ്ണന് രക്ഷിച്ചു എന്ന് അവര്‍ പറഞ്ഞു..സ്വന്തം മകനെ മാറോടു ചേര്‍ത്ത് അവര്‍ ഹരേകൃഷ്ണാ എന്ന് ജപിക്കുമ്പോള്‍ കണ്ണില്‍ നിന്ന് വെള്ളം വരുന്നുണ്ടായിരുന്നു.