
കൊട്ടിയൂർ വൈശാഖ മഹോത്സവം
നെയ്യാട്ടം ജൂൺ മൂന്നിന്
🍁🍁🍁🍁🍁🍁🍁🍁
വൈശാഖ മഹോത്സവക്കാലത്തെ കൊട്ടിയൂരിലേക്കുള്ള ആദ്യ എഴുന്നള്ളത്തായ വിളക്കുതിരിയുമായി സ്ഥാനികർ ഇക്കരെ കൊട്ടിയൂരിൽ എത്തി.
ഉത്സവത്തിന് ദീപം തെളിയിക്കേണ്ടതിനാവശ്യമായ കിള്ളിശീല, തലപ്പാവ്, ഉത്തരീയങ്ങൾ എന്നിവ വ്രതാനുഷ്ഠാനത്തോടെ ശൈവ സന്നിധിയിലേക്ക് എഴുന്നള്ളിക്കുന്ന ചടങ്ങാണ് വിളക്കുതിരി എഴുന്നള്ളത്ത്. കൂത്തുപറമ്പ് പുറക്കളം തിരൂർകുന്ന് ഗണപതി ക്ഷേത്രത്തിൽ നിന്നും സ്ഥാനികരായ മണിയൻ ചെട്ടിയാരുടെ നേതൃത്വത്തിലാണ് വിളക്ക് തിരി എഴുന്നള്ളിക്കുന്നത്.
പുറക്കളത്തെ വിളക്കുതിരിമഠത്തിൽ വ്രതാനുഷ്ഠാനത്തോടെ കൈത്തറിയിൽ നെയ്തുണ്ടാക്കിയ തുണിയാണ് എഴുന്നള്ളിക്കുന്നത്. അടിയന്തിര യോഗം മുമ്പാകെ സമർപ്പിച്ച വിളക്കുതിരി ഏറ്റുവാങ്ങി എണ്ണിത്തിട്ടപ്പെടുത്തിയത് തൃക്കടാരി സ്ഥാനികനാണ്. സാധാരണയായി വിളക്കുതിരി സംഘം എത്തിയതിന് ശേഷമാണ് നീരെഴുന്നള്ളത്തിന് പുറപ്പെടുന്നത്. എന്നാൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കേണ്ടതിനാൽ മെയ് 31ന് വിളക്കുതിരി സംഘം ക്ഷേത്രത്തിൽ എത്തിയത്.
ഇന്നലെ രാവിലെ കണക്കപ്പിള്ള, നമ്പീശൻ എന്നിവരുടെ നേതൃത്വത്തിൽ അമ്പലവാസി സംഘം അക്കരെ പ്രവേശിച്ച് മണിത്തറയിലെയും അമ്മാറക്കല്ലിലെയും കാടുനീക്കി വൃത്തിയാക്കി. കണക്കപ്പിള്ള, തൃക്കടാരി എന്നിവരുടെ നേതൃത്വത്തിൽ ബാവലിക്കെട്ടും നടന്നു. ബാവലിപ്പുഴയ്ക്ക് കുറുകെ കാട്ടുകല്ലുകൾ കൊണ്ട് ചിറകെട്ടുന്ന ചടങ്ങാണ് ബാവലിക്കെട്ട്.ബാവലിക്കെട്ടിൽ ജലവിതാനം ഉയരുന്നതിനനുസരിച്ച് തിരുവഞ്ചിറയിലെ ജലവിതാനവും ഉയരും. നെയ്യാട്ടം ജൂൺ 3ന് നടക്കും. ഭക്തതജനങ്ങൾക്ക് പ്രവേശനമില്ലാതെ ചടങ്ങുകൾ മാത്രമായാണ് ഉത്സവം നടത്തുന്നത്..