http://www.pravachakasabdam.com/index.php/site/news/855#
ഏതു മതത്തിൽ പെട്ടവനാകട്ടെ; യേശുവിനെ അറിയാതെ ആരും ദൈവത്തെ അറിയുന്നില്ല
അരവിന്ദാക്ഷൻ
അരവിന്ദാക്ഷ മേനോൻ 29-02-2016 – Monday
“കര്‍ത്താവായ യേശുക്രിസ്തുവില്‍ വിശ്വസിക്കുക; നമ്മുടെ കുടുംബം രക്ഷ പ്രാപിക്കും”
“മറ്റൊരുവനിലും രക്ഷയില്ല ആകാശത്തിന്‍ കീഴില്‍ മനുഷ്യരുടെ ഇടയില്‍ നമ്മുടെ രക്ഷയ്ക്കായി നല്‍കപ്പെട്ട മറ്റൊരു നാമവും ഇല്ല” (അപ്പ: 4:12).
വി. ബൈബിളിലെ ആദ്യത്തെ പുസ്തകം ഉല്‍പ്പത്തി പുസ്തകമാണ്. പ്രപഞ്ച സൃഷ്ടിയുടെ ചരിത്രമാണ് ഉല്‍പ്പത്തി. സ്രഷ്ടാവും പിതാവുമായ ദൈവം ആറു ദിവസം കൊണ്ട് ഈ പ്രപഞ്ചം മുഴുവന്‍ സൃഷ്ടിച്ചു. ഇതില്‍ ഞാന്‍ ഇപ്രകാരം വായിച്ചു (ഉല്‍പ്പത്തി 1:3) ഒന്നാം ദിവസം “ദൈവം അരുളിച്ചെയ്തു വെളിച്ചമുണ്ടാകട്ടെ, അപ്പോള്‍ വെളിച്ചമുണ്ടായി.” തുടര്‍ന്ന്‍ 16-ാം വാക്യത്തില്‍ നാമിപ്രകാരം വായിക്കുന്നു: “അന്ന്‍ ദൈവം സൂര്യനെയും ചന്ദ്രനേയും നക്ഷത്രങ്ങളെയും സൃഷ്ടിച്ചു. ഈ “അന്ന്‍” എന്നു പറയുന്നതു നാലാം ദിവസമാണ്. സൂര്യനെയും ചന്ദ്രനേയും നക്ഷത്രങ്ങളെയും – നമുക്കിന്നു പ്രകാശം തരുന്ന എല്ലാ പ്രകാശ ഗോളങ്ങളെയും ദൈവം സൃഷ്ടിച്ചതു നാലാം ദിവസമാണ്. അങ്ങനെയെങ്കില്‍ ഒന്നാം ദിവസം “ഉണ്ടാകട്ടെ” എന്നരുളിചെയ്തപ്പോള്‍ ഉണ്ടായ പ്രകാശം! ഏതു പ്രകാശം? എന്ത് പ്രകാശം? വി. യോഹന്നാന്‍റെ സുവിശേഷം ഒന്നാം അദ്ധ്യായം 1 മുതല്‍ 14 വരെയുള്ള വാക്യങ്ങളില്‍ ഈ ചോദ്യത്തിനുള്ള മറുപടിയുണ്ട് “ആദിയില്‍ വചനമുണ്ടായി.” “ഉണ്ടാകട്ടെ” എന്നു ദൈവം ഇച്ഛിച്ചപ്പോള്‍ യഥാര്‍ത്ഥത്തില്‍ ഉണ്ടായതു വെളിച്ചമല്ല. ദൈവത്തിന്‍റെ വചനമാണ്. ഈ വചനം വെളിച്ചമായി ഭൂമിയിലേക്കു വന്നു. വെളിച്ചമായി ഭൂമിയിലേക്കു വന്ന ദൈവവചനം മാംസം ധരിച്ച്, മനുഷ്യനായി, മനുസ്യനോടൊപ്പം വസിച്ചു. അത് ദൈവത്തിന്‍റെ ഏകജാതനായ പുത്രന്‍ യേശുക്രിസ്തുവാകുന്നു. “ഉണ്ടാകട്ടെ” എന്നു ദൈവം അരുളിച്ചെയ്തപ്പോള്‍ ദൈവത്തിന്‍റെ പരിശുദ്ധാത്മാവില്‍ നിന്നു പുറപ്പെട്ട് (ലൂക്കാ `1:35) വെളിച്ചമായി ഭൂമിയിലേക്കു വന്ന്‍ (യോഹ: 1:9) സകല മനുഷ്യര്‍ക്കും രക്ഷകനായിത്തീര്‍ന്ന ദൈവപുത്രന്‍, യേശുനാഥന്‍! (ലൂക്കാ 2:10,11)
ഹൈന്ദവ മതഗ്രന്ഥമായ ഋഗ്വേദം 10-ാം മണ്ഡലം, 121-ാം സൂക്തം, ഒന്നാമത്തെ മന്ത്രം:
“ഹിരണ്യ ഗര്‍ഭ: സമവര്‍ത്തതാഗ്രേ, ഭൂതസ്യജാത: പതിരേക ആസീത്, സദാധാര:പൃഥ്വി വീം ദ്യാമുതേമം, കസ്മൈ ദേവായ: ഹവിഷാ വിധേമ:”
ദൈവത്തിന്‍റെ പരമാത്മാവില്‍ നിന്ന്‍ തന്‍റെ ഏക ജാതനായ പുത്രന്‍, ഹിരണ്യഗര്‍ഭന്‍ എന്ന പ്രജാപതി വെളിച്ചമായി ഉത്ഭവിച്ചു. ഉത്ഭവിച്ച ഉടന്‍ തന്നെ അവന്‍ സകല ലോകങ്ങള്‍ക്കും സകല ചരാചരങ്ങള്‍ക്കുമുള്ള രക്ഷകനും പരിപാലകനുമായി ഭവിച്ചു.” ദൈവത്തിന്‍റെ പരമാത്മാവില്‍ നിന്നു പുറപ്പെട്ടു വെളിച്ചമായി ഭൂമിയിലേക്കു വന്ന്‍ മനുഷ്യവംശത്തിന്‍റെ രക്ഷകനായിത്തീര്‍ന്ന ദൈവപുത്രന്‍റെ ജനനത്തെക്കുറിച്ചുള്ള മന്ത്രമാണ്.
90-ാം സൂക്തം 2-ാമത്തെ മന്ത്രം:
“പുരുഷ ഏവേദം സര്‍വ്വം, യദ്ഭുതം യച്ചഭവ്യം, ഉദാമൃതത്വസ്യഈശാന, യദാന്നേനതിരോഹതി.”
“ദൈവത്തിന്‍റെ ഏക ജാതനായ പുത്രന്‍, പ്രജാപതി, കഴിഞ്ഞു പോയതും ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതും ഇനി വരാനിരിക്കുന്നതുമായ സകലതും അവന്‍ തന്നെയാകുന്നു.” ഭൂതവും വര്‍ത്തമാനവും ഭാവിയും സകലതും അവനില്‍ അടങ്ങിയിരിക്കുന്നു. വെളിപാട് പുസ്തകം 1-ാമദ്ധ്യായം 8-ാം വാക്യത്തില്‍ വി.യോഹന്നാനെഴുതി “ആയിരുന്നവനും ആയിരിക്കുന്നവനും വരാനിരിക്കുന്നവനുമായ കര്‍ത്താവ്” ആയിരുന്നവന്‍ കഴിഞ്ഞു പോയത് ആയിരിക്കുന്നവന്‍ – ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്, വരാനിരിക്കുന്നവന്‍ – ഇനി വരാനിരിക്കുന്നവനുമായ കര്‍ത്താവ് – യേശുക്രിസ്തു! ഇതേ മന്ത്രത്തിന്‍റെ മൂന്നും നാലും പാദങ്ങള്‍ പറയുന്നു “അവന്‍ ജഗദവസ്ഥയെ പ്രാപിക്കുന്നത് – അവന്‍ ഭൂമിയിലേക്കു വരുന്നത് – സകല മനുഷ്യര്‍ക്കും കര്‍മ്മഫലാനുഭവം, അവരവരുടെ പ്രവര്‍ത്തിക്കനുസരിച്ച അനുഭവം നല്‍കാന്‍ വേണ്ടിയാണ്” വെളിപാട് പുസ്തകം 22-ാമദ്ധ്യായം 12-ാം വാക്യത്തില്‍ യേശുനാഥന്‍ അരുളിച്ചെയ്യുന്നു. “ഞാന്‍ ഭൂമിയിലേക്കു വരുന്നത് സകല മനുഷ്യര്‍ക്കും അവരവരുടെ പ്രവര്‍ത്തിക്കനുസരിച്ച പ്രതിഫലം നല്‍കാന്‍ വേണ്ടിയാണ്.”
90-ാം സൂക്തം 7-ാമത്തെ മന്ത്രം:
“തം യജ്ഞം ബാര്‍ഹിഷിപ്രൌക്ഷന്‍, പുരുഷം ജാതമഗ്രത: തേനദേവാമയജന്ത: സാദ്ധ്യാ ഋഷയശ്ചയേ”
“ദൈവത്തിന്‍റെ ഏകജാതനായ പുത്രന്‍ പ്രജാപതിയെ മന്ത്രപുതമായ ജലം തളിച്ചു ശുദ്ധീകരിച്ച് യുപത്തില്‍ (മരത്തൂണില്‍) ബന്ധിച്ചു. സാദ്ധ്യന്‍മാരും (ഭാരണാധിപന്മാരും)ഋഷിമാരും (പുരോഹിതന്മാരും) ചേര്‍ന്ന്‍ യാഗം കഴിച്ചു.” നാലു സുവിശേഷ പുസ്തകങ്ങളിലും നാം വായിക്കുന്നു: ദൈവത്തിന്‍റെ ഏകജാതനായ പുത്രന്‍ യേശുക്രിസ്തുവിനെ റോമാ സാമ്രാജ്യത്തിന്‍റെ പ്രതിപുരുഷന്‍ ദേശാധിപതി (ഭരണാധിപന്‍)പീലാത്തോസും യഹൂദരാജ്യത്തിന്‍റെ രാജാവ് (ഭരണാധിപന്‍) ഹേറോദേസും ഹന്നാസ് എന്നും കയ്യാഫാസ് എന്നും പേരുള്ള പുരോഹിതരുടെ നേതൃത്വത്തില്‍ ഒരു പുരോഹിതസംഘവും ചേര്‍ന്ന്‍ മരക്കുരിശിനേല്‍പിച്ചു കൊടുത്തു.
90-ാം സൂക്തം 16-ാമത്തെ മന്ത്രം പറയുന്നു:
“തമേവം വിദ്വാനമൃത: ഇഹഭവതി നാന്യപന്ഥാ, അയനായ വിദ്യതേ.”
“ഈ ബലിപുരുഷനെ ഉപാസിക്കുന്നവര്‍ (ഹൃദയത്തില്‍ സ്വീകരിക്കുകയും അധരത്താല്‍ ജപിക്കുകയും ചെയ്യുന്നവര്‍)മോക്ഷം (രക്ഷ) പ്രാപിക്കുന്നു.”
റോമാലേഖനം 10:8 ല്‍ വി.പൗലോസ് ശ്ലീഹാ എഴുതി: “ദൈവ പുത്രനെ ഹൃദയത്തില്‍ സ്വീകരിക്കുകയും അധരം കൊണ്ട് ഏറ്റു പറയുകയും ചെയ്യുന്നവര്‍ രക്ഷ പ്രാപിക്കുന്നു.”
സ്വര്‍ഗ്ഗത്തിലെ ദൈവം അദൃശ്യനാണ്. മനുഷ്യന് ദൈവത്തെ കാണാന്‍ കഴിയില്ല. സ്വര്‍ഗ്ഗത്തിലെ ദൈവം മനുഷ്യന് അപ്രാപ്യമാണ്. ആര്‍ക്കും ദൈവത്തെ പ്രാപിക്കാന്‍ കഴിയില്ല. മനുഷ്യന് പുത്രനെ മാത്രമറിയാം. പുത്രനിലൂടെയല്ലാതെ ആരും ദൈവത്തെ അറിയുന്നില്ല. ഏക പുത്രന്‍ യേശുക്രിസ്തുവാണ്. നിങ്ങള്‍ ഏതു മതത്തില്‍ പെട്ടവനാകാം. പക്ഷെ യേശുവിനെ അറിയാതെ ദൈവത്തെ അറിയുന്നില്ല.