Communist Pacha കമ്മ്യൂണിസ്റ്റ് പച്ച

Courtesy :- What’s app

കമ്യൂണിസ്റ്റ് പച്ചയ്ക്ക് എങ്ങനെയാണ് ആ പേര് വന്നത്?

👉അമേരിക്കൻ തദ്ദേശവാസിയായ ഒരു കുറ്റിച്ചെടിയുടെ പേരാണ് കമ്യൂണിസ്റ്റ് പച്ച.സ്ഥലഭേദമനുസരിച്ച് മുറിപ്പച്ച, ഐമുപ്പച്ച, കാട്ടപ്പ, നീലപ്പീലി, നായ് തുളസി, പൂച്ചെടി, അപ്പ എന്നീ പേരുകളിലും അറിയപ്പെടുന്നു. വേനപ്പച്ച എന്ന പേരുമുണ്ടെങ്കിലും ആ പേരിൽത്തന്നെ അറിയപ്പെടുന്ന മറ്റൊരു സസ്യവുമുണ്ട്. കേരളത്തിൽ കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം പ്രചരിക്കുകയും ,കമ്യൂണിസ്റ്റ് നേതൃത്വത്തിൽ ലോകത്താദ്യമായി ഒരു ജനാധിപത്യ സർക്കാർ ഉണ്ടാവുകയും ചെയ്ത 1950 കളിൽ തന്നെയാണു് ഈ ചെടിയും വ്യാപകമായി തഴച്ചുവളരാൻ തുടങ്ങിയതു്.

അതുകൊണ്ട് കമ്യൂണിസ്റ്റ് പച്ച എന്നും ഐമുപ്പച്ച (ഐക്യമുന്നണിപ്പച്ച) എന്നും ഈ ചെടിക്ക് പേർ വിളിച്ചുവന്നു. പിൽക്കാലത്ത് പ്രസക്തി നഷ്ടപ്പെട്ടതോടെ ഐമുപ്പച്ച എന്ന പേരിനു പ്രചാരം തീരെ കുറഞ്ഞു. സിയാം കള, ക്രിസ്മസ് ബുഷ് ഡെവിൾ കള, കാംഫർ ഗ്രാസ്സ്, ഫോസ്സ് ഫ്ളവർ, എന്നീ പേരുകളിലും കൂടി കമ്മ്യൂണിസ്റ്റ് പച്ച അറിയപ്പെടുന്നുണ്ട്.

ഇതിന്റെ ശാസ്ത്രീയ നാമം: ക്രോമോലിന ഓഡോറാറ്റ എന്നാണ്.

സൂര്യകാന്തി കുടുംബത്തിലാണ് ഇവന്‍റെ ജനനം,ഉഷ്ണമേഖലാ രാജ്യങ്ങളിൽ വളരെ സമൃദ്ധമായി വളരുന്ന ഒരു ഏക വാർഷിക ചെടിയാണ്‌ ഇത്.മറ്റു സസ്യങ്ങൾക്കു ഇടനൽകാതെ കൂട്ടത്തോടെ വളർന്നു വ്യാപിക്കുന്ന കമ്യൂണിസ്റ്റ് പച്ച കേരളത്തിലെ ഒരു അധിനിവേശ സസ്യമാണ്.

തീവ്രമായ വംശ വർധന
ശേഷിയുള്ള ഈ സസ്യം വിത്തുകളിലൂടെയും, തണ്ടുകളിലൂടെയും പ്രജനനം നടത്തുന്നു. വിത്തുകളുടെ അറ്റത്തുള്ള ഒരു പറ്റം ചെറിയ നാരുകളുടെ സഹായത്തോടെ കാറ്റിൽ പറന്നാണ് വിദൂരസ്ഥലങ്ങളിലേക്ക് വിത്തുവിതരണം നടത്തുന്നത്. അതേ സമയം, നനവുള്ള മണ്ണിൽ വീഴുന്ന ഒരു ചെറിയ കഷണം തണ്ടു പോലും പെട്ടെന്നു കിളിർക്കുകയും ചെയ്യുന്നുണ്ട്. സാധാരണയായി കുറ്റിച്ചെടി പോലെ വളരുന്ന കമ്യൂണിസ്റ്റ് പച്ച മറ്റു മരങ്ങളുടെ തണലിൽ നിന്ന് രക്ഷപെടാനായി ആ മരങ്ങളുടെ മുകളിലേക്ക് ഒരു വള്ളി പോലെ പടർന്നു കയറുന്നതായും കണ്ടുവരുന്നു.
കുലകളായുണ്ടാകുന്ന പൂക്കൾക്ക് വെള്ളനിറമാണ്.

ഇലകൾ പൊട്ടിച്ചു ഞെരുടുമ്പോൾ ഒരു പ്രത്യേക ഗന്ധം പ്രസരിക്കുന്നുണ്ട്. അതിനാൽ സംസ്കൃതത്തിൽ ഇതിനെ തീവ്രഗന്ധ എന്നു വിളിക്കുന്നു.

കാഴ്ചയിൽ വില്ലൻ ആണെങ്കിലും ചില കാര്യങ്ങളിൽ വല്ലാത്ത പരോപകാരിയാണ്‌ ഇവൻ,കൃഷി ചെയ്യുമ്പോൾ അടിവളമായി ചേർത്താൽ ഇവൻ നമ്മുടെ വിളകളുടെ വളർച്ചക്ക് നല്ലതുപോലെ സഹായിക്കും,

ഇതിനുപുറമേ ഏതാനും ഇലകൾ ഇടിച്ചുപിഴിഞ്ഞ് നീരെടുത്ത് ഏതു മുറിവിലും പുരട്ടിയാൽ മുറിവുകൾ വേഗം ഉണങ്ങും, ഇതുമൂലം വ്രണായാമം(Tetanus) ഉണ്ടാവുകയില്ല. കമ്യൂണിസ്റ്റ് പച്ചയുടെ തളിരില ഏതുമുറിവിനു മരുന്നായി ഉപയോഗിക്കാറുണ്ട്. പണ്ടുകാലത്ത് ഒളിവിൽ താമസിച്ച പല സഖാക്കളെയും ശരീരത്തിലേറ്റ മുറിവുകളിൽ നിന്നും രക്ഷിച്ച പാരമ്പര്യവും ഇവനു സ്വന്തം, അതാണ് കമ്യൂണിസ്റ്റ് പച്ച എന്ന പേരിന് പിന്നിലെ കാരണമെന്നും ചിലർ പറയാറുണ്ട്.