തൃശൂർ ജില്ലയിലെ എരുമപ്പെട്ടി എന്ന സ്ഥലത്തിനുള്ള പ്രത്തേകത അന്നാട്ടുകാരുടെ ഫുട്ബാൾ ഭ്രാന്ത് ആണ് , കൊല്ലാ കൊല്ലം എരുമപ്പെട്ടിയിൽ നടക്കാറുള്ള സെവെൻസ് ഫുട്ബോൾ ടൂർണമെൻറ്റ് തൃശൂർ ജില്ലയിൽ നടക്കുന്ന പൂരങ്ങൾ പോലെ തന്നെ പ്രശസ്തവും ആണ് . മലയാളി വീട്ടിലിരുന്ന് ടി.വി യിലൂടെ ഫുട്ബാൾ കണ്ട് ഹരം കൊള്ളൂന്നതിനു മുൻപ് നടന്ന ഒരു സെവൻസ് കാലം —
ബ്രദേർസ് ആണ് അക്കാലത്തെ എരുമപ്പെട്ടിയിലെ ഫേവരേറ്റുകൾ തുടർച്ചയായി കപ്പെടുത്ത് കൊണ്ടിരിക്കുന്ന ബ്രദേർസിലെ സൈഡ് ബെഞ്ചിൽ ഇരിക്കുന്നവർക്ക് പോലും ആരാധകർ ഉള്ള കാലം , ആ വർഷത്തെ ബ്രദേർസിന്റ്റെ ഉദ്ഘാടന മത്സരം തൃശ്ശൂരിലെ ഏതോ കേട്ട് കേൾവിയില്ലാത്ത ക്ലബ്‌മായായിരുന്നു ,കളി കാണാനെത്തിയ ബ്രദേർസ് ഫാൻ എതിരാളികളായി വന്നിരിക്കുന്ന കുട്ടി ട്രൌസർ ഇട്ട മീശ മുളക്കാത്ത ചെക്കൻമാരെ ഒന്ന് പരിഹാസത്തോടെ നോക്കി ഗാലറിയിൽ ഇരുന്നു , എല്ലുറപ്പില്ലാത്ത ചെക്കൻമാരെയൊക്കെ ടൂർണമെൻറ്റിൽ കളിക്കാൻ കൊണ്ടുവന്ന സംഘാടകരെ നാട്ടിലെ ഫുട്ബാൾ വിദഗ്തൻ വർഗീസ് ഏട്ടൻ വിമർശിച്ചു .
കളി തുടങ്ങി , കൊയ്ത്തു കഴിഞ്ഞ നെൽപ്പാടങ്ങളിൽ കെട്ടിയുണ്ടാക്കിയ ഗാലറിയിൽ ഇരിക്കുന്നവർക്ക് മുന്നിൽ ബ്രദേർസ് തങ്ങളുടെ കളി തുടങ്ങി , തൃശൂരിൽ നിന്ന് വന്ന ചെക്കൻമാരുടെ പോസ്റ്റിലേക്ക് ആദ്യ പത്തു മിനുട്ടിൽ രണ്ടു ഗോൾ , ഹാഫ് ടൈമിനോടടുക്കുമ്പോഴേക്കും ഗോളുകളുടെ എണ്ണം 5 . പേരു കേട്ട ബ്രദേർസിൻറ്റെ ഡിഫൻസിനെ മറികടക്കാനാവാതെ തളരുന്ന തൃശൂരിലെ ചെക്കൻമാരുടെ മെലിഞ്ഞുണങ്ങിയ കറുത്ത നിറമുള്ള 15 വയസുകാരൻ ഫോർവേഡിനെ നോക്കി വർഗീസ് ഏട്ടൻ വിളിച്ചു പറഞ്ഞു ” ആ ചെക്കന് ആദ്യം ഇത്തിരി കഞ്ഞി വെള്ളം കൊടുക്ക് ” .
5-0 എന്ന സ്കോർ കാർഡ് കണ്ട് ബ്രദേർസിൻറ്റെ വിജയം ഉറപ്പിച്ച പല ഫാൻസും ഹാഫ് ടൈമിനു തന്നെ കുന്നം കുളത്തേക്കും , വടക്കാൻ ചേരിയിലേക്കുമുള്ള ബസ് പിടിച്ചു , കളി വീണ്ടും തുടങ്ങി- വിജയമുറപ്പിച്ച ബ്രദേഷ്സ് പകരക്കാരെ ഇറക്കി ,ബ്രദേർസിൻറ്റെ നാല് പേരെ ഡ്രിബിൾ ചെയ്ത് മുന്നോട്ട് നീങ്ങുന്ന തൃശൂരുകാരുടെ കറുത്ത് മെലിഞ്ഞ ഫോർവേഡിൻറ്റെ ഗോൾ പോസ്റ്റിലേക്കുള്ള നീക്കം കണ്ട് മുഷിഞ്ഞിരുന്നിരുന്ന വർഗീസ് ഏട്ടൻ അവനെ പ്രോത്സാഹിപ്പിച് കൈ അടിച്ചു അവൻ നീട്ടി അടിച്ച ബാൾ ഗോളിയെയും മറികടന്ന് ബ്രദേർസിൻറ്റെ പോസ്റ്റിനകത്ത് .(5-1)
കറുത്ത് മെലിഞ്ഞ തൃശൂരിൽ നിന്ന് വന്ന 15 വയസുകാരൻ ചെക്കൻറ്റെ കളി കണ്ട് അവനെ സപ്പോർട്ട് ചെയ്യുന്നവരുടെ എണ്ണം കൂടി , ബ്രദേർസിൻറ്റെ പേര് കേട്ട പ്രതിരോധ നിര അവനെ തടഞ്ഞു നിർത്താൻ പണി പ്പെട്ടു . കളി തീരാൻ നിമിഷങ്ങൾ ശേഷിക്കെ വായുവിൽ മലക്കം മറിഞ്ഞ് അവൻ തിരിച്ചടിച്ച അൻജാമത്തെ ഗോൾ കണ്ട് തീവ്ര ബ്രദേർസ് ഫാൻസും കൈ അടിച്ചത്രെ .
കരുത്തൻമാരായ ബ്രദേർസ് പോസ്റ്റിൽ 5 ഗോളുകൾ തിരിച്ചടിച്ച് കളി സമനിലയാക്കിയ തൃശൂരിൽ നിന്ന് വന്ന കറുത്ത് മെലിഞ്ഞ പയ്യന് നേരെ കോല് ഐസ് നീട്ടി വർഗീസ് ഏട്ടൻ ചോദിച്ചു” എന്താടാ നിൻറ്റെ പേര് “..?
വർഗീസ് ഏട്ടൻ നീട്ടിയ കോൽ ഐസ് വാങ്ങി ഒന്ന് രുചിച്ചു നോക്കി അവൻ പറഞ്ഞു – വിജയൻ —
⚽⚽⚽⚽⚽⚽⚽⚽⚽⚽⚽⚽⚽⚽