ഗുരു?

ഇത്രയും ഘനമുള്ള ഒരു വാക്കും പ്രപഞ്ചത്തിൽ ഇല്ല. ഗുരുത്വം ഇല്ലെങ്കിൽ നാമ്മെല്ലാം പിടിവിട്ട് വ്യോമ സീമകൾക്കപ്പുറത്തേക്ക് പറന്ന് പോകുമായിരുന്നു…. നമ്മെ നമ്മുടെ കേന്ദ്രത്തിലേക്ക് ചേർത്ത് നിർത്തുന്ന അത്ഭുതകരമായ ആകർഷണ ശക്തിയാണ് ഗുരു, ശാസ്ത്രം ഗുരുത്വാകർഷണം എന്നതിനെ വിളിക്കുന്നതും ആകസ്മികമല്ല.
ഗുരുതത്വത്തിൽ പ്രകാശിക്കുന്നതാണ് സർവ്വതും, ഭാരതീയ തന്ത്രങ്ങൾ ഗുരു എന്നാൽ ചിദാനന്ദഘന രൂപമാണ് അഥവാ പരബ്രഹ്മം തന്നെയെന്ന് പറയുന്നു. ഗുരുവിൻ്റെ കാലിണകൾ ആണ് ശിരസ്സിൽ, മനസ്സിൻ്റെ പ്രതീകമായ മൃഗമുദ്ര രണ്ട് കൈകളിലും പിടിച്ച് മാൻ കൊമ്പു കോർക്കുന്നത് പോലെ മുട്ടിച്ച് പിടിച്ചാൽ സംഘട്ടന മുദ്രയായി ഗുരുപാദുകമായി. മാൻ കൊമ്പുകോർക്കുംമ്പോൾ അനങ്ങാൻ വയ്യാത്തവണ്ണം ഗുരുപാദുകയിൽ ചഞ്ചലചിത്തമൊടുങ്ങുന്നു… മനമൊടുങ്ങുന്നിടം പൂർണ്ണം!
ചിത്രം വടവൃക്ഷ ചുവട്ടിലെ വൃദ്ധരായ ശിഷ്യർക്ക് മൗനത്തിലുടെ സന്ദേഹ നിവൃത്തി വരുത്തുന്ന യുവാവായ ഗുരുവിൻ്റെതാണ്. മൗനം ഉയർന്ന സംവേദനമാണ്, മൗനിയായവർ മുനിമാർ മിണ്ടിയവരെക്കാൾ ശ്രേഷ്ഠരെന്ന് ഈ നാട് അതുകൊണ്ടാണ് മനസ്സിലാക്കിയത്. മുനി മിണ്ടാതെ പറയുന്നതെന്താണ്, ആരാണ് ഗുരു എന്ന് തന്നെയാണ്! ആരാണ് ഗുരു? മിണ്ടാത്തവൻ കേൾക്കുന്നുമില്ലല്ലോ അപ്പോൾ ആത്മാവാണ് ഗുരു എന്ന് രമണ മഹാശയൻ!
ആത്മാവ് ബ്രഹ്മം തന്നെ എന്ന് ബ്രഹ്മസൂത്രം
ആത്മാവ് ചൈതന്യം തന്നെ എന്ന് ശിവസൂത്രം!
രഹസ്യമിതാണ് രഹസ്യങ്ങളിൽ വച്ച് പരമരഹസ്യം, ഗുരു ഒരു നശ്വര വ്യക്തിയല്ല ഒരേയൊരു ശാശ്വത സത്യമാണ്. അതുള്ളിൽ പ്രകാശിക്കുമ്പോൾ വ്യക്തിയൊടുങ്ങി ബോധമുയരും, ബോധിയുടെ ചുവടൊ, വടവൃക്ഷത്തണല്ലോ, അരുണാചലമലയോ ജ്ഞാനപ്രകാശത്തിൻ്റെ നിത്യേസ്രാേതസ്സായി തപിക്കുന്നവന് വഴിക്കാട്ടും..
ഗുരു മാത്രമാണ് ആവശ്യമെന്ന് കബീർ, ഗുരു ആവശ്യമേയില്ലെന്ന് ജിദ്ദു, ഗുരു ആവശ്യമിലെന്ന് പറയാൻ തന്നെ ഒരു ഗുരു ആവശ്യമെന്ന് ഓഷോ.
ഗുരുവാണ് ഉപായം എന്നാൽ ഗുരുവാണ് ബന്ധനവും. ചിറകിനടിയിൽ തള്ള കുഞ്ഞിനെ പോറ്റുന്നതും പ്രായെമെത്തുമ്പോൾ കൊത്തിയകറ്റുന്നതും ഒരേ ഗുരുകൃപ കൊണ്ട് തന്നെയെന്ന് ആത്മവിദ്യയുപദേശിക്കുന്നു. ശിഷ്യനെ വളർത്താത്ത ‘ഗുരു’ ബന്ധനമാണ്! ജ്ഞാന ജ്യോതിസ്സുള്ളിൽ നിറയ്ക്കുന്നതോ സദാശിവൻ തന്നെയായ ഉപായമാണ് വിടുതലിനുള്ള ഒരേ ഒരുപായം.
പരയിൽ നിന്ന് കെട്ടിയ അമ്പ ആര്യമാണ് അതാണ് പാരമ്പര്യം. സൂഫികൾക്കത് തൻ്റെ മുർഷിദ് (ഗുരു) വരെയെത്തി നിൽക്കുന്ന സിൽസിലയാണ് ചങ്ങലയുടെ ഇങ്ങേ അറ്റം. ഇവിടെ പിടിചൊന്ന് കുലുക്കിയാൽ പരമാത്മാവിൽ വരെ ചെന്ന് മുട്ടും അതിൻ്റെ അലകൾ.. സ്വഗുരു, പരമഗുരു, പരമേഷ്ഠി ഗുരു അങ്ങനെ പരാത്പരവും പരവും പരാതീതവും കടന്ന് അനന്തമായ ഗുരുതത്വം….
സ്വഗുരുനാഥൻ കാവലാണ്, അതിനാലാണ് നാഥനും നാഥയും ആവുന്നത്.. പിച്ച വെക്കുമ്പോൾ അമ്മ കാവലാണ്, വീഴാതിരിക്കാൻ, വീണാൽ താങ്ങാൻ, പിച്ച പിച്ച എന്ന് പറയാൻ….. പിച്ചവെക്കാൻ പഠിച്ചത് കുഞ്ഞാണ് കാരണം അതു ആരാലും പഠിപ്പിക്കാവുന്നതല്ല…..
നടന്നു തുടങ്ങിയാൽ പിറകിൽ ചെന്ന് ബന്ധിക്കാതെ പിടിച്ചു നിർത്താതെ കനിവാർന്ന ഹൃദയത്താൽ കൃപ ചൊരിയുന്നവളെ, അവളെ മാത്രം ഏറ്റവും ആദരവോടെ നാം വിളിച്ചു ‘ഗുരുനാഥ’
ഗുരുർബന്ധ:
ഗുരുരുപായ….
കടപ്പാട് : രാമാനന്ദ്