Hussain Randathani ഹുസൈൻ രണ്ടത്താണി

കൃഷി പുണ്യപ്രവൃത്തിയാണ്

By: ഹുസൈൻ രണ്ടത്താണി

മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കൃഷിയിൽ കേരളം പിന്നോട്ടാണ് പോവുന്നത്. കൃഷി വികസിപ്പിക്കുന്നതിന് പ്രത്യേക പദ്ധതികളും നമുക്കുണ്ട്. എന്നിട്ടും കൃഷിഭൂമി തരിശായി കിടക്കുന്നു. ഇതൊക്കെ കേട്ടപ്പോൾ ഹസ്രത് ഉമറിന്റെ കല്പനകളെ കുറിച്ചോർത്തു. മുഹമ്മദ് നബി തന്റെ അനുചരനും നീഗ്രോ വംശജനുമായ ബിലാലിന് കുറെ ഭൂമി ദാനംനൽകിയിരുന്നു. ഈ ഭൂമി കൃഷിചെയ്യാതെ ഇട്ടത് കണ്ടപ്പോൾ ഉമർ അത് പിടിച്ചെടുക്കാൻ തീരുമാനിച്ചു. ‘പ്രവാചകൻ നൽകിയ ഭൂമി പിടിച്ചെടുക്കാൻ ഖലീഫയ്ക്ക് അവകാശമില്ലെ’ന്ന് ബിലാലും. ‘പ്രവാചകൻ ഭൂമി തന്നത് കൃഷിചെയ്യാനാണ് തരിശിടാനല്ല. അതിനാൽ ആ ഭൂമിയിൽ നിങ്ങൾക്കിനിയും അവകാശമില്ല.’ ഭൂമി തരിശായി ഇടുന്ന ഉടമകളിൽനിന്ന് ഭൂമി പിടിച്ചെടുത്ത് കൃഷിചെയ്യാൻ താത്‌പര്യമുള്ളവർക്ക് വിതരണം ചെയ്യാനായിരുന്നു ഖലീഫയുടെ തീരുമാനം. കൃഷിചെയ്യുന്നവർക്കാണ് ഭൂമിയിൽ കൂടുതൽ അവകാശമുള്ളത് എന്ന് നബി പറയുന്നു. സ്വന്തം ഭൂമിയുണ്ടെങ്കിൽ അവനവൻ തന്നെ കൃഷിചെയ്യുന്നതാണ് അത് മറ്റുള്ളവർക്ക് പാട്ടത്തിന് കൊടുക്കുന്നതിനെക്കാൾ ഉത്തമമെന്നും നബി. നാളെ മരിക്കുമെന്നായാലും ഇന്നൊരു മരം െവച്ചുപിടിപ്പിക്കാനാണ് നബി നിർദേശിച്ചത്. ഭാവിയിലുള്ളവർക്ക് അത് ഉപകാരപ്പെടും. ഒരാൾ നട്ട മരത്തിൽനിന്ന് പഴം തിന്നുന്ന പക്ഷികളും പ്രാണികളുമൊക്കെ അയാൾക്കുവേണ്ടി അല്ലാഹുവോട് പ്രാർഥിച്ചു കൊണ്ടിരിക്കുമത്രേ. വിനയമുള്ളവരുടെ ചങ്ങാതിയാണ് കൃഷിയുപകരണങ്ങൾ എന്നും നബിവചനമുണ്ട്.

ധാന്യം വിളയുന്ന കൃഷിയിടങ്ങളെ അല്ലാഹുവിന്റെ അനുഗ്രഹമായാണ് ഖുർആൻ ഗണിക്കുന്നത്. ‘ഭൂമിയെ സൃഷ്ടികൾക്കുവേണ്ടി വിരിച്ചു. അതിൽ പഴവർഗങ്ങളും കൂമ്പാളകളുള്ള ഈത്തപ്പനകളുമുണ്ട്. വൈക്കോലുള്ള ധാന്യവർഗങ്ങളും സുഗന്ധച്ചെടികളുമുണ്ട്. നാഥന്റെ ഈ അനുഗ്രഹങ്ങളെ എങ്ങനെയാണ് നിങ്ങൾ നിഷേധിക്കുന്നത്?’ (55/10-13) ‘നിങ്ങൾ കഴിക്കുന്ന ഭക്ഷണത്തെക്കുറിച്ച് ചിന്തിച്ചുനോക്കൂ. അതിനുവേണ്ടി മഴ ശക്തിയായി നാം വർഷിപ്പിച്ചു. പിന്നെ ഭൂമിയെ ഉഴുതു മറിച്ചു. അതിൽ ധാന്യങ്ങളും മുന്തിരിയും സസ്യങ്ങളും ഈത്തപ്പനയും ഇടതൂർന്ന തോട്ടങ്ങളും പഴങ്ങളും കാലിത്തീറ്റയും നാം ഉത്‌പാദിപ്പിച്ചു. നിങ്ങൾക്കും നിങ്ങളുടെ കാലികൾക്കും ഉപയോഗിക്കാൻ വേണ്ടി.’ (80/24-27) കാലി വളർത്തുന്നതും പുണ്യകർമമാണ്. പല പ്രവാചകന്മാരും ആട്ടിടയന്മാരായിരുന്നു. എട്ടു കൊല്ലം ആടിനെ വളർത്തിയാണ് പ്രാചകൻ മൂസാ (മോശെ) തന്റെ ഭാര്യയുടെ മഹ്ർ കൊടുത്തത്. മുഹമ്മദ് നബിയും ചെറുപ്പത്തിൽ ആടിനെ മേച്ചിരുന്നു.. ദൈവം പറയുകയാണ്: ‘പന്തലിൽ വളർത്തുന്നതോ അല്ലാത്തതോ ആയ തോട്ടങ്ങൾ; വ്യത്യസ്തഫലങ്ങളുള്ള ഈത്തപ്പനകളും ധാന്യവർഗങ്ങളും വ്യത്യസ്തങ്ങളായ ഒലീവുകളും ഉറുമാൻ മരങ്ങളും – എല്ലാം സൃഷ്ടിച്ചത് അവനാണ്. അവയുടെ കായ് കനികനികൾ നിങ്ങൾ ഭക്ഷിക്കുന്നു. അവ പറിച്ചെടുക്കുന്ന ദിവസം അവയിൽ മറ്റുള്ളവർക്കുള്ള അവകാശം നിങ്ങൾ കൊടുത്തു കൊള്ളുവിൻ. ദുർവ്യയം അരുത്. അവരെ അല്ലാഹു ഇഷ്ടപ്പെടില്ല; തീർച്ച.’ 96/141)
🍀🍁🌸🌸🍁🍀
https://chat.whatsapp.com/DjxU18iqAPP7eXfc57upYe