തൈപ്പൂയ്യം 2023

തൈപ്പൂയം 2023 ഫെബ്രുവരി 5 ഞായറാഴ്ച

തമിഴ് പഞ്ചാംഗത്തിൽ തൈ മാസത്തിലെ (മലയാളം പഞ്ചാംഗത്തിൽ മകരമാസത്തിൽ) പൂയം നാളാണ് ‌ തൈപ്പൂയമായി ആഘോഷിക്കുന്നത്‌.

ശിവസുതനും ദേവസേനാപതിയുമായ സുബ്രഹ്മണ്യന്റെ പിറന്നാളാണ്‌ തൈപ്പൂയം എന്നാണ്‌ വിശ്വാസം.

എന്നാൽ സുബ്രഹ്മണ്യൻ താരകാസുരനെ യുദ്ധത്തിൽ വധിച്ച്‌ വിജയം കൈവരിച്ച ദിവസമാണ്‌ മകരമാസത്തിലെ പൂയം നാൾ എന്നും കരുതുന്നു.

അതേസമയം സുബ്രഹ്മണ്യന്റെ വിവാഹസുദിനമാണ് തൈപ്പൂയമെന്നും പിറന്നാൾ തൃക്കാർത്തികയാണെന്നും മറ്റൊരു ഐതിഹ്യമുണ്ട്.

മലേഷ്യയിൽ തൈപ്പൂയം ആഘോഷം

മലേഷ്യയിൽ തൈപ്പൂയം ആഘോഷം
മകരസംക്രമദിനമാണ്‌ തൈമാസത്തിലെ ആദ്യനാൾ, ഉത്തരായണത്തിന്റെ തുടക്കം.ഇതാണ്‌ തൈപ്പൊങ്കൽ. അതേ മാസത്തിൽ വരുന്ന മറ്റൊരു ആഘോഷമാണ്‌ തൈപ്പൂയം. തമിഴ്‌നാട്ടിലേയും കേരളത്തിലേയും സുബ്രഹ്മണ്യക്ഷേത്രങ്ങളിൽ ഈ ദിവസം പ്രധാനമാണ്‌. കേരളത്തിലും എല്ലാ സുബ്രഹ്മണ്യക്ഷേത്രങ്ങളിലും സുബ്രഹ്മണ്യ ദേവൻ ഉപദേവതയായ ക്ഷേത്രങ്ങളിലും തൈപ്പൂയാഘോഷം നടക്കുന്നു. പഴനി, തിരുച്ചെന്തൂർ, ഹരിപ്പാട്, കിടങ്ങൂർ തുടങ്ങി നിരവധി ക്ഷേത്രങ്ങളിൽ തൈപ്പൂയം ആഘോഷിച്ചുവരുന്നു. ഇവിടങ്ങളിലെല്ലാം വൻ തോതിൽ കാവടിയാട്ടവും തുടർച്ചയായ അഭിഷേകങ്ങളും അന്നേദിവസം ഉണ്ടാകാറുണ്ട്.

വിശ്വാസങ്ങളും ഐതിഹ്യങ്ങളും

തൈ പിറന്താൽ വഴി പിറക്കുമെന്നാണ്‌ തമിഴ്‌ പഴമൊഴി. തൈമാസം എല്ലാക്കാര്യങ്ങൾക്കും ശുഭമാണെന്നും മുടങ്ങിക്കിടക്കുന്ന കാര്യങ്ങൾക്കു പോലും തൈമാസത്തിൽ നിവൃത്തിയുണ്ടാകുമെന്നുമാണ്‌ വിശ്വാസം .

സുബ്രഹ്മണ്യന്നുള്ള സമർപ്പണമാണ്‌ കാവടി. അഭീഷ്ടസിദ്ധിക്കാണ്‌ പീലിക്കാവടികളും പൂക്കാവടികളും ഭസ്മക്കാവടികളും നേരുന്നത്‌ . തൈപ്പൂയദിനത്തിൽ കാവടി കെട്ടിയാടുന്നത്‌ വിശേഷമാണ്‌. പല ക്ഷേത്രങ്ങളിലും ഒരാഴ്ചത്തെ തൈപ്പൂയാഘോഷമാണ്‌ നടക്കുക. പഴനിയിൽ രഥോത്സവവും, മധുരൈയിൽ തെപ്പരഥോത്സവവും അന്ന്‌ നടക്കുന്നു. കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ കൂർക്കഞ്ചേരിയിലെ ശ്രീ മഹേശ്വരക്ഷേത്രത്തിലെ തൈപ്പൂയം വലിപ്പം കൊണ്ടും ആഘോഷംകൊണ്ടും പ്രസിദ്ധമാണ്.

താരകാസുരൻ ദേവലോകത്തെ ജീവിതം ദുസ്സഹമാക്കിയപ്പോൾ മഹർഷിമാരും ദേവന്മാരും ശിവപാർവതിമാരെ അഭയം പ്രാപിച്ചു. താരകാസുരനിഗ്രഹത്തിനായി പുത്രനായ സുബ്രഹ്മണ്യനെയാണ്‌ ഭഗവാൻ അയക്കുന്നത്‌. പന്ത്രണ്ട്‌ ആയുധങ്ങളുമായായിരുന്നു സുബ്രഹ്മണ്യന്റെ യാത്ര. അസുരനെ വധിച്ച്‌ സുബ്രഹ്മണ്യദേവൻ ദേവലോകത്ത്‌ വീണ്ടും ഐശ്വര്യമെത്തിച്ചു. ആ നാളിന്റെ സ്മരണയ്ക്കാണ്‌ തൈപ്പൂയാഘോഷം.

സുബ്രഹ്മണ്യൻ

സുബ്രഹ്മണ്യൻ
ശിവസുതനും ദേവസേനാപതിയുമാണ് സുബ്രഹ്മണ്യൻ. ബ്രാഹ്മണ്യം എന്നത്‌ ശിവനെ കുറിക്കുന്നു. അതിനോട്‌ ശ്രേയസിനെ കുറിക്കുന്ന -സു- എന്ന ഉപസർഗം ചേർത്ത്‌ സുബ്രഹ്മണ്യം എന്ന പേരുണ്ടായെന്ന്‌ സ്കന്ദപുരാണം പറയുന്നു. വേദഗോബ്രാഹ്മണരുടെ രക്ഷാകർത്താവെന്നും ഈ പദത്തിനർഥമുണ്ട്‌. മുരുകൻ, കുമാരൻ, ഗുഹൻ, സ്കന്ദൻ, കാർത്തികേയൻ, ശരവണൻ, ഷണ്മുഖൻ എന്നിങ്ങനെ സുബ്രഹ്മണ്യന് ഒട്ടേറെ പേരുകളുണ്ട്.

ശരവണക്കാട്ടിൽ ജനിച്ച കുട്ടിയാണ്‌ സുബ്രഹ്മണ്യൻ. ജനനശേഷം മലർന്ന്‌ കിടന്നു കരഞ്ഞ സുബ്രഹ്മണ്യനെ അതുവഴിപോയ ആറ്‌ ദിവ്യകൃത്തിമാർ കണ്ടു. അവർ കുഞ്ഞിനെ മുലയൂട്ടനായി തർക്കിച്ചു. അതുകണ്ട കുട്ടി ആറു കൃത്തിമാരെയും മാറിമാറി നോക്കി. അപ്പോൾ കുഞ്ഞിന്‌ ആറ്‌ തലകൾ ഉണ്ടായി; ആറു തലകൾ ഷൺമുഖനെന്ന പേരും നേടിക്കൊടുത്തു. കൃത്തികമാർ മുലകൊടുത്തു വളർത്തിയതിനാൽ ആ കുട്ടി കാർത്തികേയനായി.

ജനനത്തിന്റെ വിവിധ ഘട്ടങ്ങൾക്ക്‌ ഉത്തരവാദിയായവരുടെ എല്ലാം മകനായി സുബ്രഹ്മണ്യൻ മാറി;വിവിധ പേരുകളും സിദ്ധിച്ചു. സുബ്രഹ്മണ്യൻയോഗബലത്താൽ കുമാരൻ,വിശാഖൻ,ശാഖൻ,നൈഗമേയൻ എന്ന പേരുകളിൽ നാല്‌ ശരീരം സ്വീകരിച്ചു. ഗുഹൻ എന്ന പേരിൽ ശിവന്റേയും,സ്കന്ദൻ എന്ന പേരിൽ പാർവതിയുടേയും, മഹാസേനൻ എന്ന പേരിൽ അഗ്നിയുടേയും, കുമാരൻ എന്നപേരിൽ ഗംഗയുടേയും ശരവണനെന്ന പേരിൽ ശരവണത്തിന്റേയും കാർത്തികേയനെന്ന പേരിൽ കൃത്തികമാരുടേയും പുത്രനായി സുബ്രഹ്മണ്യൻ അറിയപ്പെട്ടു.

സുബ്രഹ്മണ്യന്‌ രണ്ടു ഭാര്യമാരുള്ളതായും വിശ്വാസമുണ്ട്‌. വള്ളി,ദേവയാനി എന്നിവരാണവർ. ഇതിൽ വള്ളിയെ വിവാഹം കഴിക്കുന്നതിന് മുമ്പ്‌ അവരുടെ സ്നേഹം മുരുകൻ പരീക്ഷിച്ചതായും പുരാണങ്ങൾ പറയുന്നു. എന്നാൽ മുരുകൻ ബ്രഹ്മചര്യവ്രതം അനുഷ്ഠിച്ചിരുന്നുവെന്നും ചില ഗ്രന്ഥങ്ങൾ സൂചിപ്പിക്കുന്നു. മുരുകൻ ദേവസ്ത്രീകളെ ശല്യം ചെയ്യുന്നതായി പരാതി ലഭിച്ചതിനെത്തുടർന്ന്‌ സുബ്രഹ്മണ്യനെക്കൊണ്ട്‌ പാർവതി ദേവി ഇപ്രകാരമൊരു പ്രതിജ്ഞ എടുപ്പിച്ചെന്നാണ്‌ പുരാണകഥ.

തൈപ്പൂയാഘോഷമുള്ള കേരളത്തിലെ പ്രശസ്തമായ ക്ഷേത്രങ്ങൾ

ചെറിയനാട്ടു ശ്രീ ബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രം
കരിക്കാട് സുബ്രഹ്മണ്യക്ഷേത്രം
ഹരിപ്പാട് സുബ്രഹ്മണ്യസ്വാമീക്ഷേത്രം
പെരുന്ന സുബ്രഹ്മണ്യസ്വാമിക്ഷേത്രം
തൃപ്പേരൂർക്കുളങ്ങര ശ്രീസുബ്രഹ്മണ്യസ്വാമിക്ഷേത്രം
കൊടുന്തറ ശ്രീ സുബ്രഹ്മണ്യസ്വാമിക്ഷേത്രം
ആർപ്പൂക്കര സുബ്രഹ്മണ്യസ്വാമിക്ഷേത്രം
കിടങ്ങൂർ ശ്രീ സുബ്രഹ്മണ്യസ്വാമിക്ഷേത്രം
നീണ്ടൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം
ഇടവട്ടം പൂജപ്പുര സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം
ചേർപ്പ് തായംകുളങ്ങര സുബ്രഹ്മണ്യസ്വാമിക്ഷേത്രം
തൃശ്ശൂർ തൃക്കുമാരംകുടം സുബ്രഹ്മണ്യസ്വാമിക്ഷേത്രം
കൂർക്കഞ്ചേരി ശ്രീ മഹേശ്വരക്ഷേത്രം
കൊടുമ്പ് ശ്രീ കല്യാണസുബ്രഹ്മണ്യസ്വാമി ക്ഷേത്രം
പാലൂർ സുബ്രഹ്മണ്യസ്വാമിക്ഷേത്രം
പശ്ചിമ പഴനി വലിയഴീക്കൽ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം

തൈപ്പൂയ്യം

Velmurugan

കാവടിയാട്ടം .
🙏🌹🌺🌸💐🌹🙏.

മുരുകന് ഏറ്റവും ഇഷ്ടപ്പെട്ട വഴിപാടാണ് കാവടി.

കാവടിയിൽ കൊണ്ടുപോകുന്ന ദ്രവ്യത്തെ അടിസ്ഥാനമാക്കി വിവിധതരം കാവടികൾ ഉണ്ട്.

പാൽക്കാവടി, ഭസ്മക്കാവടി, അന്നക്കാവടി, കളഭക്കാവടി, പീലിക്കാവടി, തൈലക്കാവടി, കർപ്പൂരക്കാവടി, അഗ്നിക്കാവടി എന്നിവ പ്രധാനം.

സുബ്രഹ്മണ്യന്നുള്ള സമർപ്പണമാണ്‌ കാവടി. അഭീഷ്ടസിദ്ധിക്കാണ്‌ പീലിക്കാവടികളും പൂക്കാവടികളും ഭസ്മക്കാവടികളും നേരുന്നത്‌ .

തൈപ്പൂയദിനത്തിൽ കാവടി കെട്ടിയാടുന്നത്‌ വിശേഷമാണ്‌.

മുരുകനാണ് വഴിപാട് പ്രധാന്യമെങ്കിലും മറ്റു ക്ഷേത്രങ്ങളിലും ഇത് നടത്താറുണ്ട്. ഈ പലതരത്തിലുള്ള കാവടികളുണ്ട്. ഇപ്പോൾ അലങ്കാരമായും കാവടികൾ ഉപയോഗിക്കുന്നു.

ക്ഷേത്ര വഴിപാടായി കാവടി എടുക്കുമ്പോൾ വ്രതമെടുക്കണം.

ചില സ്ഥലങ്ങളിൽ നാല്പത്തിയൊന്നു ദിവസത്തെ കഠിനവ്രതത്തോടു കൂടിയതാണ്. ഇങ്ങനെയെടുത്തു ഭക്തർ സമർപ്പിക്കുന്ന ശുദ്ധകാവടിദ്രവ്യങ്ങൾ അഭിഷേകം ചെയ്യുന്നു.

ദ്രവ്യം കേടുവന്നുവെന്നാൽ കാവടിഭക്തന്റെ വ്രതശുദ്ധിക്ക് ഭംഗം വന്നതായി മനസ്സിലാക്കി ഈശ്വരകോപപരിഹാരാർത്ഥം അടുത്തകൊല്ലത്തെ കാവടിക്ക് വ്രതം നോക്കി ശുദ്ധ കാവടിയാടി തീർക്കേണ്ടതുമാണ്.

തൈപ്പൂയദിനത്തിൽ കാവടി കെട്ടിയാടുന്നത്‌ അതിവിശേഷമാണ്‌. ഭക്തജനങ്ങൾ ബ്രഹ്മചര്യത്തോടെ മത്സ്യമാംസാദികൾ വെടിഞ്ഞു, രണ്ടു നേരവും പച്ചവെള്ളത്തിൽ കുളിച്ചു, തറയിൽ ഉറങ്ങി, ക്ഷൌരം ചെയ്യാതെ വേണം കാവടി വ്രതം നോക്കാൻ.

ഒരിക്കൽ അഗസ്ത്യമുനിക്ക് മഹാദേവനെ ദർശിക്കാൻ ആഗ്രഹം തോന്നി. അങ്ങനെ അദ്ദേഹം കൈലാസത്തിലെത്തി ശിവഭഗവാനെ തൊഴുത് പൂജയും നടത്തി. തിരികെ പോകാൻ നേരം കൈലാസത്തിൽ നിന്നും രണ്ട് പർവ്വതങ്ങൾ കൂടി കൂടെ കൊണ്ട് പോകണമെന്ന് ആഗ്രഹിച്ചു. അങ്ങനെ ശിവഭഗവാന്‍റെ അനുഗ്രഹത്തോടെ, ഹിഡുംബൻ എന്ന രാക്ഷസന്‍റെ സഹായത്താൽ ശിവഗിരി,ശക്തിഗിരി എന്നീ രണ്ട് പർവ്വതങ്ങളും തോളിൽ എടുത്ത് മുനി യാത്രയായി. ഹിഡുംബന്‍റെ ചുമലില് ഒരു വടിയില് ഇരുവശത്തുമായി ഒരു ‘തുലാസ്’ പോലെ (തമിഴില്’കാവടി’) മലകള് കെട്ടിയിട്ടാണു വരവ്.

അങ്ങനെ നടന്നു വരുമ്പോൾ പഴനിക്കടുത്തുവച്ച് ഹിഡുംബൻ ക്ഷീണിച്ചവശനായി. അദ്ദേഹം ആ മലകൾ താഴെ ഇറക്കി വച്ച് വിശ്രമിച്ചു.

ക്ഷീണം മാറി വീണ്ടും മലകൾ എടുത്തു വക്കാൻ ശ്രമിച്ചപ്പോൾ അവ അനങ്ങിയില്ല. എത്ര ശ്രമിച്ചിട്ടും ഹിഡുംബനു അതു സാധിച്ചില്ല.

അത്ഭുതപ്പെട്ട് ചുറ്റും നോക്കിയ ഹിഡുംബൻ കണ്ടത് ഒരു മലയിൽ വടിയും പിടിച്ച് നിൽക്കുന്ന ഒരു ബാലനെയാണ്.

ആ മല ശിവഗിരിയാണെന്നും, അത് തന്‍റെതാണെന്നും ഹിഡുംബനോട്‌ ആ ബാലന്‍ വാദിച്ചു. എന്നാൽ ഹിഡുംബൻ സമ്മതിച്ചില്ല. അങ്ങനെ അവർ തമ്മിൽ യുദ്ധമായി. ഒടുവിൽ ബാലൻ ഹിഡുംബനെ വധിച്ചു.

ബാലൻ മുരുകനാണെന്ന് മനസ്സിലാക്കിയ അഗസ്ത്യമുനി, അദ്ദേഹത്തെ സ്തുതിച്ച് പ്രാർത്ഥിച്ചു. അഗസ്ത്യമുനിയുടെ അപേക്ഷപ്രകാരം മുരുകൻ ഹിഡുംബനെ ജീവിപ്പിച്ചു. പുനർജ്ജീവിച്ച ഹിഡുംബൻ താൻ മലകൾ കൊണ്ടുവന്ന പോലെ പൂജാദ്രവ്യങ്ങൾ കാവടിയിൽ കെട്ടിക്കൊണ്ട് വരുന്ന ഭക്തരെ അനുഗ്രഹിക്കണമെന്നും ഒപ്പം തന്നെ ദ്വാരപാലകൻ ആക്കണമെന്നും മുരുകനോട് അപേക്ഷിച്ചു.

അങ്ങനെ കാവടി എടുത്ത് തുടങ്ങിയതെന്നു ഐതിഹ്യം.

കാവടി മഹോത്സവത്തിന്‍റെ ഭാഗമായി ചില സുബ്രമണ്യക്ഷേത്രങ്ങളിൽ “ഹിഡുംബൻ പൂജ” എന്നൊരു പൂജയുണ്ട്.
കേരളത്തിലെ അസംഖ്യം സുബ്രഹ്മണ്യക്ഷേത്രങ്ങളിൽ തൈപ്പൂയദിനത്തിലെ കാവടിയാട്ടം വലിയ ആഘോഷമാണ്.

സുബ്രഹ്മണ്യനെ ആരാധിക്കുന്ന രീതിയുമായി ബന്ധപ്പെട്ട അനുഷ്ഠാനകലാരൂപമാണ് കാവടിയാട്ടം. സുബ്രഹ്മണ്യന്‍ തുള്ളല്‍ എന്നും ഈ അനുഷ്ഠാനത്തിന് പേരുണ്ട്.

കമാന ആകൃതിയിലുള്ള കാവടി ചുമലില്‍ വെച്ചുകൊണ്ടാണ് ആട്ടം നടത്തുന്നത്.

മരം കൊണ്ടാണ് പ്രധാനമായും കാവടിയുണ്ടാക്കുന്നത്.

മയില്‍പ്പീലി, വര്‍ണ്ണവസ്തുക്കള്‍ ഇവകൊണ്ട് കാവടിയെ ആകര്‍ഷകമായ രീതിയില്‍ അലങ്കരിക്കും.

ആട്ടത്തിന് ഉപയോഗിക്കുന്ന കാവടികള്‍ പലരൂപത്തിലും വലിപ്പത്തിലും ഉണ്ട്. ആട്ടത്തിന് പഞ്ചവാദ്യം, നാഗസ്വരം തുടങ്ങിയ വാദ്യഘോഷങ്ങളും ഉപയോഗിച്ചുവരുന്നു.

പാട്ടിന്റെ താളത്തിനൊത്ത് കാവടി വിവിധ രീതിയില്‍ ചലിപ്പിച്ചുകൊണ്ടാണ് കാവടിയും നടത്തുന്നത്. ഒറ്റക്കും, സംഘം ചേര്‍ന്നും ആട്ടം നടത്തും. കാണികളെ വിസ്മയിപ്പിക്കുന്ന രീതിയില്‍ മെയ് വഴക്കത്തോടെ ആട്ടം അവതരിപ്പിക്കുന്ന കളിക്കാരുണ്ട്.

കാവടിയാട്ടത്തോടൊപ്പം നാവ് തുടങ്ങിയ ശരീരഭാഗങ്ങളിലൂടെ ശൂലം (സുബ്രഹ്മണ്യന്റെ ആയുധം) കുത്തിക്കയറ്റുന്ന അനുഷ്ഠാനം ചില പ്രദേശങ്ങളില്‍ നടത്താറുണ്ട്.

മയിൽപ്പീലികളാൽ അലം‌കൃതമായ കാവടികളിൽ പനിനീർ, ഭസ്മം, പാൽ ഇങ്ങനെ വിവിധ ദ്രവ്യങ്ങൾ നിറച്ച് കഠിനവ്രതമനുഷ്ഠിച്ച ഭക്തന്മാർ ഭഗവാന് അഭിഷേകമാടുന്ന ചടങ്ങാണ് തൈപ്പൂയദിനത്തിലെ ആഘോഷങ്ങളിൽ പ്രധാനം.

ചെണ്ടയിൽ മുറുകുന്ന രുദ്രതാളത്തിനൊപ്പിച്ച് ഭൗതികപ്രപഞ്ചമെന്ന മിഥ്യാബോധം വെടിഞ്ഞ് സ്വയം മറന്ന് തുളളിയുറഞ്ഞെത്തുന്ന സുബ്രഹ്മണ്യഭക്തന്മാർ തീക്ഷ്ണവും, സമ്പൂർണ്ണവുമായ സമർപ്പണത്തിന്‍റെയും, ഭക്തിയുടേയും നേർസാക്ഷ്യം കൂടിയാണ്.

ഒരേസമയം കണ്ണിനും, കാതിനും അതേപോലെ തന്നെ ശരീരത്തിനും, മനസ്സിനും അളവില്ലാത്ത ആനന്ദവും ഊർജ്ജവും പകർന്നു നൽകുന്ന കാവടിയാട്ടം കേരളത്തിലേക്കാളുപരി തമിഴ്‌നാട്ടിലും അതിവിപുലമായി കൊണ്ടാടപ്പെടുന്നു.

തികവുറ്റ കലകളുടെ സമ്മേളനം കൂടിയാണ് കാവടിയാട്ടം. കരവിരുതും, താളവും, ശൈവഭാവം പ്രസ്ഫുരിക്കുന്ന, മുരുകഭക്തിയിൽ സ്വയം മറന്ന സ്വാമിമാരുടെ ദ്രുതപദചലനങ്ങളുമെല്ലാം ചേർന്ന് ഓരോ ക്ഷേത്രാങ്കണങ്ങളും താണ്ഡവഭൂമിയായ കൈലാസം തന്നെയായി മാറുന്ന സുദിനം ആണ് തൈപ്പൂയദിനം.

” ഹരോഹര ഹരോഹര
പഴനിമല ആണ്ടവാ ഹരോഹര
വേല്‍മുരുകാ ഹരോഹര 🙏🌹🌺🌸💐🌹🙏

_____________

പഴനിമല മുരുകൻ

പഴനിയിലെ മുരുക വിഗ്രഹം നവപാഷാണ നിര്‍മ്മിതമാണ്. ഈ വിഗ്രഹത്തിന്‍റെ ഔഷധ മേന്മ വളരെ പ്രസിദ്ധമാണ്. 27 നക്ഷത്രങ്ങളില്‍ ഏതു നക്ഷത്രത്തില്‍ ജനിച്ച ആളായാലും നവഗ്രഹങ്ങളില്‍ ഓരോന്നും ഏതൊക്കെ ഭാവങ്ങളില്‍ ആണെങ്കിലും ഭോഗര്‍ എന്ന സിദ്ധനാല്‍ പ്രതിഷ്ഠിക്കപ്പെട്ട ഈ നവപാഷാണ വിഗ്രഹത്തെ ഒന്നു ദര്‍ശിച്ചാല്‍ മാത്രം മതി സര്‍വ്വ ദോഷങ്ങളും അകന്നു സകല ഐശ്വര്യങ്ങളും ഉണ്ടാകും. പഴനി മുരുകന്‍റെ വിഗ്രഹത്തെ ഒരു മാത്ര നോക്കി നിന്നാല്‍ തന്നെ നവഗ്രഹ ദോഷങ്ങള്‍ ആക്ഷണം തന്നെ വിട്ടൊഴിയും.

ശിവനോടൊപ്പം ശക്തിയെയും ചേര്‍ത്തു ഭജിച്ച ഭോഗരുടെ മുന്നില്‍ ശക്തി ദേവിയായ പാര്‍വതിയുടെ ദര്‍ശനവും ഉപദേശവും ഭോഗര്‍ക്ക് ലഭിച്ചു. പൊതികൈമല (പശ്ചിമ ഘട്ട മല)യില്‍ ചെന്ന് തപസ്സനുഷ്ഠിക്കാന്‍ ദേവി നിര്‍ദേശിച്ചു. പൊതികൈമലയിലത്തി തപസ്സനുഷ്ഠിച്ച ഭോഗര്‍ക്കു മുന്നില്‍ ബാലമുരുകന്‍ ദര്‍ശനമരുളി അനുഗ്രഹിച്ചു. താന്‍ കണ്ട ബാലമുരുക രൂപം ശിലയില്‍ വാര്‍ത്തെടുക്കണമെന്നും അതു ലോകക്ഷേമത്തിന് വേണ്ടി ഉള്ളതായിരിക്കണമെന്നും അദ്ദേഹം തീരുമാനിച്ചു. അപ്രകാരം നവ പാഷാണങ്ങളാല്‍ അദ്ദേഹം വിഗ്രഹം നിര്‍മ്മിക്കാന്‍ തുടങ്ങി.

നവം -9, പാഷാണം –വിഷം ,വിഷം തനിയെയാല്‍ വിഷം തന്നെ, എന്നാല്‍ ആ വിഷം മറ്റൊന്നിനോട് ചേരുമ്പോള്‍ അതു ഔഷധമായി മാറും എന്ന പ്രകൃതി സത്യം അദ്ദേഹം മനസ്സിലാക്കി.

ഉന്നതമായ പാഷാണങ്ങള്‍ ഒന്‍പതെണ്ണം തിരഞ്ഞെടുത്തു മുരുക ശിലയുണ്ടാക്കാന്‍ അദ്ദേഹം തീരുമാനിച്ചു. ഒരു വൈദ്യന്‍ എങ്ങനെ ഔഷധം (മരുന്ന്‍ ) നിര്‍ദ്ദേശിച്ചു, അതു കഴിക്കേണ്ട രീതിയും വിശദീകരിക്കുന്നുവോ അതു പോലെ ലോക നന്മയ്ക്കായി പാലിക്കേണ്ട രീതികളും അന്നേ അദ്ദേഹം പറഞ്ഞു വച്ചിരുന്നു.

എത്ര കാലങ്ങള്‍ കഴിഞ്ഞാലും ഈ വിഗ്രഹം സംരക്ഷിക്കപ്പെടണമെന്നും അതെല്ലാവരും കാണുകയും ആരാധിക്കുകയും വേണമെന്നും അദ്ദേഹം ഉദ്ദേശിച്ചിരുന്നു. നവ പാഷാണ നിര്‍മ്മിതമായ ബാല മുരുക വിഗ്രഹത്തെ അല്‍പ്പ നേരം ഉറ്റു നോക്കിയാല്‍ ശാരീരികവും മാനസികവുമായ ഉന്മേഷവും ആരോഗ്യവും ലഭിക്കും.

ശിലയില്‍ നിന്നും വരുന്ന കാറ്റ് നമ്മുടെ ശരീരത്തില്‍ തട്ടുമ്പോള്‍ ശരീരത്തിന്‍റെ അകവും പുറവും ശുദ്ധമാകുന്നു. ആ രശ്മികള്‍ പൂര്‍ണ്ണമായും നമുക്കു ലഭിക്കണമെന്നതിനാലാണ് പഴനി മുരുകനെ കൗപീന ധാരിയാക്കി ശിലയുണ്ടാക്കിയത്. ആ ശിലയില്‍ സ്പര്‍ശിച്ചു വരുന്ന വസ്തു ഏതായാലും അതുകാറ്റായാലും വെളിച്ചമായാലും അതിനു മാറാവ്യാധികളെ മാറ്റാനുള്ള കഴിവുണ്ട്.

പഴനി മുരുകനായ ദണ്ഡ ആയുധ പാണിയെ ദര്‍ശിക്കുന്നവര്‍ക്കു നവഗ്രഹങ്ങളെയും ദര്‍ശിച്ചഫലം കിട്ടും. ഗ്രഹങ്ങളുടെ സ്വഭാവവും അവയുടെ സഞ്ചാര പഥത്തെക്കുറിച്ചും നല്ലവണ്ണം മനസ്സിലാക്കിയ ഭോഗര്‍ ചൊവ്വഗ്രഹത്തിന്‍റെ രശ്മികള്‍ നേരിട്ടു പതിക്കുന്ന സ്ഥലമായ പഴനി മലയെത്തന്നെ മുരുക പ്രതിഷ്ഠയ്ക്കായി തിരഞ്ഞെടുത്തു.

ഭോഗര്‍ തന്‍റെ പതിനെട്ടു ശിഷ്യന്മാരുമായി കൂടിയാലോചിച്ച് 64 തരം മിശ്രിതങ്ങള്‍ 120 ഉപരസം, 11 തരം ലോഹസത്ത്, 15 തരം എരിവും പുളിയും, 108 തരം മൂലികാച്ചാറുകള്‍, ധാതുക്കള്‍ റെഡ്, ഫോസ്ഫറസ് വൈറ്റ് ഫോസ്ഫറസ് എന്നിവയെല്ലാം ചേര്‍ത്താണ് വേല്‍മുരുകന്‍റെ നവപഷാണ ശിലയുണ്ടാക്കിയിട്ടുള്ളത്.

ചൂടുകൂടിയ ഈ മുരുക ശില തണുപ്പിക്കുന്നതിനായി തിരുമഞ്ജനം, ചന്ദനം, പാല്‍, ഇളനീര്‍, പഞ്ചാമൃതം എന്നിങ്ങനെ തണുത്ത വസ്തുക്കളാല്‍ അഭിഷേകം നടത്തുന്നു. ഈ ശിലാ വിഗ്രഹം ഔഷധ –വൈദ്യശാസ്ത്രപ്രകാരം നിര്‍മ്മിച്ചിട്ടുള്ളതിനാല്‍ നേര്‍ക്കുനേരെ നിന്നു ദര്‍ശിച്ചാല്‍ രോഗങ്ങളകലുമെന്നു കാലങ്ങളായി വിശ്വസിക്കുന്നു.

ഭക്തിയോടെ മലകയറി വേല്‍ മുരുകനെ ദര്‍ശിച്ചാല്‍ ശ്വാസവും മനസ്സും ഏകാഗ്രമാകും. സ്വാമിയെ ഒരു വിനാഴിക നോക്കിനിന്നാല്‍ ഔഷധ ശക്തിയാല്‍ ആന്മപീഠം എന്ന പുരിക മധ്യത്തില്‍ ഉത്തേജനമുണ്ടായി രക്തം ശുദ്ധിയാകുകയും, അതിനാല്‍ ജീവകാന്തശക്തി എന്ന ഊര്‍ജ്ജം ഉണ്ടായി ആധിയും വ്യാധിയുമകന്ന്‍ ആരോഗ്യവും ആയുസ്സും വര്‍ദ്ധിക്കുന്നു.

പഴനി മുരുക ശിലയുടെ ശിരസ്സില്‍ രാത്രി വയ്ക്കുന്ന ചന്ദനം രാവിലെ നിറം മാറി കാണപ്പെടുന്നു. ഇതിനു അത്യധികമായ ഔഷധ ഗുണമുണ്ട്. ഈ ചന്ദനം സേവിച്ചാല്‍ സര്‍വ്വ രോഗങ്ങളും മാറുമെന്നാണ് വിശ്വാസം. ഈ ചന്ദനം രാക്കാല ചന്ദനമെന്നറിയപ്പെടുന്നു.

ശ്രീകോവില്‍ അടയ്ക്കുമ്പോഴുണ്ടാകുന്ന ചൂടുകാരണം ശില വിയര്‍ത്ത് വെള്ളം വാര്‍ന്നൊഴുകും. ഈ വെള്ളത്തെ കൌപീന തീര്‍ത്ഥംമെന്നു വിശേഷിപ്പിക്കാറുണ്ട്. ഈ തീര്‍ത്ഥവും ഔഷധഗുണമുള്ളതാണ്. ഈ പ്രത്യേകതകളെല്ലാം ഉള്ളതുകൊണ്ടാണ് ആയുസിലൊരിക്കലെങ്കിലും പളനി മുരുകനെ ദര്‍ശിക്കാന്‍ കഴിഞ്ഞാല്‍ അതു ജന്മസുകൃതമായിത്തീരുമെന്നു ഭക്തര്‍ വിശ്വസിക്കുന്നത്.