☸ °✓ renjiTham ✓°
ഭാഗവതരസം
യദുഅവധൂതസംവാദംതുടരുന്നൂ.
ഭൂമിയില്‍നിന്നും ക്ഷമമാത്രമല്ല അതിലെ പര്‍വതം വൃക്ഷം എന്നിവയില്‍നിന്നും വിവേകമുള്ളവന്‍ സകലപ്രവൃത്തികളുംപരോപകാരപ്രദമാകണമെന്ന് പഠിയ്ക്കണം.
പര്‍വതങ്ങളില്‍പെയ്യുന്ന മഴയെ മുഴുവന്‍ നദികള്‍ക്കും വൃക്ഷലതാദികള്‍ക്കും വിട്ടുകൊടുക്കുന്നു.
വിട്ടുകൊടുക്കാന്‍ മനസ്സുള്ളവര്‍ക്കേ ധാരാളമായി ലഭിയ്ക്കൂ
ജീവജാലങ്ങള്‍ക്ക് അഭയസ്ഥാനവും പര്‍വതമത്രേ.
മഴയും ഉരുള്‍പൊട്ടലുമൊക്കെ ഉണ്ടാവാമെങ്കിലും അചലം എന്ന നാമത്തെ അന്വര്‍ത്ഥമാക്കിക്കൊണ്ട് പര്‍വതം സ്ഥിതിചെയ്യുന്നു.
ബാഹ്യമായ താപത്രയങ്ങളില്‍ വിവേകിയുടെ മനസ്സ് പതറുന്നതേയില്ല.
വൃക്ഷങ്ങളെ നോക്കൂ.. ചൂടും തണുപ്പും വെയിലുമൊക്കെ സഹിയ്ക്കുന്ന അവര്‍ തണലും ശുദ്ധവായുവും ഭക്ഷണവും ജീവജാലങ്ങള്‍ക്ക് പാര്‍പ്പിടവും ഉണങ്ങിക്കരിഞ്ഞ് മറ്റു സസ്യങ്ങള്‍ക്ക് വളവുമായിപരിണമിക്കുന്നു..
(വൃക്ഷമഹിമ ഭാഗവതത്തിലുടനീളംകാണാം.ഭഗവാന്‍ വൃന്ദാവനപ്രവേശസമയത്ത് കൂട്ടുകാര്‍ക്കും,ഓഷധീശനായസോമന്‍ പ്രചേതസ്സുകള്‍ക്കും വൃക്ഷലതാദികളുടെ സാര്‍ത്ഥകജീവിതത്തെ വര്‍ണിക്കുന്നത് ഭാഗവതത്തില്‍ കാണാം)
പര്‍വതവും വൃക്ഷവും ചേര്‍ന്നഭൂമിയെ സമഷ്ടിയായാണ് അവധൂതന്‍ ഗുരുവായി പറയുന്നത്.
രണ്ടാമത്തെ ഗുരു വായു.
വായുവിനെ ശരീരങ്ങളിലുപസ്ഥിതനായ പ്രാണനായും സകലതിനേയും ചലിപ്പിക്കുന്ന വായുതത്വമായും രണ്ടായിപറയുന്നു.
ശരീരത്തെനിലനിര്‍ത്താന്‍ ആഹാരംവേണം. ആഹാരത്തെ ദഹിപ്പിക്കുന്നതും അതാതിടത്തെത്തിക്കുന്നതും പ്രാണനാണ്.
_ ഇന്ദ്രിയങ്ങളുടെ വിഷയങ്ങളിലൊന്നും പ്രാണന്‍ ഇടപെടുന്നില്ല_.
അല്‍പാഹാരംകൊണ്ടുതന്നെ പ്രാണന്‍ സന്തോഷിയ്ക്കുന്നു.
അതുപോലെ വിവേകി രുചിവൈവിധ്യത്തില്‍ഭ്രമിയ്ക്കാതെ അല്‍പാഹാരംകൊണ്ട് പ്രസന്നനായിരിയ്ക്കണം.
വായുവില്‍ നിന്നറിഞ്ഞ മറ്റൊന്ന് വായുവിന് സുഗന്ധമോ ദുര്‍ഗന്ധമോ ഇല്ല. പൃഥ്വ്യാദികളുടെ ഗുണങ്ങള്‍ അതിന്‍റേതായി തോന്നുന്നു എന്നുമാത്രം. അതേപോലെ ആത്മാവ് ദേഹാദികളില്‍ പ്രവേശിച്ചവനെങ്കിലും ബ്രാഹ്മണന്‍,ചണ്ഡാലന്‍,രാജാവ്,യാചകന്‍,തടിച്ചവന്‍ മെലിഞ്ഞവന്‍,ചടച്ചവന്‍ തുടങ്ങിയവയെല്ലാം ദേഹസംബന്ധമാണ്. ആത്മസംബന്ധമല്ല.
ആത്മാവിനെ ഇതൊന്നും സ്പര്‍ശിയ്ക്കുന്നില്ലായെന്നറിഞ്ഞ് യോഗി നിസ്സംഗനായിനിലകൊള്ളണം.
”മനോബുദ്ധ്യഹംകാരചിത്താനിനാഹം ന ച ശ്രോത്ര ജിഹ്വേ ന ച ഘ്രാണനേത്രേ ന ച വ്യോമ ഭൂമിര്‍ ന തേജോ ന വായുഃ ചിദാനന്ദരൂപ ശിവോഹം ശിവോഹം”എന്ന് ശങ്കരാചാര്യര്‍ നിര്‍വാണഷള്‍ക്കത്തില്‍ പറയുന്നു.
മനസ്സ്തുടങ്ങിയ അന്തകരണവൃത്തികളോ ദശേന്ദ്രിയങ്ങളോ പഞ്ചഭൂതങ്ങളോ അല്ല… ഞാന്‍. , ജ്ഞാനാനന്ദസ്വരൂപമായ ശിവനാണുഞാന്‍.!!
എല്ലാറ്റിനേയും നിഷേധിച്ചുകഴിഞ്ഞാന്‍ നിഷേധിയ്ക്കാന്‍ കഴിയാത്ത ആത്മാവാണെന്നറിഞ്ഞ് പരോപകാരപ്രവൃത്തികളിലേര്‍പ്പെട്ട് ധന്യജീവിതം നയിയ്ക്കൂ.
ഒരിയ്ക്കല്‍ നാസിറുദ്ദീന്‍മുല്ലയെ ഒരുധനികന്‍ വിരുന്നിനു ക്ഷണിച്ചു. ഒരുകഴുതപ്പുറത്ത് കീറിപ്പറിഞ്ഞ വസ്ത്രവും ധരിച്ചെത്തിയ സൂഫിവര്യനെ കാവല്‍ക്കാരും ധനികനും തടഞ്ഞു. അവഹേളിച്ചു പറഞ്ഞയച്ചു. ഒരലക്കുകാരനെ സമീപിച്ച് മുല്ല വിലകൂടിയ വസ്ത്രങ്ങള്‍ വാടകയ്ക്കെടുത്ത് കുതിരപ്പുറത്ത് വീണ്ടും വിരുന്നിനെത്തി.. ധനികനും പരിവാരങ്ങളും മുല്ലയെസ്വീകരിച്ച് ആസനത്തിലിരിയ്ക്കാന്‍ ക്ഷണിച്ചു. മുല്ല തന്‍റെ വിലകൂടിയ തൊപ്പിയും വസ്ത്രങ്ങളും ഇരിപ്പിടത്തിലുപേക്ഷിച്ച് ഇറങ്ങിനടന്നു. അങ്ങെന്താണിങ്ങനെ ചെയ്യുന്നത് എന്ന് ചോദിച്ച ധനികനോട് മുല്ല പറഞ്ഞു രണ്ടുതവണ വന്നതും ഞാന്‍ തന്നെ. നിങ്ങള്‍ വസ്ത്രം മാത്രമേ ശ്രദ്ധിച്ചുള്ളൂ.
നമ്മളും പലപ്പോഴും മറ്റുള്ളവരുടെ ശരീരത്തേയും അതിലെ ആടയാഭരണങ്ങളേയും പദവിയേയും അധികാരാദികളേയുമേ ശ്രദ്ധിക്കാറുള്ളൂ.
”അവനവനാത്മസുഖത്തിനാചരിയ്ക്കുന്നവയപരന്നുസുഖത്തിനായ് വരേണം” എന്ന ശ്രീനാരായണദര്‍ശനം സ്വജീവിതത്തില്‍പകര്‍ത്തി ജീവിതം ധന്യമാകട്ടെ പ്രബുദ്ധമാകട്ടെ.